"വിശ്വസിക്കുന്ന ജനങ്ങൾക്കു വേണ്ടി മൂസയുടെയും ഫിർഔന്റെയും വൃത്താന്തത്തിൽ നിന്ന് (ചിലത്) യഥാർത്ഥ നിലയിൽ നിനക്ക് നാം ഓതിത്തരുന്നു." (28:3)
"നിശ്ചയമായും ഫിർഔൻ നാട്ടിൽ പൊങ്ങച്ചം കാണിച്ചു. അതിലെ ആളുകളെ അവൻ പല കക്ഷികളാക്കുകയും ചെയ്തു. അവരിൽ ഒരു വിഭാഗത്തെ അവരുടെ ആൺകുട്ടികളെ വധിക്കുകയും അവരുടെ പെൺകുട്ടികളെ ജീവിക്കാൻ വിടുകയും ചെയ്തുകൊണ്ട് അവൻ ബലഹീനമാക്കിയിരുന്നു. നിശ്ചയമായും അവൻ കുഴപ്പമുണ്ടാക്കുന്നവരിൽ പെട്ടവനായിരുന്നു." (28:4)
ഫിർഔന്റെയും ഖിബ്തികളുടെയും ലക്ഷ്യം എന്തായിരുന്നുവെന്ന് ഈ വചനങ്ങളിൽ നിന്ന് നാം മനസ്സിലാക്കുന്നു. എന്നാൽ അല്ലാഹുﷻവിന്റെ ലക്ഷ്യം മറിച്ചായിരുന്നു. മർദ്ദിക്കപ്പെടുന്നവരിൽ നിന്ന് നേതാക്കന്മാരെയും ഭരണാധികാരികളെയും ഉയർത്തിക്കൊണ്ടുവരിക. മർദ്ദകർക്ക് വേദനാജനകമായ ശിക്ഷ നൽകുക...
ഈ ലക്ഷ്യത്തോടെ അല്ലാഹു ﷻ ഒരു കുഞ്ഞിന് ജന്മം നൽകിക്കഴിഞ്ഞു. ഇംറാന്റെ ഭാര്യ പ്രസവിച്ചത് ആ കുഞ്ഞിനെയാണ്. അല്ലാഹു ﷻ തന്റെ ലക്ഷ്യം ഇങ്ങനെ പ്രകടമാക്കുന്നു...
"നാട്ടിൽ ബലഹീനരായി ഗണിക്കപ്പെടുന്നവർക്ക് ദാക്ഷിണ്യം ചെയ്യണമെന്ന് നാമും ഉദ്ദേശിക്കുന്നു. അവരെ നേതാക്കന്മാരാക്കുകയും, അവരെ അനന്തരാവകാശികളാക്കുകയും ചെയ്യുവാനും ഉദ്ദേശിക്കുന്നു." (28:5)
"നാട്ടിൽ അവർക്ക് സ്വാധീനം നൽകുകയും ഫിർഔനിനും ഹാമാനും അവരുടെ സൈന്യങ്ങൾക്കും തങ്ങൾ അവരിൽ നിന്ന് ഏതൊന്നിനെ കുറിച്ച് ജാഗരൂകരായിരുന്നുവോ ആ കാര്യം അനുഭവത്തിൽ കാണിച്ചു കൊടുക്കുകയും ചെയ്യുവാനും നാം ഉദ്ദേശിക്കുന്നു." (28:6)
ഫിർഔനിന്റെ ധിക്കാരത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന ഒരു മന്ത്രിയായിരുന്നു ഹാമാൻ. ക്രൂരതയുടെ മറ്റൊരു പര്യായം. അല്ലാഹുﷻവിന്റെ ഒരു പൊതു നടപടിക്രമമാണ് ഇവിടെ വിവരിച്ചത്. ധിക്കാരവും അക്രവും അതിര് കവിയുന്നതുവരെ അല്ലാഹു ﷻ കാത്തിരിക്കും. സമയമെത്തിയാൽ അവരെ നശിപ്പിക്കും. പാവപ്പെട്ടവരും മർദ്ദിക്കപ്പെട്ടവരുമായ ജനതയെ അല്ലാഹു ﷻ ഉയർത്തെഴുന്നേൽപിക്കും. ലോകം ഇവരണ്ടും കാണാൻ പോവുകയാണ്...
