പ്രവാചകനെയും അനുയായികളെയും ദുശ്ശകുനമായിട്ടാണ് ആ ജനത കണ്ടത്. നാട്ടിൽ വരൾച്ചയുണ്ടായാൽ അത് സ്വാലിഹിന്റെയും കൂട്ടരുടെയും കുഴപ്പമാണെന്നവർ പറയും. സ്വാലിഹ് (അ) നല്ല മറുപടി നൽകി. "നിങ്ങൾ തന്നെയാണ് ദുശ്ശകുനക്കാർ. നിങ്ങളുടെ ദുഷ്ട ചെയ്തികൾ കാരണം പല പരീക്ഷണങ്ങൾ വരും."
ശകുനം നോക്കൽ
സത്യവിശ്വാസികളല്ലാത്തവരുടെ ഒരു സമ്പ്രദായമാണത്. ഇന്നും അത് നിലവിലുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യകൾ വളർന്നു വികസിച്ച കാലമാണിത്. എന്നിട്ടും ദുശ്ശകുനം നിലനിൽക്കുന്നില്ല. സമൂദ് സമൂഹത്തിൽ അത് നടപ്പുണ്ടായിരുന്നു. ജാഹിലിയ്യാ കാലത്തെ അറബികളിൽ ഇത് നിലവിലുണ്ടായിരുന്നു. യാത്ര പുറപ്പെടാൻ നേരത്ത് പക്ഷിയെ പറപ്പിക്കും. പക്ഷി എങ്ങോട്ടാണ് പറക്കുന്നത് എന്ന് നോക്കും. അത് വലത്തുനിന്ന് ഇടത്തോട്ട് പറന്നാൽ നല്ല ശകുനം. ഉടനെ യാത്ര പുറപ്പെടാം. മറ്റ് കാര്യങ്ങളാണെങ്കിൽ അത് തുടങ്ങാം...
പക്ഷി ഇടത്തുനിന്ന് വലത്തോട്ട് പറന്നാലോ? പോയി. കാര്യം ദുശ്ശകുനം. യാത്രയില്ല. മറ്റ് കാര്യങ്ങൾ മാറ്റിവെക്കും. ഇത്തരം വിശ്വാസങ്ങളൊന്നും സത്യവിശ്വാസിക്ക് ചേർന്നതല്ല. സ്വാലിഹ് നബി (അ)നെയും അനുയായികളെയും കാണുന്നത് ദുശ്ശകുനമായിട്ടാണ് സമൂദിലെ ധിക്കാരികൾ കണ്ടത്...
സമൂദ്കാർ അസാമാന്യ വലിപ്പമുള്ള ഒട്ടകത്തെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒട്ടകത്തിനും കുഞ്ഞിനും വമ്പിച്ച ശരീരമായിരുന്നു. അതുകൊണ്ട് അവയ്ക്ക് ധാരാളം വെള്ളം വേണം. ഒട്ടകവും കുഞ്ഞും ജലാശയത്തിലെത്തി. വെള്ളം കുടിച്ചു മതിവരുവോളം കുടിച്ചു. വെള്ളം തീർന്നു. ആളുകൾ അതിശയിച്ചുപോയി. ഇനിയെന്ത് ചെയ്യും?
ആളുകളുടെ ആവശ്യത്തിന് വെള്ളമെവിടെ..?
സ്വാലിഹ് (അ)പ്രശ്നത്തിന് പരിഹാരം കണ്ടെത്തി. ഇന്നത്തെ വെള്ളം ഒട്ടകങ്ങൾക്ക്. നാളത്തെ വെള്ളം നിങ്ങൾക്ക്. മറ്റന്നാൾ ഒട്ടകങ്ങൾക്ക്. അതിന്നടുത്ത ദിവസം നിങ്ങൾക്ക്. അങ്ങനെ ഓരോ ദിവസം ഇടവിട്ട് വെള്ളമെടുക്കാം. തൽക്കാലം അങ്ങനെ സമ്മതിച്ചു. മറ്റൊരു മാർഗവും കണ്ടില്ല. ആളുകൾ ഊഴം നോക്കി വെള്ളമെടുത്തു. രണ്ട് ദിവസത്തേക്ക് വേണ്ട വെള്ളം ശേഖരിക്കും...
വിശുദ്ധ ഖുർആൻ പറയുന്നു:
"(സ്വാലിഹ് (അ) ) പറഞ്ഞു: ഇതാ ദൃഷ്ടാന്തമായ ഒട്ടകം ഒരു നിശ്ചിത ദിവസത്തെ കുടിവെള്ളം അതിന്നാകുന്നു ഒരു നിശ്ചിത ദിവസത്തെ കുടിവെള്ളം നിങ്ങൾക്കുമാകുന്നു." (26:155)
കാര്യങ്ങൾ സമാധാനത്തിൽ പോവുന്നത് ചിലർക്ക് സഹിക്കാനാവില്ല. അവർക്ക് നാട്ടിൽ എപ്പോഴും കുഴപ്പങ്ങളുണ്ടായിക്കാണാനാണ് ആഗ്രഹം. അതിന് പറ്റിയ വിഷയങ്ങൾ അവർ കണ്ടെത്തും. കുടിവെള്ളം ഒരു പ്രശ്നമാക്കാൻ തന്നെ അവർ തീരുമാനിച്ചു...
ഒരു ദിവസത്തെ കുടിവെള്ളം ഒട്ടകത്തിന്. ഒരു ദിവസത്തെ കുടിവെള്ളം മനുഷ്യർക്ക്. ഇതെന്ത് നീതി!
ഒട്ടകത്തിനും മനുഷ്യനും തുല്യവിലയോ?
കേട്ടവർ കേട്ടവർ ചിന്തിക്കാൻ തുടങ്ങി. മനുഷ്യന്റെ സ്ഥാനം ഒട്ടകത്തിനും. സംസാരമായി. ചർച്ചയായി. ചർച്ചക്ക് ചൂടുപിടിച്ചു. വാഗ്വാദം! വഴക്ക് ഇതൊക്കെ നടത്തുന്നവർ ഒട്ടകത്തിന്റെ പാൽ കറന്നെടുത്തു കുടിക്കുന്നുമുണ്ട്...
സ്വാലിഹ് (അ) സദുപദേശം നൽകിക്കൊണ്ടിരുന്നു.
ഇത് അല്ലാഹുﷻവിന്റെ ഒട്ടകം. അല്ലാഹുﷻവിന്റെ ഒട്ടകം അവന്റെ ഭൂമിയിൽ മേഞ്ഞ് നടന്നു തീറ്റയെടുക്കട്ടെ. അല്ലാഹുﷻവിന്റെ ഒട്ടകം അവന്റെ ഭൂമിയിലെ വെള്ളം കുടിക്കെട്ടെ. അതിനെ ഉപദ്രവിക്കരുത്. ഉപദ്രവിച്ചാൽ കഠിനമായ ശിക്ഷ നിങ്ങളെ ബാധിക്കും. അത് വെള്ളം കുടിക്കുന്നതുകൊണ്ട്. നിങ്ങൾക്കൊരു ദോഷവും വരാനില്ല. അതിനെ അതിന്റെ പാട്ടിന് വിടുക. നിങ്ങൾ നന്മയുള്ളവരാവുക. കരുണ കാണിക്കുക...