Wednesday - 22 April, 2026 4-Dhu al-Qadah-1447

മിസ്റിൽ നിന്ന് മദ് യനിലേക്ക് (2)

   ഒരു ദിവസം മൂസ (അ) ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് വരികയായിരുന്നു. രണ്ടുപേർ വഴക്കു കൂടുന്നു. ഒരാൾ ഖിബ്തിയാണ്, മറ്റെയാൾ ഈസ്രാഈലി. ആളുകൾ ഏറെയില്ലാത്ത സമയമാണ്.  ഉച്ചമയക്കത്തിന്റെ സമയം. മറ്റൊരഭിപ്രായപ്രകാരം സന്ധ്യയുടെ ഇരുട്ട് വീണ സമയം. ആരും വഴക്ക് ശ്രദ്ധിക്കാനില്ല. ഇസ്രാഈലിയെക്കൊണ്ട് ഖിബ്തി കഠിനമായ ജോലി ചെയ്യിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് വഴക്കുണ്ടായത്... 


 ഇസ്രാഈലി മൂസ (അ)നെ കണ്ടു. സഹായിക്കണേയെന്ന് വിളിച്ചു കരഞ്ഞു. മൂസ (അ) അടുത്തേക്കു ചെന്നു. ഖിബ്തിക്ക് നന്നായൊന്നു കൊടുത്തു. അടിയുടെ ശക്തിയിൽ ഖിബ്തി താഴെ വീണു. ഒരു പിടച്ചിൽ പിന്നെ ചലനമറ്റു. ഖിബ്തി മരണപ്പെട്ടു. മൂസ (അ)ന് ദുഃഖം വന്നു. ഇത് പിശാചിന്റെ പണിയായിപ്പോയി. അവൻ വഴിപിഴപ്പിക്കും. മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണവൻ. വിശുദ്ധ ഖുർആൻ ഈ രംഗം വിവരിക്കുന്നതിങ്ങനെ : 


 "പട്ടണവാസികളുടെ ഒരശ്രദ്ധയുടെ നേരത്ത് അദ്ദേഹം അതിൽ (പട്ടണത്തിൽ) പ്രവേശിച്ചു. അപ്പോൾ അവിടെ രണ്ട് പുരുഷന്മാർ ശണ്ഠ കൂടുന്നതായി അദ്ദേഹം കണ്ടു. ഇയാൾ (രണ്ടിലൊരാൾ) തന്റെ കക്ഷിയിൽ പെട്ടവനും അയാൾ(മറ്റവൻ) തന്റെ ശത്രുക്കളിൽ പെട്ടവനുമാണ്.   

അങ്ങനെ തന്റെ കക്ഷിയിൽ പെട്ടവൻ ശത്രുക്കളിൽ പെട്ടവന്നെതിരിൽ അദ്ദേഹത്തോട് സഹായം തേടി. അപ്പോൾ അവനെ മൂസ ഇടിച്ചു. അങ്ങനെ അവന്റെ പണി തീർത്തു. അദ്ദേഹം പറഞ്ഞു:  ഇത് പിശാചിന്റെ പ്രവർത്തനത്തിൽ പെട്ടതാണ്. നിശ്ചയമായും അവൻ വഴിപിഴപ്പിക്കുന്ന പ്രത്യക്ഷ ശത്രുവാകുന്നു." (28:15)


 മൂസ (അ) പശ്ചാത്തപിച്ചു. ദുആ ഇരന്നു. അല്ലാഹു ﷻ ദുആ സ്വീകരിച്ചു. മൂസ (അ)ന്റെ ദുആ ഇങ്ങനെയായിരുന്നു. അദ്ദേഹം പറഞ്ഞു: "റബ്ബേ! ഞാൻ എന്നോട് തന്നെ അക്രമം പ്രവർത്തിച്ചിരിക്കുന്നു. അതുകൊണ്ട് എനിക്ക് പൊറുത്തു തരേണമേ! ആകയാൽ അവൻ (അല്ലാഹു)  അദ്ദേഹത്തിന് പൊറുത്തു കൊടുത്തു. നിശ്ചയമായും അവൻ വളരെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ." (28:16)


