Wednesday - 22 April, 2026 4-Dhu al-Qadah-1447

മിസ്റിൽ നിന്ന് മദ് യനിലേക്ക് (1)

   ആസിയബീവി (റ)യുടെ പ്രത്യേക പരിചരണയിലാണ് കുട്ടി വളർന്നു വരുന്നത്. മുലകുടി പ്രായം കഴിയുന്നതുവരെ ഉമ്മയോടൊപ്പം താമസിച്ചു. കുഞ്ഞിനെയും കൊണ്ട് ഇടയ്ക്കിടെ കൊട്ടാരത്തിൽ വരും. ആസിയാബീവി (റ)അവരെ ആദരവോടെ സ്വീകരിക്കും. സൽക്കരിക്കും. പോകുമ്പോൾ പല സാധനങ്ങളും കൊടുത്തയയ്ക്കും... 


 മുലകുടി അവസാനിച്ചു. കുട്ടിയെ കൊട്ടാരത്തിൽ തിരിച്ചേൽപ്പിച്ചു. ഇത്തവണ പോകുമ്പോൾ ഒരു കഴുതക്ക് ചുമക്കാൻ മാത്രം സാധനങ്ങളാണ് കൊടുത്തയച്ചത്.   ഇടക്കിടെ ഉമ്മയും മകളും കൊട്ടാരത്തിൽ വരും. മോനെ കാണാൻ... 


 ഫിർഔനിന്റെ കൊട്ടാരത്തിൽ കുട്ടി വളരണമെന്നത് അല്ലാഹുﷻവിന്റെ നിശ്ചയമാണ്. അതിനു പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്. ഭാവിയിൽ കുട്ടി ജനനേതാവായിത്തീരണം. അതിന് നേതൃത്വഗുണങ്ങൾ വേണം. അവ പരിശീലിക്കാനുള്ള വേദിയാണ് കൊട്ടാരം. ഭരണസംന്ധമായ കാര്യങ്ങൾ പഠിക്കണം. ഭാവിയിൽ ഇസ്രാഈലി സമൂഹത്തെ ഭരിക്കാനുള്ളതാണ്... 


 തന്റെ ജനത എന്തുമാത്രം പീഡനങ്ങൾ സഹിക്കുന്നുവെന്ന് മനസ്സിലാക്കണം. ഖിബ്തികളുടെ ധിക്കാരത്തിന്റെ ശക്തിയും അറിയണം. എല്ലാം അറിഞ്ഞുകൊണ്ടാണ് വളരുന്നത്. ബാല്യദശ പഠനത്തിനുള്ളതാണ്. ഇബ്രാഹിം നബി (അ)ന്റെ നിയമങ്ങൾ കേട്ടു പഠിച്ചു. പൂർവ്വികരുടെ ചരിത്രം പഠിച്ചു. കണക്കും ഭാഷയും പഠിച്ചു. ബാല്യം കഴിഞ്ഞു കൗമാരത്തിലെത്തി. യുക്തിബോധം വളർന്നു. ന്യായവും അന്യായവും തിരിച്ചറിഞ്ഞു. നീതിയും അനീതിയും തിരിച്ചറിഞ്ഞു.  കൗമാരത്തിൽ ആയുധവിദ്യയും കായികാഭ്യാസവും പഠിച്ചു. അരോഗദൃഢഗാത്രനായ യുവാവ്.  നുബുവ്വത്തിനു മുമ്പുള്ള അവസ്ഥ... 


 നല്ല സ്വപ്നങ്ങൾ. നല്ല തോന്നലുകൾ. കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ ബോധം. അല്ലാഹു ﷻ പറയുന്നു:  "അദ്ദേഹം (മൂസ) തന്റെ ശക്തി പ്രാപിക്കുകയും പാകതയെത്തുകയും ചെയ്തപ്പോൾ നാം അദ്ദേഹത്തിന് വിജ്ഞാനവും  (വിധികർതൃത്വവും) അറിവും നൽകി. അപ്രകാരമാണ് സൽഗുണവാന്മാർക്ക് നാം പ്രതിഫലം കൊടുക്കുന്നത്." (28: 14)


