മൂസ (അ) അതിവേഗം യാത്ര തുടർന്നു. വിജനമായ മരുഭൂമി. ആഹാര സാധനങ്ങളൊന്നുമില്ല. വല്ലപ്പോഴും കിട്ടുന്ന വെള്ളം കുടിച്ചു. ഈജിപ്തിന്റെ അതിര് കടന്നു...
യാത്ര തുടർന്നു ഇപ്പോൾ വളരെ ദൂരം എത്തിയിരിക്കുന്നു. കാലുകളിൽ മുറിവുണ്ടായി. നീര് വന്നു. നടക്കാൻ തന്നെ പ്രയാസം. അൽപം നേരം വിശ്രമിക്കാം. മരത്തിന്റെ ചുവട്ടിലിരുന്നു...
അകലെ ആട്ടിൻ കൂട്ടങ്ങളെ കാണാനുണ്ട്. ചില ഇടയന്മാരെയും. സമീപത്തൊരു കിണർ. ഇടയൻമാൻ വന്നു തുടങ്ങി. അവർ കിണറ്റിൽ നിന്ന് വെള്ളം കോരുന്നു. ആടുകൾക്ക് കുടിക്കാൻ കൊടുക്കുന്നു. നല്ല തിരിക്ക്...
അപ്പോൾ മൂസ (അ) ആ യുവതികളെ കണ്ടു. രണ്ട് കുലീന വനിതകൾ. അവർ ആടുകളെയും കൊണ്ട് വന്നിരിക്കുന്നു. വെള്ളം കാണുമ്പോൾ ആടുകൾ മുമ്പോട്ട് നടക്കുന്നു. വനിതകൾ ആടുകളെ തടഞ്ഞു നിർത്തുന്നു. ആണുങ്ങൾ വെള്ളം കോരുന്ന തിരിക്കിലാണ്. തിരക്ക് കഴിയാൻവേണ്ടി കാത്തിരിക്കുകയാണവർ. ആഴമുള്ള കിണർ വെള്ളം കോരിയെടുക്കാൻ നല്ല ആരോഗ്യം വേണം. എല്ലാവരും വെള്ളമെടുത്തു കഴിഞ്ഞാൽ വലിയൊരു കല്ല് കൊണ്ട് കിണർ മൂടും...
മൂസ (അ)ന്റെ കാൽ നല്ലതുപോലെ വേദനിക്കുന്നുണ്ട്. നല്ല വിശപ്പുണ്ട്. പത്ത് ദിവസത്തോളം കാൽനട യാത്രയാണ്. മരത്തിന്റെ ഇല തിന്നു. വെള്ളം കുടിച്ചു. അങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ജീവിച്ചത്...
മൂസ (അ) എഴുന്നേറ്റു വനിതകളുടെ സമീപത്തേക്കു ചെന്നു. "നിങ്ങളെന്താണ് വെള്ളമെടുക്കാതെ മാറിനിൽക്കുന്നത്? നിങ്ങളുടെ ആടുകൾക്ക് നന്നായി ദാഹിക്കുന്നുണ്ടല്ലോ." മൂസ (അ) ചോദിച്ചു.
"ഞങ്ങൾ പെണ്ണുങ്ങളല്ലേ? ആണുങ്ങളുടെ തിരക്കൊഴിയുന്നതുവരെ കാത്തിരിക്കും."
"ആടിനെ മേയ്ക്കാൻ പറ്റുന്ന ആണുങ്ങളാരുമില്ലേ വിട്ടിൽ?"
"വൃദ്ധനായ പിതാവ് മാത്രമേയുള്ളൂ."
മൂസ (അ)ക്ക് അവരോട് അനുകമ്പ തോന്നി. ഞാൻ വെള്ളം കോരിത്തരാം. വെള്ളം കോരിയത് അത്ഭുതകരമായിരുന്നു. അതിനെപ്പറ്റി രണ്ടഭിപ്രായമുണ്ട്. വലിയ കല്ലുകൊണ്ട് മൂടിയ ഒരു കിണർ കുറച്ചകലെ ഉണ്ടായിരുന്നു. കല്ല് നീക്കാൻ നല്ല ആരോഗ്യമുള്ള കുറെയാളുകൾ വേണം. മൂസ (അ) ഒറ്റക്ക് ആ കല്ല് നീക്കി വെള്ളം കോരിക്കൊടുത്തു. ഇതൊരഭിപ്രായം.
