ഇസ്രാഈല്യർ മതനിയമങ്ങൾ പഠിപ്പിക്കുന്നതും ആചരിക്കുന്നതും ഫിർഔൻ നിരോധിച്ചു. കുറച്ചു കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ മതനിയമങ്ങൾ യാതൊന്നുമറിയാത്ത ഒരു സമൂഹമായി അവർ തരംതാണുപോയി. പെണ്ണുങ്ങൾ നൂൽ നൂൽക്കാനും വസ്ത്രം നെയ്യാനും നിയോഗിക്കപ്പെട്ടു. ഇസ്രാഈല്യരെ നിർബന്ധിച്ചു ജോലി ചെയ്യിച്ചത് കാരണം ഈജിപ്തിൽ പരുത്തി വ്യവസായം വളർന്നു...
ഖിബ്തി തറവാടുകളിൽ അടുക്കളപ്പണിക്ക് ഇസ്രാഈലി പെണ്ണുങ്ങൾ നിയോഗിക്കപ്പെട്ടു. ഇവർ എല്ലാവിധത്തിലും പീഢിപ്പിക്കപ്പെട്ടു. ഈജിപ്തിലെ പടുകൂറ്റൻ കെട്ടിടങ്ങൾക്ക് ഈസ്രാഈല്യരുടെ കണ്ണീരിന്റെ കഥകളാണ് പറയാനുള്ളത്. മലമുകളിൽ ചെന്ന് കല്ല് വെട്ടി ചുമന്ന് കൊണ്ടുവരണം. കെട്ടിടമുണ്ടാക്കണം. വലിയ പാത്രങ്ങളിൽ വെള്ളം നിറയ്ക്കണം. ആശാരിപ്പണിയും കൊല്ലപ്പണിയും ചെയ്യണം. ഇസ്രാഈല്യരുടെ കഷ്ടപ്പാടിൽ അലിവ് തോന്നിയ ചിലരൊക്കെയുണ്ട്. പക്ഷെ പരസ്യമായി കാരുണ്യം പ്രകടിപ്പിക്കാൻ പറ്റില്ല. ഫിർഔനിന് കോപം വരും...
ഫിർഔൻ വസിക്കുന്ന കൊട്ടാരം. ജനങ്ങളെ അമ്പരപ്പിക്കുന്ന കെട്ടിടം, അലങ്കാരങ്ങളും ഗാംഭീര്യവും നിറഞ്ഞ കൊട്ടാരങ്ങൾ, ഓരോ നിലയിലും നിരവധി മുറികൾ, പാറാവുകാർ, ഉദ്യാനങ്ങൾ, നീർച്ചാലുകൾ, വിലകൂടിയ മരത്തിൽ പണിത കട്ടിലുകൾ, മനോഹരമായ കാർപറ്റുകൾ, വിവിധതരം അലങ്കാര വിളക്കുകൾ, അലങ്കാരപ്പണികൾ തീർത്ത ചിത്രത്തൂണുകൾ...
ഫിർഔൻ സുഖമായുറങ്ങുന്നു. പട്ടുമെത്തയിൽ മിനുസമുള്ള പുതപ്പ് പുതച്ചുറങ്ങുന്നു. ഒരു സ്വപ്നം ചിറക് വിടർത്തുന്നു.., ബൈത്തുൽ മുഖദ്ദസ് കൗതുകത്തോടെ നോക്കി. പെട്ടെന്ന് അഗ്നിയുടെ ജ്വാല കണ്ടു. അഗ്നി ഈജിപ്തിലേക്ക് നീങ്ങിവന്നു. കൊട്ടാരത്തിൽ തീ പടർന്നു. അത് ആളിക്കത്താൻ തുടങ്ങി. ഖിബ്തികളുടെ വൻ കെട്ടിടങ്ങളിലേക്ക് തീ പടർന്നു. ഇസ്രാഈല്യരുടെ വീടുകളെ അഗ്നി സ്പർശിക്കുന്നില്ല. അവർ സുരക്ഷിതരാണ്. ഈജിപ്ത് ഒന്നാകെ കത്തിയമരന്നു. ഫിർഔൻ ഞെട്ടിയുണർന്നു. അസ്വസ്ഥനായി. വിയർത്തു കുളിച്ചു അലറി വിളിച്ചു...
കൊട്ടാരം ഉണർന്നു. പ്രകാശം പരന്നു. പാറാവുകാർ ഓടിക്കൂടി. വിളിക്കൂ... ജോത്സ്യന്മാരെ വിളിക്കൂ... ഫിർഔൻ കൽപിച്ചു. ജോത്സ്യന്മാരെത്തി സ്വപ്നവിവരം അവരെ അറിയിച്ചു...
"പറയൂ... എന്താണ് സ്വപ്ന വ്യാഖ്യാനം."
അവർ രാശി നോക്കി ഗണിച്ചു ഫലം പറഞ്ഞു: "ഇസ്രാഈല്യരുടെ കൂട്ടത്തിൽ ഒരു കുഞ്ഞ് ജനിക്കും. അവൻ കാരണം ഈ രാജാധികാരം നശിച്ചുപോകും."
"എന്ത്? ഈ നശിച്ച വർഗ്ഗം കാരണം എനിക്ക് നാശമോ? സമ്മതിക്കില്ല ഞാൻ. ആ കുട്ടി വളരില്ല. അവർക്കു ജനിക്കാൻ പോകുന്ന സകല ആൺ കുട്ടികളെയും കൊന്നുകളയണം."
ഒരു ദിവസം ഫിർഔൻ മറ്റോരു സ്വപ്നം കണ്ടു. ഇസ്രാഈല്യരുടെ താമസസ്ഥലത്ത് നിന്ന് ഒരു പാമ്പ് ഇഴഞ്ഞുവരുന്നു. അത് തന്റെ സിംഹാസനത്തിൽ കയറിയിരുന്നു. ഫിർഔൻ വല്ലാതെ അസ്വസ്ഥനായി. ജോത്സ്യന്മാരെ വരുത്തി. നേരത്തെ പറഞ്ഞ വ്യാഖ്യാനം തന്നെ വീണ്ടും കിട്ടി. ഇസ്രാഈല്യരോട് പക വർദ്ധിച്ചു...
ഫിർഔൻ മന്ത്രിമാരെയെല്ലാം വിളിച്ചു വരുത്തി ദീർഘനേരം ചർച്ച നടത്തി. ഹാമാൻ മന്ത്രി പ്രമുഖൻ. ഫിർഔനിനെ സ്വാധീച്ച മന്ത്രി. ഇസ്രാഈല്യരുടെ കുട്ടി കാരണം നമ്മുടെ ഭരണം നശിക്കാൻ ഇടവരരുത്. ആ കുട്ടി വളരാൻ പാടില്ല. വളർച്ച തടയണം എങ്ങനെ തടയും..?
പലരും അഭിപ്രായം പറയാൻ തുടങ്ങി.
"കുട്ടി ജനിച്ചിട്ടുണ്ടോ..?" ഹാമാൻ ചോദിച്ചു.