ഇസ്രാഈല്യർക്ക് ശനിയാഴ്ച ദിവസം പുണ്യദിനമായിരുന്നു. അന്ന് പ്രത്യേക ആരാധനകൾ നിർവ്വഹിക്കണം. ഈ ആരാധനക്ക് സബത്ത് എന്നുപറയുന്നു. നാം വെള്ളിയാഴ്ചയെ ജുമുഅഃ ദിവസം എന്ന് വിളിക്കുന്നതുപോലെ ഇസ്രാഈല്യർ ശനിയാഴ്ച ദിവസത്തെ സബത്ത് ദിവസം എന്നു വിളിച്ചു. അത് ആരാധനയുടെ ദിവസം. അന്ന് കടലിൽ പോവാനോ മീൻ പിടിക്കാനോ പാടില്ല...
അൽഅഖബ എന്ന കടലോരപ്രദേശത്തെ ഇസ്രാഈല്യർ ഒരു പണി പറ്റിച്ചു. കടലിൽ ധാരാളം മത്സ്യങ്ങളെ കണ്ടു. ശനിയാഴ്ച ദിവസമാണവയെ കണ്ടത്. പിടിക്കാൻ പാടില്ല. കടലിന്റെ സമീപപ്രദേശത്തേക്ക് ചാലു കീറി. വെള്ളമൊഴുകി അതിലൂടെ മീനുകൾ വന്നു. ചാലുകളുടെ അറ്റത്ത് കുഴിയുണ്ടാക്കി. മീനുകളെ ശേഖരിച്ചു. എന്നിട്ട് ചാലുകൾ അടച്ചു. പിറ്റേന്ന് മീൻ പിടിച്ചു. അവരുടെ കൂട്ടത്തിലെ നല്ല മനുഷ്യരെല്ലാം ഇതിനെ എതിർത്തു. അവർ കൂട്ടാക്കിയില്ല. ചീത്ത മനുഷ്യരെ അല്ലാഹു ﷻ കുരങ്ങുകളായി കോലം മറിച്ചു....
വിശുദ്ധ ഖുർആൻ പറയുന്നു: "ഇസ്രാഈൽ സന്തതികളേ! നിങ്ങളിൽ നിന്ന് സബത്ത് ദിവസത്തിൽ അതിക്രമം ചെയ്തവരെക്കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടുണ്ടല്ലോ? അപ്പോൾ അവരോട് നാം പറഞ്ഞു: നിങ്ങൾ ഹീനന്മാരായ കുരങ്ങുകളായിത്തീരുവീൻ." (2:65)
ഒരിക്കൽ ആമീൽ എന്നു പേരായ ഒരു ധനികനെ അയാളുടെ ബന്ധത്തിൽ പെട്ട ഒരാൾ കൊലപ്പെടുത്തി. മൃതദേഹം പെരുവഴിയിലിട്ടു. വഴക്കും വക്കാണവുമായി ജനങ്ങൾ രണ്ട് ചേരിയായി. കേസ് മൂസ (അ) ന്റെ മുമ്പിലെത്തി. മൂസ (അ) ഒരു പശുവിനെ അറുക്കാൻ കൽപ്പിച്ചു. പിന്നെ പശുവിനെപ്പറ്റി സംശയങ്ങളായി. ചർച്ചകളായി. ഒടുവിൽ പശുവിനെ അറുത്തു. മാംസത്തിന്റെ ഒരു ഭാഗമെടുത്ത് വധിക്കപ്പെട്ട മനുഷ്യന്റെ ശരീരത്തിൽ അടിച്ചു. വധിക്കപ്പെട്ട ആൾക്ക് ജീവൻ തിരിച്ചുകിട്ടി. എഴുന്നേറ്റ് നിന്നു. തന്റെ ഘാതകൻ ആരാണെന്ന് വ്യക്തമായിപ്പറഞ്ഞു. മൃതദേഹം വീണ്ടും പഴയ പടിയായി. ഖബറടക്കി...
