ധനവും സന്താനങ്ങളും, സ്ഥാനമാനങ്ങളും, സ്വാധീനമുള്ളവർ ഈ ഘട്ടത്തിൽ ജനങ്ങളോടെന്താണ് കൽപിച്ചത് ..? ജനങ്ങളേ നിങ്ങൾ വിഗ്രഹങ്ങളെ ഉപേക്ഷിക്കരുത്. അവയെ ആരാധിച്ചുകൊണ്ടിരിക്കുക. നൂഹ് പറയുന്ന റബ്ബിനെ വേണ്ട, വിഗ്രഹങ്ങൾ മതി. വദ്ദ്, സുവാഹ്, യഗൂസ്, യഊഖ്, നസ്റ് എന്നിവയെ ഒരു കാരണവശാലും കൈവെടിയരുത് ...
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം...
അവർ പറഞ്ഞു : നിങ്ങളുടെ ദൈവങ്ങളെ നിങ്ങൾ കൈവിടരുത്. വദ്ദ് സുവാഹ് യഗൂസ് യഊഖ് നസ്റ് എന്നിവയെ കൈവിടരുത് (71:23). തന്റെ ജനതയുടെ കാര്യത്തിൽ ഏറ്റവും നിരാശനായിക്കൊണ്ട് നൂഹ് (അ) പ്രാർത്ഥിച്ചു... റബ്ബേ അവർ പിഴച്ചുപോയി. വളരെപ്പേരെ അവർ പിഴപ്പിക്കുകയും ചെയ്തു. അവർ വഴികേടിലാണ്. നന്നാവുമെന്ന യാതൊരു പ്രതീക്ഷയുമില്ല. അവരുടെ സഞ്ചാരം വഴികേടിലൂടെയാണ്...
വിശുദ്ധ ഖുർആൻ നൂഹ് (അ)ന്റെ വാക്കുകൾ ഉദ്ധരിക്കുന്നു. നിശ്ചയമായും അവർ വളരെയാളുകളെ പിഴപ്പിച്ചു കളഞ്ഞിരിക്കുന്നു. അക്രമികൾക്ക് വഴികേടല്ലാതെ നീ വർദ്ധിപ്പിക്കരുതേ (71:24).
ഇത്രയും കടുത്ത പരീക്ഷണങ്ങളിലൂടെയാണ് തൊള്ളായിരത്തിഅമ്പത് കൊല്ലങ്ങൾ കടന്നുപോയത്. ജനങ്ങൾക്ക് പശ്ചാത്തപിച്ചു മടങ്ങാൻ എത്രയെത്ര അവസരങ്ങൾ നൽകപ്പെട്ടു. അവർ അതൊന്നും ഉപയോഗപ്പെടുത്തിയില്ല. അവരുടെ ചിന്ത നേർവഴിക്കു വന്നതേയില്ല. സാധാരണക്കാരെ അവർ തടഞ്ഞു നിർത്തി, പിഴച്ച മാർഗ്ഗത്തിലേക്ക് അവരെ തിരിച്ചു വിട്ടു...
സാധാരണക്കാർക്കും അല്ലാഹുﷻ ബുദ്ധി നൽകിയിട്ടുണ്ട്. ചിന്താശക്തി നൽകിയിട്ടുണ്ട്. അവരും നൂഹ് (അ)ന്റെ വാക്കുകൾ കേട്ടിട്ടുണ്ട്. അവരും നേർവഴിയിൽ വന്നില്ല. സംഘടിത ശക്തിയോട് ചേർന്നു നിൽക്കാനായിരുന്നു അവർക്കും താത്പര്യം. പശ്ചാത്താപത്തിന്റെ വാതിൽ അടയുകയാണ്. കൊടും പരീക്ഷണം വരാറായി. നൂഹ് (അ)ന്റെ ഉപദേശങ്ങളെല്ലാം ആ ജനത തള്ളിക്കളഞ്ഞു. എന്നിട്ടും ഉപദേശം തുടർന്നുകൊണ്ടിരുന്നു...
