Wednesday - 22 April, 2026 4-Dhu al-Qadah-1447

മദ് യനിലെ വർഷങ്ങൾ (1)

   ശുഐബ് (അ) കൂടുതൽ മികച്ച ഒരു തീരുമാനമാണെടുത്തത്. തന്റെ ഒരു മകളെ മൂസ (അ) ന് വിവാഹം ചെയ്തുകൊടുക്കുക. എട്ടുവർഷം കാലികളെ നോക്കി ഇവിടെ നിന്നുകൊള്ളാമെന്ന കരാറിൽ. എട്ട് വർഷം കഴിഞ്ഞിട്ട് വേണമെങ്കിൽ രണ്ട് വർഷം കൂടി നിൽക്കാം. ഈ നിർദ്ദേശം മൂസ (അ) സ്വീകരിച്ചു. വിശ്വസ്തതയോടെ ജോലി ചെയ്തുകൊള്ളാമെന്ന് സമ്മതിച്ചു. പരസ്പരം കരാറിലെത്തുമ്പോൾ അതിന് സാക്ഷി വേണം. സാക്ഷി അല്ലാഹു ﷻ തന്നെ... 


 ഇനി വിശുദ്ധ ഖുർആനിന്റെ ഭാഷയിൽ ഈ സംഭവങ്ങൾ കാണുക: "അങ്ങനെയിരിക്കെ ആ രണ്ടിൽ ഒരുവൾ ലജ്ജാഭാവത്തോടെ നടന്നു കൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ വന്നു. അവൾ പറഞ്ഞു:  ഞങ്ങൾക്കു വേണ്ടി താങ്കൾ  (ഞങ്ങളുടെ കാലികൾക്ക്) വെള്ളം കൊടുത്തതിന്റെ പ്രതിഫലം താങ്കൾക്കു നൽകുന്നതിനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നുണ്ട്. അങ്ങനെ അദ്ദേഹത്തിന്റെ അടുക്കൽ വരികയും അദ്ദേഹത്തിന് തന്റെ കഥ വിവരിച്ചു കൊടുക്കുകയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട അക്രമികളായ ജനങ്ങളിൽ നിന്ന് താങ്കൾ രക്ഷപ്പെട്ടിരിക്കുന്നു." (28:25)


"ആ രണ്ട് സ്ത്രീകളിൽ ഒരുവൾ (പിതാവിനോട്) പറഞ്ഞു: പിതാവേ ഇദ്ദേഹത്തെ നിങ്ങൾ കൂലിക്ക് വിളിക്കുക. നിശ്ചയം നിങ്ങൾ കൂലിക്കു വിളിക്കുന്നവരിൽ നല്ലവൻ. ശക്തനും വിശ്വസ്തനുമാകുന്നു." (28:26)


 മകളുടെ നിർദ്ദേശം പിതാവ് അപ്പടി സ്വീകരിച്ചു. മകൾ പറഞ്ഞത് ന്യായമാണെന്ന് അദ്ദേഹത്തിന് ബോധ്യം വന്നു. ശക്തനും വിശ്വസ്തനുമായ ഒരാൾക്ക് മകളെ വിവാഹം ചെയ്തു കൊടുക്കാൻ പിതാവ് തീരുമാനിക്കുന്നു. അക്കാര്യം മൂസ (അ)നെ അറിയിക്കുകയും ചെയ്യുന്നു. വിശുദ്ധ ഖുർആൻ പറയുന്നത് നോക്കാം.  


