കുട്ടിക്കാലത്ത് മൂസ (അ)നെ എടുത്തു വളർത്തി എന്നാണ് ഫിർഔൻ പറഞ്ഞത്. ഇത് വലിയ ഒരനുഗ്രഹമായിട്ടാണ് അവതരിപ്പിച്ചത്. അതിന്റെ മറുപടിയായി മൂസ(അ) പറഞ്ഞു: ആൺകുട്ടികളെ മുഴുവൻ നീ കൊന്നൊടുക്കുകയായിരുന്നു അതുകൊണ്ടാണ് എന്നെ പെട്ടിയിലൊഴുക്കേണ്ടി വന്നത്. നിന്റെ സംരക്ഷണയിൽ വളരേണ്ടിവന്നതും. അല്ലായിരുന്നെങ്കിൽ ഞാനെന്റെ വീട്ടിൽ വളരുമായിരുന്നു. കുട്ടിക്കാലത്ത് കൊട്ടാരത്തിന്റെ ചെലവിൽ വളരേണ്ടി വന്നത് സ്വന്തം വീട്ടിൽ രക്ഷയില്ലാത്തതുകൊണ്ടായിരുന്നു...
ഇനി ഫിർഔനിന്റെ അടുത്ത ചോദ്യം കാണുക: "ഫിർഔൻ പറഞ്ഞു: എന്താണ് ലോകരക്ഷിതാവ്? (എന്ന് പറയുന്നത്)" (26:25)
"അദ്ദേഹം (മൂസ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവാണ്. നിങ്ങൾ ദൃഢവിശ്വാസമുള്ളവരാണെങ്കിൽ." (26:24)
അവൻ ചുറ്റുമുള്ളവരോട് പറഞ്ഞു: നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നില്ലേ?(ഇവൻ പറയുന്നത്)." (26:25)
"അദ്ദേഹം പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂർവ്വീകരന്മാരുടെ രക്ഷിതാവും തന്നെ." (26:26)
"അവൻ (സദസ്യരോട്) പറഞ്ഞു: നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ (ഈ) റസൂൽ നിശ്ചയമായും ഭ്രാന്തൻ തന്നെയാണ്." (26:27)
"അദ്ദേഹം പറഞ്ഞു: ഉദയസ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും അവരണ്ടിനുമിടയിലുള്ളതിന്റെയും റബ്ബാകുന്നു (അവൻ) നിങ്ങൾക്ക് മനസ്സിലാകുമെങ്കിൽ." (26:28)
"അവൻ പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തെയും നീ സ്വീകരിക്കുകയാണെങ്കിൽ നിശ്ചയമായും ഞാൻ നിന്നെ തടവുകാരുടെ കൂട്ടത്തിലാക്കുകതന്നെ ചെയ്യും." (26:29)
"അദ്ദേഹം പറഞ്ഞു: ഞാൻ പ്രത്യക്ഷമായ ഒരു ദൃഷ്ടാന്തം നിനക്ക് കൊണ്ടുവന്നാലോ? നീ സമ്മതിക്കുമോ..?" (26:30)
"അവൻ പറഞ്ഞു: എന്നാൽ നീ അത് കൊണ്ടുവരിക നീ സത്യവാന്മാരിൽ പെട്ടവനാണെങ്കിൽ." (26:31)
"അങ്ങനെ അദ്ദേഹം തന്റെ വടി താഴെയിട്ടു. അപ്പോഴതാ അതൊരു പ്രത്യക്ഷമായ പാമ്പ്." (26:32)
"അദ്ദേഹം തന്റെ കൈ കക്ഷത്ത് നിന്ന് നിന്ന് പുറത്തേക്കെടുത്തു. അപ്പോഴതാ നോക്കുന്നവർക്ക് അതൊരു വെളുത്ത വസ്തു. (26:33)
"തന്റെ ചുറ്റുമുള്ള പ്രമുഖരോട് ഫിർഔൻ പറഞ്ഞു : നിശ്ചയമായും
ഇവൻ നിപുണനായ ഒരു ജാലവിദ്യക്കാരനാകുന്നു." (26:34)