 മൂസ (അ) യൗവ്വനദശ പ്രാപിച്ചു. ഇസ്രാഈല്യരുമായി മൂസ (അ) സ്വതന്ത്രമായി ഇടപെടാൻ തുടങ്ങി. അവരിലെ വൃദ്ധന്മാരെ ആദരിക്കും. കുട്ടികളെ കരുണയോടെ കാണും. നീതിയോടെ വർത്തിക്കാൻ യുവാക്കളെ ഉപദേശിക്കും. മതനിഷ്ഠ പാലിക്കാൻ പ്രേരിപ്പിക്കും. ഖിബ്തി യുവാക്കൾ ഇസ്രാഈലി യുവാക്കളെ വല്ലാതെ പീഢിപ്പിക്കും. ഇത് വഴക്കുകൾക്കും അടിപിടിക്കുമൊക്കെ കാരണമായിത്തീരും... 


 ഒരു ദിവസം മൂസ (അ) ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് വരികയായിരുന്നു. രണ്ടുപേർ വഴക്കു കൂടുന്നു. ഒരാൾ ഖിബ്തിയാണ്, മറ്റെയാൾ ഈസ്രാഈലി. ആളുകൾ ഏറെയില്ലാത്ത സമയമാണ്.  ഉച്ചമയക്കത്തിന്റെ സമയം. മറ്റൊരഭിപ്രായപ്രകാരം സന്ധ്യയുടെ ഇരുട്ട് വീണ സമയം. ആരും വഴക്ക് ശ്രദ്ധിക്കാനില്ല. ഇസ്രാഈലിയെക്കൊണ്ട് ഖിബ്തി കഠിനമായ ജോലി ചെയ്യിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് വഴക്കുണ്ടായത്... 


 ഇസ്രാഈലി മൂസ (അ)നെ കണ്ടു. സഹായിക്കണേയെന്ന് വിളിച്ചു കരഞ്ഞു. മൂസ (അ) അടുത്തേക്കു ചെന്നു. ഖിബ്തിക്ക് നന്നായൊന്നു കൊടുത്തു. അടിയുടെ ശക്തിയിൽ ഖിബ്തി താഴെ വീണു. ഒരു പിടച്ചിൽ പിന്നെ ചലനമറ്റു. ഖിബ്തി മരണപ്പെട്ടു. മൂസ (അ)ക്ക് ദുഃഖം വന്നു. ഇത് പിശാചിന്റെ പണിയായിപ്പോയി. അവൻ വഴിപിഴപ്പിക്കും. മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണവൻ. വിശുദ്ധ ഖുർആൻ ഈ രംഗം വിവരിക്കുന്നതിങ്ങനെ : 


 "പട്ടണവാസികളുടെ ഒരശ്രദ്ധയുടെ നേരത്ത് അദ്ദേഹം അതിൽ (പട്ടണത്തിൽ) പ്രവേശിച്ചു. അപ്പോൾ അവിടെ രണ്ട് പുരുഷന്മാർ ശണ്ഠ കൂടുന്നതായി അദ്ദേഹം കണ്ടു. ഇയാൾ (രണ്ടിലൊരാൾ) തന്റെ കക്ഷിയിൽ പെട്ടവനും അയാൾ(മറ്റവൻ) തന്റെ ശത്രുക്കളിൽ പെട്ടവനുമാണ്.   

അങ്ങനെ തന്റെ കക്ഷിയിൽ പെട്ടവൻ ശത്രുക്കളിൽ പെട്ടവന്നെതിരിൽ അദ്ദേഹത്തോട് സഹായം തേടി. അപ്പോൾ അവനെ മൂസ ഇടിച്ചു. അങ്ങനെ അവന്റെ പണി തീർത്തു. അദ്ദേഹം പറഞ്ഞു:  ഇത് പിശാചിന്റെ പ്രവർത്തനത്തിൽ പെട്ടതാണ്. നിശ്ചയമായും അവൻ വഴിപിഴപ്പിക്കുന്ന പ്രത്യക്ഷ ശത്രുവാകുന്നു." (28:15)