"അദ്ദേഹം പറഞ്ഞു:  താങ്കൾ എട്ട് വർഷം എനിക്ക് കൂലിവേല ചെയ്യുമെന്നതിന്റെ പേരിൽ എന്റെ ഈ രണ്ട് പുത്രിമാരിൽ ഒരുവളെ താങ്കൾക്ക്  വിവാഹം ചെയ്തു തരാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇനി പത്ത് വർഷം താങ്കൾ പൂർത്തിയാക്കുകയാണെങ്കിൽ അത് താങ്കളുടെ വക (ഔദാര്യം) ആയിരിക്കുന്നതാണ്. താങ്കൾക്ക് വിഷമമുണ്ടാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ﷻ ഉദ്ദേശിച്ചാൽ സജ്ജനങ്ങളിൽ പെട്ടവനായി എന്നെ താങ്കൾക്ക് കാണാവുന്നതാണ്." (28:27)


 ശുഐബ് (അ)തന്റെ അഭിപ്രായം വളരെ വ്യക്തമായി അവതരിപ്പിച്ചു. ഇനി തീരുമാനമെടുക്കേണ്ടത് മൂസ (അ) തന്നെയാകുന്നു. സ്വതന്ത്രമായി തീരുമാനമെടുക്കാം. നിർബന്ധമില്ല. ബുദ്ധിമുട്ടിക്കുക എന്ന പ്രശ്നം തന്നെയില്ല. ശുഐബ് (അ)ന്റെ തുറന്ന സമീപനം മൂസ (അ)ന് വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം കരാർ സ്വീകരിക്കാൻ സന്നദ്ധനായി. വിശുദ്ധ ഖുർആൻ പറയുന്നു:  


"അദ്ദേഹം (മൂസ) പറഞ്ഞു:  അത് എന്റെയും നിങ്ങളുടെയും ഇടയിലുള്ള (കരാർ) ആകുന്നു. രണ്ട് കാലാവധികളിൽ ഞാൻ ഏതൊന്ന് നിറവേറ്റിയാലും എന്റെ പേരിൽ യാതൊരു അതിക്രമവും ഉണ്ടാവതല്ല. നാം പറയന്നതിന് അല്ലാഹു ﷻ സാക്ഷ്യം വഹിക്കുന്നവനാകുന്നു." (28:28)


 വിവാഹത്തിന് സമ്മതം. എട്ട് വർഷം അവിടെ താമസിച്ചുകൊള്ളാമെന്നു സമ്മതിച്ചു. രണ്ട് വർഷം കൂടി നിൽക്കുന്ന കാര്യം അപ്പോൾ നോക്കാം. എല്ലാ മനസ്സുകളും ആനന്ദം കൊണ്ട് നിറഞ്ഞു. ശുഐബ് (അ)ന് വാർദ്ധക്യ കാലത്ത് ഒരു താങ്ങായി...


 വിവാഹത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി...


 മദ് യൻ നിവാസികളുടെ നേതാവിന്റെ വീട്ടിൽ വിവാഹപ്പന്തലൊരുങ്ങി. വേണ്ടപ്പെട്ടവരൊക്കെ വന്നു. അന്നത്തെ സമ്പ്രദായമനുസരിച്ചു വിവാഹച്ചടങ്ങുകൾ നടന്നു. മൂത്ത മകളെ മൂസ (അ) വിവാഹം ചെയ്തു . (ഇളയ മകളെയാണെന്നും അഭിപ്രായമുണ്ട്). ആനന്ദകരമായിരുന്നു ആ ദാമ്പത്യജീവിതം. മണവാളനും മണവാട്ടിയും മണൽക്കാട്ടിലൂടെ അവർ ഒരുമിച്ചു നടക്കും. ഒട്ടനേകം കഥകൾ പറയും...


സമ്പൽസമൃദ്ധമായ ഈജിപ്ത്. പാഞ്ഞൊഴുകുന്ന നൈൽ നദി. അതിന്റെ കരയിൽ താമസിക്കുന്ന ഇസ്രാഈല്യർ. അവർ അനുഭവിക്കുന്ന പീഢനത്തിന്റെ കഥകൾ. ഭർത്താവിന്റെ വിവരണം. ഭാര്യ ആകാംക്ഷയോടെ കേട്ടുകൊണ്ടിരിക്കും...