നാല് നിരപരാധികളെ ക്രൂരമായി കൊന്നപ്പോൾ മൂസ (അ) വല്ലാതെ ദുഃഖിച്ചു. ആ രക്തസാക്ഷികൾക്കുവേണ്ടി പ്രാർത്ഥിച്ചു. അവർ ആരൊക്കെയായിരുന്നു..?
ഫിർഔനിന്റെ പുത്രിയുടെ പരിചാരിക. രഹസ്യമായി ഇസ്ലാം മതം വശ്വസിച്ചു. രാജകുമാരിയുടെ മുടി ചീകിക്കൊണ്ടിരിക്കുകയായിരുന്നു പരിചാരിക. ചീർപ്പ് താഴെ വീണു. പരിചാരിക ബിസ്മില്ലാഹി..... ചൊല്ലിക്കൊണ്ട് ചീർപ്പെടുത്തു.
രാജകുമാരിക്ക് കോപം വന്നു. "നീ മൂസായുടെ മതത്തിൽ വിശ്വസിച്ചുവോ? എന്റെ പിതാവാണ് റബ്ബ്. പിന്നെയേതാണ് നീ വിളിച്ച അല്ലാഹു..?"
"നാമെല്ലാവരുടെയും രക്ഷിതാവായ അല്ലാഹുﷻ"
"എടീ.... നിന്നെ ഞാൻ ശരിയാക്കിത്തരാം." പരിചാരികയുടെ മുഖത്തടിച്ചു. വല്ലാത്ത വേദന. മകൾ ഫിർഔനിനെ വിവരമറിയിച്ചു. ഫിർഔൻ കോപത്തോടെ വന്നു. പരിചാരികയെയും മക്കളെയും വരുത്തി...
"മൂസായുടെ മതത്തിൽ നിന്ന് പിന്മാറണം അല്ലെങ്കിൽ നിന്നെയും മക്കളെയും അഗ്നിയിലിട്ട് കൊല്ലും എന്ത് പറയുന്നു?"
"ഞാൻ പിന്മാറില്ല."
"നിന്റെ കൺമുമ്പിൽ വെച്ച് നിന്റെ മക്കളെ ഓരോരുത്തരെയായി തീയിലിട്ട് കരിക്കും. അവസാനം നിന്നെയും തീയിലിടും. മര്യാദക്ക് മൂസയിൽ നിന്ന് പിന്മാറിക്കോ..?"
"അല്ലാഹുവേ..! ഞാനൊരു സ്ത്രീയാണ് അബലയാണ്. എന്റെ ഈമാൻ രക്ഷിക്കണേ! എന്റെ മനസ്സിന് കരുത്ത് തരേണമേ! ഓരോ മക്കളെയായി തീയിലെറിയുമ്പോൾ മനസ്സ് പതറിപ്പോവരുതേ എന്റെ റബ്ബേ എന്നെയും മക്കളെയും രക്തസാക്ഷികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ..!"
മുഹ്മിനത്തായ ഒരു സഹോദരിയുടെ ത്യാഗം. വമ്പിച്ച അഗ്നികുണ്ഠം തയ്യാറായി. മൂത്ത കുട്ടിയെ പിടിച്ചു കെട്ടി.
"എടീ.... ഈ കുട്ടിയെ അഗ്നിയിലെറിയുകയാണ് നീ മൂസായുടെ മതത്തിൽ നിന്ന് മാറാൻ തയ്യാറുണ്ടോ?"
"തയ്യാറല്ല"
മൂത്ത കുട്ടിയെ അഗ്നിയിലെറിഞ്ഞു. ഇളം മേനി കത്തിക്കരിഞ്ഞു. അടുത്ത കുട്ടിയെ പിടിച്ചു കെട്ടി. ചോദ്യം ആവർത്തിച്ചു. അതേ മറുപടി. ആ കുട്ടിയും എറിയപ്പെട്ടു. ഓരോ കുട്ടികൾ നഷ്ടപ്പെട്ടു. അവസാനം മുലകുടി പ്രായത്തിലുള്ള കുട്ടിയെ പിടിച്ചു. കരൾ പിടഞ്ഞുപോയി ശരീരം തളർന്നു. അപ്പോൾ ഇളം പൈതൽ സംസാരിച്ചു.
"ഉമ്മാ...... ധൈര്യമായിരിക്കൂ..! വീര രക്തസാക്ഷിയാവൂ." ഇളം പൈതൽ തീയിൽ എറിയപ്പെട്ടു...
ഒടുവിൽ പരിചാരികയെ പിടിച്ചുകെട്ടി...
