Thursday - 23 April, 2026 5-Dhu al-Qadah-1447

എക്കാലത്തെയും മാതൃക (3)

   മൂസാ (അ) കുടുംബത്തോടൊപ്പം യാത്ര തിരിച്ചു. സംഭവ ബഹുലമായിരുന്നു ആ യാത്ര. തൂരിസീനാ പർവ്വതം. അതിന്നടുത്തു കൂടിയാണ് യാത്ര. ഇരുട്ടുള്ള രാത്രി. മലമുകളിൽ തീ കണ്ടു. കുടുംബത്തെ താഴെ നിർത്തി മൂസ (അ) മലകയറിച്ചെന്നു. അല്ലാഹു ﷻ മൂസാ നബിയെ ദൗത്യം നൽകി ആദരിച്ചു.  ദൃഷ്ടാന്തങ്ങൾ നൽകി ഫിർഔനിന്റെ അടുത്തേക്ക് പോകാൻ കൽപ്പിച്ചു...


 വീണ്ടും ദീർഘ യാത്ര. ഈജിപ്തിലേക്ക്. ഇസ്ലാം മതപ്രചരണം തുടങ്ങി. കാലം പിന്നെയും ഒഴുകുകയാണ്. മകളെയും മരുമകനെയും മക്കളെയും കാണാൻ ശുഐബ് (അ)ന്ന് വല്ലാത്ത മോഹം. വാർദ്ധക്യത്തിലെ ദീർഘയാത്രകൾ.  അങ്ങനെയുള്ള ഒരു യാത്ര കഴിഞ്ഞ് മടങ്ങുകയാണ്. ഒരു ഗ്രന്ഥകാരൻ ഇങ്ങനെ രേഖപ്പെടുത്തുന്നു... 


 ശുഐബ് (അ)മക്കയിലേക്ക് മടങ്ങുകയാണ്. വയസ്സ് ഇരുന്നൂറ്റി ഇരുപത്തിനാല്. ഇനി പുണ്യ ഭൂമി സന്ദർശിക്കണം. തന്റെ പൂർവ്വികന്മാർ പുതുക്കിപ്പണിത പുണ്യ ഗേഹം സന്ദർശിക്കണം. ആവേശ പൂർവ്വം യാത്ര തുടർന്നു. വെയിൽ കത്തിപ്പടർന്ന മരുഭൂമി. മക്കയെത്താൻ വലിയ മോഹം.  അനുവദിക്കപ്പെട്ട ആയുസ്സ് അവസാനിക്കുകയാണ്. കണക്കാക്കപ്പെട്ട ശ്വാസങ്ങൾ തീരുകയാണ്. വെള്ളവും ഭക്ഷണവും കഴിഞ്ഞിരിക്കുന്നു... 


 കാലത്തെ വിസ്മയം കൊള്ളിച്ച ശുഐബ് (അ) നെ തേടി മലക്കുൽ മൗത്ത് അസ്റാഈൽ (അ) വരികയാണ്. അപ്പോൾ ശുഐബ് (അ)മക്കയിൽ എത്തിയിട്ടില്ല. എത്താറായി വരുന്നതേയുള്ളൂ. സമയമെത്തിയാൽ റൂഹ് പിടിക്കണം. മരണം ആസന്നമായിരിക്കുന്നു. മനസ്സിലും ചുണ്ടിലും തൗഹീദ്. വന്ദ്യപ്രവാചകൻ ശുഐബ് (അ) അന്ത്യശ്വാസം വലിച്ചു... 


 മയ്യിത്ത് മക്കയിൽ കൊണ്ടുവന്നു. കഹ്ബാലയത്തിന് മുമ്പിലെത്തി  ഈ പുണ്യ മണ്ണിൽ ഹാജറ (റ) അന്ത്യവിശ്രമം കൊള്ളുന്നു. ഇസ്മാഈൽ (അ) അന്ത്യവിശ്രമം കൊള്ളുന്നു. അവർക്കു സമീപം ശുഐബ് (അ) ഖബറടക്കപ്പെട്ടു. തൗഹീദിന്റെ ധ്വനികേട്ട് കൊണ്ട് അന്ത്യവിശ്രമം. മറ്റൊരഭിപ്രായവും നിലവിലുണ്ട്. അതനുസരിച്ച് ശാമിന്റെയും ത്വാഇഫിന്റെയും മധ്യത്തിൽ ശുഐബ് (അ) അന്ത്യവിശ്രമം കൊള്ളുന്നു... 


 ഇബ്നു ഇസ്ഹാഖിന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: നബിﷺതങ്ങൾ ശുഐബ് (അ)നെ കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോൾ ഇങ്ങനെ പറഞ്ഞു. അദ്ദേഹം നബിമാർക്കിടയിലെ പ്രഭാഷകനായിരുന്നു. ഐക്കത്തുകാരെ കുറിച്ചുള്ള റിപ്പോർട്ടിൽ ഇങ്ങനെ കാണാം.  

വൃക്ഷങ്ങളെ അവർ ആരാധിച്ചിരുന്നു. 


അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ ﷺ ഇസ്ലാം മതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ തുടങ്ങിയപ്പോൾ മക്കാ മുശ്രിക്കുകൾ ശക്തമായി എതിർത്തു. 

