സമൂദ് വർഗത്തിലെ കുലീന കുടുംബത്തിലാണ് സ്വാലിഹ് (അ)ജനിച്ചു വളർന്നത്. ഗോത്രക്കാർക്കെല്ലാം ആ ചെറുപ്പക്കാരനെ വളരെ ഇഷ്ടമായിരുന്നു. എല്ലാ സദസ്സുകളിലും സ്വാലിഹ് (അ) ആദരിക്കപ്പെട്ടു. തന്റെ ജനതയുടെ അഹങ്കാരം അതിര് വിടുകയാണ്...
അവർ ബിംബാരാധനയിൽ മുഴുകിയിരിക്കുന്നു. ഏകനായ റബ്ബിനെ മറന്നിരിക്കുന്നു. ഈ സാഹചര്യത്തിലാണ് അല്ലാഹുﷻ സ്വാലിഹിനെ നബിയായി നിയോഗിക്കുന്നത്. ജനങ്ങളെ അല്ലാഹുﷻവിലേക്ക് ക്ഷണിക്കാനുള്ള നിയോഗം. വളരെ ശ്രമകരമായ ജോലി. അല്ലാഹുﷻ പറയുന്നത് നോക്കൂ...
"സമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ സ്വാലിഹിനെയും (നാം അയച്ചു) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുﷻവിനെ ആരാധിക്കുവീൻ. അവനല്ലാതെ നിങ്ങൾക്ക് ഒരാരാധ്യനുമില്ല. അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് ഉണ്ടാക്കി. നിങ്ങളെ അതിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ അവനോട് പാപമോചനം തേടുകയും പിന്നെ അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുവീൻ. നിശ്ചയമായും എന്റെ റബ്ബ് സമീപസ്ഥനും ഉത്തരം നൽകുന്നവനുമാകുന്നു... (11:61)
പ്രവാചക പദവി ലഭിച്ച സ്വാലിഹ് (അ) നിർവ്വഹിക്കേണ്ട കടമകളാണ് നാം ഇവിടെ കണ്ടത്. ഒന്നാമതായി പറഞ്ഞത് ആരാധനയുടെ കാര്യം തന്നെ. ജനങ്ങളെ നിങ്ങൾ അല്ലാഹുﷻവിനെ മാത്രം ആരാധിക്കുക. മറ്റാർക്കും ആരാധനയില്ല. ആരാധനക്കർഹൻ അല്ലാഹുﷻ മാത്രം...
മനുഷ്യനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു. ഭൂമിയിൽ മനുഷ്യനെ താമസിപ്പിച്ചു. സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി നിർദ്ദേശങ്ങൾ നൽകി. ഭൂമി നിങ്ങൾക്കു സൗകര്യപ്പെടുത്തിത്തന്നു. വീടുണ്ടാക്കാം വിപണിയുണ്ടാക്കാം നടപ്പാതകൾ വെട്ടിയുണ്ടാക്കാം കൃഷി ചെയ്യാം ഓടാം ചാടാം യുദ്ധം നടത്താം...
രണ്ട് കാര്യങ്ങൾ ചെയ്യാൻ സ്വാലിഹ് (അ) ജനങ്ങളോടാവശ്യപ്പെട്ടു. പാപമോചനം തേടുക. പശ്ചാത്തപിച്ചു മടങ്ങുക. ഇവ രണ്ടും നിർബന്ധമായ കാര്യങ്ങളാണ്. പക്ഷെ ജനം ഗൗനിച്ചില്ല. പശ്ചാത്തപിച്ചു മടങ്ങുകയും, ഖേദപ്രകടനം നടത്തുകയും ചെയ്താൽ അല്ലാഹുﷻവിന്റെ സാമീപ്യം ലഭിക്കും. പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുകയും ചെയ്യും...
മഹത്തായ രണ്ടു കാര്യങ്ങളും ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തി പക്ഷെ ആര് ശ്രദ്ധിക്കാൻ..? ഏകനായ അല്ലാഹുﷻവിനെ മാത്രമേ ആരാധിക്കാവൂ എന്നു പറഞ്ഞപ്പോൾ സംശയിച്ചുനിന്നു. അവർ സ്വാലിഹിനെക്കുറിച്ചു പരസ്പരം സംസാരിച്ചു. ഒരാൾ: "സ്വാലിഹ് സത്യസന്ധനാണ്. ഇന്നലെ അവൻ നമ്മുടെ കൂട്ടത്തിലായിരുന്നു. ഒരു സ്വഭാവ ദൂഷ്യവുമില്ല. ഇന്നിപ്പോൾ അവനെന്തു പറ്റി..?"