അല്ലാഹ്.....അല്ലാ.....ഹ് ലാഇലാഹ ഇല്ലല്ലാഹ് ....മൂസാ.....കലീമുല്ലാഹ്.....
പരിചാരിക വീര രക്തസാക്ഷിയായി...
മിഅ്‌റാജ് യാത്രയിൽ നബി ﷺ തങ്ങൾക്ക് വല്ലാത്തൊരു സുഗന്ധം അനുഭവപ്പെട്ടു. അപ്പോൾ ജിബ്രീൽ (അ) എന്ന മലക്കിനോട് അതെന്താണെന്ന് ചോദിച്ചു. ജിബ്രീൽ (അ) ഇങ്ങനെ മറുപടി നൽകി.
"ഫിർഔനിന്റെ കൊട്ടാരത്തിലെ പരിചാരികയുടെയും മക്കളുടെയും ശരീരത്തിൽ നിന്നുള്ള സുഗന്ധമാണത്."
ഫിർഔൻ ക്രൂരമായി കുരുശിൽ തറച്ചുകൊന്ന ഒരു വൃദ്ധനെ ചരിത്രം അതിശയത്തോടെ ഓർക്കുന്നു. വൃദ്ധനെ കലത്തിലടച്ചു തീയിട്ട് കൊന്നുവെന്നും അഭിപ്രായമുണ്ട്...
ഒരിക്കൽ മൂസ(അ)ന് അല്ലാഹുﷻവിൽ നിന്നൊരു സന്ദേശം കിട്ടി. പട്ടണത്തിൽ ഒരു ഭാഗത്ത് ഒരു വൃദ്ധൻ താമസിക്കുന്നു. അയാളെ സത്യമാർഗത്തിലേക്ക് ക്ഷണിക്കുക. അയാൾ എതിർക്കും വീണ്ടും ക്ഷണിക്കുക. അയാളുടെ വീട്ടുപടിക്കൽ ഒരു നിധിയുണ്ട് അത് കാണിച്ചുകൊടുക്കുക...
മൂസ (അ) ആ വീട്ടിലെത്തി. വൃദ്ധനെ കണ്ടു. ഇസ്ലാമിലേക്ക് ക്ഷണിച്ചു. വൃദ്ധൻ കോപത്തോടെ സംസാരിച്ചു.
"നീ മായാജാലക്കാരനാണ്. നിന്നെയെനിക്ക് കാണേണ്ട. ഞാൻ ഫിർഔനെ ആരാധിക്കും. നിന്റെ റബ്ബിനെ എനിക്കു വേണ്ട."
"ഫിർഔനിനെ ആരാധിച്ചിട്ട് നിങ്ങൾക്കെന്ത് കിട്ടി?"
"സുഖകരമായി ജീവിക്കാനുള്ള ധനം കിട്ടുന്നുണ്ട്."
"അതിനേക്കാൾ മികച്ചത് എന്റെ റബ്ബ് തരും. നിധി തന്നെ"
"എവിടെ നിധി..?"
"നിങ്ങളുടെ പടിക്കൽ തന്നെയുണ്ട്."
വൃദ്ധൻ മകന്റെ സഹായത്തോടെ കുഴിച്ചു. നിധി കിട്ടി. വൃദ്ധൻ മൂസ (അ)യിൽ വിശ്വസിച്ചു. വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു . തെരുവുകളിലൂടെ ഓടിക്കൊണ്ടദ്ദേഹം വിളിച്ചു പറഞ്ഞു:
"ലാ ഇലാഹ ഇല്ലല്ലാഹ് ..... മൂസാ കലീമുല്ലാഹ്...."
ഫിർഔൻ പിടികൂടി ചോദ്യം ചെയ്തു. പീഡിപ്പിച്ചു. മൂന്നു തവണ ജയിലിൽ അടച്ചു. മൂന്നു തവണയും രക്ഷപ്പെട്ടു. അദ്ദേഹം മൂസ (അ) നോടപേക്ഷിച്ചു. അല്ലാഹുﷻവിന്റെ റസൂലേ എനിക്ക് രക്തസാക്ഷിയാവണം.
നാലാം തവണ ജയിലിൽ അടച്ചു പിന്നെ വധിക്കപ്പെട്ടു...
ഫിർഔനിന്റെ കീഴിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഒരുന്നത ഉദ്യോഗസ്ഥന്റെ മനസ്സിൽ സത്യവിശ്വാസത്തിന്റെ പ്രകാശം പരന്നു. അദ്ദേഹം ഉന്നതന്മാർക്കിടയിൽ ഇങ്ങനെ പ്രഖ്യാപിച്ചു. "അല്ലാഹു ﷻ ഏകനാകുന്നു. മൂസ അവന്റെ റസൂലാകുന്നു. അത് സത്യമാണ്. ഞാനത് സാക്ഷ്യം വഹിക്കുന്നു" അദ്ദേഹം പിടിക്കപ്പെട്ടു. പീഢിപ്പിക്കപ്പെട്ടു. വധിക്കപ്പെട്ടു. വീര രക്തസാക്ഷിയായി...
