ഇവയെല്ലാം മനുഷ്യ കരങ്ങളുടെ സൃഷ്ടിയോ? കാണികൾ അത്ഭുതത്തോടെ ചോദിക്കുന്നു. ചെറുതും വലുതുമായ അനേകം ഭവനങ്ങൾ. ശില്പകലയുടെ വിസ്മയങ്ങൾ. സമതലം വിട്ട് മലയിലേക്കു കയറാം. ചെത്തിമിനുക്കിയ വഴികൾ, വമ്പിച്ച പാറക്കൂട്ടങ്ങൾ.
പാറകൾ തുരക്കുന്ന മനുഷ്യർ. പാറക്കുള്ളിൽ അറകൾ നിർമ്മിക്കുന്നു. അനേകം മുറികൾ. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കാം. മനോഹരമായ കവാടങ്ങൾ. സുഖജീവിതത്തിനുള്ള സൗകര്യങ്ങൾ. വെയിലത്തിട്ട് ഉണക്കിയെടുത്ത മുന്തിയതരം പഴവർഗങ്ങളുടെ വലിയ ശേഖരം. വലിയ മണ്‍പാത്രങ്ങളിൽ പഴങ്ങളുടെ സത്തിൽ നിന്ന് തയ്യാറാക്കിയ ശീതള പാനീയങ്ങൾ. പാചകം ചെയ്യാൻ പലതരം പാത്രങ്ങൾ. സഞ്ചാരികൾ എല്ലാം ചുറ്റി നടന്നു കാണുന്നു...
സമൂദുകാർക്ക് നല്ല ആരോഗ്യമാണ്. എത്ര നേരം ജോലി ചെയ്താലും കുഴപ്പമില്ല. പെട്ടെന്നൊന്നും ക്ഷീണം വരില്ല. മലമുകളിൽ കയറി കൊടുവെയിലത്ത് വളരെ നേരം ജോലി ചെയ്യും. പുറം നാട്ടുകാർക്ക് അതും ഒരു കാഴ്ച തന്നെ. സമൂദ് വർഗ്ഗക്കാരുടെ സവിശേഷതകൾ ലോക പ്രസിദ്ധമാണ്. അവരുടെ ധീരത, സൈനികശക്തി, യുദ്ധപാടവം, ഭരണ മഹിമ .... അവയെല്ലാം പല രാജ്യത്തും സംസാരവിഷയമാണ്. വമ്പിച്ച കാലിസമ്പത്തിന്റെ ഉടമകളാണ്...
ഒട്ടകങ്ങൾ, കുതിരകൾ, കഴുതകൾ, ആടുമാടുകൾ എല്ലാം സുലഭം. അനുഗ്രഹങ്ങൾ എണ്ണിപ്പറഞ്ഞാൽ തീരില്ല. എല്ലാം അല്ലാഹുﷻ നൽകുന്നതാണ്. ആ വസ്തുത ഓർക്കാനവർക്ക് കഴിഞ്ഞില്ല. എല്ലാം തങ്ങളുടെ കഴിവ്. ഞങ്ങൾ ശക്തരാണ്. മറ്റൊരു ജനവിഭാഗത്തിനും തങ്ങൾക്കൊപ്പമെത്താനാവില്ല. തങ്ങളുടെ സൈനിക ശേഷിയിൽ മതിപ്പില്ലാത്ത ആരെങ്കിലുമുണ്ടോ? തങ്ങളുടെ പ്രതാപം കണ്ട് ഞെട്ടാത്ത ആരെങ്കിലും ഇതുവഴി കടന്നുപോവുന്നുണ്ടോ..?
സമൂദുകാർ അങ്ങനെയൊക്കെയാണ് ചിന്തിക്കുന്നത്. വൻ കെട്ടിടങ്ങൾ നിർമിക്കാനുള്ള ഭ്രമം കുറഞ്ഞിട്ടൊന്നുമില്ല. ഭ്രമം വളരുക തന്നെയാണ്.
കൂടുതൽ കൂടുതൽ വലുപ്പത്തിൽ കെട്ടണം. മറ്റുള്ളവർ കണ്ട് ഞെട്ടട്ടെ. താമസക്കാരുടെ ആവശ്യം നോക്കിയൊന്നുമില്ല നിർമാണം. ഹിജ്റിലുള്ളവർക്കെല്ലാം അന്തിയുറങ്ങാനുള്ള സൗകര്യം ഇപ്പോൾ തന്നെയുണ്ട്. അതൊന്നും ആരും ചിന്തിക്കുന്നില്ല. പ്രതാപവും ആഢ്യത്വവും പ്രഖ്യാപിക്കണം. യശസ്സുയരണം. പേരെടുക്കണം. തകൃതിയായ പണി നടക്കട്ടെ...
ആരാധനാലയങ്ങൾ. നിറയെ വിഗ്രഹങ്ങൾ. അവക്കു ചുറ്റും ആരാധകർ. ലോക നിയന്താവിനെക്കുറിച്ച് ചിന്തയില്ല. അവന്റെ അനുഗ്രങ്ങളെക്കുറിച്ച് ഒരുവരി പാടാൻ കവികൾക്ക് മനസില്ല. സൂര്യനും ചന്ദ്രനും വാഴ്ത്തപ്പെട്ടു. നക്ഷത്രശോഭയും വാഴ്ത്തപ്പെട്ടു...
പ്രകൃതി ശക്തികളെപ്പറ്റി പ്രകീർത്തനങ്ങൾ. ബിംബങ്ങൾക്കു മുമ്പിൽ ബലികർമ്മങ്ങൾ. പലതരം നേർച്ചകൾ. പിശാചിന്റെ വാഴ്ചതന്നെ. എവിടെയും മനുഷ്യമനസ്സുകളിൽ പിശാച് ഇരിപ്പിടം തീർത്തിരിക്കുന്നു. ചിന്തകളിലും സംസാരത്തിലും അവന്റെ സാന്നിധ്യം. വിനയമെവിടെയും കാണാനില്ല. എല്ലാവരുമത് മറന്നുകഴിഞ്ഞു. താഴ്മയില്ല പൊങ്ങച്ചം മാത്രം. എല്ലാവർക്കും ഞാനെന്ന ഭാവം. പിശാചിന്റെ സന്തോഷകാലം...