Wednesday - 22 April, 2026 4-Dhu al-Qadah-1447

ഇസ്റാഈല്യർ

   ബനൂഇസ്രാഈൽ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട മഹാനായ പ്രവാചകനായിരുന്നു മൂസാ (അ). ആ സമൂഹത്തിൽ പൊതുവെ അറിയപ്പെടുന്ന പൊതുകാര്യ പ്രസക്തനായിരുന്നു  ഇംറാൻ. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് നൂഖായിൽ എന്നായിരുന്നു. യൂഹാനിദ് എന്നായിരുന്നുവെന്നും അഭിപ്രായമുണ്ട്...


 ഇംറാനും നൂഖായിലും ഈജിപ്തിൽ സന്തോഷകരമായ ജീവിതം നയിച്ചുവരുന്നു. ഇവർക്ക് മൂന്നു സന്താനങ്ങൾ ജനിച്ചു. മൂത്തത് ഹാറൂൻ (അ), രണ്ടാമത്തേത് മകൾ ഖുൽസൂം, മൂന്നാമത്തേത് മൂസ (അ)...


 മൂസാ (അ) ന്റെ പിതൃപരമ്പര ഇബ്രാഹിം (അ) ൽ ചെന്നുചേരുന്നു  അതിപ്രകാരമാകുന്നു. മൂസ (അ), പിതാവ് ഇംറാൻ, പിതാവ് ഖാഹിസ്, പിതാവ് ആസിർ, പിതാവ് ലാവി, പിതാവ് യഹ്ഖൂബ് (അ), പിതാവ് ഇസ്ഹാഖ് (അ), പിതാവ് ഇബ്രാഹിം (അ)... 


 യഹ്ഖൂബ് (അ) ന്റെ പുത്രൻ യൂസുഫ് (അ) ഈജിപ്തിൽ ഭരണം നടത്തിയിരുന്നു. അക്കാലത്ത് ഫലസ്തീനിൽ നിന്നും  മറ്റും ധാരാളം ഇസ്രാഈല്യർ ഈജിപ്തിൽ വന്നു താമസമാക്കി. പിന്നീട് അവരുടെ അംഗസംഖ്യ വളരെയേറെ വർധിച്ചു.  ഈജിപ്തിലെ പൂർവ്വനിവാസികൾ ഖിബ്തികളായിരുന്നു... 


 യൂസുഫ് നബി (അ)ന്റെ കാലത്ത് ഖിബ്തികൾ ഇസ്രാഈല്യരെ വളരെയേറെ ആദരിച്ചിരുന്നു. സമൂഹത്തിൽ അവർക്ക് ഉന്നത സ്ഥാനം നൽകപ്പെട്ടു.യൂസുഫ് (അ) വഫാത്തായി പിന്നെ വർഷങ്ങൾ പലതും കടന്നു പോയി.  ഈജിപ്ത് ഭരിക്കുന്ന ഫിർഔൻ രാജാവിന് ഇസ്രാഈല്യരോട് അസൂയ വന്നു തുടങ്ങി...  


 ഇബ്രാഹിം (അ) ന്റെ വിശ്വാസ പ്രമാണങ്ങളാണ് ഇസ്രാഈല്യർ ഇപ്പോഴും പിന്തുടരുന്നത്. കാലം ചെല്ലുതോറും ആ വിശ്വാസ പ്രമാണങ്ങളിൽ നിന്ന് ഇസ്രാഈല്യർ അകന്നകന്ന് പോയ്ക്കൊണ്ടിരുന്നു. എങ്കിലും അവർ ഇബ്രാഹിം നബി (അ)നെ വാഴ്ത്തിപ്പറയും. നംറൂദിന്റെ അഗ്നികുണ്ഡത്തിൽ നിന്ന് ഇബ്രാഹിം(അ)നെ അത്ഭുതകരമായി അല്ലാഹു ﷻ രക്ഷപ്പെടുത്തിയ സംഭവം അവർ അഭിമാനത്തോടെ പറഞ്ഞുനടക്കും. ഈ അഭിമാനം പറച്ചിലൊന്നും ഖിബ്തികൾ ഇഷ്ടപ്പെട്ടിരുന്നില്ല... 


 ഇസ്രാഈല്യർ എണ്ണത്തിൽ വളരെ വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ ഖിബ്തികൾക്കൊപ്പം വരും വംശ വർദ്ധന. ഇങ്ങനെ പോയാൽ അവരുടെ എണ്ണം സ്വദേശികളേക്കാൾ വർദ്ധിക്കും. ഖിബ്തികളുടെ നാടാണ് ഈജിപ്ത്. ഇതിന്റെ ഭരണം ഫിർഔനിന്റെ കൈവശമാണ്. ഇസ്രാഈല്യരുടെ ശക്തി ഇനി വളർന്നുകൂടാ. അവർ അങ്ങനെ സമ്പന്നന്മാരായി വളർന്നുവരാൻ പാടില്ല. അവരെ മർദ്ദിച്ചൊതുക്കണം. സാമ്പത്തിക നില തകർക്കണം. അടിമകളായി ജീവിച്ചു കൊള്ളട്ടെ! ഫിർഔൻ ഭീകരനായിമാറി. മനസ്സിൽ പിശാച് കടന്നിരുന്നു.  ഇസ്രാഈല്യർക്കെതിരെ ക്രൂരമർദ്ദനം തുടങ്ങി...  


