"അല്ലാഹുവേ, അദ്ദേഹത്തെ അവിടെത്തന്നെ കാണാൻ കഴിയേണമേ!" ദൂരെ നിന്നുതന്നെ കിണറിന്റെ ചുറ്റുഭാഗവും സൂക്ഷിച്ചു നോക്കുകയായിരുന്നു. ഭാഗ്യം ആൾരൂപം കാണാനുണ്ട്...
മൂസ(അ) ഒരാൾ വരുന്നത് കണ്ടു. ആരാണത്? നേരത്തെ ആടുകളുമായി പോയ പെണ്ണുങ്ങളിൽ ഒരാളാണല്ലോ വരുന്നത്..! എന്തിനു വരുന്നു. വല്ലാത്ത നാണത്തോടെ വന്നുനിന്നു. എന്നിട്ട് മെല്ലെ പറഞ്ഞു.
"താങ്കളെ ഉപ്പ വീട്ടിലേക്ക് വിളിക്കുന്നു. വരൂ..."
ഒരു നിമിഷം ചിന്തിച്ചിരുന്നു പിന്നെ എഴുന്നേറ്റു. അവർ നടന്നു. കുറച്ചു ദൂരം നടന്നപ്പോൾ മൂസ (അ) പറഞ്ഞു. "ഞാൻ മുന്നിൽ നടക്കാം. നീ പിന്നിൽ നടന്നോളൂ. എനിക്ക് വഴി പറഞ്ഞു തന്നാൽ മതി." മരുഭൂമിയിലെ ഒറ്റയടിപ്പാതയിലൂടെ അവർ രണ്ടുപേരും നടന്നു. സൂറത്തുൽ ഖസസിൽ ഈ സംഭവങ്ങൾ വിവരിക്കുന്നതിങ്ങനെയാകുന്നു:
"മദ് യനിലെ വെള്ളത്താവളത്തിങ്കൽ അദ്ദേഹം വന്നുചേർന്നപ്പോൾ അതിന്നടുക്കൽ ഒരു കൂട്ടം മനുഷ്യർ (കന്നുകാലികൾക്ക്) വെള്ളം കൊടുക്കുന്നതായി കണ്ടെത്തി. അവരുടെ ഇപ്പുറത്തായി രണ്ട് സ്ത്രീകൾ (തങ്ങളുടെ ആടുകളെ ) തടഞ്ഞുവെച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം കണ്ടു. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ കാര്യം എന്താണ്? അവർ പറഞ്ഞു: ഇടയന്മാർ വെള്ളം കൊടുത്ത് തിരിച്ചു കൊണ്ട് പോവുന്നതുവരേക്കും ഞങ്ങൾ (ആടുകൾക്ക് ) വെള്ളം കൊടുക്കാറില്ല. ഞങ്ങളുടെ പിതാവാകട്ടെ ഒരു വലിയ വൃദ്ധനുമാകുന്നു." (28:23)
"അപ്പോൾ അദ്ദേഹം ആ രണ്ട് സ്ത്രീകൾക്കുവേണ്ടി (അവരുടെ കാലികൾക്ക്) വെള്ളം കൊടുത്തു പിന്നീടദ്ദേഹം തണലിലേക്ക് മാറിനിന്നു (ഇങ്ങനെ പറഞ്ഞു:
എന്റെ റബ്ബേ! എന്റെ നേരെ ഗുണമായിട്ടുള്ള വല്ലതും നീ ഇറക്കിത്തരുന്നതിന് നിശ്ചയമായും ഞാൻ ആവശ്യക്കാരനായിരിക്കുന്നു." (28:24)
ശുഐബ് നബി (അ) ന്റെ വീട്ടിൽ മൂസാ(അ) വന്നുകയറി ചരിത്ര നിമിഷം പിറന്നു. രണ്ട് പ്രവാചകന്മാർ പരസ്പരം കണ്ടുമുട്ടിയ നിമിഷം. ഇരുവരും പരസ്പരം കണ്ടു. സലാം ചൊല്ലി. അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹം അൽഹംദുലില്ലാഹ്. കണ്ണുകൾ നിറഞ്ഞൊഴുകി. കൺമുമ്പിൽ നിൽക്കുന്ന ചെറുപ്പക്കാരനെ കൺകുളിർക്കെ കണ്ടു. വല്ലാത്ത നിർവൃതി അല്ലാഹു ﷻ കൊണ്ടുവന്നുതന്ന അനുഗ്രഹം. സന്തോഷമായി. സമാധാനമായി. ഈ ചെറുപ്പക്കാരനെ മരുമകനായി സ്വീകരിക്കും...
