സൂറത്തു നംലിലെ പരാമർശം ഇങ്ങനെയാകുന്നു: "എന്നാൽ നോക്കുക, അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങനെയാണുണ്ടായതെന്ന്. അവരെയും അവരുടെ ജനതയെ മുഴുവനും നാം തകർത്തുകളഞ്ഞു." (27:51)
"എന്നിട്ടതാ അവർ അക്രമം പ്രവർത്തിച്ചത് നിമിത്തം അവരുടെ വീടുകൾ വീണടിഞ്ഞ് കിടക്കുന്നു. നിശ്ചയമായും അറിവുള്ള ജനതക്ക് അതിൽ ദൃഷ്ടാന്തമുണ്ട്." (27:52)
"വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു." (27:53)
സമൂദ് സമുദായത്തെ നശിപ്പിച്ച നാട്. ആ നാട്ടിലേക്ക് പോവുന്നത് നല്ലതല്ല. അവിടെ പ്രവേശിക്കരുത്. അന്നാട്ടിലൂടെ കടന്നുപോവേണ്ടിവന്നാൽ ഓടിപ്പോവണം. അവിടുത്തെ വെള്ളം കുടിക്കരുത്. നബി ﷺ സ്വഹാബികളെ ആ വിധത്തിൽ ഉപദേശിച്ചിട്ടുണ്ട്...
നബി ﷺ തങ്ങൾ പ്രസ്താവിച്ചു: "എനിക്കു മുമ്പുള്ള സമുദായങ്ങളിൽ ഏറ്റവും ദുഷ്ടൻ അല്ലാഹുﷻവിന്റെ ഒട്ടകത്തെ കൊന്ന ഖുദാർ ആകുന്നു. എന്റെ സമുദായത്തിലെ ഏറ്റവും വലിയ ദുഷ്ടൻ അലി (റ) യുടെ ഘാതകനാകുന്നു. സമൂദ് ഗോത്രക്കാർ താമസിച്ചിരുന്ന താഴ് വരയുടെ പേര് വാദിൽഖുറാ എന്നായിരുന്നു...
സൂറത്തുശ്ശംസിൽ പറയുന്നു :
"സമൂദ് ഗോത്രക്കാർ അവരുടെ ധിക്കാരം മൂലം നിഷേധിച്ചു." (91:11)
"അവരിൽ ഏറ്റവും നിർഭാഗ്യവാൻ ധൃതിപ്പെട്ടു എഴുന്നേറ്റപ്പോൾ." (91:12)
ഖുദാറുബ്നു സാലിഹ് എന്ന നേതാവിനെയാണ് ഉദ്ദേശിച്ചത്...
"നിങ്ങൾ അല്ലാഹുﷻവിന്റെ ഒട്ടകത്തെയും അതിന്റെ വെള്ളം കുടിയെയും (സൂക്ഷിക്കുക അതിന് തടസ്സമുണ്ടാക്കരുത് )എന്ന് അപ്പോൾ അല്ലാഹുﷻവിന്റെ ദൂതൻ (സ്വാലിഹ് (അ)) അവരോട് പറഞ്ഞു." (91:13)
"എന്നാൽ അവർ അദ്ദേഹത്തെ നിഷേധിക്കുകയും അതിനെ കൊല്ലുകയുമാണ് ചെയ്തത്. അപ്പോൾ അവരുടെ കുറ്റം നിമിത്തം അവരുടെ റബ്ബ് അവരെ ഉന്മൂലനം ചെയ്തു. അത് അവരെല്ലാവർക്കും സമപ്പെടുത്തി (ആരെയു ഒഴിവാക്കിയില്ല)." (91:14)
"അതിന്റെ അനന്തര ഫലത്തെക്കുറിച്ച് അല്ലാഹുﷻ ഭയപ്പെട്ടതുമില്ല." (91:15)
ചരിത്രം ഇങ്ങനെ രേഖപ്പെടുത്തുന്നു :
ഒട്ടകം വധിക്കപ്പെട്ടു. സ്വാലിഹ് (അ) വളരെ ദുഃഖിതനായി. അദ്ദേഹം തന്റെ ജനതയോടിങ്ങനെ പറഞ്ഞു: "മൂന്നു ദിവസം കൂടി നിങ്ങൾ സന്തോഷവാന്മാരായി സുഖിച്ചു കഴിയുക. നാലാം ദിവസം ശിക്ഷയെത്തും. വലിയൊരു വിഭാഗം ജനങ്ങൾ പരിഭ്രാന്തരായി. സ്വാലിഹിനെ വധിക്കണം. ധിക്കാരികൾ മുറവിളി കൂട്ടി. പലവിധ ആയുധങ്ങളുമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കുതിച്ചു...
അല്ലാഹുﷻ ഒരുകൂട്ടം മലക്കുകളെ അയച്ചു. അവർ ധിക്കാരികളെ കല്ലെറിഞ്ഞു തകർത്തു. ശിക്ഷ വരാൻ ഇനി മൂന്നു ദിവസം മാത്രം. അതിൽ ഒന്നാം ദിവസം വ്യാഴം അവരുടെ മുഖങ്ങൾക്ക് മഞ്ഞനിറമായി. അവർ പരിഭ്രാന്തരായി. സ്വാലിഹ് (അ) അങ്ങനെ വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ദുരന്തത്തിന്റെ ഒന്നാം ദിവസം എത്തിപ്പോയി. ജനങ്ങൾ അങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ട് വെപ്രാളപ്പെട്ട് ഓടാൻ തുടങ്ങി. ഇനി ബാക്കിയുള്ളത് രണ്ട് ദിവസം മാത്രം. ആ ദിവസം കടന്നുപോയി...
രണ്ടാം ദിവസം പുലർന്നു. വെള്ളിയാഴ്ച അവരുടെ മുഖങ്ങൾക്ക് ചുവപ്പ് നിറം. മുന്നറിയിപ്പ് നൽകപ്പെട്ടതും അങ്ങനെത്തന്നെയായിരുന്നു. പരിഭ്രമത്തോടെ ജനങ്ങൾ പരക്കംപാഞ്ഞു. രണ്ടു ദിവസങ്ങളും കടന്നുപോയി. ഇനിയൊരു ദിനം മാത്രം. ശനിയാഴ്ച പുലർന്നു. അവരുടെ മുഖങ്ങൾക്ക് കറുപ്പുനിറം. മുന്നറിയിപ്പ് നൽകപ്പെട്ട അവസാനത്തെ ലക്ഷണം. എല്ലാ ലക്ഷണങ്ങളുമായി. ഇനി ശിക്ഷ നേർക്കുനേരെ വരികയായി...
മൂന്നു ദിവസവും കഴിഞ്ഞു പോയല്ലോ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഓടുന്നു. നാലാം ദിവസം ഞായറാഴ്ച നേരം പ്രഭാതമായി. ഇന്നാണ് ശിക്ഷയിറങ്ങുന്ന ദിവസം. എന്തായിരിക്കും ശിക്ഷ. ഏത് ഭാഗത്തുകൂടെയാണത് വരിക..? ഏത് സമയത്താണ് വരിക..?