ഈ വിശുദ്ധ ഖുർആൻ വചനങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കുക : ആദ് വർഗ്ഗക്കാരോട് അല്ലാഹുﷻ ചോദിക്കുന്നു.. "നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുവാനായി നിങ്ങളിൽപെട്ട ഒരു പുരുഷൻ മുഖേന നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഉൽബോധനം നിങ്ങൾക്ക് വന്നുകിട്ടിയതിനാലാണോ നിങ്ങൾ ആശ്ചര്യപ്പെടുന്നത്..?"
നൂഹ് നബിയുടെ ജനതക്കുശേഷം നിങ്ങളെ അവൻ പിൻതലമുറയാക്കുകയും നിങ്ങളുടെ ശരീരങ്ങൾക്ക് പൊക്കവും ശക്തിയും അവൻ ഏറ്റിത്തരികയും ചെയ്ത സന്ദർഭം ഓർക്കുക. നിങ്ങൾ വിജയം പ്രാപിക്കുവാനായി അല്ലാഹുﷻ ചെയ്തുതന്ന അനുഗ്രഹങ്ങൾ ഓർമ്മിച്ചുകൊള്ളുക. (സൂറത്തുൽ അഹ്റാഫ് 7:69)
ആദ് സമൂഹം നൂഹ് നബി (അ)ന്റെ സമുദായത്തിന്റെ പിൻഗാമികളായിരുന്നുവെന്ന് ഈ ആയത്തിൽ നിന്ന് മനസ്സിലാക്കാം. വമ്പിച്ച അനുഗ്രഹങ്ങൾ അല്ലാഹുﷻ അവർക്കു നൽകിയിരുന്നുവെന്നും മനസ്സിലാക്കാം. ഇനി സമൂദ് സമുദായത്തെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹുﷻ പറയുന്നു :
"ആദ് സമുദായത്തിന് ശേഷം അവൻ നിങ്ങളെ പിൻതലമുറക്കാരാക്കുകയും ഭൂമിയിൽ നിങ്ങൾക്കവൻ താമസ സൗകര്യം ചെയ്തു തരികയും ചെയ്ത സന്ദർഭം ഓർക്കുക. അതിലെ സമതലങ്ങളിൽ നിങ്ങൾ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിക്കുന്നു. മലകൾ തുരന്നു വീടുകളുണ്ടാക്കുന്നു. അതിനാൽ അല്ലാഹുﷻവിന്റെ അനുഗ്രങ്ങൾ ഓർക്കുക. ഭൂമിയിൽ കുഴപ്പമുണ്ടാക്കിക്കൊണ്ട് നാശകാരികളാവരുത്. (7:74)
ആദ് സമൂഹം നൂഹ് (അ)ന്റെ പിൻതലമുറക്കാരായിരുന്നു. സമൂദ് വർഗം ആദ് സമൂഹത്തിന്റെ പിൻതലമുറക്കാരുമായിരുന്നു. ഇക്കാര്യം അല്ലാഹുﷻ ജിബ്രീൽ (അ) മുഖേന നബി ﷺ തങ്ങളെ അറിയിച്ചു. ഈ വസ്തുത നബി ﷺ തങ്ങൾ തന്റെ അനുയായികളായ സ്വഹാബത്തിനെ അറിയിച്ചു. സ്വഹാബികളിൽ നിന്ന് ലോകം അതറിഞ്ഞു...
മൂന്നുസമൂഹങ്ങൾ...
പല കാര്യങ്ങളിലും അവർക്കിടയിൽ സാമ്യമുണ്ട്. അളവറ്റ അനുഗ്രഹങ്ങൾ അവർക്കു നൽകപ്പെട്ടു. അവയെല്ലാം അക്കൂട്ടർ ആസ്വദിച്ചു. അനുഗ്രഹങ്ങൾ നൽകിയ അല്ലാഹുﷻവിന് അവർ നന്ദി കാണിച്ചില്ല. അനുഗ്രഹങ്ങൾ വർദ്ധിക്കുംതോറും ധിക്കാരം വർദ്ധിച്ചു വന്നു. അക്രമകാരികളായിത്തീർന്നു. ഏകദൈവ വിശ്വാസത്തിൽ നിന്നകന്നു. ബഹുദൈവ വിശ്വാസികളായിത്തീർന്നു...
വഴിപിഴച്ചുപോയ ജനതയെ നേർമാർഗത്തിലേക്ക് നയിക്കാൻ പ്രവാചകന്മാർ വന്നു. അവർ ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചു. സർവ്വലോകങ്ങളെയും സൃഷ്ടിച്ച സൃഷ്ടാവ് സകല ജീവജാലങ്ങളെയും പോറ്റിവളർത്തുന്ന റബ്ബ് കണക്കില്ലാത്ത അനുഗ്രഹങ്ങൾ ചൊരിഞ്ഞുതരുന്ന കരുണാനിധിയായ അല്ലാഹുﷻ അവനെ മാത്രം നിങ്ങൾ ആരാധിക്കുക. പ്രകൃതിയിലുള്ള ഒന്നിനെയും ആരാധിക്കരുത്. അവയെല്ലാം അല്ലാഹുﷻവിന്റെ സൃഷ്ടികളാകുന്നു...
ജനങ്ങൾ പ്രവാചകന്മാരെ ശക്തിയായി എതിർത്തു. അവരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു തള്ളി. മൂന്നു ജനതക്കും ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പ് കിട്ടി. ശിക്ഷ കൊണ്ടുവാ... ഒന്നു കാണട്ടെ എന്ന തരത്തിലുള്ള ധിക്കാര വചനങ്ങളാണ് അവരിൽ നിന്നുണ്ടായത്...
മൂന്നു കൂട്ടർക്കും ശിക്ഷ കിട്ടി. പിൽക്കാല തലമുറകൾക്ക് മൂന്നു കൂട്ടരുടെ ചരിത്രത്തിൽ നിന്നും പാഠം പഠിക്കാനുണ്ട് നോക്കൂ...എന്തൊരു സാമ്യം..!