Wednesday - 22 April, 2026 4-Dhu al-Qadah-1447

ഉമ്മയുടെ കൈകളിൽ

   നൈൽ നദീതീരത്തുള്ള ഉദ്യാനത്തിൽ വിശ്രമിക്കുകയായിരുന്നു ഫിർഔനും ഭാര്യയും മകളും പരിവാരങ്ങളും. ഫിർഔനിന് മകളോട് വല്ലാത്ത വാത്സല്യമാണ്. മകൾ സുന്ദരിയും ബുദ്ധിമതിയും തന്നെ. പക്ഷെ രോഗം മകളെ വിരൂപിയാക്കി...


 പാണ്ഡുരോഗം. വെളുത്ത അടയാളങ്ങൾ ശരീരത്തിലാകെ പ്രത്യക്ഷപ്പെട്ടു. കാഴ്ചയും മങ്ങി. മകൾ ഫിർഔനിന്റെ ദുഃഖമായി മാറി. മകളുടെ രോഗത്തിന്റെ ശമനം മൂസ എന്ന കുഞ്ഞിന്റെ ഉമിനീരിൽ അല്ലാഹു ﷻ വെച്ചിരിക്കുന്നു. കുഞ്ഞ് കൊട്ടാരത്തിലെത്തണം. ഉമിനീർ മകളുടെ ശരീരത്തിൽ പുരളണം. രോഗം മാറണം. കാഴ്ചയും തിരിച്ചു കിട്ടണം. അല്ലാഹു ﷻ നിശ്ചയിച്ച സമയമായി... 


 പെട്ടി ഉദ്യാനത്തിലെത്തി. ഫിർഔൻ പെട്ടി തുറക്കാൻ നോക്കി. ക്രൂരനായ ഹാമാൻ സന്നിഹിതനായിട്ടുണ്ട്. എല്ലാവരും ശ്രമിച്ചിട്ടും പെട്ടി തുറക്കാനാവുന്നില്ല.  ആസിയ (റ) ബിസ്മി ചൊല്ലി പെട്ടി തുറന്നു.  ഫിർഔനും കൂട്ടരും നിമിഷനേരം വിസ്മയിച്ചു നിന്നുപോയി. എന്തൊരു ഭംഗിയുള്ള കുട്ടി. ഇളം കവിളുകൾ. പുഞ്ചിരി തൂകുന്ന മനോഹരമായ ചുണ്ടുകൾ. കൊച്ചു കണ്ണുകൾ. നെറ്റിത്തടം കണ്ടിട്ട് മതിവരുന്നില്ല. അപ്പോൾ ഹാമാന്റെ ശബ്ദം ഉയർന്നു...


 ഇത് ആ കുട്ടി തന്നെയാണ്, ഇവനെ ഇപ്പോൾ തന്നെ കൊന്നുകളയണം.  ഹാമാന്റെ വാക്കുകൾ ഫിർഔന്റെ മനസ്സിൽ പതിഞ്ഞു. ഇവനെ ജീവിക്കാൻ വിട്ടുകൂട. പക്ഷെ ഭാര്യ സമ്മതിച്ചില്ല. എന്തൊരഴകുള്ള കുട്ടി ഇതിനെയെങ്ങനെ വധിക്കാൻ കഴിയും. നമുക്കിതിനെ വളർത്താം. എതിര് പറയരുത്... 


 ഭാര്യയുടെ ആഗ്രഹത്തിനെതിര് നൽക്കാൻ ഫിർഔനിന് കഴിയുന്നില്ല. ഏതായാലും കുറച്ചുകാലം വളർത്തി നോക്കാമെന്ന് ഫിർഔൻ കരുതി. കുഞ്ഞിന് മുലപ്പാൽ കൊടുക്കണം. ധാരാളം പെണ്ണുങ്ങൾ കൊട്ടാരത്തിലെത്തി. അവരുടെയൊന്നും പാൽ കുടിക്കാൻ കുഞ്ഞ് തയ്യാറായില്ല... 


 അപ്പോൾ കുൽസൂം ആസിയബീവിയോട് സ്വകാര്യം പറഞ്ഞു. "കുഞ്ഞിന് പാൽ കൊടുക്കാൻ പറ്റിയ ഒരു സ്ത്രീയെ എനിക്കറിയാം. കൂട്ടിക്കൊണ്ടുവരാൻ എന്നെ അനുവദിച്ചാലും."


 "പോയി കൂട്ടിക്കൊണ്ടുവരൂ!" 


 കുൽസൂം വീട്ടിലേക്കോടി. ഉമ്മ ഉൽക്കണ്ഠയോടെ ഇരിക്കുകയായിരുന്നു. നടന്ന സംഭവങ്ങൾ വിവരിച്ചു. ഇതിന്നിടയിൽ ഫിർഔനിന്റെ മകൾ കുഞ്ഞിനെ എടുത്ത് ഓമനിക്കാൻ തുടങ്ങി. ഉമിനീര് ശരീരത്തിൽ വീണു. വീണഭാഗത്തെ രോഗം മാറി. കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിച്ചു. മകൾ കുഞ്ഞിനെ ഇറുകെ പുണർന്നു. തുരുതുരെ ചുംബനമർപ്പിച്ചു. കുഞ്ഞിനെ ഓമനിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുൽസൂമും ഉമ്മയുമെത്തി... 


