29 May, 2023 | Monday 9-Dhu al-Qadah-1444

   ഫിർഔൻ മന്ത്രിമാരെയെല്ലാം വിളിച്ചു വരുത്തി ദീർഘനേരം ചർച്ച നടത്തി. ഹാമാൻ മന്ത്രി പ്രമുഖൻ. ഫിർഔനിനെ സ്വാധീച്ച മന്ത്രി.  ഇസ്രാഈല്യരുടെ കുട്ടി കാരണം നമ്മുടെ ഭരണം നശിക്കാൻ ഇടവരരുത്. ആ കുട്ടി വളരാൻ പാടില്ല. വളർച്ച തടയണം എങ്ങനെ തടയും..?


 പലരും അഭിപ്രായം പറയാൻ തുടങ്ങി. 

 "കുട്ടി ജനിച്ചിട്ടുണ്ടോ..?" ഹാമാൻ ചോദിച്ചു.


"ജനിച്ചിട്ടില്ല. ജനിക്കാൻ പോകുന്നതേയുള്ളൂ..." ജോത്സ്യന്മാർ മറുപടി നൽകി.


"എങ്കിൽ പ്രശ്നമില്ല. ഇന്ന് മുതൽ അവർക്ക് ജനിക്കുന്ന ആൺകുട്ടികളെയെല്ലാം വധിക്കുക. പെൺകുട്ടികൾ വളരട്ടെ!" അതൊരഭിപ്രായം. 


"ഇന്ന് മുതൽ ഭാര്യയും ഭർത്താവും ബന്ധപ്പെടരുത്. എങ്കിൽ പിന്നെ ഗർഭം തന്നെ ഉണ്ടാകില്ലല്ലോ?"  


"അത് ശരിയാണ്. ഭാര്യയും ഭർത്താവും ഒന്നിച്ചുറങ്ങരുത്." 


"ഇപ്പോൾ ഗർഭിണികളായി കഴിയുന്നവരെ എന്തുചെയ്യും?"


"നിരീക്ഷിക്കാൻ പട്ടാളക്കാരെ നിയോഗിക്കാം. പ്രസവശുശ്രൂഷക്ക് വിദഗ്ധ സ്ത്രീകളെ നിയോഗിക്കാം." ആലോചനാ യോഗം അവസാനിച്ചു.  


 പട്ടാളക്കാർക്ക് കർശനമായ കൽപനകൾ കിട്ടി. ഇസ്രാഈല്യരുടെ വീടുകളിൽ പട്ടാളം കാവൽ ഏർപ്പെടുത്തി. ഗർഭിണികളുള്ള വീടുകളിൽ നഴ്സുമാർ ചുമതലയേറ്റു.  

ഓരോ പ്രഭാതത്തിലും പട്ടാളക്കാർ വരും. നഴ്സുമാരിൽ നിന്ന് റിപ്പോർട്ട് വാങ്ങും. ഗർഭം എത്ര മാസമായി? പ്രസവം എപ്പോൾ നടക്കും? എല്ലാം രേഖയാക്കി പട്ടാളക്കാർ മടങ്ങി...


 പ്രസവ വേദന തുടങ്ങിയാൽ ഉടനെ നഴ്സ് റിപ്പോർട്ടയക്കും. പട്ടാളം വീട് വളയും. അപ്പോഴത്തെ വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും..? ആൺകുട്ടിയാകരുതേ എന്നവർ ഉള്ളുരുകി പ്രാർത്ഥിക്കും...  


 പ്രസവ വേദനകൊണ്ട് പുളയുന്ന ഗർഭിണി. നഴ്സുമാരുടെ പരിചരണം.  സുഖ പ്രസവം. ആൺ കുഞ്ഞ്..! ദയയില്ലാത്ത പട്ടാളക്കാരൻ വാളുമായി കടന്നുവരുന്നു.  എല്ലാവരുടെയും കൺമുമ്പിൽ വെച്ച് ഒരൊറ്റ വെട്ട്. നവജാത ശിശു വധിക്കപ്പെട്ടു. അത് രേഖയാക്കപ്പെട്ടു. നഴ്സ് യാത്ര പറഞ്ഞിറങ്ങുന്നു. ഉമ്മ അലറിവിളിച്ചു കരയുന്നു. കുടുംബത്തിൽ കൂട്ട നിലവിളി... 