ആണുങ്ങൾ ആവശ്യാനുസരണം വെള്ളം കോരിയെടുത്തു. അതിനുശേഷം കുറെയാളുകൾ ചേർന്നു ആ കിണർ വലിയ കല്ലുകൊണ്ട് മൂടി. മൂസ (അ) ആ കല്ല് നീക്കി വെള്ളം കോരിക്കൊടുത്തു. പത്താളുകൾ ചേർന്നാൽ നീക്കാൻ പറ്റുന്ന കല്ല് ഒറ്റക്കു നീക്കി...
പെണ്ണുങ്ങൾ രണ്ടുപേരും അത്ഭുതപ്പെട്ടുപോയി. ഇഷ്ടംപോലെ വെള്ളം കിട്ടി. ആടുകൾ വയർ നിറച്ചു കുടിച്ചു. മൂസ (അ) കിണർ മൂടി. മരത്തണലിൽ പോയിരുന്നു. പെണ്ണുങ്ങൾ നന്ദിയോടെ അദ്ദേഹത്തെ നോക്കി. പിന്നെ ആടുകളെയും തെളിച്ചുകൊണ്ട് വീട്ടിലേക്ക് യാത്രയായി. അവർ പ്രവാചകൻ ശുഐബ് നബി (അ)ന്റെ പുത്രിമാരായിരുന്നു. സഫൂറ, സഫീറ...
കിണറ്റിൻകര വിജനമായി മൂസ (അ) പ്രാർത്ഥിച്ചു. "അല്ലാഹുﷻവേ നീ എനിക്ക് കരുണ ചെയ്യേണ്ട സമയമാണിത്. ഞാനത്രക്ക് അവശനായിരിക്കുന്നു. എനിക്കെന്തെങ്കിലും ആഹാരം കിട്ടിയിരുന്നെങ്കിൽ."
പതിവിലും നേരത്തെ പെൺകുട്ടികൾ വീട്ടിൽ തിരിച്ചെത്തി. ആടുകളുടെ വയർ നന്നായി വീർത്തിരുന്നു. പെൺകുട്ടികൾ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു. ശുഐബ് (അ) ന് ആ ചെറുപ്പക്കാരനെ കാണാൻ ആഗ്രഹമുണ്ടായി...
"ഉപ്പാ അദ്ദേഹം ഏതോ നാട്ടുകാരനാണ്. വിശപ്പും ദാഹവും കാണും. യാത്രാക്ഷീണം നല്ലതുപോലെയുണ്ട്. ആളൊരു ശക്തൻ തന്നെയാണ്."
എന്റെ മോൾ പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരൂ. നമുക്കദ്ദേഹത്തിന് ആഹാരം നൽകാം. പിതാവ് അങ്ങനെ പറഞ്ഞപ്പോൾ മകൾക്ക് വല്ലാത്ത നാണം തോന്നി. അന്യപുരുഷന്റെ മുമ്പിലേക്ക് ഒറ്റക്ക് ചെല്ലുക. വീട്ടിലേക്ക് ക്ഷണിക്കുക. അദ്ദേഹത്തോടൊപ്പം നടന്നു വരിക. അതൊന്നും തന്നെക്കൊണ്ടാവില്ല. ഒരു നിമിഷം മറിച്ചു ചിന്തിച്ചു.
പിതാവ് വൃദ്ധനാണ് അദ്ദേഹത്തെ അയയ്ക്കാൻ പറ്റില്ല. വീട്ടിൽ ആണുങ്ങളായി മറ്റാരുമില്ല. താൻ തന്നെ പോവണം. സഹോദരിയോട് ഉപ്പ ആഹാരമുണ്ടാക്കാൻ പറഞ്ഞു. അവൾ അടുക്കളയിലേക്കും പോയി. മെല്ലെ വീട്ടിൽ നിന്നിറങ്ങി നടന്നു. നടത്തത്തിന് വേഗം കൂടി മനസ്സിൽ ഉൽക്കണ്ഠയുണ്ട്. അദ്ദേഹം സ്ഥലം വിട്ടുകാണുമോ..?