Wednesday - 22 April, 2026 4-Dhu al-Qadah-1447

രക്തസാക്ഷികൾ (2)

   മുഹ്മിനീങ്ങൾ അനുഭവിച്ച ശിക്ഷ അതി കഠിനമായിരുന്നു. ജനങ്ങൾക്കത് പാഠമായിരിക്കണമെന്ന് ഫിർഔൻ നിശ്ചയിച്ചു. ഇനിയൊരാൾക്കും മൂസായിൽ വിശ്വസിക്കാൻ ധൈര്യം ഉണ്ടാവരുത്. അതുകൊണ്ടാണ് ഇത്രയും കടുത്ത ശിക്ഷ വിധിച്ചത്.  ശിക്ഷ വിധിച്ചപ്പോൾ അവർ പിന്തിയരിയുമെന്ന് ഫിർഔൻ കരുതി. അതുണ്ടായില്ല. ശിക്ഷ കേട്ടപ്പോൾ അവരുടെ ഈമാൻ വർദ്ധിക്കുകയാണ് ചെയ്തത്. ആ ഘട്ടത്തിൽ അവർ ചെയ്ത ദുആ എത്ര ഹൃദയസ്പർശിയാണെന്ന് നോക്കൂ... ശിക്ഷ ഏറ്റുവാങ്ങാൻ മനോധൈര്യം നൽകണേയെന്നായിരുന്നു പ്രാർത്ഥന...


 സൂറത്ത് അഹ്റാഫിൽ പറയുന്നു; "ജാലവിദ്യക്കാർ സാഷ്ടാംഗം നമസ്കരിക്കുന്നവരായി വീഴ്ത്തപ്പെടുകയും ചെയ്തു."  (7:120)


"അവർ പറഞ്ഞു:  ഞങ്ങൾ സർവ്വലോക രക്ഷിതാവിൽ വിശ്വസിച്ചു."  (7:121)


"മൂസായുടെയും ഹാറൂന്റെയും റബ്ബിൽ." (7:122)


"ഫിർഔൻ പറഞ്ഞു:  നിങ്ങൾക്ക് ഞാൻ സമ്മതം നൽകുന്നതിന് മുമ്പ് നിങ്ങൾ അവനിൽ വിശ്വസിച്ചുവോ? നിശ്ചയമായും ഇത് നിങ്ങൾ നഗരത്തിൽ വെച്ച് നടത്തിയ ഒരു ഗൂഢ തന്ത്രമാണ്. അതിലെ ആൾക്കാരെ അതിൽ നിന്ന് പുറത്താക്കുവാനായി. അതിനാൽ വഴിയെ നിങ്ങൾക്കറിയാം (അതിന്റെ ഭവിഷ്യത്ത് ഉടനെ നിങ്ങളനുഭവിക്കും)." (7:123)


"നിങ്ങളുടെ കൈകളും കാലുകളും (ഒന്നൊന്നിന്റെ) എതിരിൽ ഞാൻ മുറിച്ചു കളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവനും ഞാൻ ക്രൂശിക്കുക തന്നെ ചെയ്യും."  (7:124)


"അവർ പറഞ്ഞു;  ഞങ്ങൾ ഞങ്ങളുടെ റബ്ബിലേക്ക് തിരിച്ചെത്തുന്നവരാണ്." (7:125)


"ഞങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങൾ ഞങ്ങൾക്കു വന്നപ്പോൾ ഞങ്ങൾ അതിൽ വിശ്വസിച്ചതിനല്ലാതെ (മറ്റൊന്നിനും) ഞങ്ങളെ നീ കുറ്റപ്പെടുത്തുന്നില്ലതാനും. (അവർ പ്രാർത്ഥിച്ചു) ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മേൽ  നീ ക്ഷമ ഒഴിച്ചു തരേണമേ! ഞങ്ങളെ മുസ്ലിംകളായി മരിപ്പിക്കുകയും ചെയ്യേണമേ!" (7:126)


"ഫിർഔനിന്റെ കുടെയുള്ള പ്രധാനികൾ പറയുകയും ചെയ്തു മൂസയെയും അവന്റെ ജനങ്ങളെയും ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാനും അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും അവൻ വിട്ടുകളയുവാനും അങ്ങ് ഒഴിച്ചുവിടുകയോ? (അതിനൊരു പരിഹാരമുണ്ടാകുകതന്നെ വേണം) അവൻ (ഫിർഔൻ) പറഞ്ഞു:  അവരുടെ ആൺമക്കളെ നാം കൊന്നൊടുക്കുകയും അവരുടെ സ്ത്രീകളെ ബാക്കിയാക്കി ജീവിക്കാൻ വിടുകയും ചെയ്തു. കൊള്ളാം നാം അവരുടെ മേൽ സർവ്വാധിപത്യം നടത്തുന്നതുമാണ്. (7:127)


