Wednesday - 22 April, 2026 4-Dhu al-Qadah-1447

പാഠം പഠിക്കുക... (1)

   ഒരിക്കൽ നബി ﷺ തങ്ങൾ അനുയായികളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ ഒരു ഖബർ കണ്ടു. ഇത് ആരുടെ ഖബ്റാണെന്നറിയാമോ..? നബി ﷺ ചോദിച്ചു.  അനുയായികൾ ഇങ്ങനെ മറുപടി പറഞ്ഞു: "അല്ലാഹുﷻവിനും അവന്റെ റസൂലിനും അറിയാം."   


നബി ﷺ ഒരു വിവരണം നൽകി.

 "ഇത് അബൂറുഗാലിന്റെ ഖബ്റാകുന്നു. സമൂദ് ഗോത്രത്തിലെ ഒരു പ്രമുഖനായിരുന്നു അദ്ദേഹം. അല്ലാഹുﷻ ഹിജ്റിൽ ശിക്ഷ ഇറക്കിയപ്പോൾ ഇദ്ദേഹം ഹറമിലായിരുന്നു. ഹറമിൽ നിന്ന് മടങ്ങി ഏറെ കഴിയുംമുമ്പെ അയാൾ മരണപ്പെട്ടു. ഇവിടെ ഖബറടക്കി..."


അബൂറുഗാലിന്റെ ഖബ്ർ ത്വാഇഫിലാണെന്ന് പറയപ്പെട്ടിട്ടുണ്ട്.  നബി ﷺ അനുയായികളോടൊപ്പം ത്വാഇഫിലെത്തിയപ്പോൾ ചിലർ ഒരു ഖബ്റിന് കല്ലെറിയുന്നത് കണ്ടു. നബി ﷺ പറഞ്ഞു: "ഇത് അബൂറുഗാലിന്റെ ഖബ്റാണ്. ഈ ഖബറിലുള്ള സ്വർണക്കത്തി അബൂറുഗാലിന്റെതാകുന്നു. ഇത് അയാളുടെ ഖബ്റാണെന്നതിന്റെ അടയാളം. ജനങ്ങൾ ഖബ്ർ തുറന്നു നോക്കി. സ്വർണത്തിന്റെ കത്തി കിട്ടുകയും ചെയ്തു...


ഹിജ്റുകാർ മുഴുവനും മരിച്ചുവീണു. തകർന്ന ശവശരീരങ്ങൾ ചിതറിക്കിടക്കുന്നു. ആ ശവശരീരങ്ങളെ നോക്കി സ്വാലിഹ് (അ) സംസാരിച്ചു.  നാശം സംഭവിച്ച സ്ഥലത്തേക്ക് സ്വാലിഹ് (അ) യാത്ര ചെയ്തു വരികയായിരുന്നു.  "എന്റെ ജനങ്ങളേ  എത്ര സ്നേഹപൂർവമാണ് ഞാൻ  നിങ്ങളെ ഉപദേശിച്ചത്. അല്ലാഹുﷻവിന്റെ സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നു. അത് സ്വീകരിക്കാൻ ഞാൻ നിങ്ങളെ നിർബന്ധിച്ചുനോക്കി. നിങ്ങൾ സ്വീകരിച്ചില്ല. നിങ്ങൾക്ക് ഉപദേശം ഫലിച്ചില്ല...


എന്റെ ജനങ്ങളേ  നിങ്ങളുടെ ധിക്കാരം കാരണം ഇതൊക്കെ സംഭവിച്ചു. ഇത് തടയാൻ എന്നെക്കൊണ്ടാവില്ല. നിങ്ങളുടെ അവസ്ഥ എന്തുമാത്രം ദയനീയമാണ്. അല്ലാഹുﷻവിന്റെ സന്ദേശം നിങ്ങൾക്കെത്തിച്ചുതരിക അത് മുറുകെ പിടിക്കണമെന്ന് നിങ്ങളെ ഉപദേശിക്കുക അത് മാത്രമേ എനിക്ക് ചെയ്യാൻ കഴിയൂ... ഞാനതു ചെയ്തു.  


നിങ്ങൾക്ക് ശിക്ഷയാണ് വിധിക്കപ്പെടുന്നത്. ഇനിയുള്ള കാലം നിങ്ങളുടെ അവസ്ഥ അതുതന്നെ എന്തുചെയ്യാം..? അല്ലാഹുﷻവിന്റെ സന്ദേശം നിങ്ങൾ കളവാക്കി. അല്ലാഹുﷻ അവനുദ്ദേശിച്ചതു ചെയ്തു. പിൽക്കാലക്കാർക്ക് ഇത് പാഠമാവുകയും ചെയ്തു."