ശുഐബ് (അ) മദ് യൻ ജനതയോട് പറഞ്ഞ കാര്യങ്ങൾ ഇവയായിരുന്നു...
1. അല്ലാഹുﷻവിനെ സൂക്ഷിക്കുക. അവനെ മാത്രം ആരാധിക്കുക.
2. അളവും തൂക്കവും പൂർണ്ണമാക്കുക.
3. ജനങ്ങൾക്ക് നഷ്ടം വരുത്താതിരിക്കുക.
4. ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കരുത്.
മദ് യൻ സമൂഹത്തിന്റെ നായകനായ മദ് യൻ അവർകൾ ഇബ്രാഹിം (അ)ന്റെ ഉപദേശങ്ങളാണ് നടപ്പാക്കിയിരുന്നത്. അതിന്റെ കാതൽ തൗഹീദ് (ഏകദൈവ വിശ്വാസം) ആയിരുന്നു...
പിൽക്കാലക്കാർ ഇത് കൈവിട്ടു. കൈവിട്ടത് തിരിച്ചു പിടിക്കണം. ഏക ദൈവ വിശ്വസത്തിലേക്ക് മടങ്ങണം. ഏകനായ റബ്ബിനെ ആരാധിക്കണം. അവനല്ലാതെ മറ്റൊരു ഇലാഹ് ഇല്ല. അവനാണ് സർവശക്തൻ. അതിന്ന് വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്...
ഈ രാജ്യത്ത് നന്മയും പരിശുദ്ധിയും നിലനിന്നിരുന്നു. സന്മാർഗം നിലനിന്ന നാട്ടിൽ നിങ്ങൾ കുഴപ്പമുണ്ടാക്കരുത്. അഅ്റാഫ് സൂറത്തിൽ ഇങ്ങനെ കാണാം.
"മദ് യനിലേക്ക് അവരുടെ സഹോദരൻ ശുഐബിനെ നാം അയച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുﷻവിനെ ആരാധിക്കുവീൻ! അവനല്ലാതെ ഒരു ആരാധ്യനും നിങ്ങൾക്കില്ല. നിങ്ങളുടെ റബ്ബിൽ നിന്ന് നിങ്ങൾക്ക് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാൽ നിങ്ങൾ അളവും തൂക്കവും പൂർത്തിയാക്കിക്കൊടുക്കുവീൻ. മനുഷ്യർക്ക് അവരുടെ സാധനങ്ങൾ നിങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യരുത്. ഭൂമിയെ നന്നാക്കിത്തീർത്തതിന് ശേഷം നിങ്ങളതിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യരുത്. അതാണ് നിങ്ങൾക്കുത്തമം നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ." (7:85)
അഹ്റാഫ് സൂറത്തിൽ ലൂത്വ് നബി (അ)ന്റെ ചരിത്രം പറഞ്ഞ ശേഷം അതിന്റെ തുടർച്ചയായിട്ടാണ് ശുഐബ് നബി (അ)ന്റെ ചരിത്രം പറയുന്നത്. തൗഹീദിനെ കുറിച്ചാണ് ആദ്യ പ്രസ്താവന. എല്ലാ പ്രവാചകന്മാരും അങ്ങനെ തന്നെ. തൗഹീദിന്റെ സ്ഥാപനമാണവരുടെ ലക്ഷ്യം. മനുഷ്യ മനസ്സുകളിൽ തൗഹീദ് ഉറപ്പിക്കുക...
ആ സമൂഹത്തിൽ നിലനിൽക്കുന്ന ദുരാചാരങ്ങളെ കുറിച്ചാണവർ പിന്നെ പറയുക. ലൂത്വ് (അ) അന്നത്തെ ദുരാചാരം ചൂണ്ടിക്കാട്ടി. കാമവികാരത്തോടെ പുരുഷന്മാരെ സമീപിക്കുക. ഇത് നീചവൃത്തിയാണ്. ഇതിനെതിരെ ശക്തമായ താക്കീത് നൽകി...