 ഈ വിധത്തിൽ അഞ്ച് വർഷം കൊണ്ട് പന്ത്രണ്ടായിരം കുഞ്ഞുങ്ങൾ വധിക്കപ്പെട്ടു. ഒമ്പതിനായിരം സ്ത്രീകളുടെ ഗർഭം നിർബന്ധപൂർവ്വം അലസിപ്പിച്ചു. ഇതിനിടയിൽ ഇസ്രാഈല്യർക്കിടയിൽ കോളറ പടർന്നുപിടിക്കാൻ തുടങ്ങി. നിരവധി പേർ മരിച്ചൊടുങ്ങി. വേലക്കാർക്ക് ക്ഷാമം നേരിട്ടു... 


 ഇസ്രാഈല്യർക്ക് വംശനാശം സംഭവിക്കുമോ? എങ്കിൽ തങ്ങൾക്കെവിടെ നിന്ന് വേലക്കാരെ കിട്ടും? ഇതൊരു വലിയ സാമൂഹിക പ്രശ്നമായിത്തീരുമല്ലോ? ഏതാനും ഖിബ്തി നേതാക്കന്മാർ ഫിർഔനിനെ കാണാൻ വന്നു. പ്രശ്നം ചർച്ച ചെയ്തു. ഒടുവിൽ ഫിർഔൻ ഇങ്ങനെ പ്രഖ്യാപിച്ചു...  


 "ഇനി ഒന്നിടവിട്ട കൊല്ലം കുട്ടികളെ കൊന്നാൽ മതി" എല്ലാവർക്കും ആശ്വാസമായി. ഇനി ഒരു വർഷം ഭയം കൂടാതെ പ്രസവിക്കാം... 


 ഇംറാന്റെ ഭാര്യ ഗർഭിണിയാണ്. കുടുംബാംഗങ്ങൾ ആകാംക്ഷയോടെ കാത്തിരുന്നു. പ്രസവം നടന്നു. ആൺകുട്ടി കുട്ടികളെ കൊല്ലേണ്ടതില്ല. എന്നു തീരുമാനിച്ച വർഷമായിരുന്നു അത്. കുട്ടിയെ കൊന്നില്ല. കുഞ്ഞിന് ഹാറൂൻ എന്ന് പേരിട്ടു. കുടുംബത്തിന്റെ ഓമനയായി വളർന്നു വന്നു...


 ആ വർഷം കടന്നു പോയി. ഇംറാന്റെ ഭാര്യ വീണ്ടും ഗർഭിണിയായി. ഇത്തവണ ആൺകുഞ്ഞിനെ പ്രസവിച്ചാൽ വധിക്കപ്പെടും. ഉൽക്കണ്ഠയുടെ മാസങ്ങൾ കടന്നുപോയി. പ്രസവവേദന തുടങ്ങി. പട്ടാളം വീട് വളഞ്ഞു നിൽക്കുന്നു. നഴ്സുമാർ ഗർഭിണിയെ പരിചരിക്കുന്നു... 


 ഊരിപ്പിടിച്ച വാളുമായി ഒരുത്തൻ കർമ്മനിരതനായി നിൽക്കുന്നു. പ്രസവം നടന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടു നഴ്സുമാർ ഓടിയെത്തി. റിപ്പോർട്ട് നൽകി. പെൺകുഞ്ഞ്... ആശ്വാസം...  ഒരു കൊലപാതകത്തിന് വീട് വേദിയായില്ലല്ലോ. കുഞ്ഞിന് കുൽസൂം. എന്നു പേരിട്ടു സുന്ദരിയും ബുദ്ധിമതിയുമായി കുൽസൂം വളർന്നുവന്നു. ഹാറൂനും കുൽസൂമും കളിച്ചും ചിരിച്ചും വളർന്നു വരികയാണവിടെ...

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 
Add to Home Screen