പശുവിന് അറബിയിൽ ബഖറത് എന്നു പറയുന്നു. സൂറതുൽ ബഖറക്ക് ആ പേർ കിട്ടാൻ കാരണം ഈ സംഭവത്തിലെ പശുവാണ്. ഇനി ഖുർആൻ വചനങ്ങൾ നോക്കാം...
"മൂസ തന്റെ ജനതയോട് പറഞ്ഞ സന്ദേശം (ഓർക്കുക) അല്ലാഹു ﷻ നിങ്ങളോട് നിങ്ങൾ ഒരു പശുവിനെ അറുക്കണമെന്ന് കൽപിക്കുന്നു. അവൻ പറഞ്ഞു : നിങ്ങൾ ഞങ്ങളെ പരിഹാസ്യവസ്തുക്കളാക്കുകയാണോ? അദ്ദേഹം പറഞ്ഞു: ഞാൻ വിഡ്ഢികളിൽ പെട്ടവനായിത്തീരുന്നതിനെക്കുറിച്ച് ഞാൻ അല്ലാഹുﷻവിനോട് ശരണം തേടുന്നു." (2:67)
മൂസ (അ) തങ്ങളെ പരിഹസിക്കുകയാണെന്ന് ആ ജനതയിൽ ഒരു വിഭാഗം കരുതി. പ്രവാചകൻ അല്ലാഹുﷻവിന്റെ കൽപ്പന അറിയിക്കുകയാണ് ചെയ്തത്. ജനങ്ങൾ കൽപന അങ്ങനെയങ്ങ് സ്വീകരിക്കാൻ തയ്യാറായില്ല. അവർ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു...
വിശുദ്ധ ഖുർആൻ പറയുന്നു : "അവർ പറഞ്ഞു: താങ്കൾ താങ്കളുടെ റബ്ബിനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക. അത് എന്തുതരം പശുവാണെന്ന് അവർ ഞങ്ങൾക്ക് വിവരിച്ചുതരട്ടെ! അദ്ദേഹം പറഞ്ഞു: അവൻ പറയുന്നു: അത് നന്നേ പ്രായം കൂടിയതും പ്രായം കുറഞ്ഞതുമല്ലാത്ത ഒരു പശുവാകുന്നു. അതിന്നിടയിൽ ഒരു മധ്യപ്രായത്തിലുള്ളത്. നിങ്ങളോട് കൽപിക്കപ്പെട്ടത് നിങ്ങൾ ചെയ്തു കൊള്ളുവീൻ!" (2:68)
"അവർ പറഞ്ഞു: താങ്കൾ ഞങ്ങൾക്കു വേണ്ടി താങ്കളുടെ റബ്ബിനോട് പ്രാർത്ഥിക്കുക. അതിന്റെ നിറമെന്തായിരിക്കുമെന്ന്. അവൻ ഞങ്ങൾക്ക് വിവരിച്ചു തരട്ടെ! അദ്ദേഹം പറഞ്ഞു: അവൻ പറയുന്നു: അതെ നോക്കുന്നവർക്ക് സന്തോഷമുണ്ടാകുമാറ് നിറം. ശുദ്ധ മഞ്ഞവർണമുള്ളതായ ഒരു പശുവാകുന്നു." (2:69)
"അവർ പറഞ്ഞു: താങ്കൾ താങ്കളുടെ റബ്ബിനോട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം. അത് ഏത് തരം പശുവായിരിക്കുമെന്ന്. അവൻ ഞങ്ങൾക്ക് വിവരിച്ചു തരട്ടെ! നിശ്ചയമായും പരസ്പര സാദൃശ്യത കാരണം പശു ഏതെന്ന് വ്യക്തമാവുന്നില്ല. ഞങ്ങൾ അല്ലാഹു ﷻ ഉദ്ദേശിച്ചാൽ നേർമാർഗം പ്രാപിക്കുന്നവർ തന്നെയായിരിക്കും." (2:70)