മുൻപ്രവാചകമാരുടെ ജനങ്ങൾ വാദിച്ച  അതേ വാദങ്ങൾ തന്നെയാണ് മക്കാമുശ്രിക്കുകളും ഉയർത്തിയത്.  നീ ദുർബ്ബലനാണ് നിന്നെ പിൻപറ്റുന്നവർ നിന്ദ്യന്മാരാണ്. തുടങ്ങിയ പലവാദങ്ങൾ ഉന്നയിച്ചു.  തൗഹീദിലേക്ക് ക്ഷണിച്ചപ്പോൾ അവ ശക്തമായി എതിർത്തു ഇസ്ലാം മതം സ്വീകരിച്ചവരെ ക്രൂരമായി മർദ്ധിച്ചു...


 അപ്പോൾ അല്ലാഹു ﷻ മുൻകാല സമൂഹങ്ങളുടെ ചരിത്രം അവതരിപ്പിച്ചു. രണ്ട് സമൂഹങ്ങളുടെ ചരിത്രം പ്രത്യേകം വിവരിച്ചു. ലൂത്വ് നബി (അ)ന്റെ സമൂഹവും. ശുഐബ് (അ) ന്റെ സമൂഹവും. സദൂം പട്ടണവും മദ് യനും...


 മക്കാ മുശ്രിക്കുകൾ കച്ചവടക്കാരാണ്. അവരുടെ കച്ചവട യാത്ര സദൂമിന്റെയും മദ് യന്റെയും സമീപത്തു കൂടിയാണ്. രാത്രിയിലോ പകലിലോ യാത്രാസംഘങ്ങൾ ആ പ്രദേശം കടന്നു പോവും. വിശാലമായ സ്ഥലമാണ്. തുറസ്സായ സ്ഥലം. ശ്രദ്ധിക്കാതെ പോവാൻ പറ്റില്ല. ശിക്ഷയിറങ്ങിയ വാക്ക്യങ്ങളാണവ. ശിക്ഷയെക്കുറിച്ചുള്ള ധാരാളം കഥകൾ  മക്കക്കാർ കേട്ടിട്ടുണ്ട്. ലൂത്വ് നബി (അ) നെ കുറിച്ചും ശുഐബ് (അ) നെ കുറിച്ചും അവർ കേട്ടിട്ടുണ്ട്. വേദക്കാർ പറയുന്ന കഥകളും കേട്ടിട്ടുണ്ട്... 


 ഇപ്പോൾ ഖുർആനിലൂടെ യഥാർത്ഥ ചരിത്രം അവർ കേൾക്കുന്നു. സൂറത്ത് ഹിജ്റിലെ രണ്ട് വചനങ്ങൾ അവരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. അവ കാണുക...


 "നിശ്ചയമായും ഐക്കത്തുകാർ അക്രമികൾ തന്നെയായിരുന്നു. എന്നിട്ട് നാം അവരോട് ശിക്ഷാ നടപടിയെടുത്തു." (15:78)


 "അത് രണ്ടും (ലൂത്വിന്റെ രാജ്യവും ഐക്കത്തും) വ്യക്തമായ ഒരു തുറസ്സായ മാർഗ്ഗത്തിൽ തന്നെയാകുന്നു." (15:79)


 രണ്ട് രാജ്യങ്ങളും മക്കക്കാരുടെ  യാത്രാമാർഗ്ഗത്തിലാണ്. അവരുടെ ചരിത്രത്തിൽ നിന്ന് മക്കക്കാർ പാഠം പഠിക്കണം. ശാപം ഏറ്റുവാങ്ങിയവരുടെ പാത പിൻപറ്റരുത്. ഇതൊക്കെയാണ് വിശുദ്ധ വചനത്തിലെ ഉള്ളടക്കം...


 സത്യവും നീതിയും പുലർത്തുന്ന കച്ചവടത്തിൽ ബർക്കത്തുണ്ട്. കള്ളവും, കരിഞ്ചന്തയും, മായം ചേർക്കലും, പൂഴ്ത്തിവെപ്പും നടത്തിയാൽ അല്ലാഹുﷻവിന്റെ ശാപം ലഭിക്കും. ശരിയായ അളവും തൂക്കവും വേണം. കൃത്യമായ അളവ് കാണിക്കുന്ന തുലാസ്സ് ഉപയോഗിക്കണം. അപ്പോൾ അനുഗ്രമുണ്ടാവും. എക്കാലത്തെയും മനുഷ്യർക്ക് മഹത്തായ മാതൃകയാണ് ശുഐബ് (അ)ന്റെ ജീവിതം.  


മഹാനായ ആ പ്രവാചകനെയും നമ്മെയും അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ... 

ആമീൻ യാ റബ്ബൽ ആലമീൻ...☝????


 ശുഐബ് നബി (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു  സുബ്ഹാനഹുവതാല നമുക്ക് ഇരുലോക


വിജയം പ്രദാനം ചെയ്യട്ടെ ...

ആമീൻ യാ റബ്ബൽ ആലമീൻ...☝????


ശുഐബ് നബി (അ)നും മറ്റു

ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


【 ശുഐബ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】