നൂഹ് നബി (അ) തന്റെ തീരുമാനം പ്രഖ്യാപിച്ചു. തൊട്ടു പിന്നാലെ തന്റെ ജനത അവരുടെ തീരുമാനവും പ്രഖ്യാപിച്ചു ...
നൂഹേ നീ ഇതവസാനിപ്പിക്കുക. നിശബ്ദനാവുക. അല്ലെങ്കിൽ നിന്നെ എറിഞ്ഞു കൊല്ലും. വധഭീഷണിയാണ് ഉയർന്നിരിക്കുന്നത്. വിട്ടുവീഴ്ചയില്ല, നീക്കുപോക്കില്ല, സമന്വയമില്ല. ഇനി തീരുമാനം അല്ലാഹുﷻവിൽ നിന്നുണ്ടാവണം...
നൂഹ് (അ)ഈ ഘട്ടത്തിൽ നടത്തിയ പ്രാർഥന ഹൃദയസ്പർശിയായിരുന്നു. കാലത്തെ കോരിത്തരിപ്പിച്ച പ്രാർത്ഥനയാണത്. രണ്ട് കാര്യമാണ് നൂഹ് (അ) അല്ലാഹുﷻവിനോട് ചോദിച്ചത്....
അല്ലാഹുﷻവേ എനിക്കും ഈ ജനതക്കുമിടയിൽ വ്യക്തമായ വിധി ഉണ്ടാക്കേണമേ...
എന്നെയും എന്നോടൊപ്പമുള്ള സത്യവിശ്വാസികളെയും നീ രക്ഷപ്പെടുത്തേണമേ...
സൂറത്തു ശുഅറാഇൽ ആ പ്രാർത്ഥന കാണാം. മുഹമ്മദ് നബി (സ) തങ്ങളെ ഖുറൈശികൾ കളവാക്കി വ്യാജനെന്നു വിളിച്ചു. അപ്പോൾ ദിവ്യ വചനങ്ങളിറങ്ങി. പണ്ട് നൂഹ് (അ) നെ സ്വന്തം ജനത വ്യാജനെന്ന് വിളിച്ചിട്ടുണ്ട്. ഭ്രാന്തനെന്നും വിളിച്ചു...
സൂറത്തുൽ ഖമർ പറയുന്നത് കാണുക ...
നൂഹിന്റെ ജനത ഇവരുടെ മുമ്പ് വ്യാജമാക്കുകയുണ്ടായി. അങ്ങനെ അവർ നമ്മുടെ അടിയാനെ വ്യാജമാക്കുകയും ഭ്രാന്തൻ എന്നുപറയുകയും ചെയ്തു. അദ്ദേഹം വിലക്കപ്പെടുകയും ചെയ്തു (54:9).
അപ്പോൾ അദ്ദേഹം തന്റെ റബ്ബിനെ വിളിച്ചു പ്രാർഥിച്ചു. ഞാൻ പരാജിതനാണ്. ആകയാൽ നീ സഹായിക്കേണമേ (54:10).
നൂഹ് (അ)ന്റെ ത്യാഗം ആരെയാണ് കോരിത്തരിപ്പിക്കാത്തത് ..? വല്ലാത്ത സഹനം. അത്ഭുതകരമായ ക്ഷമ. എത്ര കാലം ..? ദുഷ്ടരായ ജനങ്ങളുടെ ഇടയിൽ എത്ര കാലമാണ് അദ്ദേഹം ത്യാഗം സഹിച്ചത് ..? തൊള്ളായിരത്തി അമ്പത് കൊല്ലം. എന്തൊരു ദൈർഘ്യമേറിയ കാലം. ഇബ്നു അബ്ബാസ് (റ)വിന്റെ റിപ്പോർട്ട് അനുസരിച്ച് നാൽപ്പത് വയസ്സായപ്പോൾ പ്രവാചകത്വം ലഭിച്ചു. അതിനുശേഷം തൊള്ളായിരത്തി അമ്പത് കൊല്ലം ജനങ്ങൾക്കിടയിൽ ഇസ്ലാം മത പ്രചരണം നടത്തി...
മഹാ പ്രളയത്തിനു ശേഷം അറുപത് കൊല്ലം കൂടി ജീവിച്ചു. സൂറത്ത് അൻകബൂത്തിൽ ഇങ്ങനെ കാണാം : നിശ്ചയമായും നൂഹ് നബിയെ സ്വജനതയുടെ അടുത്തേക്ക് നാം അയച്ചു. എന്നിട്ടദ്ദേഹം അവർക്കിടയിൽ തൊള്ളായിരത്തി അമ്പത് കൊല്ലം ജീവിച്ചു. അപ്പോൾ അക്രമികളായിരിക്കെ വെള്ളപ്പൊക്കം അവരെ പിടികൂടി (29:14).