"അദ്ദേഹം പറഞ്ഞു: അവൻ പറയുന്നു: അത് ഭൂമി ഉഴുതുകയാവട്ടെ വിള നനയ്ക്കുകയാവട്ടെ ചെയ്തു ശീലിച്ചതല്ലാത്ത പശുവാകുന്നു. കലർപ്പ് വർണമില്ലാത്ത (ന്യൂനതകളിൽ നിന്ന് ) സുരക്ഷിതമായതാകുന്നു. അവർ പറഞ്ഞു: ഇപ്പോൾ താങ്കൾ യഥാർത്ഥ വിവരവും കൊണ്ട് വന്നിരിക്കുന്നു. അങ്ങനെ അവർ അതിനെ അറുത്തു. അവർ അത് ചെയ്യുമായിരുന്നില്ല. (എങ്കിലും അവസാനം അത് ചെയ്തു)" (2:71)
പശുവിനെ അറുക്കാൻ കൽപിച്ച ഉടനെ അത് ചെയ്തില്ല. ചോദ്യങ്ങൾ ചോദിച്ചു വിഷയം സങ്കീർണമാക്കാൻ നോക്കി. ഒടുവിൽ ലക്ഷണമൊത്ത പശുവിനെ കിട്ടാൻ വളരെ ബുദ്ധിമുട്ടി. വലിയ വില കൊടുക്കേണ്ടി വന്നു. എന്നാലും വാങ്ങി അറുത്തു. വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ...
"ഇസ്രാഈൽ സന്തതികളേ! നിങ്ങൾ ഒരാളെ കൊലപ്പെടുത്തിയിട്ട് അതിൽ നിങ്ങൾ അന്യോന്യം (ആരോപണം) നടത്തി ഒഴിഞ്ഞു മാറിയ സന്ദർഭം (ഓർക്കുക) അല്ലാഹുﷻവാകട്ടെ നിങ്ങൾ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെ പുറത്ത് കൊണ്ടുവരുന്നവനാകുന്നു." (2:72)
"അപ്പോൾ നാം പറഞ്ഞു: നിങ്ങൾ അവനെ (മൃതദേഹത്തെ) അതിന്റെ (പശുവിന്റെ) ഒരു ഭാഗം കൊണ്ട് അടിക്
കുവീൻ! അപ്രകാരം അല്ലാഹുﷻ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങൾ ബുദ്ധി കൊടുത്തു ചിന്തിക്കുവാൻ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങളെ അവൻ നിങ്ങൾക്ക് കാണിച്ചു തരികയും ചെയ്യുന്നു." (2:73)
അറുത്ത പശുവിന്റെ ഒരംശം എടുത്തു മൃതദേഹത്തെ അടിച്ചു അപ്പോൾ ജീവൻ തിരിച്ചുകിട്ടി. ഇതെല്ലാം നേരിൽ കണ്ടിട്ടും വലിയൊരു വിഭാഗം വിശ്വാസത്തിൽ ദൃഢമായി നിൽക്കാതെ കഴിഞ്ഞുകൂടി. അവരെപ്പറ്റി ഖുർആൻ പറയുന്നു :
"എന്നിട്ട് അതിനുശേഷം നിങ്ങളുടെ ഹൃദയങ്ങൾ കടുത്തു പോയി. അങ്ങനെ അവ പാറക്കല്ല് പോലെയായി. അല്ലെങ്കിൽ കല്ലിനെക്കാൾ കടുപ്പമുള്ളതായി. ചില കല്ലുകളിൽ നിന്ന് നീരുറവ പൊട്ടിയൊലിക്കുന്നു. ചില കല്ലുകൾ പൊട്ടിപ്പിളർന്ന് വെള്ളം പുറത്ത് വരുന്നു. അല്ലാഹുﷻവിനെ ഭയന്ന് കരഞ്ഞു വീഴുന്ന കല്ലുകളുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചു അല്ലാഹുﷻ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു." (2:74)