Wednesday - 22 April, 2026 4-Dhu al-Qadah-1447

വധശ്രമം (2)

   സൂറത്തുൽ ഖമറിൽ പറയുന്നത് നമുക്ക് നോക്കാം:  "സമൂദ് സമൂഹം താക്കീതുകൾ നിഷേധിച്ചു." (54:23) "എന്നിട്ടവർ പറഞ്ഞു:  നമ്മളിൽ നിന്നുള്ള ഒരേയൊരു മനുഷ്യനെയോ നാം പിൻപറ്റുന്നത്? അങ്ങനെയാണെങ്കിൽ നിശ്ചയമായും നാം വഴിപിഴവിലും കിറുക്കിലും തന്നെയായിരിക്കും."  (54:24)

"നമ്മുടെ ഇടയിൽ നിന്ന് അവന് (പ്രത്യേകം) ബോധനം കൊടുക്കപ്പെടുവോ? (ഇല്ല)  പക്ഷെ അവൻ അഹങ്കാരിയായ വ്യാജവാദിയാകുന്നു." (54:25)


"നാളെ അവർക്ക് അറിയാറാകും ആരാണ് അഹങ്കാരിയായ വ്യാജവാദിയെന്ന്."  (54:26)

"നിശ്ചയമായും അവർക്ക് ഒരു പരീക്ഷണമായിക്കൊണ്ട് നാം ഒട്ടകത്തെ അയക്കുന്നു. അതുകൊണ്ട് താങ്കൾ അവരെ വീക്ഷിക്കുകയും ക്ഷമിച്ചിരിക്കുകയും ചെയ്യുക." (54:27) 

"വെള്ളം അവർക്കിടയിൽ പങ്ക് (ഊഴം) ആണ് വെള്ളത്തിൽ നിന്നുള്ള എല്ലാ ഓഹരിയും (അതിൽ അവകാശികളായ മനുഷ്യരും ഒട്ടകവും) സന്നിഹിതരാക്കപ്പെടേണ്ടതാണ്." (54:28)


സമൂദ് സമൂഹത്തിന്റെ മനോഗതിയാണ് കഴിഞ്ഞ വചനങ്ങളിൽ വ്യക്തമായിക്കണ്ടത്. നമ്മിൽ പെട്ട ഒരു സാധാരണ മനുഷ്യൻ മാത്രമാണ് സ്വാലിഹ്. അവനെക്കാൾ വലിയ എത്ര പണക്കാർ നമ്മിലുണ്ട്. മറ്റ് കഴിവുകളുള്ളവരുണ്ട്. വലിയ കൊട്ടാരത്തിൽ താമസിക്കുന്നവരുണ്ട്. ആർഭാഢമായി ജീവിക്കുന്നവരുണ്ട്.  അവരിൽ ആരെയെങ്കിലും നബിയാക്കിക്കൂടേ? ഇവനെ പിൻപറ്റിയാൽ നമ്മൾ മണ്ടന്മാരും കിറുക്കന്മാരും ആയിപ്പോകും.  അതായിരുന്നു ആദ്യ ചിന്ത...


ഒരു മതിപ്പില്ലായ്മ. മതിപ്പില്ലാത്തവന്റെ വാക്കുകൾക്കും ഒരു മതിപ്പുണ്ടാവില്ല. ഒട്ടകം വന്നു. അത് അവർക്കൊരു പരീക്ഷണമായിരുന്നു. അത് സ്വാലിഹ് (അ) ഓർമപ്പെടുത്തുകയും ചെയ്തു.  അവരത് തള്ളിക്കളഞ്ഞു. ഒട്ടകത്തെ കൊന്നു തിന്നു. ശിക്ഷ വരുമെന്ന താക്കീതും വിലവെച്ചില്ല. അവസാനം ശിക്ഷ വന്നു. നാമാവശേഷമായിപ്പോയി. അവരുടെ അവസ്ഥ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നു... 