ഒടുവിൽ ജനങ്ങളുടെ നേതാക്കൾ ഇങ്ങനെ പറഞ്ഞു : നൂഹേ നീ ഞങ്ങളോട് തർക്കിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി. നീ പറയുന്നതൊന്നും ഞങ്ങൾ സ്വീകരിക്കില്ല. നിന്റെ വാക്കുകളിൽ ഞങ്ങൾക്കു വിശ്വാസമില്ല. ശിക്ഷ വരുമെന്ന് നീ പറയാൻ തുടങ്ങിയിട്ട് വളരെ കാലമായി. ഇതുവരെ ശിക്ഷ വന്നില്ല. ഇനിയെന്നാണത് വരിക..? നീ അതൊന്ന് വേഗത്തിൽ കൊണ്ടുവാ ...
ആളുകൾ അങ്ങനെ പറയാനും ചിരിക്കാനും തുടങ്ങി. കത്തിപ്പടരുന്ന പരിഹാസം സൂറത്ത് ഹൂദിലെ വചനങ്ങൾ കാണുക. അവർ പറഞ്ഞു: നൂഹേ നീ ഞങ്ങളോട് തർക്കിച്ചു. അങ്ങനെ ഞങ്ങളോടുള്ള തർക്കം നീ വളരെ വർദ്ധിപ്പിച്ചു. നീ ഞങ്ങളോട് താക്കീത് ചെയ്ത ശിക്ഷ കൊണ്ടു വരൂ... നീ സത്യം പറയുന്നവനാണെങ്കിൽ (11:32).
ധിക്കാരം എല്ലാ പരിധിയും വിട്ടിരിക്കുന്നു ക്ഷമിക്കുകയല്ലാതെ എന്തു ചെയ്യും...? ക്ഷമയോടെ നൽകിയ മറുപടി ഖുർആനിൽ കാണാം അദ്ദേഹം പറഞ്ഞു : അല്ലാഹുﷻ മാത്രമാണ് അത് കൊണ്ടുവരിക. അവൻ ഉദ്ദേശിച്ചാൽ നിങ്ങൾ അവനെ അശക്തനാക്കുന്നവരുമല്ല (11:33).
അല്ലാഹുﷻ ഉദ്ദേശിക്കുമ്പോൾ ശിക്ഷ വരും. അതിനെ തടുക്കാൻ നിങ്ങൾക്കാവില്ല. അവന്റെ ശക്തി ജയിക്കും. അവനെ ജയിക്കാൻ നിങ്ങൾക്കാവില്ല. ആ വാക്കുകൾ അവർ പരിഹസിച്ചു തള്ളി...
നൂഹ് (അ) ന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. നിങ്ങൾക്ക് ഉപദേശം നൽകാൻ, ഞാൻ ഉപദേശിച്ചാൽ നിങ്ങൾക്കത് ഉപകരിക്കുകയില്ല. നിങ്ങളെ വഴിപിഴവിലാക്കാൻ അല്ലാഹുﷻ ഉദ്ദേശിച്ചിരിക്കുകയാണെങ്കിൽ.
അവൻ നിങ്ങളുടെ റബ്ബ് ആകുന്നു. അവനിലേക്ക് തന്നെ നിങ്ങൾ മടങ്ങപ്പെടുകയും ചെയ്യും (11:34)...
