Wednesday - 22 April, 2026 4-Dhu al-Qadah-1447

നിഷേധികൾ

   നേതാക്കൾ സാധാരണ ജനങ്ങളെ നൂഹ് (അ) നെതിരെ ഇളക്കിവിടുകയാണ്. ഇങ്ങനെയൊരു നബി വരുമെന്ന് നമ്മുടെ പൂർവ്വികരിൽ നിന്ന് നാം കേട്ടിട്ടില്ല. ഇത് വിചിത്രമായ പുതിയ വാദം തന്നെ. ഇവന് ഭ്രാന്ത് പിടിച്ചിരിക്കുന്നു. സ്വബോധമുള്ള ഒരാൾ ഇങ്ങനെയൊന്നും പറയില്ല. നമുക്ക് കുറച്ചു കാലം കാത്തിരിക്കാം. കുറിച്ചു കഴിയുമ്പോൾ അസുഖം മാറിയേക്കും, അങ്ങനെ നമുക്കു പ്രതീക്ഷിക്കാം... 


 ജനങ്ങളെ നൂഹ് (അ) മില്‍ നിന്നകറ്റാനുള്ള അടവുകളാണിതെല്ലാം. ഭ്രാന്ത് പിടിച്ചവന്റെ സംസാരം ആരെങ്കിലും ശ്രദ്ധിക്കുമോ...? നൂഹ് നബി (അ) വളരെ മഹത്തായ കാര്യങ്ങൾ ജനങ്ങളോട് സംസാരിക്കുന്നു. ജനം ചിരിച്ചു തള്ളിക്കളയുന്നു. വകതിരിവില്ലാത്തവന്റെ അർത്ഥമില്ലാത്ത വർത്തമാനമെന്നനിലയിൽ തള്ളുന്നു. എന്തൊരവസ്ഥയാണിത്. നിസ്സഹായനായിത്തീർന്ന നൂഹ് (അ) അല്ലാഹുﷻവിനോട് സഹായം തേടുന്നു ...


വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ...


അദ്ദേഹം പറഞ്ഞു : "എന്റെ രക്ഷിതാവേ ഇവരെന്നെ നിഷേധിച്ചിരിക്കുന്നത് കൊണ്ട് നീ എന്നെ സഹായിക്കേണമേ" (23:26)...

സമൂഹത്തിലെ ധനികന്മാരും, സ്വാധീനമുള്ളവരും, നേതാക്കളും ഒറ്റക്കെട്ടായി നിന്ന് ഒരു മനുഷ്യനെ ആക്രമിക്കുന്നു. ഒറ്റപ്പെടുത്തുന്നു.  സാമൂഹിക ദ്രോഹിയായും നിന്ദ്യനായും മുദ്രകുത്തുന്നു. ഭ്രാന്തനാണെന്ന് വിളിക്കുന്നു. ജനങ്ങൾ ഈ വർഗ്ഗത്തിന്റെ വാക്കുകൾ വിശ്വസിക്കുന്നു. ഈ അവസ്ഥയിലെത്തിയപ്പോൾ നൂഹ് (അ) ചെയ്ത പ്രാർത്ഥനയാണ് നാം മുകളില്‍ കണ്ടത് ...


സാഹചര്യം എത്ര പ്രതികൂലമായാലും ദൗത്യത്തിൽ നിന്ന് പിന്തിരിയാൻ പറ്റില്ല. മുമ്പോട്ട് തന്നെ പോവണം. നൂഹ് നബി (അ) ദൃഢമനസ്സുള്ള പ്രവാചകനാണ്. ദൗത്യവുമായി ദൃഢമായി മുമ്പോട്ടു നീങ്ങി. അല്ലാഹുﷻവിലേക്ക് ക്ഷണിച്ചു. ബിംബങ്ങളെ തള്ളിപ്പറഞ്ഞു. പൂർവ്വാധികം ശക്തിയോടെ അതോടെ എതിർപ്പിനും ശക്തി കൂടി. കണ്ടിടത്ത് വെച്ചു കല്ലെറിഞ്ഞു. ദേഹോപദ്രവം ചെയ്തു മർദ്ദിച്ചവശനാക്കി. നൂഹ് (അ) പ്രാർത്ഥിച്ചു. "എന്റെ റബ്ബേ ഈ നിഷിധികൾക്കെതിരെ എന്നെ സഹായിക്കേണമേ ..." 


