Wednesday - 22 April, 2026 4-Dhu al-Qadah-1447

ഞങ്ങളെപ്പോലെ ഒരാൾ (1)

   ഹിജാസിൽ നിന്ന് അറബികളുടെ ഒട്ടകങ്ങൾ വരിവരിയായി നടന്നുവരുന്നത് കാണാൻ നല്ല രസമാണ്. സമൂദ് ഗോത്രത്തിലെ സ്ത്രീകളും കുട്ടികളും ആ കാഴ്ച കൗതുകത്തോടെ നോക്കിനിൽക്കും. മദീനയിൽ നിന്ന് ഏകദേശം നൂറ്റി എൺപത് മൈൽ സഞ്ചരിച്ചാൽ ഹിജ്റിൽ എത്താം. തബൂക്കിൽ നിന്ന്  ഹിജ്റിലേക്കുള്ള ദൂരം നൂറ്റി എഴുപത് മൈലാണെന്ന് കണക്കാക്കിയിട്ടുണ്ട്...


ഹിജ്റ പിൽക്കാലത്ത് മദാഇനു സ്വാലിഹ് (സ്വാലിഹിന്റെ പട്ടണങ്ങൾ) എന്ന പേരിൽ അറിയപ്പെട്ടു. പാറകൾ നിറഞ്ഞ കുന്നുകളാണെവിടെയും. പാറകൾ വെട്ടി നിർമ്മിച്ച വീടുകൾ,  ആരാധനാലയങ്ങൾ, ദർബാർ ഹാളുകൾ. അറബികളുടെ യാത്ര റൂട്ട് വളരെ ദൈർഘ്യമുള്ളതായിരുന്നു. അറേബ്യാ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റമായ യമനിൽ നിന്നാണ് യാത്രയുടെ റൂട്ട് തുടങ്ങുന്നത്. ഒട്ടകമാർഗം എന്നാണ് റൂട്ടിന്റെ പേര്. മക്ക, മദീന, തബൂക്ക്, മദാഇൻ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ഒട്ടകസംഘം മആൻ എന്ന പ്രദേശത്തെത്തുന്നു. മആനിൽ നിന്ന് റൂട്ട് രണ്ടായി പിരിയുന്നു. ഒന്ന് ഈജിപ്തിലേക്കും മറ്റൊന്ന് ദമസ്ക്കസിലേക്കും പോവുന്നു...


 കച്ചവട സംഘം മദാഇനിൽ നിന്ന് യാത്ര തിരിച്ചാൽ ലൂത്വ് നബി (അ)ന്റെ നാടുകളിലൂടെ സഞ്ചരിച്ചാണ് മആനിൽ എത്തുന്നത്. ഇതേ റൂട്ടിലൂടെ തന്നെയായിരുന്നു ഹജ്ജാജിമാരും അക്കാലത്ത്  സഞ്ചരിക്കുന്നത്.   പൗരാണിക കാലത്തെ പ്രവാചകന്മാരെക്കുറിച്ചും സമുദായങ്ങളെക്കുറിച്ചും പറയുമ്പോൾ അറബികൾക്ക് പെട്ടെന്ന് കാര്യം മനസ്സിലാവും. കാരണം ആ പ്രദേശങ്ങളിലൂടെ അവർ എത്രയോ തവണ സഞ്ചരിച്ചിട്ടുണ്ട്. ശാപം ഇറങ്ങിയ നാടുകൾ അവർക്ക് നന്നായറിയാം...


 അറബികൾ അക്കാലത്ത് ഏറ്റവും കൂടുതൽ ലോകവിവരമുള്ള ആളുകളായിരുന്നു. കച്ചവടം നല്ല വരുമാനം നൽകി. അറബികൾക്ക് നല്ല സാമ്പത്തിക ശേഷിയും കൈവന്നു. അറബ് സമൂഹത്തിന്റെ മുൻപന്തിയിൽ തന്നെയായിരുന്നു സമൂദ് വിഭാഗക്കാരുടെ സ്ഥാനം. സമൂദുകാരെ സന്മാർഗത്തിലേക്ക് ക്ഷണിക്കാൻ സ്വാലിഹ് (അ) വന്നു. അതുവരെ സമൂഹത്തിൽ യോഗ്യനായി കണക്കാക്കപ്പെട്ടിരുന്ന സ്വാലിഹ് (അ) സത്യമാർഗത്തിലേക്ക് ക്ഷണിക്കാൻ തുടങ്ങിയതോടെ വ്യാജനായി മുദ്രകുത്തപ്പെട്ടു. സ്വാലിഹ് (അ)നെ അവർ കളവാക്കി തള്ളിക്കളഞ്ഞു...  


വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ:  "സമൂദ് ഗോത്രം മുർസലുകളെ കളവാക്കി." (26:141)

"അവരുടെ സഹോദരൻ സ്വാലിഹ് അവരോട് പറഞ്ഞപ്പോൾ:  നിങ്ങൾ സൂക്ഷിക്കുന്നില്ലേ?" (26:142) 

"നിശ്ചയമായും ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ റസൂൽ ആകുന്നു."  (26:143)

"അതുകൊണ്ട് നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ." (26:144)

"അതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവായ അല്ലാഹുﷻവിന്റെ മേൽ മാത്രമാകുന്നു." (26:145)


സ്വാലിഹ് (അ) ആ വിഭാഗത്തെ അല്ലാഹുﷻവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കുകയാണ്. ഈ പ്രവർത്തനംകൊണ്ട് ഭൗതികമായ യാതൊരു പ്രതിഫലവും ആഗ്രഹിക്കുന്നില്ല. ഒരാളിൽ നിന്നും ഒരു പ്രതിഫലവും വേണ്ട. അല്ലാഹുﷻവിന്റെ പ്രതിഫലം മതി. ആ പ്രതിഫലമാണ് ലക്ഷ്യം.  പ്രവാചകന്റെ ആത്മാർത്ഥത അവർ പരിഗണിച്ചില്ല. പറയുന്നത് സത്യമാണോ എന്ന് ചിന്തിച്ചില്ല. പറയുന്നത് നിഷേധിക്കുക അതായിരുന്നു അവരുടെ നിലപാട്...


കാലാകാലം ഇവിടെ ജീവിക്കാൻ തയ്യാറെടുക്കുന്നതുപോലെയാണവരുടെ ഒരുക്കങ്ങൾ. പാറകൾ തുരന്ന് സുഖവാസ കേന്ദ്രങ്ങളുണ്ടാക്കുന്നു. സ്വാലിഹ് (അ) അവരെ നിരന്തരം ഉപദേശിച്ചു കൊണ്ടിരുന്നു. ഇത് നശ്വരമായ ലോകം ഈ ജീവിതം നശ്വരം ശാശ്വത ലോകം പരലോകം മാത്രം  അവിടേക്ക് വേണ്ടി സമ്പാദിക്കുക. ഞാൻ പറയുന്നത് സത്യം. ഇത് വ്യാജമല്ല. നിങ്ങളിതിനെ വ്യാജമാക്കി തള്ളിക്കളയരുത്. നിങ്ങളെന്തിനാണ് ഇത്ര ഗംഭീരമായ വീടുകൾ പണിയുന്നത്..? ഇത് വിട്ടൊഴിയേണ്ടതല്ലേ..?  ഇവിടത്തെ ഭൗതിക സുഖങ്ങൾ ആസ്വദിക്കാൻ നിങ്ങളെ നിർഭയരായി ഇവിടെ വിട്ടേക്കുമെന്ന് കരുതുന്നുണ്ടോ..?  സ്വാലിഹ് (അ) ചോദിച്ചു...