വിശുദ്ധ ഖുർആൻ തുടർന്നു പറയുന്നു : "മൂസായുടെ മാതാവിന് നാം ബോധനം നൽകി. അവന് മുലകൊടുത്തുകൊള്ളുക. എന്നിട്ട് അവനെക്കുറിച്ച് നിനക്ക് പേടിയുണ്ടായാൽ അവനെ നദിയിൽ ഇട്ടേക്കുക. നീ പേടിക്കുകയും വേണ്ട. വ്യസനിക്കുകയും വേണ്ട. നിശ്ചയമായും നാം അവനെ നിന്റെ അടുക്കലേക്ക് തിരിച്ചു കൊണ്ട് വരുന്നതും അവനെ മുർസലുകളിൽ പെട്ടവനാക്കുന്നതുമാകുന്നു." (28:7)
മൂസ (അ) എന്ന കുട്ടിക്ക് വരാൻ പോകുന്ന സൗഭാഗ്യം എന്തൊക്കെയാണെന്ന് അല്ലാഹു ﷻ മാതാവിനെ അറിയിച്ചു കഴിഞ്ഞു. പെട്ടിയിലാക്കി നദിയിൽ ഒഴുക്കിയ കുട്ടി ഫിർഔനിന്റെ കൊട്ടാരത്തിൽ തന്നെ എത്തിപ്പെടും. ഫിർഔനിന്റെയും ഹാമാനിന്റെയും കൺമുമ്പിൽ കുട്ടി വളരും. അവരുടെ ഏറ്റവും വലിയ ശത്രുവായിത്തീരും...
അല്ലാഹു ﷻ പറയുന്നു: "എന്നിട്ട് തങ്ങൾക്ക് ശത്രുവും വ്യസനകരവും ആയിത്തീരുവാൻ വേണ്ടി ഫിർഔനിന്റെ ആൾക്കാർ അവനെ നദിയിൽ നിന്ന് കണ്ടെടുത്തു. നിശ്ചയമായും ഫിർഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പിണഞ്ഞവരായിരുന്നു." (28:8)
പുറത്താരുമറിയാതെ പെട്ടിയുണ്ടാക്കി വിരിപ്പുകൾ വിരിച്ചു. മൂസയെ കിടത്തി പെട്ടിയടച്ചു. ആരും കാണാതെ പെട്ടി നദിയിലൊഴുക്കി. ഓളങ്ങൾ പെട്ടിയെ കൊണ്ടുപോയി. സഹോദരി കുൽസൂം കരയിലൂടെ ഓടുന്നു. പെട്ടി വേഗത്തിലൊഴുകുമ്പോൾ കുട്ടി വേഗത്തിലോടും. പെട്ടിയുടെ ഒഴുക്ക് സാവാധാനത്തിലാകുമ്പോൾ കുട്ടിയുടെ ഓട്ടത്തിന്റെ വേഗത കുറയും. കൊച്ചു സഹോദരൻ ഒഴുകിയൊഴുകിപ്പോവുന്നു...
അതാ കുളക്കടവിലേക്കാണ് പെട്ടി ഒഴുകിക്കൊണ്ടിരിക്കുന്നത്. രാജകുമാരികൾ കുളിക്കുന്ന കടവ്. രാജാവിന്റെ പത്നി ആസിയാബീവി അവിടെയുണ്ട്. തോഴിമാരുണ്ട്. പെട്ടി അവരുടെ ദൃഷ്ടിയിൽ പെട്ടു. ചിലർ നീന്തിച്ചെന്ന് പെട്ടി പിടിച്ചു. പെട്ടി കരയിലെത്തി. ഇനിയെന്താണ് സംഭവിക്കുക..?