Wednesday - 22 April, 2026 4-Dhu al-Qadah-1447

നിസ്കാരം കണ്ട് അസ്വസ്ഥരായി (2)

   ശുഐബ് (അ) നിസ്കരിക്കുന്നു. സത്യവിശ്വാസികൾ പ്രവാചകനോടൊപ്പം നിസ്കരിക്കുന്നു. അത് പരസ്യമായ കാര്യമാണ്. സർവ്വ ശക്തനായ റബ്ബിനുള്ള വണക്കമാണ്. സത്യനിഷേധികൾക്ക് അത് കണ്ട് സഹിക്കാൻ കഴിവില്ല. അവരുടെ മനസിൽ പിശാചിന്റെ ഇരിപ്പിടമുണ്ട്. അവരുടെ വികാരം നിയന്ത്രിക്കുന്നത് പിശാചാണ്. പിന്നെങ്ങനെ നിസ്കാരം കണ്ട് സഹിക്കും... 


 നബിയും അനുയായികളും നിസ്കാരം തുടങ്ങുമ്പോൾ അവർ അസ്വസ്ഥരായി മാറും. അസ്വസ്ഥത വളരും പിന്നെ വായിൽ കിട്ടിയത് വിളിച്ചു പറയും.  എന്താണീ നിസ്കാരം? എന്തിനാണിത്? ഇതല്ലേ സകല കുഴപ്പങ്ങൾക്കും കാരണം?  നിസ്കാരം നിങ്ങളോടെന്താണ് പറഞ്ഞു തരുന്നത്?  നിസ്കാരം ആവശ്യമില്ലാത്ത കാര്യങ്ങൾ നിങ്ങളോട് പറയുന്നു. നിങ്ങളത് ഞങ്ങളോട് പറയുന്നു. ഞങ്ങൾക്കത് സഹിക്കുന്നില്ല. അങ്ങനെ കുഴപ്പങ്ങളുണ്ടാവുന്നു. നിങ്ങൾ നിസ്കാരം നിർത്തിവെക്കുക. അതാണ് നമുക്ക് നല്ലത്. എല്ലാം പിശാച് പറഞ്ഞു കൊടുത്ത് പറയിപ്പിക്കുകയാണ്. തിന്മയാണവർ പറയുന്നത്.


വിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു : "അവർ പറഞ്ഞു, ഓ... ശുഐബ് നിന്റെ നിസ്കാരമാണോ ഞങ്ങളുടെ പിതാക്കൾ ആരാധിച്ചു വന്നതിനെ ഉപേക്ഷിക്കാൻ നിന്നോട് കല്പ്പിക്കുന്നത്? 

അല്ലെങ്കിൽ ഞങ്ങളുടെ സ്വത്തുക്കളിൽ ഞങ്ങൾ ഉദ്ദേശിക്കുന്നത് ചെയ്യുന്നതിനെ ഉപേക്ഷിക്കാൻ പറയുന്നത് നിന്റെ നിസ്കാരമാണോ? നിശ്ചയമായും നീ സഹനമുള്ളവനും തന്റേടമുള്ളവനുമാകുന്നു." (11:87) 


 ഞങ്ങളുടെ പിതാക്കൾ ബിംബാരാധന നടത്തി, ഞങ്ങളും അത് തുടരുന്നു. അതിന്നെതിരെ സംസാരിക്കാൻ നിനക്കെന്തവകാശം?  ഇതാണവരുടെ ഒന്നാമത്തെ ചോദ്യം. നിന്റെ നിസ്കാരമാണോ നിന്നെക്കൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്. പരിഹാസവും ധിക്കാരവും നിറഞ്ഞ ചോദ്യം.  നിസ്കാരത്തെ കളിയാക്കുകയാണ്... 


 പിതാക്കളുടെ ആരാധനക്കെതിരാണ് ശുഐബ് (അ) ന്റെ ആരാധന. അത് കൊണ്ടവർ നിസ്കാരത്തെ പുച്ഛിക്കുന്നു. രണ്ടാമത്തെ ചോദ്യം  സമ്പത്തിന്റെ കാര്യമാണ്. ഞങ്ങൾ സമ്പാദിക്കുന്നു ഞങ്ങൾ ചെലവഴിക്കുന്നു. അത് ഞങ്ങളുടെ കാര്യം. നീയും നിന്റെ നിസ്കാരവും അതിൽ ഇടപെടേണ്ടതില്ല. ഞങ്ങളിൽ ചതിയും വഞ്ചനയും ആരോപിക്കാൻ നിനക്കെന്തവകാശം?  

നീ സഹനമുള്ളവൻ തന്നെ. നീ തന്റേടമുള്ളവൻ തന്നെ. ഇത് കടുത്ത പരിഹാസമാണ് ധിക്കാരം അതിര് കടന്നതിന്റെ അടയാളമാണ് ഈ വാക്കുകൾ...  