 ഫിർഔനിന്റെ പട്ടാളം ലക്ഷക്കണക്കിൽ വരും. അവർക്ക് ഇസ്രാഈല്യരുടെ ധനം തട്ടിപ്പറിക്കാം. ഇസ്രാഈല്യരുടെ സ്ത്രീകളെ പിടിച്ചുകൊണ്ടുപോകാം. അടിമകളാക്കി താമസിപ്പിക്കാം. ഈ അനീതിയെ ചോദ്യം ചെയ്യാൻ ഒരു കോടതിയില്ല. എല്ലാ കോടതിയും ഫിർഔൻ തന്നെ. നാൾക്കുനാൾ  ഫിർഔനിന്റെ ധിക്കാരം വളർന്നുവന്നു. ധിക്കാരത്തിന്റെ ഏറ്റവും അപകടകരമായ വാക്കുകൾ വായിൽ നിന്ന് പുറത്തുവരാൻ തുടങ്ങി...  


 "ഞാനാണ് സൃഷ്ടികർത്താവ്. ഞാൻ തന്നെയാണ് ദൈവം." ഫിർഔൻ അങ്ങനെ പ്രഖ്യാപിച്ചപ്പോൾ ആരും എതിർത്തില്ല. എല്ലാവരും അതാവർത്തിക്കുകയാണ് ചെയ്തത്. ഖിബ്തികൾ ഇസ്രാഈല്യരോടിങ്ങനെ ഉപദേശിച്ചു...


 "ഫിർഔനാണ് സൃഷ്ടാവ്. അവനാണ് സംരക്ഷകൻ. അവൻ തന്നെയാണ് സംഹാരകനും. നൈൽ നദി ഒഴുകുന്നത് ഫിർഔനിന്റെ കൽപന പ്രകാരമാണ്. നൈലിന്റെ വളക്കൂറുള്ള മണ്ണിലാണ് നിങ്ങൾ കൃഷിചെയ്യുന്നത്. കൃഷിയാണ് നിങ്ങളെ ഐശ്വര്യവാന്മാരാക്കിയത്. നിങ്ങളെ അനുഗ്രഹിച്ചത് ഫിർഔനാണ്. നിങ്ങൾ നന്ദി കാണിക്കുക ഫിർഔനെ ആരാധിക്കുക"


 ഇസ്രാഈല്യർക്ക് എതിർത്തു പറയാൻ കഴിഞ്ഞില്ല. ചെറുപ്പക്കാർ ഖിബ്തികൾക്കുവേണ്ടി നിരന്തരം ജോലി ചെയ്തു. ഒന്നു വിശ്രമിക്കാനിരുന്നാൽ ചാട്ടവാറടിയേൽക്കേണ്ടി വരും. പെണ്ണുങ്ങളും, കുട്ടികളും, വൃദ്ധന്മാരും കഠിനാദ്ധ്വാനം ചെയ്യണം. അടി കിട്ടാത്ത ദിവസങ്ങളില്ല. വിശപ്പടക്കാൻ പോലും ഭക്ഷണം ലഭിക്കില്ല. ക്ഷീണം തീരുവോളം ഉറങ്ങാൻ സമ്മതിക്കില്ല... 


 നാളുകൾ കഴിയുംതോറും ഇസ്രാഈല്യരുടെ കാര്യം മോശപ്പെട്ടു വന്നതേയുള്ളൂ. എണ്ണത്തിൽ ഒരുപാടുണ്ടെങ്കിലും അവർ സംഘടിതരല്ല. അവർക്ക് നേതാക്കളില്ല. ജോലിയും പീഢനവും മാത്രം. മനസ്സമാധാനമില്ല. സന്തോഷം മറന്നു. പുഞ്ചിരി മറന്നു. കുടുംബ ജീവിതത്തിന്റെ ഐശ്വര്യം കുറഞ്ഞു. ഖിബ്തികൾ ആ സമൂഹത്തെ ചവിട്ടിമെതിച്ചു. ഇസ്രാഈല്യർ കൊല്ലം മുഴുവൻ കഠിനാദ്ധ്വാനം ചെയ്തു. ഖിബ്തികൾ തൊഴിലൊന്നുമെടുക്കാതെ സുഖിച്ചു ജീവിച്ചു. നൈൽ നദി നിറഞ്ഞൊഴുകുന്ന നാട് ഐശ്വര്യത്തിന്റെ കളിത്തൊട്ടിലായി വളർന്നു...