ഒരു ദിവസം മൂസ (അ) ഹാറൂൻ നബി (അ) ന്റെ കൂടെ നടക്കുകയായിരുന്നു. ഹാറൂൻ നബി(അ)ന്റെ മരണം അടുത്തിരിക്കുന്നു വെന്ന് മൂസാ(അ)ന് വിവരം ലഭിച്ചു. ഇരുവരും നടക്കുമ്പോൾ ഹൃദ്യമായൊരു പരിമളം അനുഭവപ്പെട്ടു. അവിടെ ഒരു വൃക്ഷവും ചുവട്ടിൽ ഒരു കട്ടിലും കാണപ്പെട്ടു. ഹാറൂൻ (അ) കട്ടിലിൽ കിടന്നു. ഉടനെ മരണം സംഭവിച്ചു. കട്ടിലും മയ്യിത്തും അപ്രത്യക്ഷമായി...
ആ വിവരം മൂസ (അ)ജനങ്ങളോട് പറഞ്ഞു. അവർ വിശ്വസിച്ചില്ല. മൂസ ഹാറൂനെ കൊല ചെയ്തു. ഇസ്രാഈല്യർ അങ്ങനെ പറഞ്ഞു പരത്തി. മൂസ (അ) അല്ലാഹുﷻവിനോട് ദുആ ചെയ്തു. അല്ലാഹുﷻ ഹാറൂൻ നബിയെ ആ കട്ടിലോടെ പ്രത്യക്ഷപ്പെടുത്തി. ജനങ്ങൾക്കു വിശ്വാസമായി...
മറ്റൊരു റിപ്പോർട്ട് ഇങ്ങനെയാകുന്നു: മൂസാ നബിയും ഹാറൂൻ നബിയും ഒന്നിച്ചു യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ ഹാറൂൻ (അ) മരണപ്പെട്ടു. മൂസ (അ) മയ്യിത്ത് സംസ്കരിച്ചു. ഇസ്രാഈല്യരെ സമീപിച്ച് വിവരം പറഞ്ഞു. മൂസ ഹാറൂനെ കൊന്നു കുഴിച്ചുമൂടി ഇതായിരുന്നു അവരുടെ പ്രതികരണം. എല്ലാവരുംകൂടി ഖബറിന്നടുത്തു വന്നു. മൂസ (അ) ദുആ ചെയ്തു. അല്ലാഹുﷻ ഹാറൂൻ (അ)നെ ജീവിപ്പിച്ചു. മൂസ (അ) നിരപരാധിയാണെന്ന് പറഞ്ഞു. വീണ്ടും മരിച്ചു ഖബറടക്കി...
അല്ലാഹുﷻവിന്റെ കൽപ്പന പ്രകാരം ഇസ്രാഈല്യർ സിറിയയിൽ പ്രവേശിച്ചിരുന്നുവെങ്കിൽ ആ രാജ്യം അവർക്ക് ലഭിക്കുമായിരുന്നു. പക്ഷെ അവർ അനുസരണക്കേട് കാണിച്ചു. അതുകാരണം നാൽപ്പത് കൊല്ലത്തേക്ക് അങ്ങോട്ടുള്ള പ്രവേശനം അല്ലാഹു ﷻ തടഞ്ഞു. നാൽപ്പത് വർഷത്തെ അലച്ചിൽ. അത് തുടങ്ങി. ഇരുപതാം വർഷത്തിലാണ് ഹാറൂൻ (അ) മരണപ്പെട്ടതെന്ന് ചില രേഖകളിൽ കാണുന്നു...
അലച്ചിലിന്നിടയിൽ ചില ആശ്വാസങ്ങളൊക്കെ ഇസ്രാഈല്യർക്ക് ലഭിച്ചു. അവർക്ക് മക്കളുണ്ടായി. ധാരാളം വിവാഹങ്ങൾ നടന്നു. മക്കൾക്കു മക്കളുണ്ടായി. അവരുടെ എണ്ണം പെരുകി. ഈജിപ്തിൽ നിന്ന് പോരുമ്പോൾ കൂടെയുണ്ടായിരുന്നവർ മരിച്ചു തീരുകയാണ്. പുതിയ തലമുറ തൗറാത്ത് പഠിക്കുന്നു. ശൗര്യം കാണിക്കുന്നു. അവരെ നയിക്കുന്നത് യൂശഹ് (അ) ആകുന്നു...
