യഹ്ഖൂബ് നബി (അ) ന്റെ സന്താന പരമ്പരയാണല്ലോ ബനൂ ഇസ്രാഈൽ എന്ന പേരിൽ അറിയപ്പെടുന്നത്. യഹ്ഖൂബ് നബിക്കും മൂസാ നബിക്കുമിടയിൽ ധാരാളം പ്രവാചകന്മാരും രാജാക്കന്മാരും വന്നിട്ടുണ്ട്. അല്ലാഹുﷻ അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ മൂസ (അ) തന്റെ ജനതയെ ഓർമ്മപ്പെടുത്തുന്നു.
സൂറത്ത് മാഇദയിൽ അല്ലാഹുﷻ പറയുന്നു: "മൂസ തന്റെ ജനതയോട് പറഞ്ഞ സന്ദർഭം ഓർക്കുക. എന്റെ ജനങ്ങളേ നിങ്ങൾക്ക് അല്ലാഹുﷻ ചെയ്തുതന്ന അനുഗ്രഹങ്ങൾ ഓർക്കുവീൻ. നിങ്ങളിൽ അവൻ പല നബിമാരെ ഏർപ്പെടുത്തുകയും നിങ്ങളെ അവൻ രാജാക്കളക്കുകയും ചെയ്തു. ലോകരിൽ നിന്ന് ഒരാൾക്കും നൽകിയിട്ടില്ലാത്തത് നിങ്ങൾക്കവൻ നൽകുകയും ചെയ്തിരിക്കുന്നു." (5:20)
"എന്റെ ജനങ്ങളേ നിങ്ങൾക്ക് അല്ലാഹുﷻ നിശ്ചയിച്ചു തന്നതായ പരിശുദ്ധ ഭൂമിയിൽ നിങ്ങൾ പ്രവേശിക്കുവീൻ. നിങ്ങൾ പിന്നോക്കം മടങ്ങിപ്പോവുകയും ചെയ്യരുത്. എന്നാൽ നിങ്ങൾ നഷ്ടക്കാരായി മാറുന്നതാണ്." (5:21)
ഫലസ്തീനിൽ ബിംബാരാധന വർദ്ധിച്ചിരിക്കുന്നു. അവിടേക്ക് പോകാൻ അല്ലാഹുﷻവിന്റെ കൽപ്പന വന്നു. ബിംബാരാധകർ ഉപദേശം സ്വീകരിക്കില്ല. ഉടനെ യുദ്ധം വരും. മുസ്ലിംകൾ ധീരമായി പടപൊരുതണം. പിന്തിരിഞ്ഞോടരുത്. ഈ കൽപന വന്നപ്പോൾ ഇസ്രഈലികളുടെ മനം മാറി. അവർ യുദ്ധത്തിന് തയ്യാറല്ല. അവർ ഒഴുവുകഴിവുകൾ നിരത്താൻ തുടങ്ങി.
ശത്രുക്കൾ ശക്തന്മാരാണ് യുദ്ധം ചെയ്താൽ നാം നശിക്കും. ഫലസ്തീൻ ജനത അവിടം വിട്ടുപോയാൽ ഞങ്ങളവിടെ പ്രവേശിക്കും. ധിക്കാരം നിറഞ്ഞ മറുപടി ഖുർആൻ പറയുന്നു:
"അവർ പറഞ്ഞു; മൂസാ നിശ്ചയമായും സ്വേഛാധികാരികളായ ഒരു ജനത അവിടെയുണ്ട്. അവിടെ നിന്ന് അവർ പുറത്തു പോകുംവരെക്കും ഞങ്ങളവിടെ പ്രവേശിക്കുകയില്ല. ഇനി അവർ അവിടെ നിന്ന് പുറത്ത് പോവുകയാണെങ്കിൽ ഞങ്ങൾ അവിടെ പ്രവേശിക്കുന്നവരുമാകുന്നു." (5:22)
അല്ലാഹുﷻവിനെ ഭയന്നു ജീവിക്കുന്ന രണ്ട് പുരുഷന്മാർ ഇസ്രാഈല്യരോട് പറഞ്ഞു. ആ വാതിൽ കടന്നു ചെല്ലുവീൻ. യുദ്ധം ചെയ്യുവീൻ. നിങ്ങൾ ജയിക്കും.
ഖുർആൻ പറയുന്നു: "ദൈവഭയമുള്ളവരില്‍ പെട്ട, അല്ലാഹുﷻ അനുഗ്രഹിച്ച രണ്ടുപേര്‍ പറഞ്ഞു: നിങ്ങള്‍ അവരുടെ നേര്‍ക്ക് കവാടം കടന്നങ്ങ് ചെല്ലുക. അങ്ങനെ നിങ്ങള്‍ കടന്ന് ചെന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെയായിരിക്കും ജയിക്കുന്നത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുﷻവില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക. (5:23)
"അവർ പറഞ്ഞു: മൂസാ നിശ്ചയമായും അവരവിടെ നിലവിലുള്ളപ്പോൾ ഒരിക്കലും ഞങ്ങൾ അവിടെ പ്രവേശിക്കുകയില്ല. അതുകൊണ്ട് നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക. തീർച്ചയായും ഞങ്ങളിവിടെ ഇരിക്കുകയായിരുന്നു." (5:24)
രണ്ടുപേർ എന്നു പറഞ്ഞതിൽ ഒരാൾ യൂശഹ് ബ്നു നൂൻ (അ) അവർകളും. രണ്ടാമൻ യഫുന്നയുടെ മകൻ കാലബ് എന്ന ചെറുപ്പക്കാരനുമായിരുന്നു. യഫുന്നയുടെ മകൻ കാലബ് പണ്ഡിതനും ഉപദേശകനുമായിരുന്നു. നൂനിന്റെ മകൻ യൂശഹ് ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കാൻ വളരെയേറെ പാടുപ്പെട്ടു. മൂസ (അ)ന്റെ പിൻഗാമിയും പ്രവാചകനുമായിരുന്നു.
