Wednesday - 22 April, 2026 4-Dhu al-Qadah-1447

മൂന്നു സമൂഹങ്ങൾ (1)

   സമൂദ് ഗോത്രത്തിലേക്ക് അയക്കപ്പെട്ട മഹാനായ പ്രവാചകനായിരുന്നു സ്വാലിഹ് (അ)...


അന്ത്യനാൾവരെ സ്വാലിഹ് (അ) എന്ന പുണ്യപ്രവാചകനും സമൂദ് ഗോത്രവും ഭൂമിയിൽ അനുസ്മരിക്കപ്പെടുക തന്നെ ചെയ്യും...

 

മഹാനായ നൂഹ് നബി (അ)ന്റെ പുത്രനാണ് സാം. സാമിന്റെ സന്താന പരമ്പരയിലാണ് സ്വാലിഹ് (അ)ജനിച്ചത്. രേഖകളിൽ ആ പരമ്പര ഇങ്ങനെയാണ് കാണുന്നത്:


നൂഹ് (അ)

സാം

ഇറം

ആബിർ

സമൂദ്

ഹാജിർ

ഉബൈദ്

ആസിഫ്(മാസിഹ്)

ഉബൈദ്

സ്വാലിഹ് 


സ്വാലിഹ് നബി (അ)ന്റെ ഉപ്പൂപ്പമാരുടെ കൂട്ടത്തിൽ സമൂദ് എന്ന നേതാവിനെ കാണുന്നുണ്ടല്ലോ.. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഗോത്രത്തിന് സമൂദ് എന്ന പേർ വന്നത്. സമൂദിന്റെ സന്താന പരമ്പരയാണ് സമൂദ് ഗോത്രം എന്നു മനസ്സിലാക്കാം...


മദീനയിൽ നിന്ന് സിറിയയിലേക്കുള്ള യാത്രാമാർഗത്തിൽ ഹിജ്ർ എന്നൊരു സ്ഥലമുണ്ട്. ചരിത്ര സ്മരണകൾ നിറഞ്ഞ വിശാലമായ മണൽഭൂമി.  ഹിജ്റിന് പിൽക്കാല സമൂഹങ്ങളോട് വിളിച്ചു പറയാൻ ഒട്ടനേകം കാര്യങ്ങളുണ്ട്. സ്വാലിഹ് (അ) എന്ന പുണ്യ പ്രവാചകന്റെ ത്യാഗോജ്ജ്വലമായ ജീവിത കഥകൾ... 

സമൂദ് വർഗത്തിന്റെ ധിക്കാരത്തിന്റെയും സാഹസികതകളുടെയും അനേകം കഥകൾ... 


നൂഹ് (അ)ന്റെ ജനത അഹങ്കാരത്തിലും അക്രമത്തിലും മുന്നേറിയപ്പോൾ അല്ലാഹുﷻ അവരെ നശിപ്പിച്ചുകളഞ്ഞു. അവരുടെ സ്ഥാനത്ത് അവർക്കുപകരം കൊണ്ടുവന്ന ജനതയാണ് ആദ് സമൂഹം. ആദ് സമൂഹവും ദുഷിച്ചു. അവർ ധിക്കാരികളും അക്രമികളുമായി മാറി. ധിക്കാരവും അക്രമവും എല്ലാ സീമകളും ലംഘിച്ചു. അപ്പോൾ അല്ലാഹുﷻ അവരെ ശിക്ഷിച്ചു. നാമാവശേഷമാക്കി...


 ആദിന്റെ സ്ഥാനത്ത് അല്ലാഹുﷻ കൊണ്ടുവന്ന സമൂഹമാണ് സമൂദ്. അവരും ധിക്കാരികൾ തന്നെ. അഹങ്കാരവും അക്രമവും വർദ്ധിച്ചപ്പോൾ അവരെ നേർമാർഗത്തിലേക്ക് നയിക്കാൻ അല്ലാഹുﷻ ഒരു പ്രവാചകനെ നിയോഗിച്ചു. മഹാനായ സ്വാലിഹ് നബി (അ)...