ഒരു ആട്ടിൻകൂട്. അത് പണിയാൻ ചില്ലിക്കമ്പുകൾ ഉപയോഗിച്ചു. കൂട് പണിതു കഴിഞ്ഞപ്പോൾ കുറെ ചില്ലിക്കമ്പുകൾ കൂടിനു ചുറ്റും ചിതറിക്കിടക്കുന്നു. ബാക്കി വന്നതും. ഉപയോഗശൂന്യമായതും. ആടുകളും മനുഷ്യരും അവയിൽ ചവിട്ടി. കമ്പുകൾ ഒടിഞ്ഞും മുറിഞ്ഞും താറുമാറായി. അങ്ങനെ തകർന്ന കമ്പുകളെപ്പോലെയായിരുന്നു സമൂദുകാരുടെ ശവശരീരങ്ങൾ. പൊട്ടിത്തകർന്നുപോയ ശരീരങ്ങൾ...


വിശുദ്ധ ഖുർആൻ പറയുന്നു:  "അങ്ങനെ അവർ തങ്ങളുടെ ചങ്ങാതിയെ വിളിച്ചു. അപ്പോൾ അവൻ (അതിനെ കൊല്ലുവാൻ)  തയ്യാറായി അവൻ അതിനെ കൊല്ലുകയും ചെയ്തു."  (54:29)

"അപ്പോൾ എന്റെ ശിക്ഷയും മുന്നറിയിപ്പുകളും എങ്ങനെയായിത്തീർന്നു." (54:30)

"അവരുടെ മേൽ  ഒരൊറ്റ ഘോരശബ്ദം നാം അയക്കുക തന്നെ ചെയ്തു.  അപ്പോൾ അവർ ആട്ടിൻ കൂട് പണിയുന്നവന്റെ (അവൻ ഉപേക്ഷിച്ചു കളഞ്ഞു)  ചില്ലിത്തുരുമ്പുപോലെ ആയിത്തീർന്നു. (54:31) 

"നിശ്ചയമായും ചിന്തിച്ചു ഗ്രഹിക്കുവാനായി ഖുർആനെ നാം എളുപ്പമാക്കിയിരിക്കുന്നു എന്നാൽ  ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ..? (54:32) 


സമൂദ് ഗോത്രക്കാർ ഒട്ടകത്തെ അറുക്കുവാൻ തീരുമാനിച്ചു. ആ സമൂഹത്തിലെ ഏറ്റവും നീചനായ കൂട്ടുകാരനെ അക്കാര്യം ചെയ്യാൻ അവർ ചുമതലപ്പെടുത്തി. അല്ലാഹുﷻവിന്റെ ഒട്ടകത്തെ കശാപ്പു ചെയ്തു.  ഉടനെ ശിക്ഷയിറങ്ങി. ഘോരമായ ശബ്ദം. ജനം പരിഭ്രാന്തരായി ഓടി. തട്ടിയും മുട്ടിയും തെറിച്ചുവീണു. പ്രകൃതിയുടെ എടുത്തടിക്കൽ വളരെ ക്രൂരമായിരുന്നു. പിന്നീട് നോക്കിയാൽ അങ്ങനെ ഒരു കൂട്ടർ അവിടെ താമസിക്കാത്തത് പോലെ തോന്നും. സമൂദ് തുടച്ചുമാറ്റപ്പെട്ടു...


സൂറത്ത് അഹ്റാഫിന്റെ വിവരണം ഇങ്ങനെയാകുന്നു : "സമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ സ്വാലിഹിനേയും (നാം അയച്ചു)  അദ്ദേഹം അവരോട് പറഞ്ഞു:  "എന്റെ ജനങ്ങളേ നിങ്ങൾ അല്ലാഹുﷻവിനെ ആരാധിക്കുവീൻ..! അവനല്ലാതെ ഒരു ആരാധ്യനും നിങ്ങൾക്കില്ല..." 