"അവൻ തന്റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടിൽ നിന്ന് നിങ്ങളെ പുറത്താക്കുവാൻ ഉദ്ദേശിക്കുകയാണ്. അതിനാൽ (അവനെപ്പറ്റി) നിങ്ങൾ എന്ത് നിർദ്ദേശിക്കുന്നു?" (26;35)
"അവർ പറഞ്ഞു: അവനും അവന്റെ സഹോദരനും ഇടകൊടുക്കുക. ആളുകളെ വിളിച്ചു കൂട്ടാൻ നഗരങ്ങളിലേക്ക് താങ്കൾ ദൂതന്മാരെ നിയോഗിക്കുകയും ചെയ്യുക." (26:36)
"അവർ അറിവുള്ള (നിപുണന്മാരായ) എല്ലാ ജാലവിദ്യക്കാരെയും അങ്ങയുടെ അടുക്കൽ കൊണ്ടുവരട്ടെ." (26:37)
"അങ്ങനെ അറിയപ്പെട്ട ഒരു ദിവസത്തിലെ നിശ്ചിത സമയത്തേക്ക് ജാലവിദ്യക്കാർ ഒരുമിച്ചുകൂട്ടപ്പെട്ടു." (26:38)
"ജനങ്ങളോട് ചോദിക്കപ്പെട്ടു നിങ്ങൾ സമ്മേളിക്കുന്നുണ്ടോ?" (26:39)
"ജാലവിദ്യക്കാരാണ് വിജയികളാകുന്നതെങ്കിൽ നമുക്ക് അവരെ പിന്തുടർന്നേക്കാമല്ലോ." (26:40)
നല്ല പ്രചാരണം നടന്നു. ജാലവിദ്യക്കാരെല്ലാം വന്നുചേർന്നു. ആഭിചാരം നടത്തുവാനുള്ള വസ്തുക്കൾ എഴുപത് ഒട്ടകങ്ങൾക്ക് ചുമക്കാൻ മാത്രമുണ്ടായിരുന്നു. വിശാലമായ മൈതാനിയിൽ വമ്പിച്ച ജനക്കൂട്ടം സമ്മേളിച്ചു. രണ്ട് നബിമാർ ഒരു ഭാഗത്ത്. മൂസ (അ)ന്റെ കൈയിൽ തന്റെ വടിയുണ്ട്...
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ: "അങ്ങനെ ജാലവിദ്യക്കാർ വന്നപ്പോൾ അവർ ഫിർഔനോട് ചോദിച്ചു. ഞങ്ങളാണ് വിജയികളാകുന്നതെങ്കിൽ ഞങ്ങൾക്ക് തീർച്ചയായുംവല്ല പ്രതിഫലവും ഉണ്ടായിരിക്കുമോ?" (26:41)
"അവൻ പറഞ്ഞു: അതെ നിശ്ചയമായും നിങ്ങൾ (നമ്മുടെ സന്നിധിയിൽ) സാമീപ്യം നൽകപ്പെടുന്നവരിൽ പെട്ടവരുമായിരിക്കും." (26:42)
"മൂസ അവരോട് പറഞ്ഞു നിങ്ങൾക്ക് ഇടുവാനുള്ളത് ഇട്ടേക്കൂ." (26:43)
"അപ്പോൾ അവർ തങ്ങളുടെ കയറുകളും വടികളും നിലത്തിട്ടു. അവർ ഇപ്രകാരം പറയുകയും ചെയ്തു. ഫിർഔനിന്റെ പ്രതാപം കൊണ്ട് നിശ്ചയമായും ഞങ്ങൾ തന്നെയായിരിക്കും വിജയികൾ." (26:44)
"അനന്തരം മൂസ തന്റെ വടി ഇട്ടു. അപ്പോഴതാ അവർ പകിട്ടാക്കിക്കാണിച്ചിരുന്നതിനെ മുഴുവനും അത് വിഴുങ്ങിക്കളയുന്നു." (26:45)
മൂസ (അ) തന്റെ വടി താഴെയിട്ടപ്പോൾ അത് പാമ്പായി മാറി. മറ്റ് പാമ്പുകളെയെല്ലാം അത് വിഴുങ്ങുക്കളഞ്ഞു. ജാലവിദ്യക്കാർക്ക് കാര്യം മനസ്സിലായി. ഇത് റബ്ബിന്റെ ശക്തിതന്നെ. പിന്നെയവർ സംശയിച്ചു നിന്നില്ല. അവർ ഇങ്ങനെ പ്രഖ്യാപിച്ചു മൂസായുടെയും ഹാറൂന്റെയും റബ്ബിൽ ഞങ്ങൾ വിശ്വസിക്കുന്നു. എന്നിട്ടവർ സാഷ്ടാംഗം വീണു...