"മൂസ തന്റെ ജനങ്ങളോട് പറഞ്ഞു: നിങ്ങൾ അല്ലാഹുﷻവിനോട് സഹായമർത്ഥിക്കുകയും ക്ഷമിക്കുകയും ചെയ്യുവീൻ..! നിശ്ചയമായും ഭൂമി അല്ലാഹുﷻവിന്റേതാകുന്നു. അവന്റെ അടിയന്മാരിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അതിനെ അവകാശിപ്പെടുത്തിക്കൊടുക്കുന്നു.  പര്യവസാനമാവട്ടെ സൂക്ഷ്മത പാലിക്കുന്നവർക്ക് (ഗുണകരം) ആയിരിക്കും." (7:128)


 ഇനി ഇസ്രാഈല്യർ പറയുന്നതെന്താണെന്ന് നോക്കാം. ഖുർആൻ പറയുന്നു: "അവർ പറഞ്ഞു;  താങ്കൾ ഞങ്ങളിൽ റസൂലായി വരുന്നതിന് മുമ്പും താങ്കൾ ഞങ്ങളിൽ വന്നതിന് ശേഷവും ഞങ്ങൾ ഉപദ്രവിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം (മൂസ) പറഞ്ഞു:  നിങ്ങളുടെ റബ്ബ് നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും (തൽസ്ഥാനത്ത്) ഭൂമിയിൽ നിങ്ങളെ പകരമാക്കുകയും ചെയ്തേക്കാം. എന്നിട്ട് നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവൻ നോക്കുകയും ചെയ്തേക്കാം." (7:129)


 മർദ്ദനം ശക്തിപ്പെട്ടു. മൂസാ (അ)  ഹറൂൻ (അ) എന്നിവർ ഇസ്ലാം മതത്തിലേക്ക് ജനങ്ങളെ പരസ്യമായി ക്ഷണിക്കുകയും ചെയ്തുകൊണ്ടിരുന്നു. അല്ലാഹു ﷻ ഈജിപ്തിൽ ക്ഷാമം ഇറക്കി. ധാന്യം കുറഞ്ഞു ഫലവർഗങ്ങൾ ഇല്ലാതായി. എന്നിട്ടുമവർ വിശ്വസിച്ചില്ല. വർഷങ്ങളോളം നീണ്ടുനിന്ന വറുതിയെക്കുറിച്ചു വിശുദ്ധ ഖുർആൻ പറയുന്നു: 


"ഫിർഔനിന്റെ കൂട്ടരെ (വറുതി പിടിച്ച) കൊല്ലങ്ങളും ഫലവർഗ്ഗങ്ങളുടെ കുറവും കൊണ്ട് നാം പിടികൂടുകയുണ്ടായി. അവർ ഓർമ്മവെക്കുവാൻ വേണ്ടി."  (7:130)


"എന്നാൽ അവർക്കു വല്ല നന്മയും വന്നാൽ അവർ പറയും : ഇത് നമുക്കു കിട്ടേണ്ടത് തന്നെയാണ്. വല്ല തിന്മയും ബാധിച്ചാൽ അവർ മൂസയെയും കൂടെയുള്ളവരെയും ദുശ്ശകുനമാക്കും.  

അറിയുക അവരുടെ ശകുനപ്പിഴ അല്ലാഹുﷻവിങ്കൽ തന്നെയാകുന്നു. എങ്കിലും അധികപേരും അറിയുന്നില്ല." (7:131)


"അവർ (ഫിർഔനിന്റെ ആളുകൾ) പറഞ്ഞു:  (മൂസാ ...) നീ എന്ത് ദൃഷ്ടാന്തവുമായി ഞങ്ങളെ വശീകരിക്കാൻ വന്നാലും ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയില്ല." (7:132)


ഫിർഔനിന്റെ ധിക്കാരം അതിര് കടക്കുകയാണ്. നിരപരാധികളെ കുരിശിൽ തറച്ചുകൊല്ലാൻ തുടങ്ങി...