ഈ ഉപദേശത്തിന് കാര്യമായ പ്രതികരണമുണ്ടായില്ല. അവർ ഒട്ടകത്തെ അറുത്തു.  "അങ്ങനെ ആ ഒട്ടകത്തെ അവർ അറുത്തു. അവരുടെ റബ്ബിന്റെ കൽപനയെ അവർ ധിക്കരിക്കുകയും ചെയ്തു. അവർ പറയുകയും ചെയ്തു. നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെ (ശിക്ഷ) ഞങ്ങൾക്ക് നീ കൊണ്ടുവാ... നീ റസൂലായി അയക്കപ്പെട്ടവനാണെങ്കിൽ." (7;77)


"അപ്പോൾ അവരെ കഠിനമായ പ്രകമ്പനം (കിടുകിടുങ്ങൽ) പിടികൂടി. അങ്ങനെ അവർ തങ്ങളുടെ വീടുകളിൽ മരിച്ചുവീണവരായി." (7:78)

"അപ്പോൾ അവരിൽ നിന്ന് പിന്തിരിഞ്ഞുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു : എന്റെ സമുദായമേ നിശ്ചയമായും എന്റെ രക്ഷിതാവിന്റെ സന്ദേശം നിങ്ങൾക്ക് ഞാൻ എത്തിച്ചുതരികയും നിങ്ങൾക്ക് ഗുണത്തെ ഉദ്ദേശിക്കുകയും ചെയ്തു. പക്ഷെ സദുപദേശം ചെയ്യുന്നവരെ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല." (7:79)


കഠിനമായ ശിക്ഷയാണ് സമൂദിന് ലഭിച്ചത്. സ്വാലിഹ് (അ)നെയും സത്യവിശ്വാസികളെയും അല്ലാഹുﷻ ﷻ രക്ഷപ്പെടുത്തി. 

നശിച്ചു പോയ മനുഷ്യരെ നോക്കി വല്ലാത്ത മനോവേദനയോടെ സ്വാലിഹ് (അ) പറഞ്ഞു:  "എന്റെ സമുദായമേ 

ഞാൻ നിങ്ങളെ എന്തുമാത്രം ഉപദേശിച്ചു. ഏതെല്ലാം നിലക്ക് ഞാൻ നിങ്ങളോട് സംസാ


രിച്ചു. നിങ്ങൾക്ക് ഗുണം വരണം എന്നുമാത്രമായിരുന്നു ഞാനാഗ്രഹിച്ചിരുന്നത്. നിങ്ങൾ എന്റെ ഉപദേശങ്ങളെല്ലാം തള്ളി. നിങ്ങൾക്കിതാ ഈ ഗതി വന്നുചേർന്നു.  ഇനിയെന്ത് പറയാൻ കണ്ണുകൾ നിറഞ്ഞു പോയി." ആ ഭൂമി കാണുമ്പോൾ സത്യവിശ്വാസികൾക്ക് കരച്ചിൽ വരും... 


നൂറ്റാണ്ടുകൾക്ക് ശേഷം നടന്ന സംഭവം.  

മുഹമ്മദ് നബി ﷺ തങ്ങൾ സ്വഹാബികളോടൊപ്പം യാത്ര ചെയ്യുന്നു. തബൂക്ക് യുദ്ധ യാത്ര. സമൂദിന്റെ വാസസ്ഥലമായ ഹിജ്റിന്റെ അടുത്തെത്തി നബി ﷺ പറഞ്ഞു :


 "കരഞ്ഞുകൊണ്ടല്ലാതെ നിങ്ങൾ ഈ ഭൂമിയിൽ പ്രവേശിക്കരുത്." സ്വഹാബികൾക്ക് ശിക്ഷ ഇറങ്ങിയ സംഭവം ഓർമ്മ വന്നു. അവർ അതോർത്തു കരഞ്ഞു. പിൽക്കാലത്ത് സത്യവിശ്വാസികൾ അങ്ങനെയാണ് ആ പ്രദേശത്തുകൂടി കടന്നുപോയിരുന്നത്...