മനുഷ്യൻ ചെയ്യുന്ന സകല കർമങ്ങൾക്കും പ്രതിഫലമുണ്ട്. പരലോകത്ത് വെച്ചാണത് നൽകപ്പെടുക. എന്നാൽ അന്ത്യനാൾ എപ്പോൾ വരുമെന്ന് വ്യക്തമാക്കിയില്ല...
ദുഷ്ട ജന്മങ്ങൾ ഇതൊന്നും സ്വീകരിക്കില്ല. അവർ അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിക്കില്ല. അവർ ഭൂമിയിൽ ധിക്കാരം കാണിക്കും. തന്നിഷ്ടപ്രകാരം ജീവിക്കും. ഫിർഔനെപ്പോലുള്ളവർ അത്തരക്കാരാണ്. അവരെപ്പോലെ നീ ആവരുത്. ആയാൽ നിനക്ക് നാശം. നീ അല്ലാഹുﷻവിനെ അനുസരിക്കണം. ധിക്കാരികളെയെല്ലാം അല്ലാഹുﷻവിലേക്ക് ക്ഷണിക്കുകയും വേണം. ഗൗരവമുള്ള സന്ദേശമാണ് അടുത്ത വചനത്തിൽ.
"അതിനാൽ അതിൽ വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിൻപറ്റുകയും ചെയ്യുന്നവർ അതിൽ നിന്ന് നിന്നെ തടഞ്ഞുകളയാതിരിക്കട്ടെ! എന്നാൽ (തടഞ്ഞാൽ) നീ നാശമടഞ്ഞുപോകും." (20:16)
ഫിർഔനെയും കൂട്ടരെയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയെന്ന ശ്രമകരമായ ജോലി മൂസ (അ)നെ ഏൽപിക്കാൻ പോവുകയാണ്. ദൗത്യം നിർവ്വഹിക്കുന്നതിന് സഹായകമായി രണ്ട് മുഹ്ജിസത്തുകൾ കൂടി നൽകുന്നു. വടി പാമ്പാവുക, കൈ പ്രകാശിക്കുക ഇവയാണ് മുഹ്ജിസത്തുകൾ. മൂസ (അ)ന്റെ കൈയിൽ അപ്പോഴും വടിയുണ്ട്...
ചെരുപ്പുകൾ അഴിച്ചുവെച്ച് പുണ്യ താഴ് വരയിൽ ഭക്തിയോടെ നിൽക്കുകയാണ് മൂസ (അ). അപ്പോൾ ആ ചോദ്യം വന്നു...
"നിന്റെ വലതു കൈയിൽ എന്താണത്..? ഓ മൂസാ..."(20:17)
"അദ്ദേഹം പറഞ്ഞു: അത് എന്റെ വടിയാകുന്നു. ഞാനതിന്മേൽ ഊക്കു കൊള്ളുകയും അതുകൊണ്ട് എന്റെ ആടുകൾക്ക് (ഇല) തച്ചു കൊഴിച്ചു കൊടുക്കാറുമുണ്ട്. എനിക്ക് അതിൽ വേറെയും ഉപയോഗങ്ങളുണ്ട്." (20:18)
"അവൻ(അല്ലാഹു) പറഞ്ഞു: അത് താഴെയിടുക... മൂസാ" (20:19)
"അങ്ങനെ അദ്ദേഹം അത് ഇട്ടു അപ്പോഴതാ അത് ഓടുന്ന ഒരു പാമ്പാകുന്നു." (20:20)
സ്വന്തം വടി താഴെയിട്ടപ്പോൾ പാമ്പായി മാറി. മൂസ (അ) ഭയന്നു പോയി. അപ്പോൾ അല്ലാഹുﷻ പറഞ്ഞു: ഭയപ്പെടേണ്ട. ധൈര്യമായി പാമ്പിനെ പിടിക്കൂ..! അപ്പോൾ അത് പഴയ രൂപത്തിൽ വടിയായി മാറും. മൂസാ(അ) ധൈര്യം കാണിച്ചു പാമ്പിനെ സ്പർശിച്ചതോടെ അത് വടിയായി മാറി. വിശുദ്ധ ഖുർആൻ പറയുന്നു.
