Thursday - 23 April, 2026 5-Dhu al-Qadah-1447

മദ് യനിലെ വർഷങ്ങൾ (2)

   സമ്പൽസമൃദ്ധമായ ഈജിപ്ത്. പാഞ്ഞൊഴുകുന്ന നൈൽ നദി. അതിന്റെ കരയിൽ താമസിക്കുന്ന ഇസ്രാഈല്യർ. അവർ അനുഭവിക്കുന്ന പീഢനത്തിന്റെ കഥകൾ. ഭർത്താവിന്റെ വിവരണം. ഭാര്യ ആകാംക്ഷയോടെ കേട്ടുകൊണ്ടിരിക്കും... 


 കാണാത്ത നാട്. ആ നാട്ടിൽ ഒരു കൊച്ചു വീട്. അവിടെ ഭർത്താവിന്റെ മാതാവ്, ഭർത്താവിന്റെ മൂത്ത സഹോദരൻ ഹാറൂൻ, സഹോദരി ഖുൽസൂം മറ്റ് ബന്ധുക്കൾ. എല്ലാവരെക്കുറിച്ചും കേട്ടു. കാണാത്ത മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു. പിന്നെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമായ ഒരു വനിത. ആസിയ (റ) ക്രൂരനായ ഫിർഔനിന്റെ ഭാര്യ... 


 ഇസ്രാഈല്യരുടെ ആൺമക്കളെ കൊന്നൊടുക്കുന്ന കാലം. അക്കാലത്ത് പിറന്ന കുട്ടി. ഒരു പെട്ടിയിലാക്കി ആ കുട്ടിയെ നദിയിലൊഴുക്കി...


"എന്റെ റബ്ബേ.... ആ മനുഷ്യനാണല്ലോ ഈ നിൽക്കുന്നത് എന്റെ പ്രിയ ഭർത്താവ്."


 നാളുകൾ നീങ്ങുംതോറും അവർക്കിടയിലെ സ്നേഹവും വിശ്വാസവും വർദ്ധിച്ചുവന്നു. രാവിലെ ആടുകളുമായി മൂസ (അ)പുറത്ത് പോകും. അപ്പോഴേക്കും ഭാര്യ ഭക്ഷണം തയ്യാറാക്കിയിട്ടുണ്ടാവും. ആടിനെ മേയ്ക്കാൻ പോവുമ്പോൾ ഒരു വടി വേണം. ശുഐബ് (അ) മൂസ (അ)ന് വടി. നൽകി  പ്രവാചകന്മാരിലൂടെ കടന്നുവന്ന വടി... 


 ആദം(അ) സ്വർഗ്ഗത്തിൽ നിന്ന് കൊണ്ടുവന്ന വടിയാണത്. ആദം(അ)ന് ശേഷം മക്കളുടെ കൈവശമായിരുന്നു. പല നബിമാർ അത് ഉപയോഗിച്ചു. ഒടുവിൽ ശുഐബ് (അ)ന്റെ കൈവശമെത്തി. അദ്ദേഹമത് മൂസ (അ)ന് കൈമാറി. പിൽക്കാല ചരിത്രത്തിൽ ആ വടി പ്രസിദ്ധമായിത്തീർന്നു. വൈകുന്നേരം കാലികളെ കൊണ്ടുവന്നാൽ ഭാര്യ വടിവാങ്ങി ആദരവോടെ സൂക്ഷിക്കും. രാവിലെ ഭർത്താവിന് എടുത്തു കൊടുക്കും...


 കാലികളെ കൂട്ടിലാക്കിക്കഴിഞ്ഞാൽ പിന്നെ ശരീരശുദ്ധി വരുത്തും. കുളിച്ചൊരുങ്ങി ആരാധനയിൽ മുഴുകും. ഭക്ഷണം കഴിച്ച് ശാന്തമായുറങ്ങും. അങ്ങനെ ശാന്തമായ സംവത്സരങ്ങൾ കടന്നുപോയി. മൂസ നബി (അ) ന് കിട്ടിയ വടിക്ക് പല സവിശേഷതകളുണ്ടായിരുന്നു. വടിക്ക് നാല് പേര് പറയപ്പെട്ടിട്ടുണ്ട്...  