 ഉമ്മ കുഞ്ഞിനെ വാരിയെടുത്തു. മാതൃസ്നേഹം വഴിഞ്ഞൊഴുകി. കുഞ്ഞിന് മുലകൊടുത്തു. ആസിയാബീവിക്ക് സന്തോഷമായി. കുഞ്ഞിന് പാൽകൊടുക്കാൻ പറ്റിയ സ്ത്രീയെത്തന്നെ കിട്ടിയല്ലോ? പാൽ കൊടുക്കുന്നതിന് കൂലി നിശ്ചയിച്ചു. ദിവസത്തിന് ഒരു സ്വർണനാണയം. മുലകൊടുക്കുന്നതിന് ഫിർഔനിന്റെ വക കൂലി. തന്റെ കുഞ്ഞിന് ആവശ്യാനുസരണം സ്നേഹവും വാത്സല്യവും നൽകാൻ ഉമ്മാക്ക് കഴിഞ്ഞു... 


 വിശുദ്ധ ഖുർആൻ ഈ സംഭവങ്ങൾ ഇങ്ങനെ വിവരിക്കുന്നു: "ഫിർഔനിന്റെ ഭാര്യ പറഞ്ഞു: ഈ കുട്ടി എനിക്കും അങ്ങേക്കും ഒരു കൺകുളിർമ്മയായിരിക്കും. ഇവനെ നിങ്ങൾ കൊലപ്പെടുത്തരുത്. ഇവൻ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കിൽ നമുക്കിവനെ ഒരു സന്താനമായി സ്വീകരിക്കാം. അവരാകട്ടെ യാഥാർത്ഥ്യം അറിഞ്ഞിരുന്നില്ല." (28:9)


 "മൂസായുടെ ഉമ്മായുടെ ഹൃദയം അസ്വസ്ഥതമൂലം ശൂന്യമായിത്തീർന്നു. അവരുടെ മനസ്സിന് നാം ദാർഢ്യം നൽകിയിട്ടില്ലായിരുന്നുവെങ്കിൽ നിശ്ചയമായും അവർ അത് ആ രഹസ്യം വെളിപ്പെടുത്തിയേക്കുമായിരുന്നു. അവർ വിശ്വസിക്കുന്നവരിൽ പെടുവാൻ വേണ്ടിയത്രെ നാം അങ്ങനെ ചെയ്തത്." (28:10)


 "അവർ അവന്റെ സഹോദരിയോട് പറഞ്ഞു: നീ അവനു ചെന്ന് അന്വേഷിക്കുക. എന്നിട്ട് അവൾ അവനെപ്പറ്റി അകലെ നിന്ന് കണ്ടു മനസ്സിലാക്കി. അവരാകട്ടെ അറിഞ്ഞിരുന്നതുമല്ല." (28:11)


 "സഹോദരി വരുന്നതിന് മുമ്പ് മുല കൊടുക്കുന്ന സ്ത്രീകളെ നാം അവന് നിരോധിക്കുകയും ചെയ്തു. അപ്പോൾ അവൾ പറഞ്ഞു:  നിങ്ങൾക്കു വേണ്ടി ഇവനെ ഏറ്റെടുക്കുന്ന ഒരു വീട്ടുകാരെക്കുറിച്ച് നിങ്ങൾക്ക് ഞാൻ അറിവ് തരട്ടെയോ? അവർ ഇവന് ഗുണകാംക്ഷികളായിരിക്കുന്നതുമാണ്." (28:12)


 ആ പെൺകുട്ടിയുടെ ബുദ്ധിയും ധൈര്യവും പ്രകടമാക്കുന്ന സംഭവമാണിത്. കുഞ്ഞ് ആരുടെയും മുലകുടിക്കാതെ കൊട്ടാരത്തിൽ വെപ്രാളം നിറഞ്ഞു നിൽക്കുമ്പോഴാണ് കുൽസൂം ഇപ്രകാരം പറഞ്ഞത്. അതവർക്ക് ആശ്വാസമായിത്തീർന്നു...


 വിശുദ്ധ ഖുർആൻ പറയുന്നു: "അങ്ങനെ അവന്റെ മാതാവിന്റെ കൺകുളിർക്കുകയും അവൾ വ്യസനിക്കാതിരിക്കുകയും ചെയ്യുവാൻ വേണ്ടിയും അല്ലാഹുﷻവിന്റെ വാഗ്ദാനം യഥാർത്ഥം തന്നെയാണെന്ന് അവൾ അറിയേണ്ടതിനായും അവനെ നാം അവൾക്ക് തിരിച്ചു കൊടുത്തു. എങ്കിലും അവരിൽ അധികമാളുകളും അറിയുമായിരുന്നില്ല." (28:13) 


 നാട്ടിലാകെ ജനിക്കുന്ന ആൺകുട്ടികൾ വധിക്കപ്പെടുന്ന കാലത്ത് മൂസ എന്ന കുട്ടി വധിക്കപ്പെട്ടില്ല. ഫിർഔനിന്റെ കൊട്ടാരത്തിൽ രാജകുമാരനായി വളർന്നു. മാതാപിതാക്കൾക്കാശ്വാസം കിട്ടി. എത്ര അതിശയകരം അല്ലാഹുﷻവിന്റെ പദ്ധതികൾ...