തൊള്ളായിരത്തി അമ്പത് കൊല്ലത്തെ പ്രബോധനം. ഒമ്പതര നൂറ്റാണ്ടു കാലത്തെ ക്ഷമ. തലമുറകൾ അമ്പരപ്പോടു കൂടിയാണ് നൂഹ് (അ)ന്റെ ചരിത്രം കേട്ടത്...
ശിക്ഷയെ കുറിച്ച് മുന്നറിയിപ്പ് നൽകി. ജനങ്ങൾ അത് പരിഹസിച്ചു തള്ളി. ആ ജനത നന്നാവുമെന്ന പ്രതീക്ഷ അസ്തമിച്ചു. ഇവർ സത്യസന്ദേശത്തിന്റെ ശത്രുക്കളാണ്. ഇവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തോളം സത്യം പ്രചരിപ്പിക്കാനാവില്ല. അത് ബോധ്യമായി. ഈ ജനത നശിക്കണം. അതിനുവേണ്ടി നൂഹ് (അ)പ്രാർത്ഥിച്ചു...
അല്ലാഹുﷻവേ ദീർഘകാലം ഞാനെന്റെ ജനതയെ വിളിച്ചു. രാത്രിയിലും പകലിലും വിളിച്ചു. അവർ ചെവിക്കൊണ്ടില്ല ഞാൻ വിളിക്കുംതോറും അവർ അകന്നകന്നുപോയി. എന്റെ വാക്കുകൾ കേൾക്കാതിരിക്കാൻ വേണ്ടി അവർ ചെവിയിൽ വിരൽ തിരുകിക്കയറ്റി. എന്തൊരു ജനത. അല്ലാഹുﷻവേ ഇവർ നാശം വിതയ്ക്കും. ഇവർ ഒരു കാലത്തും നന്നാവാൻ പോവുന്നില്ല. ഇവരുടെ സന്താനങ്ങളും നന്നാവില്ല... അല്ലാഹുﷻവേ ഈ സമൂഹത്തെ നീ നശിപ്പിച്ചു കളയേണമേ... ഒരൊറ്റയാളെപ്പോലും ബാക്കിവെക്കാതെ നശിപ്പിക്കേണമേ...
ഇവർ ദുഷ്ട സന്തതികളെ സൃഷ്ടിക്കും അത് തടയണേ തമ്പുരാനേ...
നൂഹ് നബി (അ)ന്റെ ഉത്ബോധനവും പ്രാർത്ഥനയും ആ ജനത പരിഹസിച്ചു തള്ളി. വേദനാജനകമായി ശിക്ഷ വരുമെന്ന മുന്നറിയിപ്പും പരിഹസിച്ചു തള്ളി. സൂറത്ത് നൂഹ് ലോകത്തെ നടുക്കിയ ആ പ്രാർഥന ഉദ്ധരിക്കുന്നത് കാണുക...
അദ്ദേഹം പറഞ്ഞു : എന്റെ റബ്ബേ നിശ്ചയമായും എന്റെ ജനതയെ ഞാൻ രാവും പകലും വിളിച്ചു (71:5).
എന്നിട്ട് എന്റെ വിളി അവർക്ക് ഓടിപ്പോകാനല്ലാതെ മറ്റൊന്നും വർദ്ധിപ്പിച്ചിട്ടില്ല (71:6)...
നീ അവർക്കു പൊറുത്തു കൊടുക്കുവാൻ വേണ്ടി ഞാൻ അവരെ വിളിക്കുമ്പോഴൊക്കെയും, അവർ തങ്ങളുടെ കാതുകളിൽ വിരലുകൾ ഇട്ട് പൊത്തിക്കളയുകയും, തങ്ങളുടെ വസ്ത്രങ്ങളെ മീതെയിട്ട് മൂടിപ്പുതക്കുകയും ചെയ്യുകയാണ്. അവർ ശഠിച്ചു നിൽക്കുകയും കടുത്ത അഹംഭാവം നടിക്കുകയും ചെയ്യുന്നു (71:7)...
നൂഹ് (അ)പറയുന്നത് കേൾക്കാതിരിക്കാൻ വേണ്ടി ആ ജനത കാതുകളിൽ വിരലുകളിട്ടു. വസ്ത്രംകൊണ്ട് തല മൂടി. എന്തൊരു മനുഷ്യർ ...
നൂഹ് (അ)പറയുന്നത് കേൾക്കുക...
പിന്നെ ഞാനവരെ ഉറക്കെ വിളിച്ചു (71:8).
പിന്നെ ഞാൻ അവരോട് (എന്റെ വിളി ) പരസ്യമാക്കുകയും സ്വകാര്യമാക്കി രഹസ്യമാക്കുകയും ചെയ്തു (71:9).