"അദ്ദേഹം പറഞ്ഞു: റബ്ബേ! നീ എന്റെ മേൽ അനുഗ്രഹം ചെയ്തു തന്നിട്ടുള്ളതുകൊണ്ട് ഇനി ഞാൻ കുറ്റവാളികൾക്ക് പിൻതുണ നൽകുന്നവനായിരിക്കുകയേയില്ല." (28:17)


 ഒരു കൊലപാതകം നടന്നു പോയതിൽ മൂസ (അ) ഭയപ്പാടിലായിരുന്നു. ഖിബ്തിയാണ് കൊല്ലപ്പെട്ടത്. താനാണ് കൊലപാതകം നടത്തിയതെന്നറിഞ്ഞാൽ..? പിറ്റേന്ന് അസ്വസ്ഥതയോടെ നടന്നു വരികയാണ്. അപ്പോഴതാ രണ്ടാൾ വഴക്കിടുന്നു. ഒരാൾ ഇന്നലത്തെ ഇസ്രാഈലി തന്നെ. മറ്റെയാൾ ഒരു ഖിബ്തി... 


 ഇസ്രാഈലി ഇത്തവണയും സഹായം തേടി ഉറക്കെ വിളിച്ചു. മൂസ (അ)ന്ന് അത് കേട്ടപ്പോൾ കോപം വന്നു. നിനക്ക് ഇത് തന്നെയാണോ പണി? നീയൊരു ദുർമാർഗിതന്നെ. അങ്ങനെ പറഞ്ഞു കൊണ്ട് മൂസ (അ) അടുത്തേക്ക് ചെന്നു. താൻ രണ്ടാം ദിവസവും വഴക്കുണ്ടാക്കിയതുകൊണ്ട് മൂസ (അ) കോപത്തോടെ തന്നെ അടിക്കാൻ വരികയാണെന്ന് ഇസ്രാഈലി വിചാരിച്ചു. മൂസ(അ)നോട് ഒരടി കിട്ടിയാൽ താൻ മരിച്ചുപോകും. ഇന്നലെ ഖിബ്തി മരിച്ചത് പോലെ.


 ഖിബ്തിയും മൂസ (അ) നെ ഭയപ്പെട്ടു. തന്നെ അടിക്കാനാണ് വരുന്നതെന്ന് അയാളും കരുതി. "മൂസാ ... നീ ഇന്നലെ ഒരാളെ കൊന്നതുപോലെ ഇന്ന് എന്നെകൊല്ലാൻ വരികയാണോ? രണ്ടിലൊരാൾ അങ്ങനെ വിളിച്ചു പറഞ്ഞു.  പറഞ്ഞത് ആരായിരുന്നു? പറഞ്ഞത് ഇസ്രാഈലിയായിരുന്നുവെന്ന് ഖിബ്തിയാണെന്നും അഭിപ്രായപ്പെടുന്നു... 


 ഏതായാലും രഹസ്യം പുറത്തായി. ഖിബ്തിയെ കൊന്നത് മൂസയാണെന്ന വാർത്ത നാടാകെ പരന്നു. വധത്തിന് വധം തന്നെ ശിക്ഷ. കൊട്ടാരത്തിൽ ആലോചന നടക്കുകയാണ്.  കൊല്ലപ്പെട്ടവന്റെ ബന്ധുക്കൾ ശബ്ദുമുയർത്തി സംസാരിച്ചു. മൂസയെ വധിക്കാൻ ഞങ്ങളെ അനുവദിക്കുക...


 മൂസയെ പിടികൂടാൻ രാജാവ് ഉത്തരവിട്ടു. ആളുകൾ പലവഴി ഓട്ടം തുടങ്ങി.  ആ ഘട്ടത്തിൽ ഒരാൾ മൂസയുടെ മുമ്പിലെത്തി. അയാളുടെ പേര് ജുസ്ഈൽ എന്നായിരുന്നു.  ശംഊൻ എന്നായിരുന്നുവെന്നും അഭിപ്രായമുണ്ട്. 