യൂസുഫ് നബി (അ )ന്റെ പൗത്രനായ നൂനിന്റെ പുത്രനാണ് യൂശഹ് (അ). യൂശഇന്റെ മാതാവിന്റെ പേര് മർയം. എന്നാകുന്നു മുലകുടിബന്ധത്തിൽ മർയം മൂസാനബി(അ)ന്റെ സഹോദരിയാകുന്നു. നാൽപ്പത് വർഷത്തെ അലച്ചിലിനുശേഷം ഇസ്രാഈല്യരുടെ പുതിയ തലമുറ ഫലസ്തീൻ ജയിച്ചടക്കും. അന്ന് അവരെ നയിക്കുന്നത് യൂശഹ്(അ) ആയിരിക്കും. അദ്ദേഹത്തോടൊപ്പം ഖാലബ് എന്ന മഹാനും. ഖാലൂബ് എന്നും പേര് പറയപ്പെടുന്നു...
മരുഭൂമിയിലെ അലച്ചിൽ തുടങ്ങിയിട്ട് മുപ്പത്തിമൂന്ന് വർഷങ്ങളായി. മൂസ (അ)ന് ചില വിവരങ്ങൾ കിട്ടി. തന്റെ കാലം അവസാനിക്കുകയാണ്. തൗറാത്ത് പകർത്തിയെഴുതണം. പന്ത്രണ്ട് കോപ്പികൾ വേണം. പന്ത്രണ്ട് കോപ്പികളും മൂലകൃതിയോട് ഒത്തുനോക്കണം. ഒരു പുള്ളിക്കുപോലും വ്യത്യാസം പാടില്ല. തൗറാത്തിനെക്കുറിച്ച് വിശുദ്ധ ഖുർആൻ അൻആം സൂറത്തിൽ ഇങ്ങനെ പറയുന്നു:
"നന്മ പ്രവർത്തിച്ചവർക്ക് (അനുഗ്രഹത്തിന്റെ) പൂർത്തീകരണമായി മൂസാക്ക് നാം വേദഗ്രന്ഥം നൽകി. എല്ലാ കാര്യത്തിനും വിശദീകരണവും മാർഗദർശനവും കാരുണ്യവുമായിക്കൊണ്ട് അവർ തന്റെ റബ്ബുമായി കണ്ടുമുട്ടുന്നതിൽ വിശ്വസിച്ചേക്കാം." (6:154)
സൂറത്ത് മാഇദയിൽ ഇങ്ങനെ കാണാം: "നിശ്ചയമായും നാം തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നു. അതിൽ മാർഗദർശനവും പ്രകാശവുമുണ്ട്. യഹൂദന്മാർക്ക് പ്രവാചകന്മാർ അത് പ്രകാരം വിധി നടപ്പാക്കിക്കൊടുത്തിരുന്നു. റബ്ബാനികളും (പുണ്യ പുരുഷ്യന്മാർ) പണ്ഡിതന്മാരും തൗറാത്ത് അനുസരിച്ച് വിധി നടപ്പാക്കിവന്നു...