ഫിർഔനിന്റെ ഭാര്യ ആസിയ (റ) അവർ അല്ലാഹുﷻവിൽ വിശ്വസിച്ചു. മൂസ (അ) റസൂലാണെന്ന് വിശ്വസിച്ചു. ഭർത്താവിനെ സ്നേഹപൂർവ്വം ഉപദേശിച്ചു.
"അങ്ങേക്ക് ഇനിയും സത്യം ബോധ്യപ്പെ
ട്ടില്ലേ. മൂസ റസൂലാണ്. അങ്ങ് വിശ്വസിക്കൂ. അല്ലാഹുﷻവിനെ അനുസരിച്ചു ജീവിക്കൂ. നിങ്ങളെ വഴി തെറ്റിക്കുന്നത് മന്ത്രിമാരാണ്. പ്രത്യേകിച്ച് ഹാമാൻ. അവൻ ദുഷ്ടനാണ്. അവൻ പറയുന്നത് കേൾക്കരുത്. അങ്ങ് മുസ്ലിമാവൂ..."
ഫിർഔൻ കോപത്തോടെ അലറി.
"നീ എന്റെ ഭാര്യയാണ്. നീ എന്നെ അനുസരിക്കണം. എന്റെ ശത്രുവായ മൂസ പറയുന്നത് അനുസരിക്കരുത്. നീയെന്നെ ധിക്കരിച്ചാൽ നിന്നെ ആണി തറച്ചു കൊല്ലും. നോക്കിക്കോ "
"ഞാൻ സർവ്വശക്തനായ അല്ലാഹുﷻവിനെ മാത്രം അനുസരിക്കും. അവന്റെ ശത്രുക്കളെ അനുസരിക്കില്ല."
"വേദന നിറഞ്ഞ മരണം നിന്നെ കാത്തിരിക്കുന്നു."
"അല്ലാഹുവേ എന്റെ മനസ്സിനു കരുത്ത് തരൂ. പതറിപ്പോവാതെ ഈമാൻ തരൂ. എന്നെ രക്തസാക്ഷികളിൽ പെടുത്തി അനുഗ്രഹിക്കൂ..."
ഫിർഔൻ കോപിഷ്ഠനായിമാറി. പലകകൊണ്ടുവന്നു. ആണികളും ചമ്മട്ടിയും കൊണ്ടുവന്നു. ആസിയ ബിവിയുടെ ശരീരം പലകയിൽ കിടത്തി കാലുകളിൽ ആണിയടിച്ചുകയറ്റി. പിന്നെ കൈകളിൽ ആണിയടിച്ചു രക്തം ചീറ്റി. പലക ചെമപ്പു നിറമായി. പലക പൊള്ളുന്ന വെയിലിലിട്ടു. നെഞ്ചിൽ വലിയ ആണി അടിച്ചുകയറ്റി...
"അല്ലാഹ് .....അല്ലാഹ് .....
ലാഇലാഹ ....ഇല്ലല്ലാഹ്.....
മൂസാ കലീമുല്ലാ.....ഹ്....."
ജിബ്രീൽ (അ) ഇറങ്ങിവന്നു. പിന്നെ അനുഗ്രഹത്തിന്റെ മലക്കുകൾ. സ്വർഗം കൺമുമ്പിൽ കാണുന്നു. തളർന്ന ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. ആത്മാവ് പറന്നകന്നുപോയി...
ഇസ്ലാം മതം വിശ്വസിച്ചവരുടെ ആത്മവീര്യം തകർക്കാനാണ് ഫിർഔനും കിങ്കരന്മാരും ഇതെല്ലാം ചെയ്തത്.
ഇസ്ലാം ശക്തിപ്പെട്ടതേയുള്ളൂ. മുസ്ലിംകളുടെ ആത്മവീര്യം കൂടി. ഖിബ്തികളുടെ കൂട്ടത്തിൽ നിന്ന് എഴുപത് കുടുംബങ്ങൾ ഇസ്ലാം മതം വിശ്വസിച്ചു. ഇത് ഫിർഔനിന്റെ രോഷം വർദ്ധിപ്പിച്ചു. അവന്റെ അട്ടഹാസം കൊട്ടാരത്തിൽ പ്രതിധ്വനിച്ചു...