 അസാ, ഹൈയ്യത്ത്, സുഹ്ബാൻ, ജന്ന്.  ഈ വടിക്ക് പതിനെട്ട് മുഹ്ജിസത്തുകൾ പറയപ്പെട്ടിട്ടുണ്ട്. അതിന് രണ്ട് കവരങ്ങളുണ്ടായിരുന്നു. രാത്രിയിലെ ഇരുട്ടിൽ പെട്ടുപോയാൽ ആ കവരങ്ങൾ പ്രകാശിക്കാൻ തുടങ്ങും. ഇരുട്ടിൽ വടി വലിയൊരു സഹായമായിത്തീരും. ആടുകൾക്ക് ഇല തല്ലിക്കൊഴിച്ചുകൊടുക്കാൻ വടി ഉപയോഗിക്കും. വേറെയും പ്രയോജനങ്ങൾ പലതുണ്ട്. ശാന്തമായ പത്ത് വർഷങ്ങൾ കടന്നുപോയി. മൂസ (അ) കരാർ പൂർത്തിയാക്കി...


 സ്വദേശത്തേക്ക് പോകാൻ വല്ലാത്ത മോഹം. ബന്ധുക്കളെ കണ്ടിട്ട് ഒരു പതിറ്റാണ്ട് കാലമായി. താൻ ഒരാളെ കൊലപ്പെടുത്തിയ കാര്യമൊക്കെ ആളുകൾ മറന്നു കാണുമോ? മനസ്സ് അസ്വസ്ഥരായി. ശുഐബ് നബി (അ) നോട് മൂസ(അ) യാത്രയുടെ കാര്യം സംസാരിച്ചു. കരാർ പൂർത്തിയാക്കി ഇനി പോകാം. ശുഐബ് (അ) സമ്മതം നൽകി...


 എങ്കിലും മനസ്സിൽ വിരഹവേദനയുണ്ട്. വീട്ടിലെല്ലാവർക്കും മനസ്സിൽ വേദനയുണ്ട്. ഒന്നിച്ചു കഴിഞ്ഞ പത്ത് വർഷങ്ങൾ മറക്കാനാവുമോ? ഇനിയെല്ലാം ഓർമ്മകൾ മാത്രം. ശുഐബ് (അ)ന്റെ സ്വത്ത് കാലികളാണ്. അവയുടെ ഒരു ഭാഗം മകൾക്കും മരുമകനും കൊടുക്കാൻ സന്നദ്ധനായി...


 ഈ വർഷം പ്രസവിക്കുന്ന ആട്ടിൻകുട്ടികളിൽ കൈയ്യും കാലും വെളുത്തതെല്ലാം നിങ്ങൾക്കുള്ളതാണ്. കേട്ടപ്പോൾ സന്തോഷമായി. മൂസ (അ) ആടുകൾ കുടിക്കുന്ന വെള്ളത്തിൽ തന്റെ വടി വെച്ചു. വടി തട്ടിയ വെള്ളം ആടുകൾ കുടിച്ചു ആടുകളെല്ലാം ഗർഭിണികളായി. ഈരണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരാണും ഒരു  പെണ്ണും. കൂടെ കൊണ്ടുപോവാൻ ധാരാളം ആടുകൾ... 


 വീട്ടുസാധനങ്ങളും വസ്ത്രങ്ങളും ചാക്കുകളിൽ കെട്ടി. ചാക്കുകെട്ടുകൾ ഒട്ടകപ്പുറത്ത് വെച്ചുകെട്ടി. ഒരടിമ ഒട്ടകത്തെ കൊണ്ടുപോവും. ആടുകളെ നയിക്കാനും അടിമകളുണ്ട്...