Wednesday - 22 April, 2026 4-Dhu al-Qadah-1447

വധശ്രമം (1)

   അല്ലാഹുﷻ ﷻ മലക്കുകളെ അയച്ചു. മലക്കുകൾ സ്വാലിഹ് നബി (അ)ന്റെ വീടിനു സമീപമെത്തി. ശത്രുക്കൾ കൂട്ടത്തോടെ ഓടിവരുന്നു. സ്വാലിഹ് (അ) ന്റെ വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുന്നു. അപ്പോൾ മലക്കുകൾ കല്ലെറിഞ്ഞു. ചിറക് കൊണ്ടടിച്ചു.  പലരും തലപൊട്ടിവീണു. ശരീരം പൊട്ടിത്തകർന്നു. പലർക്കും കാഴ്ച പോയി... 


ശത്രുക്കൾ പരിഭ്രാന്തരായി പരക്കം പാഞ്ഞു. ഇരുട്ടിൽ പരസ്പരം കൂട്ടിമുട്ടി. തലതല്ലി വീണു. ചുമരിൽ ചെന്നടിച്ചുവീണു. ശക്തരായ മനുഷ്യന്മാർ ഒന്നിനും കഴിയാതെ നിലംപതിച്ചു. സ്വാലിഹിനെ കൊല്ലാൻ പോയ ഖുദാറും സംഘവും മടങ്ങിവന്നില്ല. പട്ടണത്തിൽ അത് സംസാരമായി...


ഒരു വലിയ സംഘം അവരെത്തേടി പുറപ്പെട്ടു. അവർ കണ്ട കാഴ്ച അതീവ ദയനീയം തന്നെ. ധീര കേസരികളായ നേതാക്കളിതാ തകർന്നു തരിപ്പണമായിക്കിടക്കുന്നു. നീചമായ അന്ത്യം. സമൂഹത്തെ നയിച്ച ഒമ്പതു പേരുടെ ദുരന്തം ജനങ്ങളുടെ കോപം വർദ്ധിച്ചു. അവർ സ്വാലിഹ് (അ)നെ ചീത്തവിളിച്ചു... 


സ്വാലിഹ് നീ ഇനി ഇന്നാട്ടിൽ ജീവിക്കരുത്. ഉടനെ സ്ഥലം വിട്ടു കൊള്ളണം. സ്വാലിഹ് (അ) അതിനു തയ്യാറായി. പിന്നെ വൈകിയില്ല. സ്വാലിഹ് (അ) അനുയായികളോടൊപ്പം നാടുവിട്ടു. ജനങ്ങൾക്കാശ്വാസമായി. ശല്യം തീർന്നല്ലോ എന്നാണവർ പരസ്പരം പറഞ്ഞത്... 


 ഒട്ടകത്തെ അറുത്തതിനുശേഷമുള്ള മൂന്നു ദിവസങ്ങൾ കടന്നു പോയിരിക്കുന്നു. നാലാം ദിവസം എത്തിയിരിക്കുന്നു. ആളുകളുടെ മുഖത്ത് കറുപ്പുനിറം. പരസ്പരം നോക്കി. എല്ലാവരും കണ്ടു. എന്തൊരു കറുപ്പ്. പേടിപ്പെടുത്തുന്ന കറുപ്പ്.  എന്താണു പറ്റിയത്?  പരസ്പരം ചോദിക്കുന്നു. ഒരാൾക്കും ഉത്തരമില്ല. 

സ്വാലിഹ് (അ)മുന്നറിയിപ്പ് നൽകിയ ശിക്ഷയുടെ മുന്നോടിയാണോ..? ഒരുതരം ഉൾഭയം വന്നു... 


അതിശക്തമായൊരു ശബ്ദം മുഴങ്ങി. ആകെ ഞെട്ടിവിറച്ചുപോയി. ആളുകൾ ബലമുള്ള കെട്ടിടങ്ങൾ നോക്കി ഓടി. കെട്ടിടങ്ങൾക്കകത്ത് കയറിപ്പറ്റി. ശക്തമായ കാറ്റ് തുടങ്ങി.  കെട്ടിടങ്ങളോടുകൂടി മലകൾ ഇളകിത്തുടങ്ങി. ശബ്ദത്തിന്റെ ആഘാതത്തിൽ നിരവധിപേർ വീണുപോയിരുന്നു. വീണവർക്ക് എഴുന്നേൽക്കാനാവുന്നില്ല. മുട്ടുകുത്തി ഇഴയാൻ തുടങ്ങി...


രണ്ടാമതും ഭയങ്കര ശബ്ദം മുഴങ്ങി.    ആദ്യത്തേതിനേക്കാൾ എത്രയോ ഭീകരമായിരുന്നു രണ്ടാമത്തേത്. അതിനെ നേരിടാൻ മനുഷ്യ ശരീരങ്ങൾക്കു കഴിയില്ല. സഹിക്കാനാവാത്ത ആഘാതം. അതിൽ ജീവൻ പൊലിഞ്ഞുപോയി. മനുഷ്യൻ എത്ര നിസ്സാരനാണ്. വിധിയെത്തടുക്കാൻ അവന്നൊരു കഴിവുമില്ല... 


സൂറത്ത് ഹൂദിൽ ഇങ്ങനെ കാണാം:  "അക്രമം പ്രവർത്തിച്ചവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു അങ്ങനെ അവർ അവരുടെ പാർപ്പിടങ്ങളിൽ കമിഴ്ന്നു വീണവരായി (ചത്തൊടുങ്ങി)." (11:67)

"അവർ അവിടെ താമസിച്ചിട്ടേയില്ലെന്ന് തോന്നുമാറാക്കി. അറിയുക, സമൂദ് സമുദായം അവരുടെ റബ്ബിനോട് നന്ദികേട് കാണിച്ചു സമൂദിന് വിദൂരത! (സമൂദ് അകറ്റപ്പെട്ടു )."  (11:68)


അല്ലാഹുﷻവിന്റെ കാരുണ്യത്തിൽ നിന്ന് സമൂദ് അകറ്റപ്പെട്ടു. യാതൊരു കരുണയും അവരുടെ കാര്യത്തിലുണ്ടായില്ല. ശിക്ഷ വന്നാൽ അങ്ങനെ തന്നെ.  എത്ര തവണ സ്വാലിഹ് (അ) മുന്നറിയിപ്പു നൽകി. എല്ലാം പരിഹസിച്ചു തള്ളി. ശിക്ഷക്ക് ധൃതികൂട്ടി. ധിക്കാരം പ്രകടിപ്പിച്ചു. ശിക്ഷ വന്നു. തടുക്കാൻ ഒരാൾക്കുമായില്ല. വിധി വന്നു. കീഴടങ്ങി. അത്രയേ സംഭവിച്ചുള്ളൂ...