ഫിർഔൻ പട്ടാളത്തിന് ശക്തമായ താക്കീത് നൽകി. ഈ വർഷം ജനിക്കുന്ന ഒരാൺകുഞ്ഞിനെയും വെറുതെ വിടരുത്. കൊന്നുകളയണം. മുമ്പെങ്ങുമില്ലാത്ത കൂടുതൽ നടപടികൾ തുടങ്ങി. ഈ വർഷം ആ കുഞ്ഞ് ജനിക്കും. ജോത്സ്യന്മാർ മുന്നറിയിപ്പ് നൽകി...
ഭാര്യാ-ഭർത്താക്കന്മാർ സമ്പർക്കം പാടില്ല. അത് നിരീക്ഷിക്കാൻ പാറാവുകാരെ നിയോഗിച്ചു. അങ്ങനെ നിയോഗിക്കപ്പെട്ടവരിൽ ഒരാളായിരുന്നു ഇംറാൻ. പല വീടുകളിൽ ഇംറുനും പാർട്ടിയും പരിശോധന നടത്തി. ഇത്തരം കാര്യങ്ങളിൽ ഇസ്രാഈലികളുടെ സേവനവും ഫിർഔൻ ഉപയോഗപ്പെടുത്തിയിരുന്നു...
ഒരു രാത്രിയിൽ ഇംറാനെ തേടി ഭാര്യയെത്തി. ആ രാത്രിയിൽ അവർ ബന്ധപ്പെട്ടു. ഭാര്യ ഗർഭിണിയുമായി. പിന്നത്തെ വെപ്രാളം പറയാനുണ്ടോ..? ഭാര്യയെ കണ്ടാൽ ഗർഭിണിയാണെന്ന് തോന്നില്ല. വയർ അത്രയൊന്നും വീർത്തുവന്നില്ല. അയൽപക്കത്തെങ്ങും അധികം സഞ്ചരിക്കില്ല. വീട്ടിൽ ഒതുങ്ങിക്കൂടി...
ഗർഭകാലം അവസാനിക്കുന്നു. പ്രസവവേദന തുടങ്ങി. സുഖപ്രസവം. ആൺകുട്ടി..!! കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞുകിടത്തി. കുഞ്ഞിന് മുലപ്പാൽ കൊടുത്തു. സഹോദരി കുൽസൂം കുഞ്ഞിനെ എടുത്തോമനിച്ചു. നേരം വെളുത്തു. വെളിച്ചം പരന്നു പട്ടാളക്കാർ വരുന്നു. പടപട ശബ്ദം. ഉമ്മയും മകളും പേടിച്ചു വിറച്ചു. കുഞ്ഞിനെ എവിടെ ഒളിപ്പിക്കും. ഒരു സ്ഥലവും സുരക്ഷിതമല്ല...
പട്ടാളം വന്നു. ഉമ്മ മുറിയിൽ ജോലി ചെയ്യുന്നു. സഹോദരി കുൽസൂം കുഞ്ഞുമായി അടുക്കളയിൽ പ്രവേശിച്ചു. കുഞ്ഞിനെ അവരിപ്പോൾ കാണും. കൊന്നുകളയും. എന്തായാലും മരിക്കാൻ പോവുകയല്ലേ? ഒരു പരീക്ഷണം നടത്താം. കുഞ്ഞിനെ തുണിയിൽ ചുരുട്ടി അടുപ്പിൽ വെച്ചു. കുഞ്ഞ് അടങ്ങിക്കിടന്നു. അതിനു മുകളിൽ വിറക് വെച്ചു. പട്ടാളം വരുമ്പോൾ കുൽസൂം തീ കത്തിച്ചുകൊണ്ടിരിക്കുകയാണ്. സംശയം തോന്നിയില്ല...
പട്ടാളം പോയി. കുൽസൂം കുഞ്ഞിനെ പുറത്തെടുത്തു. ഉമ്മ കുഞ്ഞിനെ വാരിയെടുത്തു. തുരുതുരാ ചുംബിച്ചു. ഇത്തിന്നിടയിൽ ഉമ്മായുടെ മനസ്സിൽ അല്ലാഹു ﷻ ഇങ്ങനെ തോന്നിപ്പിച്ചു. ഒരു പെട്ടിയുണ്ടാക്കുക. കുട്ടിയെ അതിൽ കിടത്തുക. പെട്ടി അടച്ചു നദിയിൽ ഒഴുക്കുക. എന്തൊരു പരീക്ഷണം..? പെറ്റ തള്ള എങ്ങനെ സഹിക്കും..? പക്ഷെ അതല്ലാതെ വഴിയില്ല...
ആശാരിയെ വരുത്തി. പെട്ടിയുണ്ടാക്കി. കുട്ടിയെ കിടത്താൻ തുണിവിരിച്ചു. ചോരപ്പൈതലിനെ കിടത്തി. പെട്ടിയടച്ചു പൂട്ടി. വെള്ളത്തിലൊഴുക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. നാടാകെ ചാരന്മാരാണ് അവരുടെ കണ്ണിൽ പെടരുത്. കണ്ടാൽ പിടികൂടും. കൊന്നുകളയും. എന്തൊരുൽക്കണ്ഠ നിറഞ്ഞ സമയം...
വിശുദ്ധ ഖുർആൻ ഇരുപത്തെട്ടാം അധ്യായം സൂറത്തുൽ ഖസസ് ഈ രംഗം വിവരിക്കുന്നു.
"വിശ്വസിക്കുന്ന ജനങ്ങൾക്കു വേണ്ടി മൂസയുടെയും ഫിർഔന്റെയും വൃത്താന്തത്തിൽ നിന്ന് (ചിലത്) യഥാർത്ഥ നിലയിൽ നിനക്ക് നാം ഓതിത്തരുന്നു." (28:3)
"നിശ്ചയമായും ഫിർഔൻ നാട്ടിൽ പൊങ്ങച്ചം കാണിച്ചു. അതിലെ ആളുകളെ അവൻ പല കക്ഷികളാക്കുകയും ചെയ്തു. അവരിൽ ഒരു വിഭാഗത്തെ അവരുടെ ആൺകുട്ടികളെ വധിക്കുകയും അവരുടെ പെൺകുട്ടികളെ ജീവിക്കാൻ വിടുകയും ചെയ്തുകൊണ്ട് അവൻ ബലഹീനമാക്കിയിരുന്നു. നിശ്ചയമായും അവൻ കുഴപ്പമുണ്ടാക്കുന്നവരിൽ പെട്ടവനായിരുന്നു." (28:4)