അങ്ങനെ ഞാൻ പറഞ്ഞു : നിങ്ങൾ നിങ്ങളുടെ റബ്ബിനോട് പാപമോചനം തേടുവീൻ... നിശ്ചയമായും അവർ വളരെയേറെ പൊറുക്കുന്നവനാകുന്നു (71:10)...
എന്നാൽ നിങ്ങൾക്കവൻ ആകാശത്തെ മഴയെ സമൃദ്ധമായി വർഷിപ്പിച്ചു തരുന്നതാണ് (71:11)...
സ്വത്തുക്കളും മക്കളും കൊണ്ട് നിങ്ങളെ അവൻ പോഷിപ്പിക്കുകയും ചെയ്യും. നിങ്ങൾക്ക് തോട്ടങ്ങളുണ്ടാക്കിത് തരികയും നിങ്ങൾക്ക് അരുവികളുണ്ടാക്കിത്തരികയും ചെയ്യും (71:12) ...
ആ ജനതയുടെ ദുഷ് ചെയ്തികൾ കാരണം ചെറിയ പരീക്ഷണങ്ങൾ വന്നു തുടങ്ങിയിരുന്നു. മഴ വർഷിക്കാതെയായി. കടുത്ത ജലക്ഷാമം നേരിട്ടു. കൃഷികൾ നശിച്ചു. ജനങ്ങൾ ബുദ്ധിമുട്ടിലായി. ഇതിനെല്ലാം കാരണക്കാരൻ നൂഹ് ആണെന്നായിരുന്നു അവരുടെ വാദം. സന്താനങ്ങൾ ജനിക്കാതെയായി...
അപ്പോൾ നൂഹ് നബി (അ)അവരോടിങ്ങനെ പറഞ്ഞു : നിങ്ങൾ ഒരുപാട് പാപം ചെയ്തവരാണ്. നിങ്ങൾ അല്ലാഹുﷻവിനോട് മാപ്പപേക്ഷിക്കുക. അവൻ പൊറുത്തുതരും. അവൻ മഴ വർഷിപ്പിച്ചു തരും. കൃഷി വർദ്ധിപ്പിക്കും. തോട്ടങ്ങൾ തരും. സന്താനങ്ങളെ നൽകും. പക്ഷെ ഇതൊന്നും അവർ ചെവിക്കൊണ്ടില്ല. നിങ്ങളെ സൃഷ്ടിച്ച് രൂപപ്പെടുത്തിയ അല്ലാഹുﷻവിനെ നിങ്ങൾ എന്തുകൊണ്ട് വണങ്ങുന്നില്ല. നിങ്ങൾ നിർമ്മിച്ച ബിംബങ്ങളെ എന്തിന് വണങ്ങുന്നു...? നിങ്ങളെ അല്ലാഹുﷻ ഘട്ടം ഘട്ടമായി സൃഷ്ടിച്ചു. ഇന്ദ്രിയം, രക്തപിണ്ഡം, മാംസക്കട്ട, മനുഷ്യരൂപം, എന്നിങ്ങനെ പല ഘട്ടങ്ങളിലായി അല്ലാഹുﷻ നിങ്ങളെ വളർത്തി. പൂർണ ശിശുവായി നിങ്ങൾ ജനിച്ചു. ജനിച്ചത് ശിശുവായിട്ടാണ്. പിന്നെ ബാല്യം, കൗമാരം, യൗവ്വനം, വാർധക്യം എന്നീ ഘട്ടങ്ങൾ... എന്നിട്ടും അല്ലാഹുﷻവിന് ഒരു മഹത്വവും കാണുന്നില്ലേ... ? സൂറത്തു നൂഹിൽ ഈ ചോദ്യം കാണുക ...
നിങ്ങൾക്കെന്തു പറ്റി ..? അല്ലാഹുﷻവിന് ഒരു മഹത്വവും നിങ്ങൾ കാണുന്നില്ലേ (7:13).
വിവിധ ദശകളിലായി അവൻ നിങ്ങളെ സൃഷ്ടിച്ചു (71:14).
