സൂര്യോദയം. കിഴക്കൻ ചക്രവാളത്തിൽ സൂര്യനെ കണ്ടുതുടങ്ങി. ഇത് അവസാനത്തെ കാഴ്ചയാണോ..?
നാളത്തെ സൂര്യോദയം കാണാൻ കഴിയുമോ..? പലവിധ ചിന്തകൾ മനസ്സിൽ. പറഞ്ഞതുപോലെ സംഭവിക്കുമോ..? ശിക്ഷ അതെങ്ങനെയായിരിക്കും..? നമുക്കു രക്ഷപ്പെടാനാവില്ലേ..? മനസ്സിൽ പ്രതീക്ഷയുടെ നേർത്ത വെളിച്ചം...
അപ്പോൾ അത് സംഭവിച്ചു. ആകാശത്തുനിന്ന് അത്യുഗ്ര ശബ്ദം. അസഹ്യമായ ശബ്ദം...
തലമുകളിൽ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദം. ഭൂമിയിളകിപ്പോയി. ഇടത്തീ ഇറങ്ങിയതുപോലെ. കൊടുങ്കാറ്റടിച്ചതുപോലെ...
നിൽക്കുന്ന പാദങ്ങൾക്കടിഭാഗം ശക്തമായി കുലുങ്ങി. എല്ലാവരും നിലതെറ്റി വീണു. തടികൾ തകർന്നുവീണു. ശരീരങ്ങൾ നുറുങ്ങിപ്പോയി. ആത്മാവുകൾ വിട്ടുപിരിഞ്ഞു. അവയവങ്ങളുടെ ചലനങ്ങൾ നിലച്ചു...
എല്ലാം നിശ്ചലം. ഒരാൾക്കും ഒരു വാക്കും പറയാനില്ല. ധിക്കാരം പറഞ്ഞുകൊണ്ടിരുന്ന നാവുകളെവിടെ..? അവർക്ക് സ്വരം നഷ്ടപ്പെട്ടിരിക്കുന്നു. സത്യം പുലർന്നു. ഒരാൾ മാത്രം എങ്ങനെയോ അകലേക്കോടി അതൊരു സ്ത്രീയായിരുന്നു. പേര് കർബത്ത് ബിൻത്ത് അസ്സലഖ് ... സ്വാലിഹ് (അ)ന്റെ കൊടിയ ശത്രുവായിരുന്നു. അവൾ എന്തെല്ലാം ദ്രോഹങ്ങൾ ചെയ്തു. പറഞ്ഞുകൂട്ടിയ പുലഭ്യങ്ങൾക്കുണ്ടോ വല്ല കണക്കും...
അവൾ അകലെ നിന്ന് എല്ലാം നോക്കിക്കണ്ടു. തന്റെ സമൂഹത്തിന്റെ കൊടുംദുരന്തം. ഭയന്നു വിറച്ചു. തളർന്നു. എന്നിട്ടും ഓടി. ഒരു അറബ് ഗോത്രക്കാരുടെ സമീപത്തെത്തി. നടന്ന സംഭവങ്ങളെല്ലാം അവരോട് പറഞ്ഞു...
വയ്യാ....ദാഹിക്കുന്നു....വെള്ളം തരൂ ..... അവർ വലിയ പാത്രത്തിൽ വെള്ളം നൽകി. ആർത്തിയോടെ വലിച്ചു കുടിച്ചു. അവസാനത്തെ ജലപാനമായിരുന്നു. പിന്നൊന്നും പറയാനായില്ല. അവൾ മരിച്ചു വീണു. അവസാനത്തെ ആളും നശിച്ചു...
പ്രമുഖ സ്വഹാബിവര്യനായ ജാബിർ (റ) പ്രസ്താവിച്ചതായി ഒരു റിപ്പോർട്ട് ഉണ്ട്. നബി ﷺ തങ്ങളും സ്വഹാബികളും യാത്രയിലാണ്. അങ്ങനെ അവർ ഹിജ്റിൽ എത്തി. ശാപം ഇറങ്ങിയ നാട്. അപ്പോൾ നബി ﷺ പറഞ്ഞു : "സ്വാലിഹിന്റെ ജനത ദൃഷ്ടാന്തം ചോദിച്ചതുപോലെ നിങ്ങൾ ചോദിക്കരുത്..."
ഒട്ടകത്തെയാണ് നബി ﷺ ഉദ്ദേശിച്ചത്. പർവ്വതത്തിൽ നിന്ന് പുറത്തുവന്ന ഒട്ടകം. ഹിജ്റിലെ മലമ്പാതകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് നബി ﷺ പറഞ്ഞു : "ഈ മലമ്പാതകളിലൂടെയാണ് ആ ഒട്ടകം സഞ്ചരിച്ചത്. ഈ പാതയിൽ നിന്ന് ആ പാതയിലേക്ക്. ഒരു ദിവസം അത് വെള്ളം കുടിക്കും. ജനങ്ങൾ അതിന്റെ പാലും കുടിക്കും. അവർ ഒട്ടകത്തെ നിർദയം കൊന്നുകളഞ്ഞു. വമ്പിച്ചൊരു ശബ്ദം കേട്ടു. അതിൽ അവർ തകർന്നുപോയി. ഒരാളൊഴികെ. അപ്പോൾ സ്വഹാബികൾ ചോദിച്ചു: അല്ലാഹുﷻ ﷻ ന്റെ റസൂലേ, ആ ഒരാൾ ആരാണ്..? രക്ഷപ്പെട്ട ആൾ..?
നബി ﷺ പറഞ്ഞു: "അത് അബൂറുഗാൽ ആയിരുന്നു. ഹിജ്ർ തകർന്നു വീഴുമ്പോൾ അയാൾ ഹറമിൽ ആയിരുന്നു. ഹറമിൽ നിൽക്കുന്ന സമയത്തൊന്നും അപകടം അയാളെ ബാധിച്ചില്ല. ഹറമിൽ നിന്ന് പുറപ്പെട്ടു. സമൂദുകാരെ ബാധിച്ച ദുരന്തം അയാളെയും ബാധിച്ചു. വഴിയിൽ മരണം സംഭവിച്ചു...
നാട്ടുകാർ അവിടെ തന്നെ ഖബറടക്കി. അറബി ഗോത്രങ്ങളെല്ലാം ആ ദുരന്തവാർത്തയറിഞ്ഞു. വളരെക്കാലം അത് ചൂടുള്ള ചർച്ചാവിഷയമായിരുന്നു. ഹിജ്റിലൂടെ നടക്കാൻ ആളുകൾ ഭയപ്പെട്ടു. യാത്രാസംഘങ്ങൾ ആ റൂട്ട് തന്നെ കൈവിട്ടു. ഭീതിയോടെയാണ് അറബികൾ സമൂദിന്റെ കഥ പറഞ്ഞിരുന്നത്...