Wednesday - 22 April, 2026 4-Dhu al-Qadah-1447

രക്തസാക്ഷികൾ (1)

   മത്സരം തുടങ്ങുന്നതിന് മുമ്പുതന്നെ മൂസ (അ) ആഭിചാരക സമൂഹത്തോട് വളരെ ഗൗരവത്തിൽ പ്രസംഗിച്ചിരുന്നു. സൂറത്ത് ത്വാഹായിൽ നിന്ന് നമുക്കത് മനസ്സിലാക്കാം... 


 "മൂസാ (അ) അവരോട് പറഞ്ഞു: നിങ്ങൾക്ക് നാശം. നിങ്ങൾ അല്ലാഹുﷻവിന്റെ പേരിൽ വ്യാജം കെട്ടിച്ചമച്ചുണ്ടാക്കരുത്. അവൻ വല്ല ശിക്ഷയുംകൊണ്ട് നിങ്ങളെ ഉന്മൂലനം ചെയ്തുകളഞ്ഞേക്കാം. കെട്ടിച്ചമച്ചുണ്ടാക്കുന്നവൻ ആരോ അവൻ തീർച്ചയായും പരാജയപ്പെടുന്നതാണ്." (20:61)


 മൂസാ(അ) ന്റെ സംസാരം ജാലവിദ്യക്കാരെ ഭയപ്പെടുത്തി. ചിലർ പിന്തിരിയാൻ നോക്കി. ചിലരത് തടഞ്ഞു. അവർക്കിടയിൽ തർക്കമായി. രഹസ്യ സംഭാഷണങ്ങൾ നടന്നു. എല്ലാവരെയും അണിനിരത്തി  ഖുർആൻ പറയുന്നത് നോക്കൂ... 


"അപ്പോൾ അവർ തമ്മിൽ തങ്ങളുടെ കാര്യത്തിൽ ഭിന്നാഭിപ്രായത്തിലായി. അവർ രഹസ്യമായി ഗൂഢ സംസാരം നടത്തുകയും ചെയ്തു." (20:62)  


 "അവർ പറഞ്ഞു: നിശ്ചയമായും ഇവർ രണ്ടാളും ജാലവിദ്യക്കാർ തന്നെയാണ്. ഇവർ തങ്ങളുടെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടിൽ നിന്ന് നിങ്ങളെ പുറത്താക്കുവാനും നിങ്ങളുടെ മാതൃകാപരമായ മാർഗത്തെ കൊണ്ടുപോകാനും (നശിപ്പിക്കുവാനും) ഉദ്ദേശിക്കുകയാണ്." (20:63)


"അതുകൊണ്ട് നിങ്ങളുടെ തന്ത്രങ്ങൾക്ക് (ഒത്തൊരുമിച്ച്) പൂർണബലം നൽകുകയും എന്നിട്ട് അണിയായി രംഗത്ത് വരികയും ചെയ്യണം. തീർച്ചയായും മേന്മ നേടുന്നതാരോ അവർ ഇന്ന് വിജയം പ്രാപിക്കുന്നതാണ്." (20:64)


 അഭിപ്രായ ഭിന്നതകൾ തീർന്നു. എല്ലാവരും ഒറ്റക്കെട്ടായി മുമ്പോട്ടു വന്നു. എന്നിട്ടവർ മൂസ (അ) നോട് ചോദിച്ചു.  


"അവർ പറഞ്ഞു:  ഹേ മൂസാ... ഒന്നുകിൽ നീ (ആദ്യം) ഇടുക. അല്ലാത്തപക്ഷം ഞങ്ങൾ ആദ്യം ഇടുന്നവരാകുക. ഏതാണ് വേണ്ടത്?" (20:65)


 "അദ്ദേഹം പറഞ്ഞു: എന്നാൽ നിങ്ങൾ ഇട്ടുകൊള്ളുക. (അങ്ങനെയവർ ഇട്ടു) അപ്പോഴതാ അവരുടെ കയറുകയും വടികളും അവരുടെ ജാല വിദ്യ നിമിത്തം അവ ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നിപ്പോകുന്നു." (20:66)


"അതിനാൽ മൂസാക്ക് തന്റെ മനസ്സിൽ പേടി തോന്നി."  (20:67)


"നാം (അല്ലാഹുﷻ)  പറഞ്ഞു: പേടിക്കേണ്ട നിശ്ചയമായും നീ തന്നെയാകുന്നു മേലെയാകുന്നവൻ." (20:68)


"നിന്റെ വലതു കൈയിലുള്ളത് നീ ഇട്ടുകൊള്ളുക. അവർ പ്രവർത്തിച്ചുണ്ടാക്കിയത് അത് വിഴുങ്ങിക്കൊള്ളും. നിശ്ചയമായും അവർ ഉണ്ടാക്കിയത് വെറും ജാലവിദ്യക്കാരുടെ യന്ത്രമാകുന്നു. ജാലവിദ്യക്കാരൻ എവിടെ ചെന്നാലും വിജയിക്കില്ല." (20:69)


 മൂസാനബി (അ) വലതു കൈയിലുള്ള വടി താഴെയിട്ടു. പാമ്പുകളെയെല്ലാം അത് പിടിച്ചു വിഴുങ്ങി. ജാലവിദ്യക്കാർ പരാജയപ്പെട്ടു. അല്ലാഹുﷻവിലും അവന്റെ ദൂതന്മാരിലും വിശ്വാസം വന്നു...


