Thursday - 23 April, 2026 5-Dhu al-Qadah-1447

നീരുറവകൾ

   ഇസ്രാഈലി സന്തതികൾ പന്ത്രണ്ട് ഗോത്രക്കാരായിരുന്നു. മരുഭൂമിയിൽ താമസിക്കുന്ന കാലത്ത് അവർക്ക് ജലക്ഷാമം അനുഭവപ്പെട്ടു. ഉടനെയവർ മൂസ (അ) നെ കാണാനെത്തി. അല്ലാഹുﷻവിനോട് വെള്ളം ചോദിക്കാനാവശ്യപ്പെട്ടു.  


 മൂസ (അ) പ്രാർത്ഥിച്ചു. അല്ലാഹു ﷻ ഇങ്ങനെ കൽപ്പിച്ചു. പാറയിൽ  നിന്റെ വടികൊണ്ടടിക്കുക. ഫിർഔനിന്റെ മുമ്പിൽ പാമ്പായി മാറിയ വടി. ചെങ്കടലിൽ അടിച്ചപ്പോൾ കടൽ പിളർത്തിയ വടി. ആ വടി ഉയർന്നു. മൂസ (അ) പാറയിൽ ശക്തിയായി അടിച്ചു. അത്ഭുതം പാറയിൽ നിന്ന് പന്ത്രണ്ട് ഉറവകൾ പൊട്ടിയൊഴുകി. 


 ഓരോ ഗോത്രത്തിനും ഓരോ അരുവിതന്നെ കിട്ടി. എത്ര സൗകര്യമായി. ഈ അരുവികൾ ഉയൂനുമൂസ (മൂസാ നബിയുടെ അരുവികൾ) എന്ന പേരിൽ അറിയപ്പെട്ടു. അവയിൽ ചിലത് ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു...


 സൂറത്തുൽ ബഖറയിൽ ഇങ്ങനെ കാണാം : "മൂസ തന്റെ ജനതയ്ക്കുവേണ്ടി (കുടിക്കുവാൻ) വെള്ളത്തിനപേക്ഷിച്ച സന്ദർഭം (ഓർക്കുക)  അപ്പോൾ നാം പറഞ്ഞു:  നിന്റെ വടികൊണ്ട് ആ  പറക്കല്ലിന് അടിക്കുക. അപ്പോൾ അതിൽ നിന്ന് പന്ത്രണ്ട് നീരുറവകൾ (പൊട്ടി) ഒഴുകി. എല്ലാ മനുഷ്യരും അവരവർ കുടിക്കേണ്ട സ്ഥാനം അറിയുകയുണ്ടായി. അല്ലാഹുﷻവിന്റെ വക ആഹാരത്തിൽ നിന്ന് നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുവീൻ..! നാശകാരികളായിക്കൊണ്ട് നിങ്ങൾ ഭൂമിയിൽ കുഴപ്പം പ്രവർത്തിക്കുകയും അരുത്." (2:60) 


 ഇസ്രാഈലികളുടെ മറ്റൊരു ധിക്കാരം കാണുക. ഞങ്ങൾക്ക് ഒരേ രീതിയിലുള്ള ഭക്ഷണം പോര ചീര, വെള്ളരി, ഗോതമ്പ്, പയർ, ഉള്ളി മുതലായവ വേണം. ഉയർന്ന തരത്തിലുള്ള ആഹാരമാണ് അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. താഴ്ന്ന തരത്തിലുള്ളതാണ് അവർ ആവശ്യപ്പെടുന്നത്. ഇങ്ങനെ നിരവധി കാര്യങ്ങൾ പറഞ്ഞ് മൂസ (അ) നെ ആ ജനത ബുദ്ധിമുട്ടിക്കാൻ തുടങ്ങി...  


 വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കൂ... "ഇസ്രാഈൽ സന്തതികളേ! നിങ്ങൾ പറഞ്ഞ സന്ദർഭം (ഓർക്കുക)  മൂസാ ഒരേ (തരം) ഭക്ഷണത്തിലായിക്കൊണ്ട് ഞങ്ങൾ സഹിക്കുകയില്ലതന്നെ. അതിനാൽ താങ്കൾ താങ്കളുടെ റബ്ബിനോട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം. ഭൂമിയിലെ ചീര, വെള്ളരി, ഗോതമ്പ്, പയർ, ഉള്ളി മുതലായ അത് മുളപ്പിച്ചുണ്ടാക്കുന്നവയിൽ നിന്ന് അവൻ ഞങ്ങൾക്ക് ഉൽപാദിപ്പിച്ചു തരട്ടെ. അദ്ദേഹം പറഞ്ഞു : കൂടുതൽ ഉത്തമമായുള്ളതിന് പകരം നിങ്ങൾ താഴ്ന്നതായുള്ളതിനെ ആവശ്യപ്പെടുകയാണോ?"


 എന്നാൽ നിങ്ങൾ ഒരു പട്ടണത്തിൽ ഇറങ്ങിക്കൊള്ളുക. അപ്പോൾ നിങ്ങൾ ചോദിച്ചത് നിങ്ങൾക്ക് അവിടെ ഉണ്ടായിരിക്കും. നീന്ദ്യതയും നിർഗതിയും അവരുടെ മേൽ അടിക്കപ്പെട്ടു. അല്ലാഹുﷻവിന്റെ പക്കൽ നിന്നുള്ള കോപവുംകൊണ്ട് അവർ മടങ്ങുകയും ചെയ്തു. അത് അല്ലാഹുﷻവിന്റെ  ആയത്തുകളിൽ (ദൃഷ്ടാന്തങ്ങളിൽ) അവർ വിശ്വസിക്കാതിരിക്കുകയും ന്യായമില്ലാതെ നബിമാരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നത് നിമിത്തമാകുന്നു. (അതെ) അത് അവർ അനുസരണക്കേട് കാണിച്ചതും അവർ അതിക്രമം പ്രവർത്തിച്ചതും നിമിത്തമാകുന്നു." (2:61)


 ഇസ്രാഈലികളുടെ അതിക്രമവും സത്യനിഷേധവും മൂസ (അ) ന്റെ കാലത്ത് തന്നെ തുടങ്ങി. പിന്നെയത് വളർന്നു. പിൽക്കാലത്ത് നബിമാരെ വധിക്കുകവരെ ചെയ്തു. അങ്ങനെയവർ അല്ലാഹുﷻവിന്റെ ശാപം ഏറ്റുവാങ്ങി...


 മൂസ (അ) നോട് ദുശ്ശാഠ്യം കാണിച്ച  ജനതയെ അല്ലാഹു ﷻ ഭയപ്പെടുത്തി. ത്വൂർ പർവ്വതത്തെ അവരുടെ മേൽ ഉയർത്തി കാണിച്ചു. പർവ്വതം തങ്ങളുടെ മേൽ വീഴുമെന്നവർ ഭയന്നു. തൗറാത്ത് അനുസരിച്ചു ജിവിച്ചുകൊള്ളാമെന്നവർ ഉറപ്പു നൽകി... 


 വിശുദ്ധ ഖുർആൻ പറയുന്നു: "(നിങ്ങളോട്) നിങ്ങളുടെ ഉറപ്പ് നാം വാങ്ങുകയും നിങ്ങളുടെ മീതെ ത്വൂർ പർവ്വതം നാം ഉയർത്തുകയും ചെയ്ത സന്ദർഭം (ഓർക്കുക) നിങ്ങൾക്ക് നാം നൽകിയതിനെ നിങ്ങൾ ബലത്തോടെ എടുത്ത് (സ്വീകരിച്ചു)  കൊള്ളുവീൻ. അതിലുള്ളതിനെ നിങ്ങൾ ഓർമ്മിക്കുകയും ചെയ്യുവീൻ. നിങ്ങൾ സൂക്ഷമതയുള്ളവരായേക്കാം." (2:63)


 ഇസ്രാഈല്യർ വലിയ ദൃഷ്ടാന്തങ്ങൾ കണ്ടു. പലവിധ അനുഭവങ്ങൾ ആസ്വദിച്ചു. എന്നിട്ടുമവർ തിരിഞ്ഞുകളഞ്ഞു. നന്ദികേടും, ധിക്കാരവും, ദുശ്ശാഠ്യവും തുടർന്നു...