 നീ മൂഢനാണ്. വിഡ്ഡിയാണ് എന്നൊക്കെയാണവർ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്.  പീഡനങ്ങളും പരിഹാസങ്ങളും നാൾക്കുനാൾ വർദ്ധിക്കുകയാണ്. അതോടൊപ്പം സത്യവിശ്വാസികളുടെ ഈമാനും വർദ്ധിക്കുകയാണ്. ഏകനായ റബ്ബിനെ വണങ്ങുന്നു. അവനെ വാഴ്ത്തുന്നു. അവനോട് പ്രാർത്ഥിക്കുന്നു. പൂർണ്ണമായ മനസ്സാന്നിധ്യത്തോടെ നിസ്കരിക്കുന്നു... 


 നിസ്കാരത്തിൽ ഉരുവിടുന്നതെന്ത്? ശത്രുക്കൾ അത് മനസ്സിലാക്കുന്നു. അല്ലാഹുﷻവിന്റെ ഏകത്വം പ്രഖ്യാപിക്കുന്നു. ജീവിതവും മരണവും അവന്ന് മുമ്പിൽ സമർപ്പിക്കുന്നു. ചെയ്തു പോയ പാപങ്ങൾ പൊറുത്തു തരാൻ വേണ്ടി അല്ലാഹുﷻവിനോട് കേണപേക്ഷിക്കുന്നു. ദുആ ചെയ്യുമ്പോൾ ഖൽബ് വിങ്ങുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നു...


 "അല്ലാഹുﷻവേ..... ഞങ്ങളുടെ പാദങ്ങൾ ഉറപ്പിച്ചു നിർത്തിത്തരേണമേ..." എന്നവർ പ്രാർത്ഥിക്കുന്നു. ശത്രുക്കൾക്കത് കേട്ട് സഹിക്കാനാവുന്നില്ല. ഈ നിസ്കാരവും പ്രാർത്ഥനയും  ശത്രുക്കളുടെ മനസ്സിന്റെ സ്വസ്ഥത കളയുന്നു. കൂട്ടം കൂടിയിരുന്ന് അവരത് ചർച്ച ചെയ്യുന്നു. ചർച്ച ചെയ്യുന്തോറും അസ്വസ്ഥത വളരുകയാണ്. നിസ്കാരം തടയണം. പ്രാർത്ഥന തടയണം. അതിനെന്ത് വഴി..? 


 ബലപ്രയോഗം തന്നെ. ബലപ്രയോഗം അവരുടെ വിശ്വാസം ശക്തിപ്പെടുത്തുകയാണല്ലോ? ഓർക്കുന്തോറും വെപ്രാളം കൂടുന്നു. ശുഐബിനെയും കൂട്ടരേയും ആട്ടിപ്പുറത്താക്കണം. അതേ ഇനിയൊരു വഴിയുള്ളൂ. നാട് വിട്ട് പോവാൻ പറയാം. പോവുന്നില്ലെങ്കിൽ ബലം പ്രയോഗിക്കാം.  ഇനി ഇന്നാട്ടിൽ ഇതൊന്നും വേണ്ട. നിസ്കാരം വേണ്ട. പ്രാർത്ഥന വേണ്ട. ശുഐബിന്റെ പ്രസംഗം വേണ്ട. നേതാക്കൾ സംഘടിച്ചു. അനുയായികൾ പിൻബലം നൽകി. അവർ പ്രഖ്യാപിച്ചു... 


 "ശുഐബ് ഇതാ ഇതൊരു താക്കീതാണ്. താനും കൂട്ടരും നാട് വിട്ട് പോവണം.  ഈ നിസ്കാരവും പ്രാർത്ഥനയും പ്രസംഗവും ഇനിയും ഇന്നാട്ടിൽ നടത്താൻ ഞങ്ങൾ അനുവദിക്കില്ല. ഈ മുന്നറിയിപ്പ് സ്വീകരിച്ച് എത്രയും പെട്ടെന്ന് നാട് വിട്ട് പോവുന്നതാണ് നിനക്കും നിന്റെ അനുയായികൾക്കും നല്ലത്." ശക്തമായ താക്കീത് നൽകിക്കഴിഞ്ഞു. പ്രതികരണത്തിന് വേണ്ടി കാത്തിരുന്നു... 


 ശുഐബ് (അ)ന്റെ പ്രസംഗത്തിന്റെ പ്രതിധ്വനികൾ വീണ്ടും മുഴങ്ങി. 


"എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുവീൻ! എന്നെ അനുസരിക്കുകയും ചെയ്യുവീൻ!" 


 ആ സമൂഹം അക്രമാസക്തരായിത്തീർന്നു. തൗഹീദിന്റെ ശബ്ദവും വെളിച്ചവും തകർക്കാനുള്ള പുറപ്പാട് തുടങ്ങി...