മദ് യൻ ജനത അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചു. ഇതാണ് അക്കാലത്തെ ദുരാചാരം. ഇതിന്നെതിരെ ശുഐബ് (അ) താക്കീത് നൽകി. സൂറത്ത് അൻകബൂത്തിൽ പറയുന്നതിങ്ങനെയാണ്:
"മദ് യനിലേക്ക് അവരുടെ സഹോദരൻ ശുഐബിനെയും നാം അയച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ! നിങ്ങൾ അല്ലാഹുﷻവിനെ ആരാധിക്കുകയും അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവീൻ! നിങ്ങൾ നാശകാരികളായിക്കൊണ്ട് നാട്ടിൽ കുഴപ്പമുണ്ടാക്കരുത്." (29:36)
ഏകനായ റബ്ബിനെ ആരാധിക്കാൻ ആവശ്യപ്പെടുന്നു. ആദ്യം ആരാധനക്കർഹൻ അല്ലാഹു ﷻ മാത്രമാണെന്ന് വിശ്വസിക്കണം. തൗഹീദ് ഉറപ്പിക്കണം. തൗഹീദിലായി ആരാധന നിർവ്വഹിക്കുക. അത് അല്ലാഹു ﷻ സ്വീകരിക്കും. അതിന് പ്രതിഫലമുണ്ട്. പ്രതിഫലം അന്ത്യനാളിലാണ് ലഭിക്കുക. അന്ത്യനാളിൽ പ്രതിഫലം പ്രതീക്ഷിക്കാം...
അതാണ് ശുഐബ് (അ) മദ് യൻകാരോട് പറഞ്ഞത്. ഇത് തള്ളിക്കളയരുത്. തള്ളിക്കളഞ്ഞാൽ നിങ്ങൾ നാശകാരികളായിത്തീരും. അല്ലാഹുﷻവിന്റെ ആജ്ഞകൾ ധിക്കരിക്കുന്നവർ ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കും. നിങ്ങളങ്ങനെ ചെയ്യരുത്. നല്ല വാചാലതയോടെ ശുഐബ് (അ) ആ സമൂഹത്തെ ബോധവൽക്കരിക്കുകയാണ്. ഖുർആൻ പറയുന്നു. فَكَذَّبُوهُ (അപ്പോൾ അവർ അദ്ദേഹത്തെ കളവാക്കി)
സൂറത്തുൽ അൻകബൂത്തിൽ അല്ലാഹു ﷻ തുടർന്നു പറയുന്നതിങ്ങനെയാണ്: "ശുഐബ് (അ) പറയുന്നതൊന്നും അവർ വിശ്വസിച്ചില്ല. നീ പറയുന്നത് വ്യാജമാണ്." അവർ പരസ്യമായി പ്രഖ്യാപിച്ചു. നേതാക്കൾ പറഞ്ഞത് അനുയായികൾ ആവർത്തിച്ചു...
ഐകത്തുകാരെ വിളിച്ചു കൊണ്ട് ശുഐബ് (അ) സംസാരിക്കുന്ന രംഗം സൂറത്ത് ശുഅറാഇൽ കാണാം.
"ഐകത്തുകാർ മുർസലുകളെ വ്യാജമാക്കി." (26:176)
"അതായത് ശുഐബ് അവരോട് പറഞ്ഞപ്പോൾ: നിങ്ങൾ സൂക്ഷിക്കുന്നില്ലേ?" (26:177)
"നിശ്ചയമായും ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ റസൂൽ ആകുന്നു." (26:178)
"അതിനാൽ നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ!" (26:179)
"അതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എന്റെ പ്രതിഫലം ലോക രക്ഷിതാവായ റബ്ബിങ്കൽ അല്ലാതെ മറ്റാരിലുമില്ല." (26:180)
ഏത് കഠിന ഹൃദയനെയും ഇരുത്തിച്ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ് ശുഐബ് (അ) പറയുന്നത്. തഖ്വ്വയെ കുറിച്ചാണ് പറഞ്ഞത്. فَاتَّقُوا اللَّـهَ അല്ലാഹുﷻവിന് തഖ്വ്വ ചെയ്യുക (അല്ലാഹുവിനെ സൂക്ഷിക്കുക). وَأَطِيعُونِ എന്നെ അനുസരിക്കുക...