Wednesday - 22 April, 2026 4-Dhu al-Qadah-1447

ജാലവിദ്യ (1)

   സൂറതുശ്ശുഅറാഇലെ ചില വചനങ്ങൾ നോക്കാം... "അദ്ദേഹം  (മൂസ) പറഞ്ഞു: റബ്ബേ! എന്നെ അവർ വ്യാജമാക്കുമെന്ന് ഞാൻ ഭയപ്പെടുന്നു."  (26:12)


"എന്റെ മനസ്സ് ഇടുങ്ങിപ്പോയേക്കും. എനിക്ക് നാവോട്ടം (സംസാരവൈഭവം) ഉണ്ടാകാതിരിക്കുകയും ചെയ്തേക്കും. അതുകൊണ്ട് ഹാറൂന്റെ അടുക്കലേക്ക് നീ (ദൂതനെ) അയച്ചാലും." (26;13)


"(മാത്രമല്ല) എന്റെ മേൽ  അവർക്കൊരു കുറ്റവും  (ആരോപിക്കുവാൻ) ഉണ്ട്. അതിനാൽ അവർ എന്നെ കൊന്നുകളയുമെന്ന് ഞാൻ ഭയപ്പെടുന്നു."  (26:14)


"അവൻ (അല്ലാഹുﷻ)  പറഞ്ഞു:  ഒരിക്കലുമില്ല. എന്നാൽ നിങ്ങൾ രണ്ടുപേരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോയിക്കൊള്ളുക. നിശ്ചയമായും നാം നിങ്ങളുടെ കൂടെ എല്ലാം കേട്ടുകൊണ്ടിരിക്കുന്നതാണ്." (26:15)


"എന്നിട്ട് നിങ്ങൾ ഫിർഔനിന്റെയടുക്കൽ ചെന്ന് ഞങ്ങൾ രണ്ടുപേരും ലോകരക്ഷിതാവിന്റെ ദൂതന്മാരാണ് എന്ന്  പറയുക." (26:16)


"ഇസ്രാഈൽ സന്തതികളെ ഞങ്ങളുടെ കൂടെ നീ വിട്ടയച്ചുതരണമെന്ന് (പറയുക)." (26:17)


 നാനൂറ് വർഷത്തോളമായി ഇസ്രാഈലികൾ ഈജിപ്തിൽ ഖിബ്തികളുടെ അടിമകളും ഭൃത്യന്മാരുമായി കഴിഞ്ഞുവരികയാണ്. അവരെ മോചിപ്പിച്ച് ഫലസ്തീനിലേക്ക് കൂട്ടികൊണ്ടുപോവണം. അതാണ് നബിമാരുടെ ദൗത്യം. അക്കാര്യം നബിമാർ ഫിർഔനിനോട് സംസാരിച്ചു... 


 അത് കേട്ടപ്പോൾ ഫിർഔൻ പഴയ കഥകളെല്ലാം പറയാൻ തുടങ്ങി. നിന്റെ കുട്ടിക്കാലത്ത് ഞാനല്ലേ നിന്നെ വളർത്തിയത്? നീ ഒരുവനെ വധിച്ചില്ലെ?  നീ ദുഷ്ടനല്ലേ? നീ നന്ദികെട്ടവൻ തന്നെയല്ലേ? എന്നൊക്കെ ഫിർഔൻ ചോദിച്ചു.  മൂസാ (അ) എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി...


 സൂറത്തുശ്ശുഅറാഇലെ വചനങ്ങൾ കാണുക : "അവൻ (ഫിർഔൻ) പറഞ്ഞു:  കുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്നെ ഞങ്ങൾ വളർത്തിയില്ലേ? നിന്റെ ആയുഷ്കാലത്തിൽ നിന്ന് കുറെ കൊല്ലങ്ങൾ ഞങ്ങളുടെ ഇടയിൽ നീ കഴിഞ്ഞുകൂടുകയും ചെയ്തില്ലേ?(26:18) 


"നീ ചെയ്തിട്ടുള്ള (ആ ദുഷ്) പ്രവർത്തിയും നീ ചെയ്തു. നീ നന്ദി കെട്ടവരിൽ പെട്ടവൻ തന്നെ"  (26:19)


 മൂസ(അ) ഫിർഔനിന്റെ കൂടെ പതിനെട്ട് വർഷം താമസിച്ചുവെന്നാണ് ചില റിപ്പോർട്ടുകളിൽ കാണുന്നത്. മുപ്പത് വർഷം എന്ന് പറഞ്ഞവരുമുണ്ട്...


 ദൗത്യവുമായി ഈജിപ്തിലെത്തിയ മൂസ(അ) ന് പെട്ടെന്നൊന്നും ഫിർഔനിനെ കാണാൻ കഴിഞ്ഞില്ല. ഒരു വർഷർത്തോളം ശ്രമിച്ചിട്ടാണ് അതിന് സൗകാര്യം കിട്ടിയതെന്ന് ചില രേഖകളിൽ കാണുന്നു. ഫിർഔനിന്റെ ആക്ഷേപങ്ങൾക്ക് മൂസ (അ) ഇങ്ങനെ മറുപടി നൽകി...


 "അദ്ദേഹം പറഞ്ഞു:  ആ അവസരത്തിൽ ഞാനത് ചെയ്തുപോയി. ഞാൻ സന്മാർഗമറിയാതെ പിഴവ് ബാധിച്ചവരിൽ പെട്ടവനായിരുന്നു." (26:20)


 അങ്ങനെ നിങ്ങളെ ഭയപ്പെട്ടപ്പോൾ നിങ്ങളിൽ നിന്ന് ഞാൻ ഓടിപ്പോയി. അനന്തരം എന്റെ റബ്ബ് എനിക്ക് വിജ്ഞാനം നൽകി. എന്നെ അവർ മുർസലുകളിൽ ഉൾപ്പെടുത്തുകയും ചെയ്തു."  (26:21) 


"അതാകട്ടെ, ഇസ്രാഈൽ സന്തതികളെ നീ അടിമകളാക്കിവെച്ചതിനാൽ, എന്റെ മേൽ നീ എടുത്തുപറയുന്ന ഒരനുഗ്രഹമത്രെ." (26;22)


 കുട്ടിക്കാലത്ത് മൂസ (അ)നെ എടുത്തു വളർത്തി എന്നാണ് ഫിർഔൻ പറഞ്ഞത്. ഇത് വലിയ ഒരനുഗ്രഹമായിട്ടാണ് അവതരിപ്പിച്ചത്. അതിന്റെ മറുപടിയായി മൂസ(അ) പറഞ്ഞു:  ആൺകുട്ടികളെ മുഴുവൻ നീ കൊന്നൊടുക്കുകയായിരുന്നു അതുകൊണ്ടാണ് എന്നെ പെട്ടിയിലൊഴുക്കേണ്ടി വന്നത്. നിന്റെ സംരക്ഷണയിൽ വളരേണ്ടിവന്നതും. അല്ലായിരുന്നെങ്കിൽ ഞാനെന്റെ വീട്ടിൽ വളരുമായിരുന്നു. കുട്ടിക്കാലത്ത് കൊട്ടാരത്തിന്റെ ചെലവിൽ വളരേണ്ടി വന്നത് സ്വന്തം വീട്ടിൽ രക്ഷയില്ലാത്തതുകൊണ്ടായിരുന്നു...