Wednesday - 22 April, 2026 4-Dhu al-Qadah-1447

നിസ്കാരം കണ്ട് അസ്വസ്ഥരായി (1)

   സർവ്വ ശക്തനായ അല്ലാഹു ﷻ മദ് യൻ ജനതകൾക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. ആരോഗ്യമുള്ള ശരീരം, നല്ല പാർപ്പിടങ്ങൾ, കന്നുകാലി സമ്പത്ത്, പർവ്വതങ്ങളും ധാന്യങ്ങളും, ഐശ്വര്യം നിറഞ്ഞ സമൃദ്ധമായ സന്താന പരമ്പര, ലാഭക്കരമായ കച്ചവടം ഇവയെല്ലാം ലഭിച്ച നിങ്ങൾ എന്തിന് ആളുകളെ വഞ്ചിക്കുന്നു? എന്തിന് കൊള്ളയടിക്കുന്നു? എന്തിന് അക്രമവും അരാജകത്വവും സൃഷ്ടിക്കുന്നു? ഇതൊക്കെയാണ് ശുഐബ് (അ) ചോദിക്കുന്നത്... 


 ഈ ചോദ്യങ്ങൾ വലിയ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. ഞങ്ങളിവിടത്തെ കുലീന്മാർ, മാന്യന്മാർ, സമ്പന്നർ... ഇവിടെ എന്ത് നടക്കണമെന്ന് ഞങ്ങളല്ലേ തീരുമാനിക്കേണ്ടത്?  നീയാരാ ചോദ്യം ചെയ്യാൻ? ധിക്കാരങ്ങൾ ആവേശ പൂർവ്വം ചോദിക്കുന്നു. 


 വാചാലതയിൽ നബിയെ മുട്ടുകുത്തിക്കാൻ ആർക്കും സാധ്യമല്ല. ഉരുളക്കുപ്പേരി പോലെ മറുപടി വന്നു. "ആകാശ ഭൂമികളുടെ സൃഷ്ടാവാണ് അല്ലാഹുﷻ. അല്ലാഹുﷻവിന്റെ ഭൂമിയിൽ സത്യവും നീതിയും പുലരണം. അതാണവന്റെ നിശ്ചയം. ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കണം. അതിന്ന് കാലാകാലങ്ങളിൽ പ്രവാചകന്മാർ വരും. അല്ലാഹുﷻവിന്റെ  കല്പനയുമായിട്ടാണവർ വരുന്നത്.  പ്രവാചകന്മാരെ അംഗീകരിക്കണം. അനുസരിക്കണം. അല്ലാഹുﷻവിന്റെ ഭൂമിയിൽ ജീവിക്കുക. എല്ലാ അനുഗ്രഹങ്ങളും ആസ്വദിക്കുക. എന്നിട്ടവനെ ധിക്കരിച്ചു ജീവിക്കുകയോ..? "


 നല്ല പ്രഭാഷണങ്ങൾ നടക്കുന്നു. വാദങ്ങളും എതിർവാദങ്ങളും നടക്കുന്നു. അത് കാരണം ശുഐബ് നബി (അ) ന്ന് ഒരു സ്ഥാനപ്പേര് കിട്ടിയിട്ടുണ്ട്.  ഖത്വീബുൽ അമ്പിയാഹ്. പ്രവാചകന്മാരുടെ പ്രസംഗകൻ. ചരിത്രത്തെ പ്രകമ്പനം കൊള്ളിച്ച പ്രസംഗ വൈഭവം... 


 ശുഐബ് (അ) പ്രസംഗത്തിൽ പറഞ്ഞതിങ്ങനെ : "നിങ്ങൾ എന്തിന് അമിതമായി സമ്പാദിച്ചു കൂട്ടുന്നു? അല്ലാഹുﷻ എന്താണോ നിങ്ങൾക്ക് ബാക്കിയാക്കിത്തരുന്നത് അതാണ് നിങ്ങൾക്കുത്തമം. അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചു സമ്പാദിക്കുന്നത് ഉത്തമമല്ല. പിടിച്ചു പറിച്ചുണ്ടാക്കിയതും കൊള്ളയടിച്ചതും ഉത്തമമല്ല. അല്ലാഹുﷻ എന്താണോ നൽകിയത് അതാണ് ഉത്തമമായത്...


 ഒരു കാര്യം ഓർത്തോളൂ..! "എനിക്ക് നിങ്ങളെ കാത്ത് സൂക്ഷിക്കാനാവില്ല. ഞാൻ മുന്നറിയിപ്പുകാരൻ മാത്രമാണ്. അല്ലാഹുﷻവിന്റെ ദൂതനാണ്. കാത്തു സൂക്ഷിക്കുന്നത് അല്ലാഹുﷻവാണ്. അവനെ നിങ്ങൾ സൂക്ഷിക്കുക. സൂക്ഷിക്കേണ്ടത് പോലെ സൂക്ഷിക്കുക." 


 ശുഐബ് (അ)ന്റെ വാക്കുകൾ വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം : അല്ലാഹുﷻ ബാക്കിയാക്കിത്തരുന്നത് നിങ്ങൾക്ക് ഗുണമായിരിക്കും. നിങ്ങൾ വിശ്വാസികളാണെങ്കിൽ. ഞാൻ നിങ്ങളുടെ മേൽ സൂക്ഷിപ്പുകാരനല്ലേ. (11:86)


 ശുഐബ് (അ) നിസ്കരിക്കുന്നു. സത്യവിശ്വാസികൾ പ്രവാചകനോടൊപ്പം നിസ്കരിക്കുന്നു. അത് പരസ്യമായ കാര്യമാണ്. സർവ്വ ശക്തനായ റബ്ബിനുള്ള വണക്കമാണ്. സത്യനിഷേധികൾക്ക് അത് കണ്ട് സഹിക്കാൻ കഴിവില്ല. അവരുടെ മനസിൽ പിശാചിന്റെ ഇരിപ്പിടമുണ്ട്. അവരുടെ വികാരം നിയന്ത്രിക്കുന്നത് പിശാചാണ്. പിന്നെങ്ങനെ നിസ്കാരം കണ്ട് സഹിക്കും...


 നബിയും അനുയായികളും  നിസ്കാരം തുടങ്ങുമ്പോൾ അവർ അസ്വസ്ഥരായി മാറും. അസ്വസ്ഥത വളരും പിന്നെ വായിൽ കിട്ടിയത് വിളിച്ചു പറയും.  എന്താണീ നിസ്കാരം? എന്തിനാണിത്? ഇതല്ലേ സകല കുഴപ്പങ്ങൾക്കും കാരണം?  നിസ്കാരം നിങ്ങളോടെന്താണ് പറഞ്ഞു തരുന്നത്?  നിസ്കാരം ആവശ്യമില്ലാത്ത കാര്യങ്ങൾ നിങ്ങളോട് പറയുന്നു. നിങ്ങളത് ഞങ്ങളോട് പറയുന്നു. ഞങ്ങൾക്കത് സഹിക്കുന്നില്ല. അങ്ങനെ കുഴപ്പങ്ങളുണ്ടാവുന്നു. നിങ്ങൾ നിസ്കാരം നിർത്തിവെക്കുക. അതാണ് നമുക്ക് നല്ലത്. എല്ലാം പിശാച് പറഞ്ഞു കൊടുത്ത് പറയിപ്പിക്കുകയാണ്. തിന്മയാണവർ പറയുന്നത്...