Thursday - 23 April, 2026 5-Dhu al-Qadah-1447

കൊട്ടാരത്തിൽ

   മൂസ(അ), ഹാറൂൻ(അ), അവരുടെ സഹോദരി, മാതാവ്, മൂസ(അ)ന്റെ ഭാര്യ  എന്നിവരെല്ലാം ഒത്തുകൂടി. വളരെക്കാലത്തിനു ശേഷമുള്ള ഒത്തുകൂടൽ. നല്ല നല്ല ഭക്ഷണമുണ്ടാക്കി. ഒന്നിച്ചിരുന്നു കഴിച്ചു...


 സഹോദരങ്ങൾ ഫിർഔനിനെ നേരിടുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്.  ഉമ്മാക്കും സഹോദരിക്കും ഉൽക്കണ്ഠയുണ്ട്. അല്ലാഹുﷻവിന്റെ സംരക്ഷണമുണ്ടാവുമെന്ന ഉറച്ച വിശ്വാസമുണ്ട്...  


മൂസ (അ) പുറപ്പെട്ടു. കൂടെ ഹാറൂൻ (അ) അവർ കൊട്ടാരത്തിന്റെ മുമ്പിലെത്തി... 


"ഞങ്ങളെ അകത്തേക്ക് കടത്തിവിടൂ!" പാറാവുകാരനോടാവശ്യപ്പെട്ടു.


"നിങ്ങളാരാണ്?" പാറാവുകാരൻ ചോദിച്ചു. 


"ഞങ്ങൾ സർവ്വ ലോകരക്ഷിതാവായ അല്ലാഹുﷻവിന്റെ ദൂതന്മാരാകുന്നു.  ഞങ്ങൾക്കു രാജാവിനെ കാണണം."  


പാറാവുകാർ അകത്തേക്കു പോയി ഫിർഔനിനെ വിവരം അറിയിച്ചു...


 "രണ്ടാളുകൾ പുറത്ത് നിൽക്കുന്നു."


"അവർ ആരാണ്?"


"സർവ്വലോക രക്ഷിതാവായ അല്ലാഹുﷻവിന്റെ ദൂതരാണത്രെ."


"എങ്കിലവരവിടെ നിൽക്കട്ടെ..! കുറെ കഴിഞ്ഞിട്ട് കടത്തിവിട്ടാൽ മതി."


 കൊട്ടാരത്തിൽ കടക്കുക എളുപ്പമല്ല. കൊട്ടാരത്തിൽ കടക്കാൻ വേണ്ടി കാത്തിരുന്ന കാലത്തെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. ഏതായാലും പ്രവേശനം ലഭിച്ചു. നബിമാർ ഫിർഔനിന്റെ മുമ്പിലെത്തി.. 


"നിങ്ങളാരാണ്..?" ഫിർഔൻ ശബ്ദമുയർത്തി. 


 "ലോകരക്ഷിതാവിന്റെ ദൂതന്മാർ. സത്യവിശ്വാസത്തിലേക്ക് നിങ്ങളെ ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട ദൂതന്മാർ." 


"ലോകരക്ഷിതാവോ അതാരാണ്..?"


"ആകാശഭൂമികൾ സൃഷ്ടിച്ച റബ്ബ്. അവന്റെ ദൃഷ്ടാന്തങ്ങളുമായിട്ടാണ് ഞങ്ങൾ വന്നിട്ടുള്ളത്."


"ഓഹോ.... എന്താണാവോ നിങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങൾ..? ഒന്നു കണ്ടാൽ കൊള്ളാം..." ഫിർഔൻ പരിഹസിച്ചു. അവിടെയുള്ള മന്ത്രിമാരും സേവകന്മാരും പരിഹാസം ആസ്വദിച്ചു...


 വടി താഴെയിട്ടു. അത് പാമ്പായി മാറി. അതിനെ പിടിച്ചപ്പോൾ വീണ്ടും വടിയായി. കൈ പാർശ്വഭാഗത്ത് വെച്ചപ്പോൾ വെള്ള നിറമായി. വീണ്ടും വെച്ചപ്പോൾ പൂർവ്വസ്ഥിതിയിലായി.  രണ്ട് മുഹ്ജിസത്തുകൾ. അത് കണ്ടപ്പോൾ ഫിർഔൻ ഇങ്ങനെ പരിഹസിച്ചു. "ഒന്നാം തരം ജാലവിദ്യ." 


 ആദ്യശ്രമം പരാജയം ഈ രംഗം വിശുദ്ധ ഖുർആൻ അവതരിപ്പിക്കുന്നത് കാണുക : 


"ഫിർഔൻ ചോദിച്ചു: നിങ്ങൾ രണ്ടുപേരുടെയും റബ്ബ് ആരാകുന്നു? ഹേ.... മൂസാ..." (20:49)


"മൂസ (അ) പറഞ്ഞു:  ഞങ്ങളുടെ റബ്ബ് എല്ലാ വസ്തുവിനും അതാതിന്റെ സൃഷ്ടി കൊടുക്കുകയും അനന്തരം വേണ്ടുന്ന മാർഗദർശനം നൽകുകയും ചെയ്തവനാകുന്നു." (20:50)


"അവൻ ചോദിച്ചു:  മുൻതലമുറകളുടെ നില എന്താണ്?" (20:51)


