Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒട്ടകത്തെ കൊന്നു (1)

   ഒമ്പത് പേരടങ്ങുന്ന സംഘം. അവരാണ് നാട്ടിലെ പ്രമാണികൾ. അവർ എന്ത് ഉദ്ദേശിക്കുന്നുവോ അത് നടക്കും. അവർ എതിർക്കുന്നതൊന്നും നടക്കില്ല. നാട്ടിലെ പ്രമാണിമാർ, ധീരന്മാർ, യോദ്ധാക്കൾ അവരുടെ വാക്കുകളാണ് നാട്ടിലെ നിയമം. തെറ്റിച്ചാൽ കൊന്നുകളയും. അവരുടെ കൈകൊണ്ട് വധിക്കപ്പെട്ടാൽ ചോദ്യമില്ല. ഇതാണവസ്ഥ! അവർ സ്വാലിഹ് (അ)ന്റെ ശത്രുക്കൾ...


ജനങ്ങളെ നബിക്കെതിരെ ഇളക്കിവിടാൻ അവർ ശ്രമം തുടങ്ങി. ഭീമാകാരമുള്ള ഈ ഒട്ടകങ്ങൾ നമുക്ക് വലിയ ശല്യം തന്നെയാണ്. അവ നമ്മുടെ വെള്ളം കുടിച്ചു തീർക്കുന്നു.  നമ്മുടെ കന്നുകാലികൾക്ക് അവയെ കാണുമ്പോൾ പേടിയാണ്. അവയെ ഇന്നാട്ടിൽ നിന്ന് ഓടിച്ചുവിടണം. ആണുങ്ങളുടെ ആവേശം പെണ്ണുങ്ങളിലേക്കും ബാധിച്ചു...


അവരും  നന്നായി സംസാരിക്കുന്നുണ്ട്. ചില സുന്ദരികളും രംഗത്തെത്തി. ഒട്ടകത്തെ കൊല്ലണം. അതിന്നവർ പുരുഷന്മാരെ പ്രേരിപ്പിച്ചു. നിരന്തര പ്രേരണ.  ഒട്ടകത്തെ കൊല്ലുന്നവർക്ക് തങ്ങൾ ഭാര്യയായി ഇരുന്നുകൊള്ളാം. സുന്ദരികളുടെ പ്രലോഭനം. നാടാകെ ഇളകിമറിയുകയാണ്. ഒട്ടകത്തെ കൊല്ലാനുള്ള ആവംശം ഒരു ഭാഗത്ത്.

അരുതേ.....!അരുതേ.....! കൊല്ലരുതേ എന്ന മുറവിളി മറുഭാഗത്ത്...


കൊല്ലും, കൊന്നാലെന്താണ് വരാനുള്ളത്..? 

കൊല്ലരുത്, ബുദ്ധിമോശം കാണിക്കരുത്. 

കൊല്ലും, എന്ത് വരുമെന്ന് കാണട്ടെ. 

കൊല്ലരുത് കൊന്നാൽ വേദനാജനകമായ കഠിന ശിക്ഷയിറങ്ങും. നിങ്ങൾ ഒന്നാകെ നശിക്കും.  

പറഞ്ഞു പേടിപ്പിക്കേണ്ട. കുറെ നാളായല്ലോ പറയുന്നു. എന്താണ് ശിക്ഷ വരാത്തത്..?  താമസമെന്ത്..? 


നേരത്തെ സൂചിപ്പിച്ച ഒമ്പത് പേരാണ് വാഗ്വാദത്തിന് നേതൃത്വം നൽകുന്നത്. അവരുടെ വാശി മറ്റുള്ളവരിലേക്ക് പടർന്നു കയറി.  ഒമ്പത് പേരിൽ പരമദുഷ്ടനായിരുന്നു ഖുദാർ ബ്നു സ്വാലിഫ്. നാട്ടിലെ സകല കുഴപ്പങ്ങളുടെ പിന്നിലും ഈ ധിക്കാരിയുണ്ടാവും. യാതൊരു നന്മയും അവനിൽ നിന്നുണ്ടാവില്ല... 


ഈ ഒമ്പതംഗ സംഘത്തെക്കുറിച്ച് വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "ആ നാട്ടിൽ ഒമ്പത് ആളുകളുള്ള ഒരു സംഘമുണ്ടായിരുന്നു അവർ ഭൂമിയിൽ കുഴുപ്പമുണ്ടാക്കുന്നവരും നന്മ ഉണ്ടാക്കാത്തവരുമായിരുന്നു." (27:48)


അതിസുന്ദരിയായ ഒരു യുവതി ആ പട്ടണത്തിലുണ്ടായിരുന്നു. സാമൂഹിക വിരുദ്ധരുടെ ആശാകേന്ദ്രമായിരുന്നു അവൾ. അവളെ ഭാര്യയായിക്കിട്ടാൻ പലരും കൊതിച്ചിരുന്നു.  ഒമ്പതാളുകളുടെ കൂടിയാലോചനയും തീരുമാനവും അവളറിഞ്ഞു. അവൾ ഖുദാറിനെ വിളിച്ചു വരുത്തി. അവൻ ആവേശപൂർവം സുന്ദരിയുടെ മുമ്പിലെത്തി. വെട്ടിത്തിളങ്ങുന്ന സൗന്ദര്യം. ആടിക്കുഴഞ്ഞുള്ള നിൽപ്.  കൊഞ്ചിക്കൊഞ്ചിയുള്ള വർത്തമാനം...


നിങ്ങൾ പുരുഷനാണോ? എങ്കിൽ പൗരുഷമൊന്നു കാണട്ടെ. സ്വാലിഹിന്റെ ഒട്ടകത്തെ  കൊല്ലാൻ ധൈര്യമുണ്ടോ? 

ഉണ്ട്. ഞാൻ കൊല്ലും. കൊന്നാൽ എനിക്കെന്ത് കിട്ടും?    

കിട്ടും നല്ല സമ്മാനം. 

പറയൂ ....എന്താണത് ?

എന്നെത്തന്നെ. ഈ ശരീരം പിന്നെ ഖുദാറിനുള്ളതാണ്. 

നീ... നീ... എന്റെ ഭാര്യയാവുമോ..? 

എന്താ സംശയം?  ഇവൾ നിങ്ങളുടെ ഭാര്യ തന്നെ ഉറപ്പ്...


ഖുദാറിന്റെ മനസ്സിളകിപ്പോയി. ഇവൾ സ്വപ്ന റാണിയാണ്. ഇവളെ ലഭിക്കാൻ വേണ്ടി ഒട്ടകത്തെ കൊല്ലും...