ഒട്ടകം നാട്ടിൻ പുറങ്ങളിൽ ചുറ്റിക്കറങ്ങുക പതിവായിരുന്നു. വൈകുന്നേരമാവുമ്പോൾ പട്ടണത്തിൽ തിരിച്ചെത്തും. വൈകുന്നേരം ഒട്ടകമെത്തിയാൽ പട്ടണവാസികൾ പാത്രങ്ങളുമായിവരും. പാത്രം നിറയെ പാൽ കറന്നെടുക്കും. എത്ര കറന്നാലും തീരില്ല. എന്തൊരു രുചിയുള്ള പാൽ...
സ്വാലിഹ് (അ) ജനങ്ങളുമായി സംസാരിച്ചു. ഈ ഒട്ടകം നിങ്ങൾക്കനുഗ്രഹമാണ്. ഇതിനെ ഉപദ്രവിക്കരുത്. ഇത് നിങ്ങളോടൊപ്പമുള്ളപ്പോൾ നിങ്ങളുടെ മേൽ ശിക്ഷ ഇറങ്ങുകയില്ല. ആളുകളൊക്കെ കേട്ടതാണത്. പറഞ്ഞിട്ടെന്താ കാര്യം? ധിക്കാരികൾ കൊന്നുകളഞ്ഞില്ലേ..?
പതിവുപോലെ വൈകുന്നേരം പട്ടണത്തിലേക്കു വന്നതാണ്. അന്തിയുറങ്ങാൻ. അത് റബീഉൽ ആഖർ മാസം പതിനാറാം തിയ്യതി ബുധനാഴ്ച സായാഹ്നത്തിലായിരുന്നുവെന്ന് രേഖകൾ പറയുന്നു...
ഇനി മൂന്നേ മൂന്ന് ദിവസം മാത്രം അത്രയേ ആയുസുള്ളൂ. മൂന്നു ദിവസം കൂടി സുഖവാസം കൊള്ളുക. സ്വാലിഹ് (അ)നൽകിയ മുന്നറിയിപ്പ്. പക്ഷെ, എവിടെ സുഖവാസം..? ആർക്കും മനസ്സിൽ സ്വസ്ഥതയില്ല. പിന്നെന്ത് സുഖം...
ഒട്ടകത്തെ കൊന്ന രാത്രി കടന്നുപോയി. അതിനു ശേഷമുള്ള ഒന്നാം ദിവസം അവരുടെ മുഖത്ത് മഞ്ഞനിറം കാണപ്പെട്ടു. ആളുകൾ പരിഭ്രമിച്ചു. പിന്നെയത് ഭയമായി. അസ്വസ്ഥത നിറഞ്ഞ ഒന്നാം ദിവസം കടന്നു പോയി. രണ്ടാം ദിവസം പുലർന്നു. അവരുടെ മുഖത്തിന് ചുവപ്പു നിറം വന്നു. മൂന്നാം ദിവസം അത് കറുപ്പു വർണമായി. കോപവും നിരാശയും വന്നു. ഇനിയൊരു മോഹം മാത്രം മനസ്സിൽ. സ്വാലിഹിനെ വധിക്കുക. എന്നിട്ട് നശിക്കുന്നെങ്കിൽ നശിക്കട്ടെ. ധിക്കാരികൾ ഒത്തുകൂടി ഗൂഢാലോചന നടത്തി...
സ്വാലിഹ് നബി (അ)നെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കി. അർദ്ധരാത്രിയിൽ വധിച്ചുകളയുക. ആരാണ് വധിച്ചതെന്ന് ആരും അറിയില്ല. നാം അക്കാര്യം അറിഞ്ഞിട്ടേയില്ലെന്ന് പറയാം. ഖുദാറിനും കൂട്ടർക്കും ആവേശം വർധിച്ചു. രാത്രിയായി നന്നായി ഇരുട്ടി. സ്വാലിഹ് (അ) മസ്ജിദിൽ ഇരിക്കുകയാണ്. ശത്രുക്കൾക്ക് അതറിയാം. അവിടെച്ചെന്ന് ഒരു ശ്രമം നടത്തിനോക്കിയാലോ..? ആയുധങ്ങളുമായി ഒരു സംഘം പുറപ്പെട്ടു...
സ്വാലിഹ് (അ)ന് ദിവ്യസന്ദേശം വന്നു ശത്രുക്കൾ വരുന്നുണ്ട്. സ്വാലിഹ് (അ) ഉടനെ മസ്ജിദിൽ നിന്നിറങ്ങി. ധൃതിയിൽ വീട്ടിലേക്ക് നടന്നു. വീട്ടിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. എല്ലാം വിധിപോലെ വരട്ടെ. ശത്രുക്കൾ പള്ളിയിലെത്തി. വീറും വാശിയുമായി. മസ്ജിദിൽ കയറി. എല്ലായിടത്തും നോക്കി എവിടെപ്പോയി..? വീട്ടിൽ കാണും. അല്ലാതെവിടെപ്പോവാൻ. രാത്രി നന്നായി ഇരുട്ടിയിട്ടുണ്ട്. ഇരുട്ടിലൂടെ ശത്രുക്കൾ ഓടി. നബിയുടെ വീട് ലക്ഷ്യമാക്കി...
അവരുടെ ഗൂഢാലോചനയുടെ കഥ വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്. ദൈവത്തിന്റെ പേരിൽ അവർ പരസ്പരം സത്യം ചെയ്യുകയായിരുന്നു. സ്വാലിഹിനെയും ആൾക്കാരെയും രാത്രിയിൽ വധിക്കണം. സ്വാലിഹിന്റെ അവകാശികൾ വന്നു ചോദിച്ചാൽ, കൊല നടക്കുമ്പോൾ ഞങ്ങളവിടെ സന്നിഹിതരായിരുന്നില്ല എന്നു പറയുകയും വേണം...
സൂറത്ത് നംലിൽ ഇങ്ങനെ കാണാം:
"അവർ (തമ്മിൽ) പറഞ്ഞു : നിങ്ങൾ പരസ്പരം അല്ലാഹുﷻവിൽ ശപഥം ചെയ്തു ഇങ്ങനെ പറയണം നിശ്ചയമായും ഇവനെ (സ്വാലിഹിനെ) യും ഇവന്റെ ആൾക്കാരെയും ഞങ്ങൾ രാത്രിയിൽ കൊല ചെയ്യുന്നതാണ്. പിന്നീട് അവന്റെ അവകാശികളോട് പറയണം: തന്റെ കുടുംബത്തിന്റെ നാശസംഭവത്തിങ്കൽ ഞങ്ങൾ ഹാജറായിട്ടില്ല. തീർച്ചയായും ഞങ്ങൾ സത്യം പറയുന്നവരാകുന്നു." (27:49)
ഇതായിരുന്നു അവരുടെ ഗൂഢ തന്ത്രം. അല്ലാഹുﷻ അതിനെക്കാൾ വലിയ തന്ത്രം പ്രയോഗിച്ചു. അല്ലാഹുﷻ പറയുന്നു: "അവർ ഗൂഢതന്ത്രം പ്രയോഗിച്ചു അവർ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു." (27:50)