സൂറത്ത് ത്വാഹായിൽ മൂസാ (അ) ന്റെ പ്രാർത്ഥന കൊടുത്തിരിക്കുന്നു. കൊച്ചു കൊച്ചു വാക്കുകളിൽ മഹത്തായ ആശയം ഉൾക്കൊള്ളുന്ന പ്രാർത്ഥന...
"അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ! എന്റെ നെഞ്ച് (ഹൃദയം) എനിക്ക് നീ വിശാലപ്പെടുത്തിത്തരേണമേ." (20:25)
"എന്റെ കാര്യം എനിക്ക് എളുപ്പമാക്കിത്തരികയും ചെയ്യേണമേ." (20:26)
"എന്റെ നാവിൽ നിന്ന് നീ കെട്ടഴിച്ചു തരികയും ചെയ്യേണമേ." (20:27)
"എന്നാലവർ എന്റെ വാക്ക് ഗ്രഹിച്ചു കൊള്ളും." (20:28)
"എന്റെ സ്വന്തക്കാരിൽ നിന്ന് എനിക്കൊരു സഹായിയെ നീ നിശ്ചയിച്ചു തരികയും ചെയ്യേണമേ." (20:29)
"അതായത് എന്റെ സഹോദരൻ ഹാറൂനെ." (20:30)
"അവനെക്കൊണ്ട് എന്റെ ശക്തി നീ ഉറപ്പിച്ചു തരേണമേ." (20:31)
"എന്റെ കൃത്യനിർവ്വഹണ കാര്യത്തിൽ അവനെയും പങ്കുകാരനാക്കേണമേ." (20:32)
"ഞങ്ങൾ നിനക്ക് സ്തോത്ര കീർത്തനങ്ങൾ ധാരാളമായി ചെയ്യുവാനും." (20:33)
"ഞങ്ങൾ നിന്നെ അധികമായി സ്മരിക്കാനും വേണ്ടിയാകുന്നു അത്." (20:34)
"നിശ്ചയമായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു." (20:35)
ചോദിച്ച കാര്യങ്ങളെല്ലാം അനുവദിച്ചതായി തൊട്ടടുത്ത വചനത്തിൽ കാണാം...
"അവൻ (അല്ലാഹുﷻ) പറഞ്ഞു: മൂസാ നീ ചോദിച്ചത് നിനക്ക് നൽകപ്പെട്ടിരിക്കുന്നു." (20:36)
"തീർച്ചയായും മറ്റൊരു പ്രാവശ്യവും നാം നിനക്ക് അനുഗ്രഹം ചെയ്തുതന്നിട്ടുണ്ട്." (20:37)
ശൈശവ കാലത്ത് ചെയ്ത അനുഗ്രഹമാണ് ഇവിടെ ഓർമ്മപ്പെടുത്തിയത്. മൂസാ (അ) ഹാറൂൻ (അ) ന്റെ കൂടെ ഫിർഔനിന്റെ സമീപത്തേക്ക് പോവണം. സൂറത്ത് ത്വാഹയിൽ അത് കാണുക.
"നീയും നിന്റെ സഹോദരനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോവുക. എന്നെ സ്മരിക്കുന്നതിൽ നിങ്ങൾ അമാന്തം കാണിക്കരുത്. (20:42)
"നിങ്ങൾ രണ്ടുപേരും ഫിർഔനിന്റെ അടുക്കലേക്ക് പോവുക. നിശ്ചയമായും അവൻ അതിക്രമിയായിരിക്കുന്നു." (20:43)
ഇസ്ലാമിക പ്രബോധനം എങ്ങനെയായിരിക്കണമെന്ന് അല്ലാഹു ﷻ തന്നെ മൂസ (അ) നെ പഠിപ്പിക്കുന്നു. സൽക്കർമ്മത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നവർ എക്കാലത്തും പാലിക്കേണ്ട മര്യാദകളാണ് പഠിപ്പിക്കുന്നത്...
ഫിർഔനിനോടും സമൂഹത്തോടും വിനയത്തോടെ പെരുമാറണം. സൗമ്യമായി സംസാരിക്കണം. ഫിർഔനും കൂട്ടുരും ധിക്കാരികളാണ് പ്രകോപനപരമായി പെരുമാറും. എന്നാലും വിനയം കൈവെടിയരുത്. സമചിത്തതയോടെ സംസാരിക്കണം. അവരുടെ ബലം നോക്കേണ്ടതില്ല. അല്ലാഹു ﷻ കൂടെയുണ്ടെന്ന ഓർമ്മ വേണം. പറയുന്നതെല്ലാം അവൻ കേൾക്കുന്നു. ചെയ്യുന്നതെല്ലാം അവൻ കാണുന്നു. ആ ഓർമ്മ എപ്പോഴും വേണം. ആ ഓർമ്മ ധൈര്യം തരും ഏത് ധിക്കാരിയുടെ മുമ്പിലും പിടിച്ചുനിൽക്കാൻ ആ ഓർമ്മ സഹായകമാവും.
