ഹിജാസിന്റെയും സിറിയയുടെയും ഇടക്കുള്ള ഒരു പ്രദേശമാണ് ഹിജ്റ്. ഇത് രണ്ട് പട്ടണങ്ങൾ ചേർന്നതാണ്. പട്ടണങ്ങൾക്കു ചുറ്റുമായി എഴുനൂറ് ഗ്രാമങ്ങളുണ്ടായിരുന്നു. അവയെല്ലാം സമൂദ് ഗോത്രത്തിന്റെ അധീനതയിലായിരുന്നു. ഇപ്രകാരമെല്ലാം ചരിത്ര ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്. ഹിജ്റിലെ ഒരു കിണറിന്റെ പേര് സമൂദ് എന്നായിരുന്നു...
കിണറിന്റെ ചുറ്റും താമസിച്ചവർ സമൂദുകാർ എന്ന പേരിൽ അറിയപ്പെട്ടു. രേഖകളിൽ അങ്ങനെയും കാണുന്നുണ്ട്. സമൂദ് ഗോത്രനായകന്മാർ ഉറപ്പേറിയ കോട്ടകൾ നിർമ്മിച്ചു. കോട്ടക്കുള്ളിലെ വലിയ വീടുകളിലാണവർ താമസിച്ചിരുന്നത്...
വിവിധ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെയും ശില്പകലാവിദഗ്ധരെയും വരുത്തിയിരുന്നു. കോട്ടകളും കൊട്ടാരങ്ങളും നിർമിക്കാൻ അവരുടെ കൈവിരുതും ഉപയോഗപ്പെടുത്തിയിരുന്നു. കിണർ കുഴിക്കുകയെന്നത് അധ്വാനമുള്ള ജോലിയാണ്. വലിയൊരു സമൂഹത്തിന്റെ ഉപയോഗത്തിന് ദിവസവും കൂടിയ അളവിൽ വെള്ളം വേണം. അതിന് ധാരാളം കിണറുകൾ വേണം. ആഴം കൂടിയ കിണറുകൾ കുഴിച്ചു...
ധാരാളമാളുകൾ കിണർ നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. കിണറിന്റെ ആഴം കൂടുംതോറും ഉത്സാഹവും വർദ്ധിക്കും. കിണറിന്റെ അടിയിൽ വെള്ളം കണ്ടുതുടങ്ങുമ്പോൾ നാടൊട്ടാകെ ആഹ്ലാദത്തിൽ പങ്കുചേരും. പുതുവെള്ളം രുചിക്കാൻ ആവേശത്തോടെ ഓടിക്കൂടും. സമൂദിന്റെ സാമൂഹിക ജീവിതത്തിലെ പ്രധാന സംഭവമാണ് കിണർ നിർമാണം...
കിണറ്റിലെ വെള്ളമുപയോഗിച്ചു കൃഷി ചെയ്യുന്നു. ഈത്തപ്പനത്തെെകൾ നട്ടുനനച്ചുവളർത്തുന്നു. മുന്തിരിത്തോട്ടങ്ങളും നനയ്ക്കണം. കിണറുകളോട് ചേർത്തു തൊട്ടിക്കുഴികളും നിർമ്മിക്കും. പക്ഷികളും മൃഗങ്ങളുമെല്ലാം ഇവിടെ വന്ന് വെള്ളം കുടിക്കും. യാത്രക്കാർക്കും വെള്ളം നൽകിയിരുന്നു. ഒരോ വീട്ടിലും വെള്ളം ശേഖരിച്ചു വെക്കും. അതിന് പ്രത്യേക പാത്രങ്ങളുണ്ടായിരുന്നു...
ബിംബാരാധന സർവ്വത്ര വ്യാപിച്ചു. ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു ബിംബത്തെ വളരെ ബഹുമാനപൂർവ്വം ആരാധിച്ചിരുന്നു. കൊല്ലത്തിൽ ഒരു പ്രത്യേക ദിവസം ബിംബം സംസാരിക്കും. അന്ന് കണക്കില്ലാത്ത ജനം തടിച്ചുകൂടും. സംസാരം കേട്ട് നിർവൃതിയടയും. പല പ്രവചനങ്ങൾ നടത്തും. നടക്കാൻ പോവുന്ന കാര്യങ്ങൾ പ്രവചിക്കും. അവയിൽ ചിലതൊക്കെ നടക്കും നടക്കാത്ത കാര്യങ്ങളെക്കുറിച്ച് ചർച്ചയൊന്നുമില്ല. ആളുകൾ അതങ്ങ് മറക്കും. ആ ദിവസം ഇബ്ലീസ് അതിന്നകത്ത് കയറിയിരുന്ന് സംസാരിക്കുകയാണ്...
ഇബ്ലീസിനെ കാണാൻ ജനങ്ങൾക്കാവില്ല. അവർ വലിയ അതിശയത്തോടെ നോക്കിയിരിക്കും. ആൾക്കൂട്ടമുണ്ടാവുമ്പോൾ കച്ചവടം നടക്കും. ബലി നടക്കും. പുണ്യം നേടാൻ തിക്കും തിരക്കും കാണും. ആ ദിവസത്തെ അനുഭവങ്ങൾ ആരും മറക്കില്ല...