Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒട്ടകത്തെ കൊന്നു (2)

   ഖുദാർ അവിടെ നിന്നിറങ്ങി. ഇനി വിശ്രമമില്ല. ഒരൊറ്റ ചിന്ത മാത്രം മനസ്സിൽ. ഒട്ടകത്തെ വധിക്കുക. സ്വപ്നറാണിയെ സ്വന്തമാക്കുക. സാഹസികമാണ് ജോലി. എന്നാലും ചെയ്തേ പറ്റൂ...


 ഖുദാർ ചില തെമ്മാടികളെ സഹായത്തിനു കൂട്ടി. കുന്തങ്ങളും, വാളുകളും, കത്തികളും ശേഖരിച്ചു. അമ്പുകളും വില്ലുകളും ശേഖരിച്ചു. അങ്ങാടിയിൽ ഒളിച്ചിരിക്കണം. ഒട്ടകം അങ്ങാടിയിലേക്കു കടന്നാലുടനെ നെറ്റിയിലേക്ക് അമ്പ് എയ്തു വിടണം... 


 ഒട്ടകം നിലത്ത് വീണു കിട്ടണം. വീണാൽ വെട്ടിക്കൊല്ലാം. വേണ്ട നിർദ്ദേശങ്ങളെല്ലാം നൽകി. ഒട്ടകത്തെ കാത്ത് ഒളിച്ചിരുന്നു.  ഓരോ നിമിഷത്തിലും ഖുദാറിന്റെ മനസ്സിൽ തെളിയുന്നത് സ്വപ്ന സുന്ദരിയുടെ തിളങ്ങുന്ന മുഖം. അതാ ഒട്ടകങ്ങൾ വരുന്നു. തള്ളയും കുഞ്ഞും ആടിയാടിവരുന്നു.  ആ സൂത്രക്കാരൻ റെഡിയായിനിന്നു. ഉന്നം പിടിച്ചു അമ്പ് വലിച്ചു വിട്ടു. ഉന്നം തെറ്റിയില്ല. ഒട്ടകത്തിന്റെ നെറ്റിയിൽ തന്നെ തറച്ചു. മറ്റുള്ളവർ ചാടിവീണു...


 ഒട്ടകത്തെ വെട്ടാൻ തുടങ്ങി. ഒട്ടകം വീഴുന്നില്ല. എത്ര വെട്ടിയിട്ടും വീഴ്ത്താനാവുന്നില്ല. പരമ ദുഷ്ടനായ ഖുദാർ മൂർച്ചയുള്ള വാൾ ചുഴറ്റിക്കൊണ്ട് ഒട്ടകത്തിന്റെ പിൻഭാഗത്തേക്കോടി. പിന്നിൽ നിന്ന് കാലുകൾക്ക് വെട്ടി. കാലുകൾ മുറിഞ്ഞു നിൽക്കാൻ ശക്തിയില്ലാതായി ഒട്ടകം മറിഞ്ഞുവീണു... 


 അപ്പോഴേക്കും ആളുകൾ കൂട്ടത്തോടെ ഓടിവരാൻ തുടങ്ങി. അവർക്കെല്ലാം ഒട്ടകത്തിന്റെ മാംസം വേണം. ഒട്ടകത്തിന്റെ തോൽ പൊളിച്ചു. ഇറച്ചി കഷ്ണങ്ങളാക്കി ആളുകൾ കൊത്തിപ്പറിച്ചു കൊണ്ടുപോയി. ഇതിന്നിടയിൽ ഒട്ടകത്തിന്റെ കുട്ടി ഓടിപ്പോയി മലമുകളിലേക്ക് ഓടിക്കയറി. ഒട്ടകം പുറത്തു വന്ന പാറയുടെ അടുത്തേക്കോടി...  


സ്വാലിഹ് (അ) ഞെട്ടിക്കുന്ന വാർത്തയറിഞ്ഞു. അല്ലാഹുﷻവിന്റെ ഒട്ടകത്തെ ധിക്കാരികൾ അറുത്തു. നബിയും അനുയായികളും ദുഃഖത്തിലായി.   നിർഭാഗ്യവാന്മാർ ... ഇനി ശിക്ഷ വരാൻ വൈകില്ല. വല്ലാത്തൊരു ഭയം അസ്വസ്ഥത. "ജനങ്ങളേ! നിങ്ങൾ ചെയ്തത് മഹാപാതകമാണ്. പശ്ചാത്തപിക്കുവീൻ അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടുവീൻ! താണുകേണ് യാചിക്കുവീൻ..." 


സ്വാലിഹ് (അ) വേദനയോടെ പറഞ്ഞു നോക്കി. ധിക്കാരികൾ ഉറക്കെ പൊട്ടിച്ചിരിച്ചു. പരിഹാസത്തിന്റെ പൊട്ടിച്ചിരി. "ജനങ്ങളേ! ശിക്ഷ ഉടനെ വരും. ഇനി വൈകില്ല ശിക്ഷ വരും മുമ്പെ പശ്ചാത്തപിക്കുവീൻ!" 


വരട്ടെ. ശിക്ഷ വരട്ടെ. ഞങ്ങളൊന്നു കാണട്ടെ. ധിക്കാരത്തിന് ഒട്ടും കുറവില്ല. സ്വാലിഹ് (അ) ശിക്ഷ ഉടനെയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരുന്നു. ചിലർക്കത് വീണ്ടും വീണ്ടും കേട്ടപ്പോൾ മനസ്സിളകി. മനസ്സിൽ ഖേദം വന്നു. ഒട്ടകത്തെ കൊന്നത് തെറ്റായിപ്പോയി. മനസ്സിൽ ഖേദം വളർന്നു...