Wednesday - 22 April, 2026 4-Dhu al-Qadah-1447

പിശാച് വാഴുന്നു (1)

   നൂഹ് (അ)ന്റെ ചരിത്രത്തിൽ നിന്ന് പാഠം പഠിപ്പിക്കാൻ ആദ് സമൂഹത്തോട് അല്ലാഹുﷻ കൽപിച്ചു. 

അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ ഹൂദ് (അ). ആ കൽപന അവരെ അറിയിച്ചു.  

അവരത് സ്വീകരിച്ചില്ല. നന്ദികെട്ടവരായി ജീവിച്ചു. ദുരന്തം ഏറ്റുവാങ്ങി...


ആദിന്റെ ദുരന്തത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് സമൂദ് വർഗ്ഗത്തോട് അല്ലാഹുﷻ കൽപിച്ചു. അവരിലേക്കു നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു  സ്വാലിഹ് (അ). അല്ലാഹുﷻവിന്റെ കൽപന സ്വാലിഹ് (അ) തന്റെ ജനതയെ അറിയിച്ചു.  ആദ് സമൂഹത്തിന്റെ ദുരന്തത്തിൽ നിന്ന് പ്രിയപ്പെട്ട ജനങ്ങളേ നിങ്ങൾ പാഠം പഠിക്കുക...  


പക്ഷെ അവർ പാഠം പഠിക്കാൻ തയ്യാറില്ലായിരുന്നു. ആദിന്റെ മറ്റൊരു പതിപ്പാവാനായിരുന്നു അവർക്കു മോഹം. ആദിന്റെ ധിക്കാരപരമായ ചെയ്തികൾ ഓരോന്നും അവർ പിൻപറ്റുകയായിരുന്നു.  


ജനങ്ങളേ അല്ലാഹുﷻ നൽകിയ അനുഗ്രഹങ്ങൾ ഓർക്കുക. വിശാലമായ സമതലം നിങ്ങൾക്കവൻ താമസിക്കാൻ സൗകര്യപ്പെടുത്തിത്തന്നു. ഉയർന്ന മലകളും നിങ്ങൾക്കവൻ കീഴ്പ്പെടുത്തിത്തന്നു.  ജനങ്ങളേ നിങ്ങൾ നന്ദിയുള്ളവരാവുക.  സ്വാലിഹ് നബി (അ) ന്റെ ശബ്ദം സമതലങ്ങളിലും കുന്നുകളിലും മലകളിലും മുഴങ്ങികേട്ടു...


അതിന്നാരും വില കൽപിച്ചില്ല. വിശാലമായ സമതലം. അവിടെ വെള്ളം ആവശ്യത്തിന് ലഭിച്ചു. മരുഭൂമി കൃഷിഭൂമിയാക്കി മാറ്റി. എന്തെല്ലാം വിഭവങ്ങൾ കൃഷി ചെയ്തുണ്ടാക്കി. ധാന്യങ്ങൾ, പഴവർഗങ്ങൾ, കിഴങ്ങുകൾ, ഇലക്കറികളായി ഉപയോഗിക്കാൻ പറ്റുന്ന സസ്യങ്ങൾ...  


മദീനയിൽ നിന്ന് സിറിയയിലേക്ക് നീണ്ടുപോവുന്ന യാത്രാറൂട്ടിലാണ് സമൂദുകാരുടെ സമതലം. കച്ചവട സംഘങ്ങൾ അതിലൂടെയാണ് കടന്നുപോവുന്നത്. യാത്രാസംഘങ്ങൾക്ക് ഹിജ്ർ പ്രദേശം സുപരിചിതമാണ്. യാത്രാ സംഘങ്ങൾ ദിവസങ്ങളോളം അവിടെ താമസിക്കും വെള്ളവും ഭക്ഷ്യ വസ്തുക്കളും ശേഖരിക്കും. അവിടമെല്ലാം ചുറ്റി  നടന്നു കാണും. അമ്പരപ്പിക്കുന്ന കാഴ്ചകൾ...


സമൂദ് വർഗ്ഗക്കാർ നിർമിച്ച പടുകൂറ്റൻ കോട്ടകൾ. ഉറപ്പും, ഭംഗിയും, ഗാംഭീര്യവുമുള്ള കോട്ടകൾ. അതിന്റെ ശില്പഭംഗി ഏവരേയും ആകർഷിക്കും. കോട്ടയിലേക്കുള്ള കവാടം, വാതിലുകൾ, തറയിലെ കൗതുകങ്ങൾ, സ്തൂപങ്ങൾ, മേൽത്തട്ട് എല്ലാം കാഴ്ച്ചക്കാരിൽ അത്ഭുതം ജനിപ്പിക്കും...