 "മൂസാ... രക്ഷപ്പെട്ടുകൊള്ളുക, ഖിബ്തിയെ വധിച്ചത് നിങ്ങളാണെന്ന് പരസ്യപ്പെട്ടുപോയി. ഉടനെ നാട് വിടുക. ശത്രുക്കളുടെ പിടിയിൽ പെട്ടാൽ വധിക്കപ്പെടും."   പട്ടണത്തിന്റെ കോണിൽ നിന്നുവന്ന ശംഊൻ ഉൽക്കണ്ഠയോടെ പറഞ്ഞു. മൂസ (അ) പിന്നൊന്നും ചിന്തിച്ചില്ല. അതിവേഗം മുമ്പോട്ട് സഞ്ചരിച്ചു...


 വിശുദ്ധ ഖുർആൻ പറയുന്നു:  "അങ്ങനെ അദ്ദേഹം പട്ടണത്തിൽ പേടിച്ച് (ഭവിഷ്യത്തിനെപ്പറ്റി) വീക്ഷിച്ചുകൊണ്ടിരിക്കുകയായി. അപ്പോഴതാ തലേദിവസം സഹായമർത്ഥിച്ചവൻ (പിറ്റേദിവസം വീണ്ടും) അദ്ദേഹത്തോട് സഹായത്തിന് നിലവിളിക്കുന്നു. മൂസ അവനോട് പറഞ്ഞു:  നിശ്ചയമായും നീ ഒരു പ്രത്യക്ഷ ദുർമാർഗി തന്നെയാണ്." (28:18)


"എന്നോട് അദ്ദേഹം അവർ രണ്ടാളുടെയും ശത്രുവായുള്ളവനിൽ കയ്യൂക്ക് നടത്തുവാൻ ഉദ്ദേശിച്ചപ്പോൾ അവൻ പറഞ്ഞു: മൂസാ... താൻ ഇന്നലെ ഒരാളെ കൊന്നതുപോലെ (ഇന്ന്) എന്നെ കൊല്ലുവാൻ ഉദ്ദേശിക്കുകയാണോ? നീ നാട്ടിൽ ഒരു സ്വേച്ഛാധികാരിയായിത്തീരാനല്ലാതെ ഉദ്ധേശിക്കുന്നില്ല. നന്മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലായിത്തീരുവാൻ നീ ഉദ്ദേശിക്കുന്നില്ല." (28:19)


ഇവിടെ രണ്ടാളുടെ ശത്രുവെന്ന് പറഞ്ഞത് ഖിബ്തിയെ കുറിച്ചാണ്. രണ്ടാൾ എന്നത് ഇസ്രാഈലിയും മൂസാ (അ)ഉം തന്നെ അടുത്ത വചനം കാണുക. 


"പട്ടണത്തിന്റെ അങ്ങേ അറ്റത്ത് നിന്ന് ഒരു പുരുഷൻ ഓടി വന്നു. അയാൾ പറഞ്ഞു; മൂസാ നിന്നെ കൊല്ലുവാനായി  പ്രധാനികൾ നിന്നെപ്പറ്റി ആലോചന നടത്തിവരുന്നു. അതുകൊണ്ട് നീ (രാജ്യത്തുനിന്ന്) പുറത്ത് പോയിക്കൊള്ളുക. നിശ്ചയമായും ഞാൻ നിനക്ക് ഗുണം കാംക്ഷിക്കുന്നവരിൽ പെട്ടവനാണ്." (28:20)


"അങ്ങനെ അദ്ദേഹം പേടിച്ച് വീക്ഷിച്ചുകൊണ്ട് അവിടെ നിന്ന് പുറപ്പെട്ടുപോയി. അദ്ദേഹം പറഞ്ഞു:  എന്റെ റബ്ബേ! അക്രമികളായ ജനങ്ങളിൽ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ." (28:21)


മൂസാ(അ) മദ് യൻ രാജ്യം ലക്ഷ്യമാക്കിയാണ് യാത്ര ചെയ്തത്. അല്ലാഹു ﷻ തന്നെ ശരിയായ മാർഗ്ഗത്തിലെത്തിക്കുമെന്നുറപ്പുണ്ട്. 


ഖുർആൻ പറയുന്നു: "മദ് യന്റെ നേരെ യാത്ര തിരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ റബ്ബ് എന്നെ ശരിയായ മാർഗത്തിൽ നയിച്ചുതന്നേക്കാം." (28:22)