"അവൻ (അല്ലാഹു) പറഞ്ഞു: അതിനെ എടുത്തുകൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്റെ ആദ്യസ്ഥിതിയിൽ തന്നെ ആക്കിത്തീർക്കും." (20:21)
സൂറതുൽ ഖസ്വസിലെ വിവരണം ഇങ്ങനെയാകുന്നു: "അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോൾ അനൂഗ്രഹീതമായ ആ പ്രദേശത്തുള്ള താഴ് വരയുടെ വലത്തെ തീരത്ത് നിന്ന് വൃക്ഷത്തിൽ നിന്ന് അദ്ദേഹത്തോട് വിളിച്ചു പറയപ്പെട്ടു. ഹേ..... മൂസാ നിശ്ചയമായും ഞാൻ ലോകരുടെ രക്ഷിതാവായ അല്ലാഹുവാകുന്നു. (28:30)
"നിന്റെ വടി നിലത്തിടുക എന്നും (പറയപ്പെട്ടു). എന്നിട്ട് ഒരു സർപ്പമെന്നോണം പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോൾ അദ്ദേഹം പിന്നോക്കം തിരിഞ്ഞു പോന്നു. പിമ്പോട്ട് നോക്കിയത് പോലുമില്ല. (അല്ലാഹുﷻ പറഞ്ഞു;) ഹേ മൂസാ... മുമ്പോട്ട് വരിക. ഭയപ്പെടുകയും വേണ്ട. നിശ്ചയമായും നീ നിർഭയന്മാരിൽ (സുരക്ഷിതന്മാരിൽ) പെട്ടവനാകുന്നു. (28:31)
വടിയുടെ മുഹ്ജിസത്താണ് നാം കണ്ടത്. ഇനി രണ്ടാമത്തെ മുഹ്ജിസത്ത്. കൈ പാർശ്വഭാഗത്തേക്ക് ചേർത്തുവെക്കാൻ കൽപിച്ചു. മൂസ (അ) കക്ഷത്തിന്റെ ഭാഗത്തേക്ക് കൈ ചേർത്തുവെച്ചു. കൈ പ്രകാശിക്കാൻ തുടങ്ങി. വീണ്ടും കൈ അതേപടി വെച്ചാൽ പഴയതുപോലെ ആയിത്തീരും. വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ...
"നിന്റെ കൈ പാർശ്വത്തിലേക്ക് ചേർത്തു വെക്കുക. എന്നാലത് മറ്റൊരു ദൃഷ്ടാന്തമായിക്കൊണ്ട് യാതൊരു ദൂഷ്യവും കൂടാതെ വെളുത്തതായി പുറത്ത് വരുന്നതാണ്." (20:22)
"നമ്മുടെ വലിയ ദൃഷ്ടാന്തങ്ങളിൽ നിന്ന് ചിലത് നിനക്കു കാണിച്ചുതരുവാൻ വേണ്ടിയത്രെ അത്." (20:23)
സൂറതുൽ ഖസ്വസിൽ ഇങ്ങനെ കാണാം : "നിന്റെ കൈ നിന്റെ കുപ്പായത്തിന്റെ മാറിൽ കടത്തുക. യാതൊരു ദൂഷ്യവും കൂടാതെ അത് വെളുത്തതായി പുറത്ത് വരുന്നതാണ്. ഭയപ്പാടിന് (പരിഹാരമായി) നീ നിന്റെ പാർശ്വത്തെ നിന്നിലേക്ക് കൂട്ടിപ്പിടിക്കുകയും ചെയ്തു കൊള്ളുക. അങ്ങനെ അത് രണ്ടും (വടിയും, കൈയും) ഫിർഔന്റെയും അവന്റെ പ്രധാനികളുടെയും അടുക്കലേക്ക് നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള രണ്ട് തെളിവുകളാകുന്നു. നിശ്ചയമായും അവർ ദുർമാർഗ്ഗികളായ ഒരു ജനതയായിരുന്നു." (20:32)