സ്വന്തം ശരീരത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചോദ്യങ്ങളാണിവ... അതിനുശേഷം പ്രപഞ്ചത്തിലെ അത്ഭുതകരമായ സൃഷ്ടികളെക്കുറിച്ച് ചിന്തിക്കാൻ പറയുന്നു. ഏഴ് ആകാശങ്ങൾ എന്തൊരതിശയം ഒന്നിന് മീതെ ഒന്നായി അവ നിലകൊള്ളുന്നു. ആരാണവ സൃഷ്ടിച്ചത് ..? ഓർക്കൂ, ചിന്തിക്കൂ... ഏഴ് ആകാശങ്ങൾ പടച്ചത് അല്ലാഹുﷻവാണ്. വിളക്കുപോലെ പ്രകാശിക്കുന്ന സൂര്യൻ, അത് നമുക്ക് ചൂടും വെളിച്ചവും തരുന്നു. മനോഹര രൂപമുള്ള ചന്ദ്രൻ. ചന്ദ്രനെ അല്ലാഹുﷻ പ്രകാശമാക്കി. പരന്നൊഴുകുന്ന നിലാവെത്ത് അഴകാണ്...
സൂറത്ത് നൂഹിൽ പറയുന്നു :
നിങ്ങൾ കണ്ടില്ലേ ? (ഒന്നിനു മീതെ ഒന്നായി) അടുക്കുകളായ നിലയിൽ ഏഴ് ആകാശങ്ങളെ എങ്ങനെയാണ് അല്ലാഹുﷻ സൃഷ്ടിച്ചിരിക്കുന്നത് ..? (71:15).
അവയിൽ ചന്ദ്രനെ അവൻ ഒരു പ്രകാശമാക്കുകയും സൂര്യനെ ഒരു വിളക്കാക്കി വെക്കുകുയും ചെയ്തിരിക്കുന്നു (71:16).
അല്ലാഹുﷻവിന്റെ സൃഷ്ടിവൈഭവത്തിന്റെ ഉദാഹരണമാണ് മനുഷ്യൻ. എത്ര മനോഹര സൃഷ്ടി. മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. ഇക്കാര്യം നൂഹ് നബി (അ)ന്റെ ജനതയുടെ ശ്രദ്ധയിൽ പെടുത്തി...
അല്ലാഹുﷻ നിങ്ങളെ ഭൂമിയിൽ നിന്ന് (മണ്ണിൽ നിന്ന് )സൃഷ്ടിച്ചിരിക്കുന്നു (71;17).
ഒരു നിശ്ചിത കാലം മനുഷ്യൻ ഭൂമിയിൽ ജീവിക്കുന്നു. പിന്നെ മണ്ണിലേക്കു തന്നെ മടങ്ങുന്നു. വീണ്ടും അവന് ജീവൻ നൽകി പരലോകത്ത് ഹാജരാക്കുന്നു. അവിടെ നന്മ തിന്മകൾ പരിശോധിക്കുന്നു. ഇക്കാര്യങ്ങളെല്ലാം നൂഹ് (അ)ന്റെ ജനതയുടെ ശ്രദ്ധയിൽ പെടുത്തി. പിന്നീട് അവൻ നിങ്ങളെ മണ്ണിലേക്ക് തന്നെ മടക്കുകയും (അനന്തരം അതിൽ നിന്നുതന്നെ) പുറത്ത് കൊണ്ടുവരികയും ചെയ്യും (71:18).
അല്ലാഹുﷻ ഭൂമിയെ നിങ്ങൾക്ക് ഒരു വിരിപ്പ് ആക്കിത്തന്നിരിക്കുന്നു (71:19).
അതിലെ വിശാലമായ മാർഗ്ഗങ്ങളിൽ പ്രവേശിക്കുവാൻ (71:20)...
സ്വന്തം ശരീരത്തെക്കുറിച്ചു പറഞ്ഞു. ആകാശത്തെക്കുറിച്ച് പറഞ്ഞു. ഭൂമിയെക്കുറിച്ച് പറഞ്ഞു. ഒരു ഫലവുമില്ല. അല്ലാഹുﷻ നൽകിയ ധനം ജനങ്ങളെ വഴി പിഴപ്പിക്കാൻ അവർ ഉപയോഗിച്ചു. അല്ലാഹുﷻ അവർക്ക് ധാരാളം സന്താനങ്ങളെ നൽകി. അവർ തങ്ങളുടെ സ്വാധീനവും ശക്തിയും നൂഹ് (അ)നെതിരെ പ്രയോഗിച്ചു. അപ്പോൾ നൂഹ് (അ)പറഞ്ഞ കാര്യം സൂറത്ത് നൂഹിൽ കാണാം...
നൂഹ് പറഞ്ഞു : എന്റെ റബ്ബേ നിശ്ചയമായും അവർ എന്റെ കൽപ്പന ലംഘിക്കുകയും ധനവും സന്താനങ്ങളും നിമിത്തം നഷ്ടം മാത്രം വർദ്ധിപ്പിച്ച ചില ആളുകളെ പിൻപറ്റുകയും ചെയ്തു (71;21). വളരെ വലിയ കുതന്ത്രങ്ങൾ അവർ പ്രയോഗിക്കുകയും ചെയ്തു (71:22)...