നൂഹ് (അ) തന്റെ ജനതയോട് ഇങ്ങനെ പ്രഖ്യാപിച്ചു. എന്നെ കാണുന്നത് തന്നെ നിങ്ങൾക്ക് സഹിക്കുന്നില്ല. നിങ്ങൾക്കിടയിലുള്ള എന്റെ നില്‍പ്പ് നിങ്ങളെ അസ്വസ്ഥരാക്കുന്നു. എന്റെ ഉപദേശവും നിങ്ങൾക്ക് സഹിക്കുന്നില്ല. നിങ്ങളെന്നെ വെറുക്കുന്നു. ഒരു കാര്യം നിങ്ങൾ ഓർക്കുക. ഞാൻ എന്റെ കാര്യം അല്ലാഹുﷻവിൽ ഭാരമേല്‍പിച്ചിരിക്കുന്നു. നിങ്ങൾക്കുമുമ്പിൽ കീഴടങ്ങുന്ന പ്രശ്നമേയില്ല. നിങ്ങൾക്ക് എനിക്കെതിരിൽ എന്ത് തീരുമാനവും സ്വീകരിക്കാം. നിങ്ങളുടെ കൂട്ടുകാരെയെല്ലാം വിളിച്ചു കൂട്ടിക്കോളൂ. എനിക്കെതിരിൽ എന്ത് നടപടി സ്വീകരിക്കമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പെട്ടന്നായിക്കൊള്ളട്ടെ  താമസിപ്പിക്കേണ്ട ...


സൂറത്ത് യൂനിസിൽ ഇക്കാര്യമാണ് പറയുന്നത്. അത് കാണുക... (നബിയേ) നൂഹ് നബിയുടെ ചരിത്രം താങ്കളുടെ ജനതക്ക് വിവരിച്ചുകൊടുക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം അദ്ദേഹം പറഞ്ഞു. നിങ്ങൾക്കിടയിലുള്ള എന്റെ നിൽപും, അല്ലാഹുﷻവിന്റെ ലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ടുള്ള എന്റെ സദുപദേശവും നിങ്ങൾക്ക് വലിയ വിഷമമായി തോന്നുന്നുണ്ടെങ്കിൽ, ഞാനിതാ അല്ലാഹുﷻവിൽ ഭാരമേല്‍പിച്ചിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ പങ്കുകാരോട് കൂടി നിങ്ങളുടെ കാര്യം തീരുമാനിച്ചുകൊള്ളുക. പിന്നീട് നിങ്ങളുടെ കാര്യങ്ങളിൽ നിങ്ങൾക്ക് യാതൊരു അവ്യക്തതയും ഉണ്ടാവരുത്. പിന്നെ എന്റെ നേരെ അത് നടപ്പിൽ വരുത്തുക. എനിക്ക് നിങ്ങൾ താമസം തരേണ്ട (10:71)...


ഇനി നിങ്ങൾ പിൻതിരിഞ്ഞു പോവുകയാണെങ്കിൽ, നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ആവശ്യപ്പെട്ടിട്ടില്ല. ഞാൻ എന്റെ പ്രതിഫലം അല്ലാഹുﷻവിങ്കൽ മാത്രമാണ്. ഞാൻ മുസ്ലിമീങ്ങളിൽ പെട്ടിരിക്കണമെന്ന് എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നു (10;72).