വിശുദ്ധ ഖുർആൻ പറയുന്നു: "നിങ്ങൾ അവനോട് സൗമ്യമായ വാക്ക് പറയുക അവൻ ഉപദേശം സ്വീകരിക്കുകയോ, അല്ലാത്തപക്ഷം ഭയപ്പെടുകയോ ചെയ്തേക്കാം..." (20:44)
"അവർ പറഞ്ഞു: ഞങ്ങളുടെ റബ്ബേ അവൻ ഞങ്ങളുടെ മേൽ അവിവേകം പ്രവർത്തിക്കുകയോ അതിക്രമം കാണിക്കുകയോ ചെയ്തുകളയുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു." (20:45)
"അവർ (അല്ലാഹുﷻ) പറഞ്ഞു: നിങ്ങൾ പേടിക്കേണ്ട..! നിശ്ചയമായും ഞാൻ നിങ്ങളുടെ കൂടെയുണ്ട്. ഞാൻ കേൾക്കുകയും കാണുകയും ചെയ്യും." (20:46)
"നിങ്ങൾ അവന്റെ അടുക്കൽ ചെന്നിട്ട് പറയണം. ഞങ്ങൾ നിന്റെ റബ്ബിന്റെ ദൂതന്മാരാണ്. അതുകൊണ്ട് ഇസ്രാഈൽ സന്തതികളെ നീ ഞങ്ങളുടെ കൂടെ വിട്ടയച്ചു തരണം. നീ അവരെ യാതന ഏൽപിക്കരുത്. നിന്റെ റബ്ബിന്റെ പക്കൽ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞങ്ങൾ നിന്റെ അടുക്കൽ വന്നിട്ടുള്ളത്. സമാധാന ശാന്തി (രക്ഷ) സന്മാർഗ്ഗത്തെ പിന്തുടർന്നവർക്കാകുന്നു." (20:47)
"നിശ്ചയമായും ഞങ്ങൾക്ക് വഹ്യ്യ് (ബോധനം) നൽകപ്പെട്ടിരിക്കുന്നു വ്യാജമാക്കി പിൻമാറിക്കളയുന്നവർക്കാണ് ശിക്ഷയുള്ളതെന്ന് ബോധനം നൽകപ്പെട്ടിരിക്കുന്നു." (20:48)
മൂസ (അ) തന്റെ ആവശ്യങ്ങൾ അവതരിപ്പിക്കുന്നത് സൂറത്തുൽ ഖസസിൽ ഇങ്ങനെ കാണാം: "അദ്ദേഹം (മൂസ) പറഞ്ഞു: എന്റെ രക്ഷിതാവേ അരിൽപെട്ട ഒരാളെ ഞാൻ കൊന്നിട്ടുണ്ട് അതിനാൽ അവരെന്നെ കൊല്ലുമെന്ന് ഞാൻ ഭയപ്പെടുന്നു." (28:33)
"എന്റെ സഹോദരൻ ഹാറൂൻ എന്നെക്കാൾ വ്യക്തമായി സംസാരിക്കുന്നവനാകുന്നു. അതുകൊണ്ട് അദ്ദേഹത്തെ എന്റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായി എന്നോടൊപ്പം (നിയോഗിച്ചു) അയച്ചു തരേണമേ! നിശ്ചയമായും അവരെന്നെ വ്യാജമാക്കുമെന്ന് ഞാൻ ഭയപ്പെടുന്നു." (28:34)
"അവൻ (അല്ലാഹുﷻ) പറഞ്ഞു: നിന്റെ സഹോദരനെക്കൊണ്ട് നിന്റെ തോൾകൈക്ക് നാം ബലം കൂട്ടിത്തരാം. നിങ്ങൾക്കു നാം ഒരധികാരശക്തി ഉണ്ടാക്കിത്തരികയും ചെയ്യാം. അതിനാൽ അവർ നിങ്ങളിലേക്ക് വന്നെത്തുന്നതല്ല. നമ്മുടെ ദൃഷ്ടാന്തങ്ങൾ മുഖേന നിങ്ങളെ പിൻപറ്റിയാൽ വിജയികളായിരിക്കും. (28:35)
അല്ലാഹു ﷻ ഹാറൂൻ (അ) ന് വഹ്യ്യ് അറിയിച്ചു. നിങ്ങൾ രണ്ടുപേരും ഫിർഔനെ സമീപിക്കണമെന്ന കൽപന കിട്ടി. മൂസ (അ) വരുന്ന കാര്യം അറിവു കിട്ടി. വഴിയിൽ ചെന്നു സ്വീകരിക്കാൻ അവിടെ ഒരുക്കം തുടങ്ങി...
മൂസ (അ) ന്റെ ഭാര്യക്കു പ്രസവ വേദന വന്നപ്പോൾ
പരിചരിക്കാൻ മലക്കുകളെത്തി. സുഖപ്രസവം നടന്നു. മൂസ (അ) പുതിയൊരാളായി തിരിച്ചെത്തി. തണുത്ത രാത്രി കടന്നുപോയി. എല്ലാവരുംകൂടി ഈജിപ്തിലേക്കു പുറപ്പെട്ടു...
ഹാറൂൻ (അ) മാതാവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിപ്പായി. ചരിത്രനിമിഷങ്ങൾ സമാഗതമായി. രണ്ട് സഹോദരങ്ങൾ കണ്ടുമുട്ടി. സ്നേഹം നിറഞ്ഞ ഊഷ്മള സ്വീകരണം. അവർ നൈലിന്റെ കരയിലൂടെ നടന്നു. വീട്ടിലെത്തി. മാതാവും സഹോദരിയും ആലിംഗനം ചെയ്തു സ്വീകരിച്ചു. ഭാര്യയെയും കുഞ്ഞിനെയും ആഹ്ലാദപൂർവ്വം എതിരേറ്റു...