Wednesday - 22 April, 2026 4-Dhu al-Qadah-1447

അല്ലാഹുﷻവിന്റെ വഴി (2)

   നമ്മുടെ പൂർവ്വപിതാക്കന്മാർ ആരാധിച്ചുവന്ന ബിംബങ്ങളെ ആരാധ്യവസ്തുക്കളാക്കാൻ പറ്റില്ലെന്ന് സ്വാലിഹ് പ്രഖ്യാപിച്ചിരിക്കുന്നു. അവനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കണം. എന്തുണ്ട് വഴി!  ഉപദേശിച്ചു നോക്കി. ഫലമില്ല.  ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു. ഫലമില്ല. ജനങ്ങൾ അസ്വസ്ഥരായി.  ഈ ഘട്ടത്തിൽ ശാസനാരൂപത്തിൽ സംസാരിച്ചു...   


അല്ലാഹുﷻവിന്റെ വചനം കാണുക : 

"അവർ പറഞ്ഞു:  സ്വാലിഹേ! ഇതിന് മുമ്പ് തീർച്ചയായും നീ ഞങ്ങളുടെ കൂട്ടത്തിൽ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കൾ ആരാധിച്ചുവരുന്നവയെ ഞങ്ങൾ ആരാധിക്കുന്നതിനെ നീ ഞങ്ങളോട് വിരോധിക്കുകയോ? ഞങ്ങളെ നീ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി നിശ്ചയമായും ഞങ്ങൾ ആശങ്കാജനകമായ സംശയത്തിൽ തന്നെയാകുന്നു. (11:62)


അല്ലാഹുﷻവിന്റെ കൽപന പ്രകാരം സ്വാലിഹ് (അ)തന്റെ ജനതയോട് സംസാരിച്ചു.  കേട്ടതൊന്നും ഉൾക്കൊള്ളാൻ അവർക്ക് സാധിച്ചില്ല. ഞങ്ങളുടെ പിതാക്കൾ ആരാധിച്ചുവന്ന വസ്തുക്കളെ നിങ്ങൾ എതിർക്കുകയാണ്. ഞങ്ങളാണെങ്കിൽ പിതാക്കളുടെ ആരാധ്യവസ്തുക്കളെയാണ് ആരാധിക്കുന്നത്.  നീ പറയുന്ന കാര്യങ്ങൾ ഞങ്ങൾക്കു മനസ്സിലാവുന്നില്ല. ഞങ്ങൾ സംശയാലുക്കളാണ്...  


ഇന്നലെവരെ നീ നല്ലവനായിരുന്നു. ബുദ്ധിയും വിവേകവും വേണ്ടുവോളമുള്ള ചെറുപ്പക്കാരൻ. നീ ഇത്തരം വർത്തമാനം നിർത്തണം. സ്വാലിഹ് (അ) തന്റെ ജനതയോട് വളരെ വ്യക്തമായിത്തന്നെ സംസാരിച്ചു.  ഞാൻ നിങ്ങളിലേക്കുള്ള നബിയാകുന്നു. അല്ലാഹുﷻ എന്നെ നബിയായി നിയോഗിച്ചു. വ്യക്തമായ തെളിവോടുകൂടിയാണവൻ എന്നെ അയച്ചിരിക്കുന്നത്. അല്ലാഹുﷻ എനിക്ക് നൽകിയ കാരുണ്യമാണിത്. എന്നിട്ട് ഞാൻ അല്ലാഹുﷻവിന്റെ കൽപന ലംഘിച്ചാൽ എന്തായിരിക്കും എന്റെ സ്ഥിതി. എന്നെ ആര് രക്ഷിക്കും..? 


വിശുദ്ധ ഖുർആൻ പറയുന്നു:  "അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ എന്നോട് പറയുക; ഞാൻ എന്റെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവോടു കൂടിയവനായിരിക്കുകയും അവന്റെ പക്കൽ നിന്നുള്ള കാരുണ്യം എനിക്കവൻ നൽകുകയും ചെയ്താൽ ആ സ്ഥിതിക്ക് അവന്റെ കൽപനയെ ഞാൻ ലംഘിക്കുന്ന പക്ഷം അല്ലാഹുﷻവിന്റെ ശിക്ഷയിൽ നിന്ന് എന്നെ രക്ഷിക്കുന്നതാരാണ്? നിങ്ങൾ എനിക്ക് കൂടുതൽ നഷ്ടം വരുത്തിവെക്കുക മാത്രമാണ് ചെയ്യുന്നത്."  (11:63)


ബുദ്ധിപരമായ സംവാദം തന്നെയാണിവിടെ നടന്നത്. താൻ അല്ലാഹുﷻവിന്റെ കൽപനകൾ ലംഘിക്കണമെന്നാണ് സാമൂഹിക നേതാക്കൾ ആവശ്യപ്പെടുന്നത്.  കൽപന ലംഘിച്ചാൽ കുറ്റവാളിയായിപ്പോകും. പിന്നെ എന്നെ ആര് രക്ഷിക്കും? രക്ഷിക്കാനാർക്കും കഴിയില്ല. സ്വാലിഹ് നബിയുടെ ഉപദേശം കേട്ട് ചിലർ മുമ്പോട്ട് വന്നു. അവർക്ക് വിലപ്പെട്ട ഉപദേശങ്ങൾ നൽകി അവരെല്ലാം സാധുക്കളായിരുന്നു. സാമ്പത്തിക ഭദ്രത ഒട്ടുമില്ലാത്ത കൂട്ടർ.... പട്ടിണിപ്പാവങ്ങൾ...


ഇത് കണ്ടപ്പോൾ മുതലാളിമാർ പൊട്ടിച്ചിരിച്ചു. കണ്ടോ സ്വാലിഹിന് കിട്ടിയ അനുയായികൾ വെറും പട്ടിണിപ്പാവങ്ങൾ. ഇവരെയും കൂട്ടി നടന്നിട്ടെന്താ കാര്യം? എക്കാലത്തെയും പരിഹാസക്കാരുടെ ചോദ്യമായിരുന്നു ഇത്..!