അവർ ജനങ്ങൾക്ക് താക്കീത് നൽകി. എന്നിട്ടെന്തുകാര്യം? ജനങ്ങൾ പറഞ്ഞത് കേട്ടില്ലേ? നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യൂ... ഞങ്ങളിവിടെയിരിക്കാം. എന്തൊരു നന്ദികെട്ട വർത്തമാനം. തന്റെ ജനതയുടെ കാര്യത്തിൽ കടുത്ത നിരാശയോടെ മൂസ (അ) പ്രാർത്ഥിച്ചതിങ്ങനെയായിരുന്നു.
"അദ്ദേഹം (മൂസ) പറഞ്ഞു: എന്റെ റബ്ബേ നിശ്ചയമായും ഞാൻ എന്റെ സ്വന്തത്തെയും എന്റെ സഹോദരനെയുമല്ലാതെ അധീനമാക്കുന്നില്ല. അതിനാൽ ഞങ്ങളുടെയും ധിക്കാരികളായ ജപതയുടെയും ഇടയിൽ നീ വേർപ്പെടുത്തിത്തരേണമേ!." (5:25)
എത്ര വേദനാജനകമായ പ്രാർത്ഥന. അല്ലാഹുﷻ പ്രാർത്ഥനക്കുത്തരം നൽകിയതിങ്ങനെയാണ് : "അവൻ (അല്ലാഹുﷻ) പറഞ്ഞു: എന്നാൽ നിശ്ചയമായും അത് (ആ രാജ്യം ) അവരുടെ മേൽ നാൽപത് കൊല്ലം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അവർ ഭൂമിയിൽ അന്തംവിട്ട് അലഞ്ഞു നടക്കും. അതിനാൽ ധിക്കാരികളായ ജനങ്ങളുടെ പേരിൽ നീ വ്യസനപ്പെടരുത്." (5:26)
കടുത്ത ധിക്കാരത്തിനും മർക്കട മുഷ്ടിക്കും അല്ലാഹുﷻ ഈ ലോകത്ത് നിന്നുതന്നെ ശിക്ഷ നൽകി.
ഈജിപ്തിലെ സുഖസൗകര്യങ്ങളെക്കുറിച്ചവർ സംസാരിച്ചു. പാഞ്ഞൊഴുകുന്ന നൈൽ നദി. വിഭവ സമൃദ്ധമായ സദ്യകൾ രുചികരമായ പഴവർഗങ്ങൾ. ഈജിപ്തിലേക്കാണെന്നും പറഞ്ഞ് അവർ രാവിലെ യാത്ര തുടങ്ങും. വൈകുന്നേരം തുടങ്ങിയേടത്തു തന്നെ തിരിച്ചെത്തും. മൂസ (അ) പറഞ്ഞു: ഇനി ഈജിപ്തിലേക്ക് മടക്കമില്ല. അല്ലാഹുﷻ അത് നിരോധിച്ചിരിക്കുന്നു.
സീനാ വനാന്തരങ്ങളിലും മരുഭൂമിയിലും ലക്ഷ്യമില്ലാതെ ചുറ്റിത്തിരിഞ്ഞു.
എത്ര കാലം? നാൽപ്പത് കൊല്ലം. ഹോർ പർവ്വതത്തിലെത്തി. അവിവെച്ച് ഹാറൂൻ (അ) വഫാത്തായി. ഇസ്രാഈല്യർ വിവാദ വിഷയമാക്കി.
ഒരു ദിവസം മൂസ (അ) ഹാറൂൻ നബി (അ)ന്റെ കൂടെ നടക്കുകയായിരുന്നു. ഹാറൂൻ നബി(അ)ന്റെ മരണം അടുത്തിരിക്കുന്നു വെന്ന് മൂസാ(അ)ന് വിവരം ലഭിച്ചു. ഇരുവരും നടക്കുമ്പോൾ ഹൃദ്യമായൊരു പരിമളം അനുഭവപ്പെട്ടു. അവിടെ
ഒരു വൃക്ഷവും ചുവട്ടിൽ ഒരു കട്ടിലും കാണപ്പെട്ടു. ഹാറൂൻ (അ) കട്ടിലിൽ കിടന്നു. ഉടനെ മരണം സംഭവിച്ചു. കട്ടിലും മയ്യിത്തും അപ്രത്യക്ഷമായി.
ആ വിവരം മൂസ (അ)ജനങ്ങളോട് പറഞ്ഞു. അവർ വിശ്വസിച്ചില്ല. മൂസ ഹാറൂനെ കൊല ചെയ്തു. ഇസ്രാഈല്യർ അങ്ങനെ പറഞ്ഞു പരത്തി. മൂസ (അ)അല്ലാഹുﷻവിനോട് ദുആ ചെയ്തു. അല്ലാഹുﷻ ഹാറൂൻ നബിയെ ആ കട്ടിലോടെ പ്രത്യക്ഷപ്പെടുത്തി. ജനങ്ങൾക്കു വിശ്വാസമായി.