ഇത് പിശാചിന്റെ പണിയാണെന്ന് മനസ്സിലാക്കിയ ചില ബുദ്ധിമാന്മാർ അക്കാലത്തുണ്ടായിരന്നു. സ്വാലിഹ് (അ) ന്റെ പിതാവ് അവരിൽ ഒരാളായിരുന്നു. സ്വാലിഹ് (അ) പ്രസവിക്കപ്പെടുന്നതിന് മുമ്പ് ഒരു സംഭവം നടന്നു...
പ്രസവം അടുത്തു വരികയാണ്. അക്കൊല്ലത്തെ ഉത്സവ ദിവസം വന്നു. ജനം വല്ലാതെ തടിച്ചുകൂടി. ഇരുമ്പ് വിഗ്രഹം സംസാരം തുടങ്ങി. ജനം ഭവ്യതയോടെ നിന്ന് കേൾക്കുന്നു. സ്വാലിഹ്(അ)ന്റെ പിതാവിന് കോപം വന്നു. അദ്ദേഹം ജനങ്ങളെ തടയാൻ നോക്കി...
വളരെ ഗൗരവത്തിൽ ജനങ്ങളോട് സംസാരിച്ചു. "ജനങ്ങളേ!
നിങ്ങൾക്ക് ബുദ്ധിയില്ലേ ? ഇത് പിശാചാണ് പിശാചിന്റെ ശബ്ദമാണ് നിങ്ങൾ കേൾക്കുന്നത് ഞാൻ എത്രയോ തവണ നിങ്ങളോട് പറഞ്ഞതാണിത് നിങ്ങളെന്താണ് ചിന്തിക്കാത്തത് ?
പിശാച് മനുഷ്യരെ വഴിതെറ്റിക്കും. തമ്മിലടിപ്പിക്കും. ദൂരെപ്പോകൂ! പിശാചിന്റെ സംസാരം കേൾക്കാൻ നിൽക്കാതെ മാറിപ്പോവുക."
പെട്ടെന്ന് ഇരുമ്പ് വിഗ്രഹം സംസാരിക്കാൻ തുടങ്ങി. ജനം അതീവ താല്പര്യത്തോടെ അത് കേട്ടു. ഈ മനുഷ്യൻ എന്റെ ശത്രുവാണ്. അവനെ വധിച്ചുകളയുക. ജനങ്ങൾ വേദവാക്യംപോലെയാണത് സ്വീകരിച്ചത്. പറഞ്ഞതു പിശാചാണ് അവർക്കത് തിരിഞ്ഞില്ല. വിഗ്രഹം പറഞ്ഞാൽ നടപ്പാക്കുക തന്നെ. ആ മാന്യവ്യക്തിയുടെ മേൽ വിവരംകെട്ട മനുഷ്യർ ചാടിവീണു മർദ്ദനം തുടങ്ങി...
അരുത്! അരുത്! അടിയ്ക്കരുത്. നിരപരാധിയെ വെറുതെ വിടുക. വിവേകമുള്ള ചിലർ തടയാൻ നോക്കി. അവർ എണ്ണത്തിൽ വളരെ കുറവായിരുന്നു. വികാരത്തിന്നധീനമായവരാണേറെയും. പിശാചിന്റെ വചനം വിജയിച്ചു. തന്റെ പ്രതിയോഗി വധിക്കപ്പെട്ടു. നീചമായ മരണമെന്ന് ജനം വിധിയെഴുതി...
നേർവഴിക്കു ചിന്തിക്കുന്നവരെ പിശാച് കുഴപ്പത്തിൽ ചാടിക്കും തനിക്കധീനപ്പെടുന്നവരെ അതിനുപയോഗിക്കും. സ്വാലിഹ് (അ)ന്റെ ഉമ്മ അന്ന് ഒരുപാട് ദുഃഖിച്ചിട്ടുണ്ടാവണം. ഗർഭിണിക്ക് ഭർത്താവിന്റെ വിയോഗം വലിയ വേദനയായിരിക്കും. പിറക്കാൻ പോവുന്ന കുഞ്ഞിനെക്കുറിച്ചു അവർ ധാരാളം സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്. അതവർക്ക് ആശ്വാസം പകർന്നിരിക്കാം. മാസം തികഞ്ഞു പ്രസവം നടന്നു ആൺകുഞ്ഞ്...
കുടുംബത്തിൽ ആഹ്ലാദം നിറഞ്ഞു. ആൺകുഞ്ഞിന്റെ പിറവി അത് ഒരാഘോഷം പോലെയായി. വിരുന്നുകാരുടെ തിരക്കായി. നല്ല അഴകുള്ള ആൺകുഞ്ഞ്. കണ്ടിട്ട് മതിവരുന്നില്ല. ബന്ധുക്കൾ മാറിമാറിയെടുത്തോമനിച്ചു. ഇളം കവിളുകളിൽ എത്ര മുത്തങ്ങൾ ചാർത്തപ്പെട്ടു. ആഹ്ലാദഭരിതമായ അന്തരീക്ഷം. ആ അന്തരീക്ഷത്തിൽ കുഞ്ഞ് വളർന്നു...