ഒരു സമൂഹത്തെയാണ് നൂഹ് (അ) വെല്ലുവിളിച്ചിരിക്കുന്നത്. ഞാനെന്റെ കാര്യം അല്ലാഹുﷻവിൽ ഭാരമേൽപിച്ചുകഴിഞ്ഞു. നിങ്ങൾക്ക് യോഗം ചേരാം. എന്നെ എതിർക്കുന്ന എല്ലാവരേയും പങ്കെടുപ്പിക്കാം. എന്നിട്ട് നന്നായി ആലോചിച്ച് വ്യക്തമായ തീരുമാനമെടുക്കാം. ഒരു അവ്യക്തതയും ബാക്കി വരാത്ത തീരുമാനം. എന്നിട്ട് നടപ്പാക്കാം, ഒട്ടും സമയം നീട്ടിക്കൊണ്ട് പോവേണ്ടതില്ല. ഞാൻ മുസ്ലിമായി ജീവിക്കും സംശയം വേണ്ട. നിങ്ങളുടെ ആദർശത്തിലേക്ക് മടങ്ങുമെന്ന് ഒരു പ്രതീക്ഷയും വേണ്ട. ആ ജനതയെ ഇളക്കി മറിച്ച പ്രഖ്യാപനം അവർ കൂടുതൽ പ്രകോപിതരായി മാറി. അവർ രോഷാകുലരായി വിളിച്ചു പറഞ്ഞു: നൂഹേ നിന്നെ ഞങ്ങൾ എറിഞ്ഞു കൊല്ലും... 


ഇനി നമുക്ക് സൂറത്തു ശുഅറാഇലെ വചനങ്ങൾ നോക്കാം ...


നൂഹ് നബിയുടെ ജനത മുർസലുകളെ നിഷേധിച്ചു (26:105)...

നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുന്നില്ലേ എന്ന് അവരുടെ സഹോദരൻ നൂഹ് അവരോട് ചോദിച്ച സന്ദർഭത്തിൽ (26:106) നിശ്ചയമായും ഞാൻ നിങ്ങൾക്കുള്ള വിശ്വസ്ഥനായ ദൂതൻ ആകുന്നു (26:107). 

അതുകൊണ്ട് നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ ... (26:


108).


അതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവായ അല്ലാഹുﷻവിങ്കൽ മാത്രമാകുന്നു (26:109).

അതുകൊണ്ട് നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ (26:110).

അവർ ചോദിച്ചു,  ഈ നിസ്സാരന്മാരായ  ആളുകൾ നിന്നെ പിൻതുടർന്നിരിക്കെ ഞങ്ങൾ നിന്നെ വിശ്വസിക്കുകയോ...? (26:111).


അദ്ദേഹം പറഞ്ഞു, അവരുടെ പ്രവൃത്തിയെപ്പറ്റി എനിക്കെന്തറിവാണുള്ളത് (26:112). 

അവരെ വിചാരണ ചെയ്യുവാനുള്ള ഉത്തരവാദിത്വം എന്റെ രക്ഷിതാവിന് മാത്രമാകുന്നു. നിങ്ങൾ കാര്യബോധമുള്ളവരായിരുന്നെങ്കിൽ (26:113).

ഞാൻ സത്യവിശ്വാസികളെ ആട്ടിക്കളയുന്നവനല്ല (26:114).

ഞാൻ പ്രത്യക്ഷമായ ഒരു താക്കീതുകാരൻ മാത്രമാണ് (26;115)...


അവർ പറഞ്ഞു, നൂഹേ ഇതിൽ നിന്ന് വിരമിക്കുന്നില്ലെങ്കിൽ നീ എറിഞ്ഞു കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടവനായിത്തീരും (26:116). 


അദ്ദേഹം പറഞ്ഞു : എന്റെ രക്ഷിതാവേ നിശ്ചയമായും എന്റെ ജനത എന്നെ നിഷേധിച്ചു കളഞ്ഞിരിക്കുന്നു... (26;117)