"അദ്ദേഹം പറഞ്ഞു: അവയെ സംബന്ധിച്ചുള്ള അറിവ് എന്റെ റബ്ബിന്റെ അടുക്കൽ ഒരു ഗ്രന്ഥത്തിലുണ്ട്. എന്റെ റബ്ബ് പിഴച്ചു പോകയില്ല. അവൻ മറന്നു പോവുകയുമില്ല." (20:52)


"ഭൂമിയെ നിങ്ങൾക്ക് തൊട്ടിലാക്കിത്തരികയും. അതിൽ നിങ്ങൾക്ക് (പലവിധ) വഴികൾ ഏർപ്പെടുത്തിത്തരികയും ആകാശത്ത് നിന്ന്  (മഴ) വെള്ളം ഇറക്കി തരികയും ചെയ്തിട്ടുള്ളവനാകുന്നു അല്ലാഹുﷻ. എന്നിട്ട് അതുമൂലം നാം (അല്ലാഹുﷻ)  വിഭിന്നങ്ങളായ സസ്യങ്ങളിൽ നിന്നും പല ഗുണങ്ങൾ  ഉൽപാദിപ്പിച്ചിരിക്കുന്നു." (20:53)


"മനുഷ്യരേ നിങ്ങൾ തിന്നുകൊള്ളുക. നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്യുക. നിശ്ചയമായും അതിൽ ബുദ്ധിമാൻമാർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്." (20:54)


"അതിൽ (ഭൂമിയിൽ) നിന്നുതന്നെ നിങ്ങളെ നാം സൃഷ്ടിച്ചു. അതിൽ തന്നെ നിങ്ങളെ നാം മടക്കുന്നു. അതിൽ നിന്നുതന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്തു കൊണ്ടുവരികയും ചെയ്യും." (20:55)


"അവന് (ഫിർഔനിന്) നാം നമ്മുടെ ദൃഷ്ടാന്തങ്ങളെല്ലാം തീർച്ചയായും കാണിച്ചു കൊടുത്തു. എന്നിട്ടും അവൻ വ്യാജമാക്കുകയും വിസമ്മതിക്കുകയും ചെയ്തു." (20:56) 


"(ഫിർഔൻ മൂസയോട്) പറഞ്ഞു:  ഞങ്ങളുടെ നാട്ടിൽ നിന്ന് നിന്റെ ജാലവിദ്യകൊണ്ട് ഞങ്ങളെ പുറത്താക്കുവാൻ വേണ്ടി നീ ഞങ്ങളുടെ അടുക്കൽ വന്നിരിക്കുകയാണോ... ഹേ... മൂസാ." (20:57)


 എന്നാൽ ഇതേ വിധമുള്ള ജാലവിദ്യ നിന്റെയടുക്കൽ നിശ്ചയമായും ഞങ്ങളും കൊണ്ടുവരാം. ആകയാൽ ഞങ്ങളുടെയും നിന്റെയും ഇടക്ക് (മത്സരത്തിന്) ഒരു നിശ്ചയം ഏർപ്പെടുത്തുക. ഞങ്ങളാവട്ടെ, നീയാവട്ടെ അത് ലംഘിക്കാവതല്ല. മധ്യമമായ ഒരു സ്ഥലത്ത് വെച്ചായിരിക്കണം മത്സരം." (20:58)


 ഫിർഔൻ മൂസ (അ)നെ മത്സരത്തിന് വെല്ലുവിളിച്ചു. മൂസ (അ) വെല്ലുവിളി സ്വീകരിച്ചു. അടുത്തുവരുന്ന ഉത്സവ ദിവസം പൂർവ്വാഹ്ന നേരത്ത് മത്സരം നടത്താം. ഉടനെ എല്ലാ മാരണക്കാർക്കും വിവരം നൽകി. നാടാകെ ഉണർന്നു. എവിടെയും മത്സരത്തെക്കുറിച്ചുള്ള വാർത്ത തന്നെ...


 വിശുദ്ധ ഖുർആൻ വചനങ്ങൾ നോക്കൂ...  "(മൂസ) പറഞ്ഞു:  നിങ്ങളോട് നിശ്ചയിക്കുന്നത് ഉത്സവ ദിവസമെന്നും ഇളയുച്ചനേരത്ത് ജനങ്ങൾ ഒരുമിച്ചു കൂട്ടപ്പെടണമെന്നുമാകുന്നു." (20:59)


"അങ്ങനെ ഫിർഔൻ തിരിഞ്ഞു പോയി. എന്നിട്ട് തന്റെ തന്ത്രങ്ങൾ ശേഖരിച്ചു. പിന്നീട് അവൻ നിശ്ചയപ്രകാരം വന്നു."  (20:60)


 മത്സരം നിശ്ചയിക്കപ്പെട്ടു. തിയ്യതി പ്രഖ്യാപിക്കപ്പെട്ടു.


ഫിർഔനിന്റെ ജന്മദിനവും വർഷാരംഭവുമായ ശനിയാഴ്ച. അന്ന് അനേകം ആഭിചാരകന്മാർ കൊട്ടാരത്തിലെത്തും. അവരെ നേരിടാൻ രണ്ട് നബിമാരും. ജനങ്ങളെല്ലാം സംഭവം കാണാൻ വരും. ചരിത്രത്തിലെ മഹാസംഭവം. ഇനി ദിവസങ്ങൾ മാത്രം കാത്തിരുന്നാൽ മതി. നാടും നഗരവും അതാണ് സംസാരിക്കുന്നത്...