മൂസ (അ) ചിന്തിച്ചതും അല്ലാഹുﷻവിന്റെ അനുഗ്രഹത്തെ കുറിച്ചു തന്നെയായിരുന്നു. താൻ അഭയകേന്ദ്രത്തിൽ എത്തിച്ചേർന്നിരിക്കുന്നു. ഫിർഔനിന്റെ ശക്തി ഇവിടേക്കെത്തില്ല...
അടുക്കളയിൽ ഭക്ഷണം തയ്യാറായി വരുന്നു. പുറത്തിരുന്ന് നബിമാർ സംസാരിക്കുന്നു. മൂസ (അ) ഈജിപ്തിലെ സംഭവങ്ങൾ വിവരിച്ചു. ഖിബ്തിയെ അടിച്ചതും അയാൾ മരണപ്പെട്ടതും പറഞ്ഞു. ഭയപ്പാടോടെ നാട് വിട്ട് ഓടിപ്പോന്നതും വഴിയിൽ വെച്ച് സംഭവിച്ച ദുരിതങ്ങളും പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ശുഐബ് (അ) പറഞ്ഞു: "ഇനിയൊന്നും ഭയപ്പെടേണ്ട അക്രമികളായ ജനങ്ങളിൽ നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു."
ഭക്ഷണം കൊണ്ടുവന്നു വെച്ചു. ശുഐബ് (അ) ഭക്ഷണത്തിനു ക്ഷണിച്ചു. വിശപ്പുണ്ടെങ്കിലും കഴിക്കാൻ ചെറിയൊരു വൈമനസ്യം. "മടിക്കേണ്ട വന്നു കഴിച്ചോളൂ..."
കൈ കഴുകി വന്നു. ഇരുവരും ഭക്ഷണത്തിനിരുന്നു. വളരെ നാളായി ഭക്ഷണം കഴിച്ചിട്ട്. നല്ല സ്വാദോടെ മൂസ (അ) ഭക്ഷണം കഴിച്ചു. ചെറുപ്പക്കാരന്റെ സംസാരവും പെരുമാറ്റവും വീട്ടുകാരിൽ വളരെ മതിപ്പുളവാക്കി. മകൾ ഉപ്പയോട് ഇങ്ങനെ പറഞ്ഞു:
"ഇദ്ദേഹത്തെ നമുക്കൊരു വേലക്കാരനായി ഇവിടെത്തന്നെനിർത്താം. നമ്മുടെ കാലികളെ വളർത്താൻ ഒരു പുരുഷന്റെ സേവനം അനിവാര്യമാണ്. ഇദ്ദേഹം കഴിവുള്ളവനും വിശ്വസ്തനുമാണ്."
"അത് നിനക്കെങ്ങനെ മനസ്സിലായി."
"കിണർ മൂടിയ വലിയ കല്ല് ഇദ്ദേഹം ഒറ്റക്കാണ് എടുത്തുമാറ്റിയത്. ഞങ്ങൾ ഇങ്ങോട്ട് വരുമ്പോൾ എന്നോട് പിന്നിൽ നടക്കാൻ ആവശ്യപ്പെട്ടു. ഒരു പെണ്ണിന്റെ പിന്നാലെ നടക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ശക്തനും വിശ്വസ്തനുമാണെന്ന് ഞാനങ്ങനെയാണ് മനസ്സിലാക്കിയത്."
ഈ അഭിപ്രായം വിശുദ്ധ ഖുർആൻ എടുത്തുദ്ധരിച്ചു എന്തിന്? ഒരു തൊഴിലാളിയുടെ കടമ ലോകം മനസ്സിലാക്കാൻ. തൊഴിൽ നൽകുമ്പോൾ പരിഗണിക്കേണ്ട രണ്ട് ഗുണങ്ങൾ മനുഷ്യവർഗം മനസ്സിലാക്കാൻ. നിയോഗിക്കപ്പെടുന്ന ജോലി ചെയ്യാനുള്ള പ്രാപ്തി വേണം. അതാണ് ഒന്നാമത്തെ കാര്യം. പ്രാപ്തിയില്ലാത്തവരെ നിയോഗിക്കരുത്. രണ്ടാമത്തേത് വിശ്വസ്തനായിരിക്കണം. ഏത് ജോലിക്കും വിശ്വസ്തത വേണം. കള്ളം കാണിക്കരുത്. ഒരു പെൺകുട്ടിയുടെ വാക്ക് അന്ത്യനാൾവരെ അനുസ്മരിക്കപ്പെടുകയാണ്. വിശുദ്ധ ഖുർആനിലൂടെ...