 വിശുദ്ധ ഖുർആൻ പറയുന്നു: "ഉടനെ ജാലവിദ്യക്കാർ സാഷ്ടാംഗം (സുജൂദ്) ആയി വീണു. അവർ പറഞ്ഞു:  ഹാറൂന്റെയും മൂസായുടെയും റബ്ബിൽ ഞങ്ങൾ വിശ്വസിച്ചു." (20:70)


 ഫിർഔൻ കോപാകുലനായി മാറി. അവൻ അലറി. ഇത് ഗൂഢാലോചനയാണ്. മൂസ നിങ്ങളുടെ ജാലവിദ്യയുടെ ഉസ്താദാണ്. അവന്റെ റബ്ബിലാണോ നിങ്ങൾ വിശ്വസിക്കുന്നത്. നിങ്ങളുടെ കൈകാലുകൾ ഇടതും വലതുമായി വ്യത്യാസപ്പെട്ട നിലയിൽ ഞാൻ മുറിക്കും. എന്നിട്ട് മരത്തടിയിൽ ക്രൂശിക്കും. ശിക്ഷ വിളംബരം ചെയ്തപ്പോൾ ജനം ഞെട്ടിവിറച്ചു... 


 രാവിലെ ജാലവിദ്യക്കാരായി വന്നു. അപ്പോഴവർ മുശ്രിക്കുകളായിരുന്നു. പൂർവ്വാഹ്നത്തിൽ മത്സരം നടന്നു. പരാജിതരായി. ഉടനെ അല്ലാഹുﷻവിലും പ്രവാചകരിലും വിശ്വസിച്ചു. മുഹ്മിനുകളായി. വൈകുന്നേരമായപ്പോൾ രക്തസാക്ഷികളായി. ചിലരുടെ ഇടതുകാലും വലതുകൈയും മുറിക്കപ്പെട്ടു. മറ്റുള്ളവരുടെ വലതു കാലും ഇടതു കൈയും മുറിക്കപ്പെട്ടു...


 വിശുദ്ധ ഖുർആൻ ആ രംഗം വിവരിക്കുന്നു: "അവൻ (ഫിർഔൻ) പറഞ്ഞു: ഞാൻ നിങ്ങൾക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങൾ അവനെ വിശ്വസിച്ചുവല്ലേ? തീർച്ചയായും അവൻ നിങ്ങൾക്കു ജാലവിദ്യ പഠിപ്പിച്ചു തന്ന നിങ്ങളുടെ നേതാവ് തന്നെയാണ്. അതിനാൽ ഞാൻ നിങ്ങളുടെ കൈകാലുകൾ വ്യത്യസ്തമായ നിലയിൽ മുറിപ്പിക്കുകയും, നിങ്ങളെ ഈന്തപ്പനത്തടികളിൽ ക്രൂശിപ്പിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളിൽ ആരാണ് (മൂസായുടെ റബ്ബോ ഞാനോ) അതി കഠിനവും ശാശ്വതവുമായ ശിക്ഷ നൽകുന്നത് എന്ന് നിശ്ചയമായും നിങ്ങൾ അറിയും." (20;71)


 "മുഹ്മിനീങ്ങൾ അനുഭവിച്ച ശിക്ഷ അതി കഠിനമായിരുന്നു. ജനങ്ങൾക്കത് പാഠമായിരിക്കണമെന്ന് ഫിർഔൻ നിശ്ചയിച്ചു. ഇനിയൊരാൾക്കും മൂസായിൽ വിശ്വസിക്കാൻ ധൈര്യം ഉണ്ടാവരുത്. അതുകൊണ്ടാണ് ഇത്രയും കടുത്ത ശിക്ഷ വിധിച്ചത്. ശിക്ഷ വിധിച്ചപ്പോൾ അവർ പിന്തിയരിയുമെന്ന് ഫിർഔൻ കരുതി. അതുണ്ടായില്ല. ശിക്ഷ കേട്ടപ്പോൾ അവരുടെ ഈമാൻ വർധിക്കുകയാണ് ചെയ്തത്. ആ ഘട്ടത്തിൽ അവർ ചെയ്ത ദുആ എത്ര ഹൃദയസ്പർശിയാണെന്ന് നോക്കൂ... ശിക്ഷ ഏറ്റുവാങ്ങാൻ മനോധൈര്യം നൽകണേയെന്നായിരുന്നു പ്രാർത്ഥന...