എത്ര മനോവേദനയോടെയാണിത് പറഞ്ഞത്. അല്ലാഹുﷻവാണ് നിങ്ങളുടെ റബ്ബ്. അവനിലേക്ക് നിങ്ങൾ മടക്കപ്പെടും. ഇതാണല്ലോ പറഞ്ഞത്. ആ വസ്തുതയും അവർ പരിഹസിച്ചു തള്ളി. നൂഹ് (അ) തുടരുന്നു, ഞാൻ കെട്ടിച്ചമച്ചുണ്ടാക്കിപ്പറയുകയാണെന്നാണോ നിങ്ങൾ ധരിക്കുന്നത് കെട്ടിച്ചമച്ചാൽ ആ കുറ്റം എന്റേതാണ്. ഞാൻ കെട്ടിച്ചമച്ചിട്ടില്ല. പറഞ്ഞതെല്ലാം പരമ സത്യമാണ്. നിങ്ങൾ കുറ്റംചെയ്തുകൊണ്ടിരിക്കുന്നു. അതിൽ നിന്ന് ഞാനൊഴിവാണ്. നിങ്ങളുടെ കുറ്റത്തിൽ എനിക്കൊരു ബാധ്യതയുണ്ട്. അതിന്റെ ശിക്ഷ നിങ്ങൾ തന്നെ അനുഭവിക്കുക. വിശുദ്ധ ഖുർആൻ വചനം നോക്കൂ, അല്ലെങ്കിൽ അവർ പറയുന്നുവോ..? അദ്ദേഹം കെട്ടിച്ചമച്ചതാണെന്ന് ...
പറയുക, ഞാൻ കെട്ടിച്ചമച്ചതാണെങ്കിൽ കുറ്റം എനിക്കായിരിക്കും. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കുറ്റത്തിൽ നിന്ന് ഞാൻ ഒഴിവായവനുമാണ് (11:35).
ഒടുവിൽ നൂഹ് നബി (അ)ന് ദിവ്യസന്ദേശം വന്നു. വിശ്വസിച്ചവർ വിശ്വസിച്ചു, ഇനിയാരും വിശ്വസിക്കാൻ പോവുന്നില്ല. അതുകൊണ്ട് അവർ ചെയ്യുന്ന കുറ്റങ്ങളെ കുറിച്ചോർത്ത് സങ്കടപ്പെടേണ്ടതില്ല...
സൂറത്ത് ഹൂദിൽ അത് കാണാം ...
നൂഹിന് വഹ്യ് നല്‍കപ്പെട്ടു. നിന്റെ ജനങ്ങളിൽ നിന്ന് വിശ്വസിച്ചു കഴിഞ്ഞവരല്ലാതെ ഇനിയാരും വിശ്വസിക്കുന്നതേയല്ല. ആകയാൽ അവർ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത് (11:36). നൂഹ് (അ)ന് അല്ലാഹുﷻവിന്റെ പക്കൽ നിന്ന് കൽപന വന്നു...
നീ കപ്പൽ നിർമ്മിക്കുക. നാം നിർദ്ദേശിക്കുന്നതനുസരിച്ചു നീ കപ്പൽ നിർമ്മിക്കണം. ഓരോ ഘട്ടത്തിലും നിനക്ക് ദിവ്യ സന്ദേശം കിട്ടിക്കൊണ്ടിരിക്കും. ഇതിന്റെ മുമ്പ് ഭൂമിയിൽ കപ്പൽ നിർമ്മിച്ചിട്ടില്ല. ആരും കപ്പൽ കണ്ടിട്ടില്ല. അതുകൊണ്ട് എല്ലാ നിർദ്ദേശവും അല്ലാഹുﷻ നൽകിക്കൊണ്ടിരുന്നു...
ഖുർആൻ പറയുന്നു :
നമ്മുടെ ദൃഷ്ടിയിലായും നമ്മുടെ വഹ്യ് അനുസരിച്ചും നീ കപ്പൽ നിർമ്മിക്കുക. അക്രമം കാണിച്ചവരുടെ കാര്യത്തിൽ നീ എന്നോട് ഒന്നും തന്നെ പറയരുത്. തീർച്ചയായും അവർ മുക്കി നശിപ്പിക്കപ്പെടുന്നവരാകുന്നു (11:37).
കപ്പലിന്റെ നിർമ്മാണം തുടങ്ങി. ആളുകൾ അത് കണ്ടു. അതും പരിഹാസത്തിന് കാരണമായി. പൊട്ടിച്ചിരികളും കമന്റടിയും തുടങ്ങി ...