ബദ്റിൽ കൊല്ലപ്പെട്ട ശത്രുക്കളുടെ മൃതദേഹങ്ങളോട് നബി ﷺ സംസാരിച്ചിട്ടുണ്ട്...
"കൂട്ടരേ...! എന്നോട് അല്ലാഹുﷻ ﷻ വാഗ്ദത്തം ചെയ്തതെല്ലാം സത്യമായി പുലർന്നു. ഞാൻ കണ്ടു.
നിങ്ങളോട് വാഗ്ദത്തം ചെയ്തത് നിങ്ങളും കണ്ടുവോ..? പ്രവാചകരുടെ സാമീപ്യം നിങ്ങൾക്കു വെറുപ്പുണ്ടാക്കി. ജനങ്ങൾ എന്നെ സത്യമാക്കിയപ്പോൾ നിങ്ങളെന്നെ കളവാക്കി. നിങ്ങളെന്നെ നാട്ടിൽ നിന്ന് പുറത്താക്കി. ജനങ്ങൾ എന്നെ സ്വീകരിച്ചു നിങ്ങളെന്നോട് യുദ്ധം ചെയ്തു. ജനങ്ങളെന്നെ സഹായിച്ചു. നിങ്ങൾ നിങ്ങളുടെ നബിയോട് എത്ര മോശമായിട്ടാണ് പെരുമാറിയത്..?"
സമീപത്തുണ്ടായിരുന്ന ഉമർ (റ) ചോദിച്ചു: "അല്ലാഹുﷻവിന്റെ റസൂലേ മരിച്ചുകിടക്കുന്ന ഈ മൃതദേഹങ്ങൾ അങ്ങ് പറയുന്നത് കേൾക്കുമോ..? "
നബി ﷺ ഇങ്ങനെ മറുപടി നൽകി: "എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനെക്കൊണ്ട് സത്യം; ഞാൻ പറയുന്നതെല്ലാം നിങ്ങളെക്കാൾ നന്നായി അവർ കേൾക്കും. അവർക്ക് മറുപടി പറയാനാവില്ല."
ശപിക്കപ്പെട്ട ഹിജ്റിൽ നിന്ന് സ്വാലിഹ് (അ) പെട്ടെന്ന് പിൻമാറി മക്കയിലേക്ക് പോയി. അവിടെ ഇബാദത്തിലും പ്രബോധന പ്രവർത്തനങ്ങളിലുമായി കുറെ കാലം ജീവിച്ചു. ഹറമിൽ വെച്ചു തന്നെയായിരുന്നു മരണം. അവിടെ ഖബറടക്കപ്പെടുകയും ചെയ്തു...
ഒരിക്കൽ നബി ﷺ തബൂക്കിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കൂടെ സ്വഹാബികളുമുണ്ട്. സമൂദുകാരുടെ വാസസ്ഥലത്തുകൂടെ കടന്നു പോവുകയാണ്. ചിലർക്ക് ദാഹമുണ്ട്. സമൂദുകാരുടെ കിണർ കാണാനുണ്ട്. കിണറ്റിൽ വെള്ളമുണ്ട്. വെള്ളം കോരിയെടുക്കാൻ ഒരുങ്ങുകയാണ്...
നബി ﷺ ഇങ്ങനെ പറഞ്ഞു: "വേണ്ട അവരുടെ സ്ഥലത്തേക്ക് പോവരുത്. അവരുടെ വീടുകളിൽ പ്രവേശിക്കരുത്. അവരെ ബാധിച്ചത് പോലുള്ള ശിക്ഷ നിങ്ങളെയും ബാധിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. പോവരുത്. ശിക്ഷ ഇറങ്ങിയ ഭാഗത്തേക്ക് പോവുകയേ വേണ്ട..."
മഹാനായ അബ്ദുല്ലാഹിബ്നു ഉമർ (റ) പറയുന്നു: നബി ﷺ തങ്ങൾ ഹിജ്റിൽ വെച്ചു പറഞ്ഞു: "ശിക്ഷിക്കപ്പെട്ടവരുടെ സ്ഥലത്തുകൂടി പോവേണ്ടിവന്നാൽ കരഞ്ഞുകൊണ്ടല്ലാതെ പോവരുത്. നിങ്ങൾക്ക് കരയാൻ കഴിയുന്നില്ലെങ്കിൽ ആ ഭാഗത്തേക്ക് പോവുകയേ ചെയ്യരുത്. പോയാൽ അവർക്കു ബാധിച്ചത് നിങ്ങളെയും ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു."
ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം: "നിങ്ങൾക്കു കരച്ചിൽ വരുന്നില്ലെങ്കിൽ, അവരെ ബാധിച്ച വിപത്ത് നിങ്ങളെയും ബാധിച്ചേക്കാമെന്ന് ഭയന്ന് കരയുക."
സമൂദുകാർ ദീർഘായുസുള്ള ആളുകളായിരുന്നു. അവരിൽ ഒരാൾ യൗവ്വന കാലത്ത് ഒരു വീടുണ്ടാക്കുന്നു. അയാളതിൽ കുടുംബസമേതം താമസിക്കുന്നു. കുറെ വർഷങ്ങൾ കഴിയുമ്പോൾ വീട് ജീർണിച്ചു നശിക്കുന്നു. അയാളുടെ ആയുസ് പിന്നെയും ബാക്കി. മറ്റൊരു വീട് പണിയുന്നു. കുറെ കാലം കഴിയുമ്പോൾ ആ വീടും ജീർണിക്കുന്നു. അപ്പോഴും അയാളുടെ ആരോഗ്യത്തിന് കുഴപ്പമില്ല. ഒരു പുരുഷായുസ് തീരാൻ പല വീടുകൾ വേണ്ടിവരും...
അങ്ങനെയാണ് മലയിൽ പാറ തുരന്ന് പാർപ്പിടമുണ്ടാക്കാൻ തുടങ്ങിയത്. വളരെ കാലം നിലനിൽക്കുന്ന ഭവനം. അവയുടെ അവശിഷ്ടങ്ങൾ ഇന്നും കാണപ്പെടുന്നു. ദൃശ്യമാധ്യമങ്ങളിലൂടെ ലോകം അത് കാണുന്നു. ആ ദൃശ്യങ്ങൾ എന്താണ് ലോകത്തോട് പറയുന്നത്..? സർവശക്തനായ അല്ലാഹുﷻവിന് കീഴ്പ്പെട്ടു ജീവിക്കുക. ധിക്കാരം കാണിക്കരുത്. ഈ ഭവനങ്ങളിൽ സുഖജീവിതം നയിച്ചവരുടെ അനുഭവം നിങ്ങൾക്ക് പാഠമായിരിക്കട്ടെ..!
സ്വാലിഹ് നബി (അ) ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹുﷻ സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ...
സ്വാലിഹ് നബി (അ)നും മറ്റു
ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു ...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 സ്വാലിഹ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】