സൂറതു നംല് ഈ സംഭവം ഇങ്ങനെ വിവരിക്കുന്നു."മൂസാ തന്റെ വീട്ടുകാരോട് പറഞ്ഞ സന്ദർഭം (ഓർക്കുക) നിശ്ചയമായും ഞാൻ ഒരു തീ കണ്ടിരിക്കുന്നു. അതിന്നടുത്തു നിന്ന് വല്ല വർത്തമാനവും ഞാൻ നിങ്ങൾക്ക് കൊണ്ടുവരാം... അല്ലെങ്കിൽ (അതിൽ നിന്ന്) കൊളുത്തിയെടുത്ത ഒരു തീപ്പന്തം നിങ്ങൾക്ക് കൊണ്ടു വരാം നിങ്ങൾക്ക് തീ കായാമല്ലോ?" (27:7)
"അങ്ങനെ അദ്ദേഹം അതിന്നടുത്ത് വന്നപ്പോൾ അദ്ദേഹത്തോട് വിളിച്ചു പറയപ്പെട്ടു : തീയിൽ ഉള്ളവരും അതിന്റെ പരിസരത്തുള്ളവരും അനുഗ്രഹപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു മഹാപരിശുദ്ധനുമാകുന്നു. (27:80)
"ഓ..മൂസാ.... നിശ്ചയമായും ഞാൻ പ്രതാപശാലിയായ അഗാധജ്ഞാനിയായ അല്ലാഹുവാകുന്നു." (27:9
)
"ആരെങ്കിലും അക്രമം പ്രവർത്തിക്കുകയും പിന്നീട് തിന്മക്കുശേഷം നന്മ പകരമാക്കുകയും ചെയ്യുന്നതായാൽ അപ്പോൾ നിശ്ചയമായും ഞാൻ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." (27:11)
"നിന്റെ കൈ നിന്റെ കുപ്പായമാറിൽ കടത്തുക. യാതൊരു ദൂഷ്യവും കൂടാതെ അത് വെളുത്തതായി (പ്രകാശിച്ചുകൊണ്ട്) പുറത്ത് വരുന്നതാണ്. ഫിർഔന്റെയും അവന്റെ ജനങ്ങളുടെയും അടുക്കലേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് (ഈ രണ്ട് ദൃഷ്ടാന്തങ്ങൾ). നിശ്ചയമായും അവർ തോന്നിവാസികളായ ഒരു ജനതയായിരിക്കുന്നു." (27:12)
ഫിർഔനിന്റെ അടുക്കലേക്ക് പോകാനുള്ള കൽപ്പന നൽകപ്പെടുകയാണ്. സൂറത് ത്വാഹായിലെ വചനങ്ങൾ കാണുക :
"നീ ഫിർഔനിന്റെ അടുക്കലേക്ക് പോവുക! നിശ്ചയമായും അവൻ അതിക്രമിയായിരിക്കുന്നു." (20:24)
കൽപ്പന കിട്ടിയപ്പോൾ മൂസ (അ) ചില കാര്യങ്ങൾക്കുവേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. അവ താഴെ കൊടുക്കാം...
1. എന്റെ ഹൃദയം (മനസ്സ്) വിശാലമാക്കിത്തരേണമേ!
2. എന്റെ ദൗത്യം എളുപ്പമാക്കിത്തരേണമേ!
3. എന്റെ നാവിലെ കെട്ട് (കൊഞ്ഞ്) അഴിച്ചുതരേണമേ വാചാലമായി സംസാരിക്കാനും ആളുകൾക്ക് കാര്യങ്ങൾ നന്നായി ഗ്രഹിക്കാനും അപ്പോൾ കഴിയും.
4. എന്റെ സഹോദരൻ ഹാറൂൻ നന്നായി സംസാരിക്കും. ഹാറൂനെ ഈ ദൗത്യത്തിൽ എന്റെ പങ്കാളിയാക്കേണമേ!
5. നിനക്ക് സ്തോത്ര കീർത്തനങ്ങൾ ധാരാളമായി ചെയ്യാനും നിന്നെ സദാ സ്മരിക്കാനും അനുഗ്രഹിക്കേണമേ!
മൂസാ (അ) ന്റെ പ്രാർത്ഥന അല്ലാഹുﷻ സ്വീകരിച്ചു. ഹാറൂൻ (അ)നെ നബിയായി സ്വീകരിച്ചു. ദൗത്യനിർവ്വഹണത്തിൽ രണ്ട് പേരും പങ്കാളികളായി. അല്ലാഹുﷻവിന്റെ പ്രത്യേകമായ അനുഗ്രഹത്തിന് രണ്ടുപേരും വിധേയരായി...