അവർ അല്ലാഹുﷻവിന്റെ ഗ്രന്ഥം സൂക്ഷിക്കാൻ ഏൽപിക്കപ്പെട്ടവരും അതിന് സാക്ഷ്യം വഹിക്കുന്നവരുമാകുന്നു. എന്നതുകൊണ്ട് നിങ്ങൾ മനുഷ്യരെ പേടിക്കരുത്. എന്നെ പേടിക്കുക. എന്റെ ആയത്തുകൾ (വചനങ്ങൾ)ക്ക് നിങ്ങൾ തുച്ഛമായ വില വാങ്ങരുത്. ആര് അല്ലാഹുﷻ അവതരിപ്പിച്ചത് പ്രകാരം വിധിക്കുന്നില്ലയോ അക്കൂട്ടർ തന്നെയാണ് കാഫിറുകൾ. (വിശ്വാസമില്ലാത്തവർ)." (5:44)
"അവരുടെ (യഹൂദന്മാരുടെ മേൽ അതിൽ (തൗറാത്തിൽ )നാം നിയമമാക്കുകയും ചെയ്തിരിക്കുന്നു. ജീവന് ജീവനും, കണ്ണിനു കണ്ണും, മൂക്കിന് മൂക്കും, ചെവിക്കു ചെവിയും, പല്ലിനു പല്ലും, മുറിവിനു മുറിവും പ്രതികാര നടപടിയാകുന്നു. ആരെങ്കിലും പ്രതികാര നടപടിയെ ധർമ്മമാക്കി (മാപ്പാക്കി) യാൽ അതവന് പ്രായശ്ചിത്തമാകുന്നു. ആര് അല്ലാഹു അവതരിപ്പിച്ചത് പ്രകാരം വിധിക്കുന്നില്ലയോ അക്കൂട്ടർ തന്നെയാണ് അക്രമികൾ." (5:45)
ഇസ്രാഈല്യരുടെ ശരീഅത്തും അന്ത്യപ്രവാചകരുടെ ശരീഅത്തും തമ്മിൽ എന്തുമാത്രം ബന്ധമുണ്ടെന്ന് ചിന്തിച്ചു നോക്കൂ. യഹൂദർ പിൽക്കാലത്ത് അവരുടെ ശരീഅത്തിനെ വികലമാക്കിക്കളഞ്ഞു. മരുഭൂമിയിലേക്കു പുറപ്പെടുമ്പോൾ കൂടെപ്പോന്ന എല്ലാവരും മരണപ്പെട്ടു. രണ്ടാളൊഴികെ. യൂശഹ് (അ) കാലബ് (റ) എന്നിവർ പിന്നെയും കുറെക്കാലം ജീവിച്ചു...
മൂസ (അ) സ്വന്തം കൈകൊണ്ട് തൗറാത്തിന്റെ കോപ്പി
എഴുതി ജനങ്ങളെ വായിച്ചു കേൾപ്പിച്ചു. അതിലെ നിയമങ്ങൾ അനുസരിക്കാൻ ഉപദേശിച്ചു. ചില പണ്ഡിതന്മാരും തൗറാത്തിന്റെ കോപ്പികൾ എഴുതി. എല്ലാം ഒത്തുനോക്കി ബോധ്യപ്പെട്ടു. പന്ത്രണ്ട് കോപ്പി പന്ത്രണ്ട് ഗോത്രക്കാരെ ഏൽപിച്ചു...
മൂസ (അ) യൂശഇനെ തന്റെ പ്രതിനിധിയായി നിയോഗിച്ചു. മൂസ (അ) അബാരീം പർവ്വതത്തിൽ കയറി. അതിന്റെ ഭാഗമായി ഉയർന്നു നിൽക്കുന്ന നെബോമല കയറി. വാഗ്ദാനം ചെയ്യപ്പെട്ട രാജ്യം ആ മലയിൽ നിന്ന് നോക്കിക്കണ്ടു. തനിക്ക് ശേഷം ഇസ്രാഈല്യർ ആ രാജ്യം കീഴ്പ്പെടുത്തും. ശക്തമായ യുദ്ധങ്ങൾ വേണ്ടിവരും. യൂശഹ് യുദ്ധം നയിക്കും. വിജയം വരിക്കും...
ചരിത്രം പിന്നെയുമൊഴുകും. പ്രവാചകന്മാർ ഇനിയും വരും. സത്യവിശ്വാസികൾ ഇനിയുമിനിയും വർദ്ധിക്കും. ഭൂമിയിൽ തനിക്കനുവദിക്കപ്പെട്ട പുരുഷായുസ്സ് അവസാനിച്ചു. അസ്റാഈൽ (അ) വന്നു കുറെ നേരം സംഭാഷണം നടന്നു. ശാന്തത പ്രാപിച്ച ആത്മാവ് അത് പറന്നകന്നു. അല്ലാഹുﷻവിങ്കലേക്ക്. നിത്യമായ ശാന്തതയിലേക്ക്...
കലീമുല്ലാഹി മൂസ (അ)ന്റെ മയ്യിത്ത് ആദരവോടെ ഖബറടക്കപ്പെട്ടു. മയ്യിത്ത് ഖബറടക്കപ്പെട്ട് അനുഗ്രഹീതമായി തീർന്ന കുന്നിന്റെ താഴ് വരയിൽ നിന്ന് ദിക്റിന്റെ ശബ്ദമുയർന്നു. "ലാഇലാഹ ഇല്ലല്ലാഹ് മൂസാ കലീമുല്ലാഹ്"
മൂസാ നബി (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ☝️
മൂസാ നബി (അ)നും മറ്റു
ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 മൂസാ നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】